സന്ധ്യയില്‍ ധ്യാനിക്കാനൊരു അനശ്വരഗീതം

സന്ന്യാസത്തിന്റെ പവിത്രവഴികളില്‍ തെല്ലുദൂരം യാത്ര ചെയ്ത എന്റെ ഏറ്റവും ഹൃദ്യമായ ഓര്‍മപ്പച്ചകളിലൊന്നാണ് ലോകമുറങ്ങാന്‍ തുടങ്ങുന്ന രാവിന്റെ നിശബ്ദതകളില്‍ നനുത്ത സങ്കീര്‍ത്തനാലാപം പോലെ മുഴങ്ങുന്ന സഭയുടെ നിശാപ്രാര്‍ത്ഥനകള്‍. ദുഖവും ആനന്ദവും ക്ലേശവും നിറഞ്ഞു തിങ്ങിയ ഒരു ദിനം വിശ്രമത്തിലേക്ക് കൂമ്പുന്ന നേരത്ത് സാന്ദ്രമാകുന്ന രാവിന്റെ നെഞ്ചിലേക്ക് സമാശ്വാസത്തിന്റെ നിമന്ത്രണം പോലെ വാര്‍ന്നു വീണിരുന്ന ഗീതങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടത് എബൈഡ് വിത്ത് മീ… എന്ന ഗാനം. ന്യൂമാന്റെ ലീഡ് കൈന്‍ഡ്‌ലി ലൈറ്റ് പോലെ ഈ ഗാനം എന്റെ നെഞ്ചോരം ചേര്‍ന്ന എനിക്കൊപ്പം സഞ്ചരിക്കുന്നു. വ്യഥകളില്‍ ഏതോ ദേവദൂതന്റെ താരാട്ടു പോലെ ആ അനശ്വരസുന്ദരഗാനം എന്നെ ചേര്‍ത്തു പിടിക്കുന്നു. എണ്ണമറ്റ സന്ന്യാസരാവുകളിലെ ദിവ്യാനുഭൂതികള്‍ ആ നിമിഷങ്ങളിലേക്ക് ഒരു പറവച്ചിറകേറി താണുപറക്കുന്നു.

സന്ധ്യ മയങ്ങുന്നു, അതിവേഗം രാവും സാന്ദ്രമാകുന്നു.
നാഥാ എന്റെ ചാരത്തണയുക.
സഹായികള്‍ സര്‍വരും തോറ്റു മറയുമ്പോള്‍
നിസഹായരുടെ സഹായമേ എന്റെ ചാരത്തണയുക…

ക്രൈസ്തവ സന്ന്യാസികളുടെ നിശാപ്രാര്‍ത്ഥനയില്‍ ചൊവ്വാഴ്ച പാടുന്ന ആ മഹാകീര്‍ത്തനത്തിന്റെ പ്രാരംഭവരികളുടെ പരിഭാഷയാണിവ. Abide with me, fast falls the eventide… എന്നു തുടങ്ങുന്ന ഗീതം ദൈവാനുഭവത്തിന്റെ അപൂര്‍വചാരുതയാര്‍ന്ന സങ്കീര്‍ത്തനമാണ്. ടൈറ്റാനിക്ക് മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ കപ്പലിലെ ഗായകസംഘം അവസാനമായി മീട്ടിയ ഗാനങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് സാക്ഷിമൊഴികള്‍.

1847 ല്‍ യൂറോപ്പിലെ മഹാക്ഷാമകാലത്താണ് എബൈഡ് വിത്ത് മീ എന്ന ഗാനം രചിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. കൃത്യമായ തീയതിയെ കുറിച്ച് വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

അസാധാരണമായ നിയോഗമായിരുന്നു, ഈ ഗാനത്തിന്. ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് എന്ന സ്‌കോട്ടിഷ് ആംഗ്ലിക്കന്‍ ശുശ്രൂഷകനാണ് ഈ ഗാനം രചിച്ചത്. ക്ഷയരോഗം ബാധിച്ച് മരണക്കിടക്കയിലായിരിക്കുമ്പോള്‍ ലൈറ്റ് എഴുതിയ ഈ ഗീതം സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാത്മാവിനെയും ശക്തിപ്പെടുത്തുകയും സാന്ത്വനമേകുകയും ചെയ്യുന്ന അപൂര്‍വ ഗാനാമൃതമാണ്. ലൗകികവ്യാമോഹങ്ങളുടെ നിരര്‍ത്ഥതകള്‍ക്കുപരി പ്രകാശമായി നിറയുന്ന നിത്യനായ ദൈവത്തിലേക്ക് പ്രത്യാശയോടെ മിഴിയുയര്‍ത്തുന്ന ഒരാത്മാവിന്റെ ഗാനമാണിത്.

സ്‌കോട്ട്‌ലന്‍ഡിലെ എഡ്‌നാമില്‍ തോമസിന്റെയും അന്നായുടെയും മകനായാണ് ഹെന്റി ഫ്രാന്‍സിസ് ലൈറ്റ് ജനിച്ചത്. ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലൈറ്റ് 1815 മുതല്‍ 1818 വരെ കൗണ്ടി വെക്‌സ്‌ഫോഡിലെ ക്യുറേറ്ററായി സേവനം ചെയ്തു. 1816 ല്‍ ഒരു പുരോഹിതന്റെ പുണ്യമരണം ലൈറ്റിന്റെ ജീവിത രിവര്‍ത്തനത്തിന് പ്രചോദനമായി. അദ്ദേഹം ആഴത്തില്‍ ബൈബിള്‍ പഠിക്കാന്‍ ആരംഭിച്ചു. 1817 ല്‍ ലൈറ്റ് തന്നെക്കാള്‍ ഏഴു വയസ്സ് പ്രായം കൂടിയ ആന്‍ മാക്‌സ്വെല്‍ എന്ന സ്ത്രീയെ വിവാഹം ചെയ്തു. നല്ല ഉയരവും അസാധാരണ സൗന്ദര്യവുമുള്ള വ്യക്തിയായിരുന്നു ലൈറ്റ് എന്നാണ് ജീവചരിത്ര രേഖകളില്‍ പറയുന്നത്. ജന്മസിദ്ധമായ കവിതാ വാസനയ്‌ക്കൊപ്പം ഓടക്കുഴല്‍ വായനാവൈദഗ്ദ്യവും ലൈറ്റിനുണ്ടായിരുന്നു.

ജീവിതകാലം മുഴുക്കെ അനാരോഗ്യം ലൈറ്റിനെ വിടാതെ പിന്തുടര്‍ന്നിരുന്നു. ശ്വാസകോശസംബന്ധിയായ രോഗങ്ങള്‍ മാറിമാറി അദ്ദേഹത്തെ വേട്ടയാടി. അന്ത്യകാലങ്ങളില്‍ ക്ഷയരോഗം ലൈറ്റിനെ വേട്ടയാടി. ജീവിതം സന്ധ്യയിലേക്ക് ചായുന്നുവെന്ന ബോധം ലൈറ്റിലെ കവിയെ ഉണര്‍ത്തി. എമ്മാവൂസിലേക്കുള്ള യാത്രയില്‍ ഒപ്പം സഞ്ചരിച്ചിരുന്ന ക്രിസ്തുവിനോട്, സന്ധ്യയായി നാഥാ, ഞങ്ങളോടു കൂടി വസിച്ചാലും എന്നു പറയുന്ന വചനഭാഗമാണ് (ലൂക്ക. 24. 29) എബൈഡ് വിത്ത് മീയുടെ രചനയ്ക്ക് പ്രചോദനമായത് എന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഗാനം എഴുതി മൂന്നാഴ്ചകള്‍ക്കുള്ളില്‍ ലൈറ്റ് ഈ ലോകത്തോട് വിട പറഞ്ഞു. ലൈറ്റിന്റെ ചരമശുശ്രൂഷാച്ചടങ്ങിലാണ് ഈ ഗാനം ആദ്യമായി ആലപിച്ചത്.

വില്യം ഹെന്റി മങ്ക് നല്‍കിയ ഈണമാണ് ഈ ഗാനത്തിന് പരക്കെ ഉപയോഗിക്കപ്പെടുന്നത്. മഹാത്മഗാന്ധിക്കും ബ്രിട്ടനിലെ ജോര്‍ജ് രാജാവിനും ഈ ഗാനം പ്രിയപ്പെട്ടതായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിവാഹവേളയില്‍ ജോര്‍ജ് രാജാവിന്റെ അഭീഷ്ടപ്രകാരം ഈ ഗാനം ആലപിക്കുകയുണ്ടായി. ബ്രൂസ് ലീയുടെ ഫിസ്റ്റ് ഓഫ് ഫ്യൂറി എ ചിത്രത്തില്‍ ബ്രാസ് ബാന്‍ഡ് ഈ ഗാനം മീട്ടുന്നുണ്ട്. കര്‍ദിനാള്‍ ന്യൂമാന്റെ ലീഡ് കൈന്‍ഡ്‌ലി ലൈറ്റ് പോലെ, ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഗീതകങ്ങള്‍ പോലെ അഗാധമായ ആത്മീയസാന്ദ്രതയും കവിതയുടെ അസുലഭലാവണ്യവും ഒത്തുചേരുന്ന അപൂര്‍വമായൊരു ആത്മീയ സങ്കീര്‍ത്തനമാണിത്.

…ജീവിതത്തിന്റെ ഈ ചെറുവാസരം ഒരു വേലിയിറക്കത്തിന്റെ വക്കിലെത്തിയിരിക്കുന്നു. ഭൂമിയുടെ ആഹ്ലാദങ്ങളുടെ ശോഭ മങ്ങുന്നു, അതിന്റെ മഹിമകള്‍ മായുന്നു. മാറ്റവും ജീര്‍ണതയും ഞാനെമ്പാടും കാണുന്നു. മാറ്റമില്ലാത്തവനായ നീ എന്റെ ചാരത്തണയുക….

ഓരോ മണിക്കൂറിലും നിന്റെ സാന്നിധ്യമരുളുക. പ്രലോഭകന്റെ ശക്തി തകര്‍ത്തുകൊണ്ട് നിന്റെ കൃപയരുളുക. നീയല്ലാതെ മറ്റാര് എനിക്കു വഴികാട്ടിയാകും? മേഘമാലയിലൂടെ, സൂര്യശോഭയിലൂടെ നാഥാ, നീ എന്റെ ചാരെയണയുക.

ആശീര്‍വാദവുമായ് നീയുള്ളപ്പോള്‍ ഞാനേതു ശത്രുവിനെ പേടിക്കണം? പീഢകള്‍ക്ക് ഭാരമില്ലാതാകുന്നു, കണ്ണീരിന്റെ കയ്പും മായുന്നു. മരണത്തിന്റെ മുനയൊടിച്ച്, കല്ലറകളെ ജയിച്ച് ഞാന്‍ വിജയം കൊയ്യും, നീ കൂടെയുള്ളപ്പോള്‍!

എന്റെ കൂമ്പുന്ന മിഴിക്കു മുമ്പില്‍ നിന്റെ കൂരിശ് നാട്ടുക. ഇരുളില്‍ പ്രഭയായ് തെളിഞ്ഞ് ആകാശങ്ങളിലേക്കെന്റെ മിഴികളെ നയിക്കുക. സ്വര്‍ഗത്തിന്റെ പ്രഭാതം വിടരുന്നു. ഭൂമിയുടെ പാഴ്‌നിഴലുകള്‍ ദൂരെ മറയുന്നു. ജീവനില്‍, മരണത്തില്‍, നാഥാ, നീ എന്റെ സഹയാത്രികനാവുക.

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles