നിങ്ങൾ ഒരു വിശുദ്ധനാണോ?

ഒരിക്കൽ ആത്മീയ അസ്വസ്ഥതകളുടെ മദ്ധ്യേ ഒരു വൈദികന്റെ പക്കൽ ഞാൻ ഉപദേശത്തിനായി ചെന്നു. അദ്ദേഹം ഒരു സൈക്കോളജിസ്റ്റ് കൂടി ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്. വിശുദ്ധ ജീവിതം നയിക്കാനായി ഏറെ ആഗ്രഹിച്ച് പ്രവർത്തിച്ച പല കാര്യങ്ങളും അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ അവതരിപ്പിച്ചു. ഇത്രയേറെ ആത്മാർത്ഥത കാണിച്ചിട്ടും എന്തുകൊണ്ട് എനിക്ക് ഇപ്രകാരം അസ്വസ്ഥത ഉണ്ടാകുന്നുവെന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. എന്നെ ശ്രദ്ധാപൂർവ്വം കേട്ടിട്ട് അദ്ദേഹം പറഞ്ഞു, താങ്കൾ സ്വയം ഒരു വിശുദ്ധനായി കാണുന്നു. മറ്റുള്ളവർ താങ്കളെ ഒരു വിശുദ്ധനെപ്പോലെ കാണുന്നതിന്റെ ഒരു തരം സന്തോഷത്തിലും കഴിയുന്നു. അതുകൊണ്ടുതന്നെ വീഴ്ചകളും പ്രലോഭനങ്ങളും ഒക്കെ വരുന്നത് താങ്കൾക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. അതാണ് യഥാർത്ഥ പ്രശ്നം!

ഈശോയെ ആത്മാർത്ഥമായി സ്നേഹിച്ച് മുന്നേറുന്ന അവസ്ഥയിൽ തന്റെ ജീവിതത്തെ ഈശോയുടെയും വിശുദ്ധരുടെയും ജീവിതവുമായി താരതമ്യപ്പെടുത്തി നോക്കി കുറവുകൾ പരിഹരിച്ച് മുന്നേറുവാൻ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാൽ ചില പാപങ്ങൾ മാറിപ്പോവുകയും ചില നന്മകൾ കടന്നു വരികയും ചെയ്യുമ്പോൾ താൻ ഏതാണ്ട് അവരെപ്പോലെ ആയിത്തീർന്നു എന്ന് ചിന്തിക്കുകയും ചിലപ്പോഴൊക്കെ ഇപ്രകാരം മറ്റുള്ളവരോട് സംസാരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ ആത്മാവ് ചെന്ന് ചേരാം. മറ്റുള്ളവരും ചിലപ്പോൾ ഇത്തരം അഭിപ്രായം ഈ ആത്മാവിനെക്കുറിച്ച് പറഞ്ഞേക്കും.താൻ ആയിത്തീരാൻ ആഗ്രഹിച്ചത് ആയിത്തീർന്നു എന്ന ഒരുതരം തെറ്റായ കാഴ്ചപ്പാട്. എന്നാൽ പല കാര്യങ്ങളും അപൂർണമായി തന്നിൽ നിലനിൽക്കുന്നതും ആത്മാവ് അറിയുന്നുണ്ട്. അതൊക്കെ ‘പൗലോസിന്റെ മുള്ളായി’ കണ്ടു മുന്നോട്ട് നീങ്ങും. തെറ്റ് പറ്റുന്ന മേഖലകളിൽ തെറ്റില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ‘ശ്വാസം മുട്ടി ശ്രമിക്കുകയും’ ചെയ്തേക്കാം. അവർ കരുതുന്ന വിശുദ്ധനാണ് താൻ എന്ന് ബോധ്യപ്പെടുത്തുവാൻ!

വിശുദ്ധിയുടെ മേഖലയിൽ കുറച്ചൊക്കെ മുന്നോട്ടു നീങ്ങുവാൻ കൃപ ലഭിച്ച് ഏതാണ്ട് മുൻപ് സൂചിപ്പിച്ച മാനസികാവസ്ഥയിൽ ഞാൻ ജീവിക്കുന്ന സമയത്താണ് 2014, 2015 കാലഘട്ടത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തമായ ഒരു ഇടപെടൽ വഴി ആത്മാവിന്റെ അവസ്ഥയെക്കുറിച്ചുള്ള വലിയവെളിച്ചം എനിക്ക് ലഭിച്ചത്. എന്നിൽ പല നന്മകളും രൂപപ്പെട്ടിട്ടുണ്ട്, അവ തന്നെ ഇനിയും പൂർണമാകേണ്ടതാണ്, അതും കൂടാതെ മറ്റു പല പുണ്യങ്ങളും ഇനിയും വരേണ്ടതായിട്ടുണ്ട്, ഉള്ള നന്മകളെല്ലാം പരിശുദ്ധാത്മാവിന്റെ കൃപയാണ് എന്നൊക്കെയുള്ള ശക്തമായ ബോധ്യങ്ങൾ ലഭിച്ചു. അത് ഞാനൊരു വിശുദ്ധനാണ് എന്ന കാഴ്ചപ്പാടിൽ നിന്നും ഞാൻ ബലഹീനനും പാപിയുമാണ്, ദൈവത്തിന്റെ കരുണയും കൃപയും സ്വീകരിച്ചുകൊണ്ട് കഴിയുന്നവൻ മാത്രം എന്ന തിരിച്ചറിവിൽ എത്തിച്ചു. ഈ കാഴ്ചപ്പാട് ഇപ്പോൾ വർധിച്ചുവരികയാണ്. അനേകർ ചെയ്യുന്ന ഒട്ടനവധി തിൻമകൾ ഞാൻ ചെയ്യാറില്ലെങ്കിലും മുൻപ് ചെയ്ത പല പാപങ്ങളുടെയും ഓർമ്മപോലും ഇല്ലെങ്കിലും ദൈവകൃപയാൽ പല നന്മകളും ചെയ്യാറുണ്ടെങ്കിലും ഞാൻ ഒരു വിശുദ്ധനാണ് എന്ന ചിന്ത ഇപ്പോൾ എനിക്കില്ല. അതേസമയം ഒരു വിശുദ്ധൻ ആകണം എന്ന ആഗ്രഹമുണ്ട്, ആ വഴിയിൽ കൂടി യാത്ര ചെയ്യുവാൻ ശ്രമിക്കുന്നവനാണ് എന്ന അറിവ് ഉണ്ട് താനും.

ആത്മീയ ജീവിതത്തിൽ കുറച്ചു മുന്നേറുവാൻ കൃപ ലഭിച്ചവർ തങ്ങളെത്തന്നെ വിശുദ്ധരായി അവരോധിച്ച് നീങ്ങുന്നുണ്ടെങ്കിൽ അത് അപകടമാണ് എന്ന് തോന്നുന്നു. ഒരു വീഴ്ച വരുമ്പോൾ അംഗീകരിക്കാൻ കഴിയാതെ നിരാശയിൽ പതിക്കുവാൻ അത് ഇടയാക്കും. അതുപോലെ ഇപ്രകാരം മുന്നേറിയവരെ വിശുദ്ധരായി കാണുന്ന അവസ്ഥയിൽ നിന്ന് വിശ്വാസികളും പിൻമാറണം. വിശുദ്ധിയെ തെറ്റിദ്ധരിക്കുവാൻ ഇതിടയാക്കും. അവർക്ക് ഒരു വീഴ്ച വന്നാൽ അത് അംഗീകരിക്കാൻ സാധിക്കാതെ വരും. ഒരുവേള അവരെ വെറുക്കാനും ദൈവത്തെ തന്നെ അവിശ്വസിക്കാൻ വരെ ഇടയാക്കിയെന്നിരിക്കും.

ദൈവത്തിന്റെ കൃപ താങ്ങുന്നതുകൊണ്ടാണ് ഏതൊരു വ്യക്തിയും പാപം ചെയ്യാതിരിക്കുന്നതും നൻമ ചെയ്യുന്നതും. ഏതെങ്കിലും കാരണത്താൽ കൃപയിൽ നിന്ന് മാറിയാൽ ലോകത്തെ ഏതൊരു പാപിയും ചെയ്യുന്ന പാപപ്രവർത്തികൾ അയാളും ചെയ്തെന്നിരിക്കും. ഭയത്തോടും വിറയലോടെ കൂടി ജീവിക്കുവാൻ എത്ര ‘വിശുദ്ധിയിൽ വളർന്നവർക്കും’ ഈ ബോധ്യം ഇടവരുത്തേണ്ടതാണ്.

ഇപ്രകാരമൊരു ആത്മീയാവസ്ഥ എന്നിൽ വന്നതുകൊണ്ട് സംഭവിച്ചത് മറ്റുള്ളവർ എന്നെ പാപി എന്ന് വിളിച്ചാലും അങ്ങനെ കരുതിയാലും അത് സമ്മതിക്കുവാൻ സാധിക്കുന്നു എന്നതാണ്. അവരെ വെറുക്കാതിരിക്കുവാനും സ്നേഹിക്കുവാനും ഈശോ കൃപ തരുന്നു. മുമ്പ് അത് ഏതാണ്ട് അസാധ്യമായിരുന്നു. മറ്റൊന്ന്, ആത്മീയ ജീവിതത്തിൽ എത്ര മുന്നേറിയവർ വിശ്വാസപരമായും ധാർമിക പരമായും വീഴ്ചവരുത്തിയാലും അതിൽ അത്ഭുതം തോന്നാറില്ല എന്നതാണ്. അവരെ വിധിക്കാതിരിക്കാനും കരുണ കാണിക്കാനും ഈശോ കൃപ തരുന്നു. വേറൊന്നുള്ളത് മറ്റുള്ളവരിലെ നന്മകൾ കണ്ട് സന്തോഷിക്കുവാനും അത് പരസ്യമായിത്തന്നെ പ്രഖ്യാപിക്കുവാനും കഴിയുന്നതാണ്. മറ്റൊരു കാര്യമുള്ളത് ആരിലെങ്കിലും തെറ്റ് കണ്ടാൽ ദൈവഹിതമെങ്കിൽ അത് തിരുത്താനുള്ള ധൈര്യമാണ്. മുൻപ് അങ്ങനെ ചെയ്താൽ എന്റെ വിശുദ്ധി പോവും, എന്നെ വിശുദ്ധനായി മറ്റുള്ളവർ പരിഗണിക്കില്ല എന്നൊക്കെയുള്ള ഭയം ഉണ്ടായിരുന്നു. ഇങ്ങനെ പല നന്മകൾ ദൈവകൃപയാൽ കൈവന്നു. ദൈവത്തിനു സ്തുതി.

~ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്,
IHS മിനിസ്ട്രി. ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles