വി. യൗസേപ്പിതാവിനെ തീവ്രദുഃഖത്തിലാഴ്ത്തിയ സംഭവമെന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-167/200

ഒരിക്കല്‍ ജോസഫിനെ തീവ്രദുഃഖത്തിലാഴ്ത്തിയ മറ്റൊരു സംഭവമുണ്ടായി. മറിയത്തിന്റെ സാന്നിദ്ധ്യത്തില്‍ ഈശോ അതീവ ദുഃഖിതനായി കാണപ്പെട്ടു. അതിന്റെ കാരണമെന്തെന്ന് ഒട്ടും വെളിപ്പെടുത്തിയതുമില്ല. അത് മാതാവിനും ചില കൃപാവരങ്ങള്‍ ലഭിക്കേണ്ടതിനുള്ള ഒരുക്കത്തിനുവേണ്ടിയായിരുന്നു. ഈശോയും മാതാവും ഒരേസമയം ദുഃഖസാഗരത്തില്‍ മുഴുകിയിരിക്കുന്നതായി കണ്ടത് ജോസഫിനെ ഇരുമടങ്ങു ദുഃഖത്തിലാഴ്ത്തി. ഈശോ തീവ്രവേദനയോടെ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ പിന്‍വാങ്ങുകയും മാതാവ് കഠിനദുഃഖത്തില്‍ വിഷമിക്കുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ജോസഫ് എന്തു ചെയ്യണമെന്നറിയാതെ വിഷമവൃത്തത്തിലായി.

ഒരു സമയത്തു ജോസഫ് പണിപ്പുരയില്‍ പോയിസാഷാടാംഗപ്രണാവം ചെയ്തു കണ്ണീരൊഴുക്കി പ്രാര്‍ത്ഥിച്ചു. മാതാവു പറഞ്ഞ കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, പിതാവിനെതിരേ ഈ ലോകം ചെയ്തുകൂട്ടുന്ന കഠിനപാപങ്ങളെയോര്‍്ത്ത് അളവില്ലാതെ കണ്ണുനീര്‍ വാര്‍ത്തു വിലപിച്ചു. എല്ലാ പാപങ്ങള്‍ക്കും മാപ്പുകൊടുക്കുവാന്‍ ദൈവം വിശുദ്ധ സ്വര്‍ഗ്ഗത്തില്‍നിന്നു കരുണ കാണിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ഇടവിടാതെ വിലപിക്കുകയും ചെയ്തു. ഈശോ സന്തോഷവാനായി കഴിയുന്നതു കാണാന്‍ തനിക്കും പരിശുദ്ധ മാതാവിനും ഇടവരുത്തണമെന്ന് കര്‍ത്താവിനോട് അപേക്ഷിച്ചു.

ദൈവവുമായി നടത്തിയ ആ രഹസ്യപ്രാര്‍ത്ഥനയില്‍ അവന്‍ സമര്‍പ്പിക്കാത്ത എന്തെങ്കിലുമുണ്ടോ? ദൈവഹിതമെങ്കില്‍ എന്തും എവിടെവരെയും സഹിക്കാന്‍ ഒരുക്കമാണെന്നു ജോസഫ് ഏറ്റുപറഞ്ഞു. പിന്നീടു മറിയത്തിന്റെ അടുത്തേക്കു തിരിച്ചുചെന്നു. അപ്പോഴും അവള്‍ തീവ്രവേദനയിലും ദുഃഖത്തിലും കഴിയുകതന്നെയായിരുന്നു. ജോസഫിനു തന്നെ സാന്ത്വനം ആവശ്യമായിരുന്നെങ്കിലും മറിയത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. അവള്‍ ദൈവഹിതത്തിന് സമ്പൂര്‍ണ്ണമായും വിധേയപ്പെട്ടിരിക്കുകയാണെന്നു മനസ്സിലായി. അതുവഴി കുറച്ചു ധൈര്യം കൈവരിക്കുകയും ചെയ്തു. വിപരീത സാഹചര്യത്തില്‍പ്പോലും മറിയം പ്രകടിപ്പിക്കുന്ന ദൈവികപുണ്യങ്ങളെയോര്‍ത്ത് ആശ്ചര്യപ്പെടുകയും വിശ്വസ്തനായ ഭര്‍ത്താവെന്ന നിലയ്ക്ക് അവളെ അനുകരിക്കുകയും ചെയ്തു.

മറിയവും ജോസഫും ദൈവഹിതത്തിനൊത്തവിധം എല്ലാ കാര്യത്തിലും തങ്ങളെത്തന്നെ എങ്ങനെ കീഴ്‌പ്പെടുത്തിയിരിക്കുന്നെന്നും ദൈവിക പൂണ്യങ്ങള്‍ പരിശീലിക്കുന്നതിന് എത്രമാത്രം ക്ഷമ കാണിച്ചിരിക്കുന്നു എന്നും ഈശോ നിരീക്ഷിച്ചു. ഇപ്രകാരം ഭാവിയിലും ദൈവികപുണ്യങ്ങള്‍ക്ക് അര്‍ഹരായിത്തീരാന്‍ ഇതുപോലെ ദീര്‍ഘക്ഷമ പ്രകടിപ്പിക്കണമെന്ന് ഉപദേശിക്കുകയും വീണ്ടും സന്തോഷവദനനായി കാണപ്പെടുകയും ചെയ്തു. അപ്പോള്‍ അവരുടെ ഹൃദയം ആനന്ദഭരിതവും സന്തോഷപുളകിതവുമായിത്തീര്‍ന്നു. അവര്‍ ഒരുമിച്ച് ദൈവത്തെ സ്തുതിക്കുകയും കര്‍ത്താവിനു നന്ദി പറയുകയും ചെയ്തു. കുടുംബത്തലവന്‍ എന്ന നിലയ്ക്ക് ജോസഫ് മുമ്പോട്ടുവന്നു പറഞ്ഞു: ‘എന്റെ ഏറ്റം സ്‌നേഹനിധിയും വാത്സല്യവാനുമായ മകനേ, നീ തീവ്രദുഃഖത്തില്‍ ആഴമായി വേദനിക്കുന്നതായി കണ്ടപ്പോള്‍ മുതല്‍ ഞാനും നിന്റെ സ്‌നേഹനിധിയായ അമ്മയും എത്രയോ കഠിനമായ ഉല്‍ക്കണ്ഠയിലും വേദനയിലും അകപ്പെട്ടിരിക്കുകയായിരുന്നു എന്നു പറഞ്ഞറിയിക്കാന്‍ വയ്യ! നീ ദുഃഖിച്ചിരിക്കുന്നതായി കാണുന്നത് എനിക്കു താങ്ങാന്‍ കഴിയുന്നില്ല. അത് എന്റെ ഹൃദയത്തെ അനിയിന്ത്രിതമാംവിധം വേദനയിലാഴ്ത്തുന്നു. എങ്ങനെ അതിനെ താങ്ങാന്‍ കഴിയുമെന്ന് എനിക്കൊരു നിശ്ചയവുമില്ല.’

അത്യധികം ശുഭാപ്തിവിശ്വാസത്തോടും ആനന്ദത്തോടുംകൂടി ഈശോ ജോസഫിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഈശോയ്ക്ക് അതില്‍ ശരിക്കും സഹതാപം ഉണ്ടായിരുന്നു. പക്ഷേ, അതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയുമായിരുന്നില്ല. കാര്യങ്ങള്‍ അങ്ങനെ നീങ്ങണമെന്ന് പിതാവിന്റെ തിരുഹിതമായിരുന്നു. എന്തെന്നാല്‍, കൂടുതല്‍ കൃപയ്ക്കായി ദൈവികപുണ്യങ്ങള്‍ ജോസഫില്‍ വര്‍ദ്ധിക്കേണ്ടതിന് അതാവശ്യമായിരുന്നു. ജോസഫ് അതീവശ്രദ്ധയോടെ ഈശോയുടെ ഉപദേശങ്ങള്‍ ശ്രവിച്ചുകൊണ്ടിരുന്നു. അവയെല്ലാം ഹൃദയത്തില്‍ ഗാഢമായി സംഗ്രഹിക്കുകയും ചെയ്തു. കാരണം ഭാവിയില്‍ അങ്ങനെയുള്ള അനുഭവങ്ങള്‍ വന്നുചേരുമ്പോള്‍ ഈശോ പറഞ്ഞ വാക്കുകള്‍ പ്രയോജനപ്പെടുമെന്ന് കുരുതുകയും ചെയ്തു.

ഈശോയുടെ ദൈവികപ്രതാപവും മഹത്വവും പ്രകടമാക്കപ്പെട്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈശോയോടുള്ള സ്‌നേഹാതിരേകത്താല്‍ ജോസഫിന്റെ ഹൃദയം ആ സമയങ്ങളില്‍ കത്തി ജ്വലിച്ചിരുന്നു. ദൈവമഹത്വം നിറഞ്ഞുനിന്ന ആ നിമിഷങ്ങളില്‍ ഈശോയോട് എന്തെങ്കിലും ഒരു വാക്കു സംസാരിക്കുവാനോ നേരെ സൂക്ഷിച്ചു നോക്കുവാന്‍ പോലും കഴിയാത്തവിധം ഭയജനകമായിരുന്നു അപ്പോള്‍ അവിടുത്തെ തേജസ്സും പ്രതാപവും.

ആ നിമിഷങ്ങളില്‍ ഈശോയോടുള്ള സ്‌നേഹംകൊണ്ടു ജോസഫിന്റെ ഹൃദയം നിറഞ്ഞു കവിയുകയും വിവരണാതീതം വിവശനായിത്തീരുകയും ചെയ്തു. ജ്വലിക്കുന്ന സ്‌നേഹപാരവശ്യത്താല്‍ നിരുപമമായ ഒരു നിസ്സഹായാവസ്ഥ അനുഭവപ്പെട്ടു. ആത്മാവില്‍ ജ്വലിക്കുകയും ശാരീരികമായി തളരുകയും ചെയ്യുന്ന ആ അവസ്ഥയില്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവന്‍ കമിഴ്ന്നു വീണു നിലത്തു മുഖം അമര്‍ത്തി ദൈവത്തെ ആരാധിച്ചുകൊണ്ട് അങ്ങനെ കിടന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, ഈശോ രൂപാന്തരപ്പെട്ട തന്റെ ദൈവിക മഹത്വത്തിന്റെ പ്രതാപപൂര്‍ണ്ണമായ അവസ്ഥയില്‍നിന്നു പിന്‍വാങ്ങുകയും മനുഷ്യപ്രകൃതിയിലേക്കു തിരിച്ചെത്തുകയും ചെയ്തു. അവിടുന്നു ജോസഫിന്റെ അടുത്തു ചെന്ന് പിടിച്ചെഴുന്നേല്‍പിച്ചു. ഈശോയില്‍ ഇപ്പോള്‍ ദൈവികമഹത്വത്തിന്റെ ഭാവങ്ങളൊന്നു പ്രകടമല്ല. ജോസഫിന് ഈശോയെ തൊടാനും ആദ്യത്തേതുപോലെ അധികാരപൂര്‍വ്വം അവിടുത്തോട് അടുത്ത് ഇടപഴകാനും കഴിയുന്നു. ഈശോയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനും മുഖാമുഖം സംസാരിക്കാനും പെരുമാറാനും സാധിക്കുന്നു. പൂര്‍ണ്ണമായും ജോസഫിന് പൈതൃകമായ അധികാരത്തോടെ ഈശോയോട് സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇപ്പോള്‍ കഴിയുന്നുണ്ട്. ഈശോയെ എത്രയധികം സ്‌നേഹിക്കുന്ന എന്നും അവിടുത്തെ സാന്നിദ്ധ്യത്തില്‍ വിവരിക്കാനാവാത്ത ആനന്ദവും സന്തോഷവും അനുഭവിക്കുന്നുവെന്നും പറയുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles