ജീവിതത്തില്‍ ഇരുട്ടു നിറയുമ്പോള്‍ വചനമാണ് വിളക്ക്

പണ്ട് പുറംകടലില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് ദിക്ക് അറിയാനുള്ള ഏക മാര്‍ഗ്ഗം ലൈറ്റ് ഹൗസുകളായിരുന്നു. നമ്മുടെ ജീവിതമാകുന്ന നൗക ഇരുളില്‍ തപ്പിത്തടയാതെ ലക്ഷ്യത്തിലെത്തിക്കാന്‍ ഇത്തരത്തിലുള്ള വിളക്കുമരങ്ങള്‍ ആവശ്യമാണ്. അത്തരമൊരു വിളക്കുമരമാണ് ദൈവവചനം. 119ാം സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നു ”അങ്ങയുടെ വചനം എന്റെ പാദങ്ങള്‍ക്കു വിളക്കും പാതയില്‍ പ്രകാശവുമാണ്” ദൈവവചനത്തിന് നമ്മുടെ ജീവിത്തിലുള്ള പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന തിരുവചനമാണിത്. ജീവിത വിഷമങ്ങളാകുന്ന കൂരിരുട്ടില്‍ എങ്ങോട്ടു സഞ്ചരിക്കണം, എങ്ങനെ ചരിക്കണം എന്ന വിഷമസ്ഥിതിയില്‍ ആയിരിക്കുമ്പോള്‍ കര്‍ത്താവിന്റെ വചനത്തിന്റെ ശക്തിയില്‍ നമുക്ക് ആശ്രയിക്കാം. ഒരാളുടെ തൊഴില്‍സ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമുള്ള ഉത്തരവാദിത്വങ്ങളുടെ നിര്‍വചനത്തിലും ദുഃഖകരമോ സന്തോഷകരമോ ആയ സന്ദര്‍ഭത്തിലും വചനം നമ്മില്‍ സജീവമാകണം.

പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി, മനുഷ്യഭാഷയില്‍ എഴുതപ്പെട്ട ദൈവവചനത്തെ വി. ഗ്രന്ഥം, വി. ലിഖിതങ്ങള്‍, ബൈബിള്‍, വേദപുസ്തകം എന്നീ പേരുകളാലും പരാമര്‍ശിക്കപ്പെടുന്നു. ദൈവം സ്വയം വെളിപ്പെടുത്തുന്ന മാധ്യമമാണ് ദൈവവചനം. ദൈവവചനമാകുന്ന കണ്ണാടിയിലൂടെ ദൈവത്തിന്റെ തനിരൂപം നമുക്കു കാണാം. രണ്ടാമതായി നാം ആരാണെന്നും നമ്മുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നും ദൈവവചനമാകുന്ന കണ്ണാടിയുടെ മുമ്പിലെത്തി പരിശോധിക്കണം. സഹജീവികളുമായി നമുക്കുണ്ടായിരിക്കേണ്ട ബന്ധമെന്തെന്ന് നമ്മെ പഠിപ്പിക്കുന്നത് വിശുദ്ധ ഗ്രന്ഥമാണ്.
ദൈവത്തിന്റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപൊലെയുമാണെന്ന് ജെറമിയ പ്രവാചകനിലൂടെ ദൈവം അരുളചെയ്തു. ദൈവവചനത്തില്‍ നിന്ന് മനുഷ്യന്‍ തന്റെ ജീവിതത്തിനാവശ്യമായ ചൂടും വെളിച്ചവും ആര്‍ജ്ജിക്കണം
.
ഇന്ന് ധാരാളമാളുകള്‍ ഭയചകിതരും പ്രത്യാശ നശിച്ചവരുമാണ്. കുടുംബബന്ധങ്ങള്‍ ദുര്‍ബലപ്പെടുന്നു. ശാസ്ത്രപുരോഗതി മനുഷ്യവ്യക്തിയുടെ മൂല്യത്തെ പലപ്പോഴും ഇടിച്ചുതാഴ്ത്തിക്കളയും. ഈ ക്ലേശങ്ങള്‍ക്കിടയിലും നാം പ്രത്യാശ നിറഞ്ഞവരായി നിലകൊള്ളണം. ദൈവവചനം യഥാര്‍ത്ഥത്തില്‍ കണ്ടുമുട്ടുകയും അതിന്റെ ശക്തിയും മാധുര്യവും അനുഭവിച്ചറിയുകയും ചെയ്ത ഒരുവന് ദൈവവചനത്തിലല്ലാതെ മറ്റൊന്നിലും സന്തോഷം കണ്ടെത്താനാവുകയില്ല. വി. ഗ്രന്ഥത്തിലൂടെയാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മക്കളെ അതീവ സ്‌നേഹത്തോടെ ഉറ്റുനോക്കുന്നതും അവരുമായി സംഭാഷണം ചെയ്യുന്നതും.

ജീവിതത്തിലെ ശരിതെറ്റുകള്‍ നമുക്കു വെളിപ്പെടുത്തിത്തരുന്നതും നന്മയുടെ പാതയിലേക്ക് നമ്മെ നയിക്കുന്നതും ദൈവവചനമാണ്. അത് പഠിക്കാനുള്ള ഗ്രന്ഥമല്ല. ജീവിക്കാനൊരു പ്രമാണമാണ്. ശക്തിയുടെ സ്രോതസ്സായ വചനം ഭക്തിയോടെ വായിക്കുകയും ധ്യാനിക്കുകയും അതില്‍ ജീവിക്കുകയും വേണം. നമുക്ക് വചനത്തിലേക്ക് തിരിയാം. അന്ധകാരത്തില്‍ തിരിനാളമായി നമ്മുടെ കാലുകള്‍ ഇടറാതെ, പാദങ്ങള്‍ക്ക് വിളക്കും ജീവിതവഴിത്താരയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രകാശവുമായി ദൈവവചനം അനുദിനജീവിതത്തെ നയിക്കട്ടെ എന്നാശംസിക്കുന്നു.

~ അന്‍സമ്മ ജോസ്‌ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles