സഹരചയിതാവാകാന്‍ ബെനഡിക്ട് പാപ്പാ വിസമ്മതിച്ചു എന്ന് ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വേയിന്‍
വത്തിക്കാന്‍ സിറ്റി; പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും പൗരോഹിത്യം നേരിടുന്ന പ്രതിസന്ധികളെയും കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമായ ഫ്രം ദ ഡെപ്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്‌സിന്റെ സഹരചയിതാവായി തന്റെ പേര് വയ്ക്കാനും തന്റെ ഫോട്ടോ പുറംചട്ടയില്‍ ഉപയോഗിക്കുവാനും ബെനഡിക്ട് പാപ്പാ അനുമതി നല്‍കിയിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗാന്‍സ്വേയിന്‍ വ്യക്തമാക്കി.
ജര്‍മന്‍ ന്യൂസ് ഏജന്‍സിയായ കെഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം ജനുവരി 14 ന് ബെനഡിക്ട് പാപ്പാ കര്‍ദിനാള്‍ റോബര്‍ട്ട് സാറായെ വിളിച്ച് തന്റെ കൈയൊപ്പ് അവതാരികയില്‍ നിന്നും ഉപസംഹാരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് ഗാന്‍സ്വേയിന്‍ പറയുന്നു. അദ്ദേഹം സഹരചയിതാവ് അല്ല എന്നതാണ് കാരണം.
എന്നാല്‍ പുസ്തകത്തിന്റെ പ്രധാന ഭാഗത്തുള്ള അധ്യായം പരിപൂര്‍ണമായും ബെനഡിക്ട് പാപ്പാ തന്നെ എഴുതിയതാണ് എന്നും അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഗാന്‍സ്വേയിന്‍ കൂട്ടിച്ചേര്‍ത്തു. കര്‍ദിനാള്‍ സാറായുടെ സദുദ്ദേശത്തെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.