മറിയം വിശുദ്ധരുടെ രാജ്ഞി

മെയ് മാസ റാണി
മരിയ വിചാരങ്ങള്‍ – Day 27
വിശുദ്ധർ ഭൂമിയിലെ അവരുടെ സഹോദരങ്ങൾക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്നു കാത്തോലിക്ക സഭ വിശ്വസിക്കുന്നു. കാരണം, നമുക്കു മുമ്പേ ദൈവസാന്നിദ്ധ്യത്തിന്റെ അനുപമമായ അനുഭവം അവർ അറിയുകയും തങ്ങളുടെ പ്രിയപ്പെട്ടവരും അതനുഭവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
അത് സ്വാഭാവികമായ ഒരു പുണ്യമാണ്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇതേപ്പറ്റി പറയുന്നതിങ്ങനെയാണ്: “യേശുക്രിസ്തുവഴി വിശുദ്ധർ നേടിയ യോഗ്യതകൾ പ്രദർശിപ്പിച്ചുകൊണ്ടു പിതാവിന്റെ പക്കൽ നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നതിൽനിന്നു അവർ വിരമിക്കു ന്നില്ല. അതുകൊണ്ട് അവരുടെ സഹോദരപരമായ താത്പര്യംവഴി നമ്മുടെ ബലഹീനത ഗണ്യമാംവിധം പരിഹരിക്കപ്പെടുന്നു”
മറിയം വിശുദ്ധരിൽ ഏറ്റവും ഉയർന്നവളാണ്; വിശുദ്ധിയിൽ മറ്റ് വിശുദ്ധരെ മറികടക്കുകയും ചെയ്യുന്നു. മറിയം സകല വിശുദ്ധരുടെയും രാജ്ഞി എന്നു വിളിക്കപ്പെടുന്നതിൻ്റെ കാരണം ദൈവം നൽകിയ കൃപ ഏറ്റവും എളിമയോടും വിശ്വസ്തയോടും കൂടെ ഉൾക്കൊള്ളുകയും എല്ലാ പുണ്യങ്ങളിലും വിശുദ്ധരെക്കാൾ മികച്ചുനിൽക്കുകയും ചെയ്തു എന്നതാണ്. ശ്രേഷ്ഠമായ ജീവിതം തിരഞ്ഞെടുക്കുന്നതിൽ പരിശുദ്ധ കന്യകാമറിയം വിശുദ്ധരെ മറികടക്കുന്നതുപോലെ തന്നെ, മഹത്വവും അനുഗ്രഹവും സ്വീകരിക്കുന്നതിൽ മറിയം അവരെക്കാൾ ഉയർന്നു നിൽക്കുകയും ചെയ്യുന്നു.
കടപ്പാട്: ഫാ. റ്റാംസൺ
~ Jincy Santhosh ~
“ഈശോയെ പൂർണമായി കണ്ടെത്താനും അവിടുത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനും വിശ്വസ്തയൊടെ സേവിക്കാനും പര്യാപ്തമായ മാർഗമാണ് മരിയ ഭക്തി. “
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.