വിശുദ്ധ എവുപ്രാസ്യയുടെ ജീവിതം അറിയാമോ?

ഇരിഞ്ഞാലക്കുട താലൂക്കിലെ ഒരു ഗ്രാമമായ കാട്ടൂരിൽ 1877 ഒക്ടോബർ 17ന് എലുവത്തിങ്കൽ അന്തോണിയുടെയും കുഞ്ഞെത്തിയുടെയും മൂത്ത മകളായി റോസ (എവുപ്രാസ്യ) ജനിച്ചു. കുഞ്ഞു പ്രായം മുതൽക്കേ ദൈവഭക്തിയിലും ദൈവവിശ്വാസത്തിലും ഏവരേയും അതിശയിപ്പിച്ച ഒരു കുഞ്ഞായിരുന്നു അവൾ.ഒൻപതാം വയസ്സിൽ തന്റെ കന്യാകത്വം ദൈവത്തിന് പ്രതിഷ്ഠിച്ച് താൻ ഒരു കന്യാസ്ത്രീ ആകും എന്ന് തീരുമാനിച്ചു.

എന്നാൽ തന്റെ ഓമന മകളെ വിലയും നിലയും ഉള്ള ഒരു കുടുംബത്തിൽ കെട്ടിച്ചയയ്ക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന റോസയുടെ പിതാവ് രണ്ടാമത്തെ മകളായ കൊച്ചുത്രേസ്യയെ കന്യാസ്ത്രീയാകാൻ അയക്കാം എന്ന് തീരുമാനിച്ചു. എന്നാൽ കൊച്ചുത്രേസ്യയുടെ അകാലചരമം എല്ലാത്തിനും തിരിച്ചടിയായി. അങ്ങനെ എവുപ്രാസ്യയെ 1866ൽ കൂനമ്മാവിൽ കർമ്മലീത്ത മഠത്തിന്റെ ബോർഡിംഗിൽ ആക്കി.

എന്നാൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ അവളെ പീഡിപ്പിച്ചു കൊണ്ടിരുന്നു. രണ്ടുപ്രാവശ്യം വീട്ടിലേക്ക് കൊണ്ടു പോയി. സുഖമായപ്പോൾ വീണ്ടും തിരിച്ചുവന്നു. മൂന്നാം പ്രാവശ്യം മാരകമായ രോഗത്താൽ തീർത്തും അവശയായിയെങ്കിലും തിരുക്കുടുംബ ദർശനത്താൽ അവൾ സൗഖ്യം പ്രാപിച്ചു. 1897 മേയ് പത്താം തീയതി അവൾക്ക് ശിരോവസ്ത്രം ലഭിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

സന്യാസത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും അവളെ ഏറെ അലട്ടി. അതുപോലെതന്നെ സ്വർഗ്ഗീയ ആനന്ദവും ഉണ്ടായിരുന്നു. 1898 ജനുവരി പത്താം തീയതി അനുഗ്രഹീതമായ കർമ്മല സഭാവസ്ത്രം ലഭിച്ചു.

അവളുടെ എല്ലാ ആധ്യാത്മിക സംഘട്ടനങ്ങളും ദൈവീക വെളിപാടുകളും മേനാച്ചേരി പിതാവിനെ അദ്ദേഹത്തിന്റെ കല്പനപ്രകാരം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ രചിക്കപ്പെട്ട എൺപതോളം കത്തുകൾ ‘എവുപ്രസ്യാമ്മയുടെ ലിഖിതങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1900 മെയ് ഇരുപത്തിനാലാം തീയതി ഒല്ലൂരിൽ സ്ഥാപിതമായ സെന്റ് മേരിസ് മഠത്തിന്റെ ആശിർവാദ ദിനത്തിൽ സിസ്റ്റർ എവുപ്രാസ്യ നിത്യവ്രത വാഗ്ദാനം ചെയ്തു. തുടർന്നുള്ള 48 വർഷത്തോളം എവുപ്രസ്യാമ്മ ഈ ഒല്ലൂർ മഠത്തിൽ തന്നെയാണ് താമസിച്ചിട്ടുള്ളത്. നോവീസ് മിസ്ട്രസ്, മഠ അധിപ തുടങ്ങിയ ഉത്തരവാദിത്വങ്ങളിൽ നിയോഗിക്കപ്പെട്ട സിസ്റ്ററുടെ പ്രാർത്ഥന ജീവിതവും നിയമാനുഷ്‌ഠന താൽപര്യവും താപസ കൃത്യങ്ങളും ജീവിതകാലത്തുതന്നെ പ്രത്യേകം ശ്രദ്ധേയമായിരുന്നു.

എളിയ ഭാവത്തോടെ എപ്പോഴും വ്യാപിക്കാനും കർത്താവ് നൽകിയ ആത്മീയ വരങ്ങൾ സന്തോഷപൂർവ്വം മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ചെലവഴിക്കാനും എവുപ്രാസ്യമ്മ സദാ ഉത്സുകയായിരുന്നു. നീണ്ട മണിക്കൂറുകൾ തിരുസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന ഈ സുകൃതിനി ‘പ്രാർത്ഥിക്കുന്ന അമ്മ’ എന്ന അപരനാമത്തിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. ‘പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്’, എന്ന് എല്ലാവരോടും പറഞ്ഞിരുന്നു.

1952 ഓഗസ്റ്റ് 29ന് ഏവുപ്രാസ്യ അമ്മയുടെ മരണശേഷം പുണ്യ കീർത്തി നാടെങ്ങും പരന്നു. 2002 ജൂലൈ അഞ്ചിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ധന്യയും 2006 ജൂൺ 26ആം തീയതി ബെനഡിക്റ്റ് പതിനാറാമൻ പാപ്പ വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. 2014 ഏപ്രിൽ നാലിന് ഫ്രാൻസിസ് മാർപ്പാപ്പ എവുപ്രസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles