ഇടയനായ യേശുവിന്റെ മനോഭാവത്തോടെയുള്ള ശുശ്രൂഷ നിർവ്വഹിക്കുക – ഫ്രാൻസിസ് പാപ്പാ

ഇടയനായ യേശുവിന്റെ മനോഭാവത്തോടെയുള്ള ശുശ്രൂഷ

സഭയുടെ ഇടയന്മാർ ഇടയനായ ക്രിസ്തുവിനെ മനോഭാവത്തോടെയാവണം തങ്ങളെ ഭരമേർപ്പിച്ച ദൈവജനത്തെ പരിപാലിക്കേണ്ടത്, കാരണം, അവരെ നയിക്കുന്ന ക്രിസ്തുവിന്റെ അടയാളമാണ് നമ്മൾ എന്ന് പാപ്പാ പറഞ്ഞു. നയിക്കുകയാണ് അല്ലാതെ ഇടറിക്കുകയല്ല വേണ്ടതെന്നും അർപ്പണത്തോടും കരുണാദ്ര സ്നേഹത്തോടും കൂടെ അവരെ  പരിപാലിക്കാൻ പാപ്പാ സമൂഹത്തെ ഓർമ്മിപ്പിച്ചു. അതിനാൽ പ്രൊഫഷണൽ മത പ്രവർത്തകരായോ വിശുദ്ധ ഉദ്യോഗസ്ഥരായോ അല്ല, ഇടയന്റെ ഹൃദയത്തോടെ അതു ചെയ്യണമെന്ന് വി. പത്രോസിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ വിശദീകരിച്ചു.

ക്രൈസ്തവ സന്തോഷം

ധനവും, സുഖസൗകര്യങ്ങളും സുരക്ഷയുമല്ല മറിച്ച് ദൈവം എപ്പോഴും നമ്മോടു കൂടെയുണ്ട് എന്നതാണ് ശുശ്രൂഷയുടേയും എല്ലാറ്റിലുമുപരി വിശ്വാസത്തിന്റെയും സന്തോഷം. പരീക്ഷണങ്ങളിലും കഷ്ടതകളിലും തനിച്ചല്ല എന്നും നമ്മുടെ അവസ്ഥയോടു നിസ്സംഗത പുലർത്താത്ത ഒരു ദൈവം നമ്മോടൊപ്പമുണ്ട് എന്നതും തരുന്ന ക്രൈസ്തവ സന്തോഷം നമ്മുടെ ഹൃദയത്തിലുള്ള സമാധാനത്തിന്റെ അനുഭവമാണ്. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും നമ്മൾ സ്നേഹിക്കപ്പെടുകയും പിൻതാങ്ങപ്പെടുകയും ചെയ്യുന്നു എന്നതും സത്യമായ ക്രൈസ്തവ സന്തോഷമാണ് എന്ന് പാപ്പാ വിശദീകരിച്ചു. അതിനാൽ സഭ സുവിശേഷത്തിന്റെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടോ, നമ്മുടെ സമൂഹങ്ങളിൽ അവർ പങ്കു വയ്ക്കുന്ന സന്തോഷം കൊണ്ട് ആകർഷകമാകുന്ന വിശ്വാസം ഉണ്ടോ എന്ന് പരിശോധിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. ഈ ചോദ്യത്തിന്റെ വേരുകളിലേക്ക് പോകണമെങ്കിൽ ഇന്നത്തെ ലോകത്തിൽ വിശ്വാസത്തിന്റെ സന്തോഷത്തിന് എന്താണ് ഭീഷണി എന്നും അങ്ങനെ ക്രൈസ്തവനെന്ന നിലയിൽ നമ്മുടെ ജീവിതത്തെ ശോഷിപ്പിക്കുകയും വിട്ടുവീഴ്ച ചെയ്യിക്കുകയും ചെയ്യുന്നതെന്താണെന്നും വിചിന്തനം ചെയ്യേണ്ടതുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ലോകത്തെക്കുറിച്ചുള്ള രണ്ടു തരം വീക്ഷണങ്ങൾ

ദൈവത്തെ പിന്നണിയിലേക്ക് തള്ളുന്ന  മതേതരവൽക്കരണം ഇന്നത്തെ മനുഷ്യന്റെ ജീവിതരീതിയെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. നമ്മുടെ ജീവിതത്തിന്റെ ദിശയും, അടിസ്ഥാന തീരുമാനങ്ങളും സാമൂഹ്യബന്ധങ്ങളും  നിർണ്ണയിക്കുന്നത് ദൈവവും ദൈവത്തിന്റെ വചനവുമല്ലാതായി. ഇവിടെ പാപ്പാ ലോകത്തെക്കുറിച്ച് ഉണ്ടാകാവുന്ന രണ്ടു വീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചു.

1.    നിഷേധാത്മക വീക്ഷണം

നിഷേധാത്മക വീക്ഷണം എന്നത് വിശ്വാസം ആക്രമിക്കപ്പെടുന്നു എന്ന തോന്നലിൽ നിന്നും വിശ്വാസം നമ്മെ ലോകത്തിൽ നിന്ന് രക്ഷിക്കുന്ന ഒരു കവചമാണെന്നുള്ള ചിന്തയിൽ നിന്നും ജനിക്കുന്ന ഒരു വീക്ഷണമാണ് എന്ന് പാപ്പാ പറഞ്ഞു. ലോകം തിന്മയാണ്, പാപം നിറഞ്ഞയിടമാണ് എന്ന ചിന്തയാൽ  ” കുരിശുയുദ്ധത്തിന്റെ മനോഭാവം” അണിയുന്ന അപകടം ഇവിടെ പതിയിരിക്കുന്നത് പാപ്പാ തുറന്നു കാട്ടി. ഇത് ക്രൈസ്തവമല്ല, ദൈവത്തിന്റെ വഴിയുമല്ല  എന്ന്  യോഹ. 3, 16 വാക്യം ഉദ്ധരിച്ചു കൊണ്ട് പാപ്പാ ചൂണ്ടിക്കാണിച്ചു. ലൗകികതയെ വെറുക്കുന്ന കർത്താവിന് ലോകത്തെക്കുറിച്ച്  ഒരു ക്രിയാത്മകമായ കാഴ്ചപ്പാടാണുള്ളത്. നിഷേധാത്മകമായ ഒരു വീക്ഷണത്തിൽ ഒതുങ്ങിയാൽ നമ്മൾ മനുഷ്യാവതാരത്തെ നിഷേധിക്കുന്നതിൽ വന്നു ചേരുകയും യാഥാർത്ഥ്യങ്ങളെ നമ്മിൽ അവതരിക്കാൻ അനുവദിക്കാതെ അവയിൽ നിന്ന് ഓടിയകലുകയും ചെയ്യുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

2.    വിവേചനപരമായ വീക്ഷണം

വിവേചനപരമായ വീക്ഷണം എന്നത് എന്താണ് നല്ലതെന്ന് വിവേചിക്കുന്ന, തുടർച്ചയായി അതിനെ അന്വേഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന  ദൈവത്തിന്റെ വീക്ഷണം പോലുള്ള ഒന്നിലേക്കാണ് നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത്. ഇത് നിഷ്കളങ്കമായ ഒരു വീക്ഷണമല്ല മറിച്ച് യഥാർത്ഥ്യത്തെ തിരിച്ചറിയുന്ന ഒരു വീക്ഷണമാണ്.

വി. പോൾ ആറാമന്റെ വാക്കുകളെ ഓർമ്മിപ്പിച്ചു കൊണ്ട് മതേതരവൽക്കരണത്തെയും (Secularization) മതേതരത്വത്തെയും (Secularism) അവ തമ്മിലുള്ള വ്യത്യാസത്തെയും കുറിച്ച് സംസാരിച്ച പാപ്പാ മതേതരവൽക്കരണം വിശ്വാസവുമായോ മതവുമായോ പൊരുത്തപ്പെടാത്തതല്ല എന്നും എന്നാൽ മതേതരത്വത്തിൽ ദൈവത്തെ സൃഷ്ടിയിൽ നിന്ന് പൂർണ്ണമായി വേർപെടുത്തി ദൈവത്തെ അനാവശ്യവും ബാധ്യതയുമാക്കുന്ന പുതിയ തരം നിരീശ്വര വാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും Evangelii Nuntiandi 55 ഉദ്ധരിച്ചു കൊണ്ടു വിശദീകരിച്ചു. സഭയെന്ന നിലയിലും എല്ലാറ്റിലുമുപരിയായി ദൈവജനത്തിന്റെ ഇടയന്മാർ എന്നതിലയിലും നമ്മളാണ് ഈ വ്യത്യാസങ്ങൾ വിവേചിച്ചറിയേണ്ടതെന്ന് പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തു.

വിശ്വാസമല്ല, യഥാർത്ഥത്തിൽ വിശ്വാസത്തെ അവതരിപ്പിക്കുന്ന രൂപവും രീതികളുമാണ്, പ്രതിസന്ധിയിലായിരിക്കുന്നതെന്ന് പറഞ്ഞ പാപ്പാ അതിനാൽ മതേതരവൽക്കരണം ആത്മീയ ജീവിതത്തെ പുതിയ രൂപങ്ങളിലും പുതിയ വഴികളിലും നിലനിറുത്തുവാനുള്ള ഒരവസരമാണ് നമ്മുടെ ഇടയ സങ്കല്പങ്ങൾക്ക് നൽകുന്നതെന്ന ചാൾസ് ടെയ്ലറിന്റെ വാക്കുകളും പാപ്പാ ഓർമ്മിപ്പിച്ചു. ഇത്തരത്തിൽ ഒരു വിവേചനപരമായ വീക്ഷണം വിശ്വാസത്തിന്റെ സന്തോഷം പകർന്നു നൽകാനുള്ള നമ്മുടെ ബുദ്ധിമുട്ടുകൾ അംഗീകരിക്കുമ്പോൾ തന്നെ സുവിശേഷവൽക്കരണത്തോടു പുതിയ അഭിനിവേശം വികസിപ്പിക്കാനും പുതിയ ഭാഷകളും ആവിഷ്കാരരൂപങ്ങളും തേടാനും ചില അജപാലനമുൻഗണനകൾ മാറ്റാനും, അത്യാവശ്യമായവകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. പാപ്പാ വിശദീകരിച്ചു.

സാക്ഷ്യത്തിലൂടെയുള്ള സുവിശേഷ പ്രഘോഷണം

സുവിശേഷ പ്രലോഷണം വാക്കുകളേക്കാൾ സാക്ഷ്യത്തിലൂടെയാകുമ്പോഴാണ് വിശ്വാസത്തിന്റെ സന്തോഷം ഇന്നത്തെ സ്ത്രീ പുരുഷന്മാരിലേക്ക് പകർന്നു നൽകാൻ കഴിയു എന്ന് പാപ്പാ പറഞ്ഞു. ദൈവം നമ്മോടു കാണിക്കുന്ന സൗജന്യ സ്നേഹത്തിന്റെ സാക്ഷ്യം നൽകണം. ഇവിടെ പരിശുദ്ധ പിതാവ് നമ്മുടെ പ്രാർത്ഥനയെയും അജപാലന സേവനത്തേയും രൂപപ്പെടുത്താവുന്ന മൂന്ന് വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു.

1.യേശുവിനെ അറിയിക്കുക

പുതിയ വഴികളിലൂടെ സുവിശേഷത്തിന്റെ ഹൃദയം ഇതുവരെ യേശുവിനെ കണ്ടു മുട്ടാത്തവരെ അറിയിക്കുക എന്നതിന് ജനങ്ങൾ ജീവിക്കുന്നയിടത്ത് എത്താനും, അവരെ ശ്രവിക്കാനും, കണ്ടുമുട്ടാനുമുള്ള അജപാലന സർഗ്ഗാത്മകത ആവശ്യമാണ്.  ആദിമ സുവിശേഷ പ്രഘോഷണത്തിലേക്ക് മടങ്ങുകയും അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങളിൽ കാണുന്ന ഉൽസാഹസം ആർജ്ജിക്കുകയും വേണം. നമ്മൾ ആത്മാവിന്റെ ഫലങ്ങൾ നിറയുന്ന ഇന്നത്തെ ഉപകരണങ്ങളാണ് എന്ന ബോധ്യത്തിലേക്ക് തിരിച്ചു വരണം.

2സാക്ഷ്യം

വിശ്വാസയോഗ്യരായാൽ മാത്രമെ നമുക്ക് സുവിശേഷം പ്രഘോഷിക്കാനാവൂ. സുവിശേഷം ഫലപ്രദമായി പ്രഘോഷിക്കപ്പെടുന്നത് ജീവിതം കൊണ്ട് സംസാരിക്കുമ്പോഴാണ് എന്ന് പാപ്പാ പറഞ്ഞു.  തന്റെ ചില  മക്കളാൽ മുറിവേൽപ്പിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്ത കാനഡയിലെ സഭ ഇന്ന് ഒരു പുതിയ വഴിയിൽ തിരിക്കുകയാണ്. അതിൽ നിന്നുള്ള വേദനയും നാണക്കേടും ഒരു മന:പരിവർത്തനത്തിനുള്ള അവസരമാകണം. ഒരു സംസ്കാരം മറ്റുള്ളവയേക്കാൾ മഹോന്നതമെന്ന് ചിന്തിക്കുന്ന വഷളത്തത്തിന് ഇനി ഒരിക്കലും ക്രൈസ്തവ സമൂഹം ഇരയാവരുത് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. ഇത്തരം ഒരു ഒഴിവാക്കലിന്റെ സംസ്കാരത്തെ പരാജയപ്പെടുത്താൻ നമ്മിൽ നിന്നു തന്നെ തുടങ്ങണമെന്നും മെത്രാൻമാരും വൈദീകരും ദൈവജനത്തിലെ സഹോദരീ സഹോദരരേക്കാൾ ശ്രേഷ്ഠരാണെന്ന് ചിന്തിക്കരുതെന്നും, അജപാലന കർമ്മത്തിൽ ഏർപ്പെടുന്നവർ സേവനത്തെ അധികാരമായി കണക്കാക്കരുതെന്നും പാപ്പാ പറഞ്ഞു.

3.    സാഹോദര്യം

മൂന്നാമത്തെ വെല്ലുവിളിയായി പാപ്പാ മുന്നോട്ട് വച്ചത് സാഹോദര്യമാണ്. സഭയിലെ അംഗങ്ങൾ എത്രമാത്രം ഐക്യം സ്വാംശീകരിക്കുന്നുവോ അത്രമാത്രം സഭ വിശ്വാസ യോഗ്യതയുള്ളതാവും എന്ന് പാപ്പാ വിശദീകരിച്ചു. വിശ്വാസത്തെ സമീപിക്കുന്നവരെ സ്വാഗതം ചെയ്യുകയും, കേൾക്കുകയും, സംവാദത്തിൽ ഏർപ്പെടുകയും നല്ല ബന്ധം പ്രോൽസാഹിപ്പിക്കുകയും വേണം. വി.  ഫ്രൻസ്വാ ദ ലവാലിന്റെ”പലപ്പോഴും ഒരു മോശം വാക്കോ, ക്ഷമകെട്ട ആംഗ്യമോ, വെറുപ്പിക്കുന്ന നോട്ടമോ മതി വളരെ കാലം കൊണ്ട് നേടിയതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടുത്താൻ ” എന്ന മിഷനറിമാർക്ക് നൽകിയ നിർദ്ദേശം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു.

മനുഷ്യത്വത്തിന്റെ വിദ്യാലയമാകുന്ന ഒരു ക്രൈസ്തവ സമൂഹത്തിലുള്ള ജീവിതത്തെക്കുറിച്ചാണ് പാപ്പാ ഊന്നി പറഞ്ഞത്. മനുഷ്യകുലത്തിനായുള്ള ദൈവത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാ൯ അതിരുകളില്ലാത്ത സ്നേഹത്തിന്റെ മൂർത്തീഭാവമാകാനാണ് സഭയുടെ വിളി. അതിനാൽ നമ്മൾ സഹോദരരാണേ  അതോ പല പാർട്ടികളിലെ മൽസരാർത്ഥികളോ എന്ന് ചോദിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. നമ്മുടെ കൂട്ടത്തിൽ പെടാത്തവരുമായുള്ള നമ്മുടെ ബന്ധമെന്താണ്? എല്ലാവരുമായി സാഹോദര്യത്തിന്റെ ബന്ധം സ്ഥാപിക്കുകയാണ് നമ്മുടെ വഴി എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഒഴിവാക്കാനാവാത്ത പരിശുദ്ധാത്മാവിന്റെ ശക്തി

ഇതെല്ലാം ചുരുക്കം ചില വെല്ലുവിളികളാണ് എന്നാൽ അവ നേരിടാൻ നമുക്ക് ആത്മാവിന്റെ ശക്തി ആവശ്യമാണ് എന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ പരിശുദ്ധാത്മാവിന്റെ സഹായം  പ്രാർത്ഥനയിൽ  അഭ്യർത്ഥിക്കേണ്ടത് ഏറ്റം അത്യാവശ്യമാണ്. ദൈവത്തെ ക്കൂടാതെ, യാന്ത്രികമായി മനുഷ്യ പ്രയത്നത്തിലൂടെ മാത്രം  പ്രവർത്തിക്കുന്ന പദ്ധതികൾ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെന്ന് ചിന്തിച്ച്,  നമ്മുടെയിടയിൽ മതേതരത്വത്തിന്റെ ആത്മാവ് കടന്നുവരാൻ അനുവദിക്കാതിരിക്കുക. പിന്നോട്ടു നോക്കി നമുക്ക് സ്വയം അടച്ചുപൂട്ടാതിരിക്കാം – സന്തോഷത്തോടെ മുന്നോട്ടു നീങ്ങാം എന്ന് പാപ്പാ ആഹ്വാനം ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles