ദാവീദ് പോലും കര്‍ത്താവ് എന്ന് വിളിച്ച സ്വര്‍ഗീയ മഹാരാജാവാണ് ക്രിസ്തു (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ (പള്ളിക്കൂദാശ നാലാം ഞായര്‍) സുവിശേഷ സന്ദേശം

ഈ ആരാധനക്രമവര്‍ഷത്തിന്റെ അവസാനത്തെ ഞായറിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ക്രിസ്തുരാജന്റെ തിരുനാള്‍ ആഘോഷിക്കുകയാണ്. ക്രിസ്തു ശിരസ്സായിരിക്കുന്ന, ക്രിസ്തു സ്ഥാപിച്ച സഭയുടെ അംഗങ്ങളെന്ന നിലയില്‍ നാം ദൈവത്തിന്റെ രാജ്യമാണ്. ക്രിസ്തു രാജാക്കന്മാരുടെ രാജാവും നാഥന്‍മാരുടെ നാഥനുമായി വാഴും എന്നതാണ് രക്ഷാകരചരിത്രത്തിന്റെ പൂര്‍ണിമ (വെളി. 19.16). മിശിഹാ ദാവീദിന്റെ പുത്രന്‍ മാത്രമല്ല, അതിലും ഉപരിയാണെന്ന് യേശു ഫരിസേയരുടെ മുമ്പില്‍ തെളിയിച്ചു. മനുഷ്യപുത്രനായി ഭൂമിയില്‍ വന്നവതരിച്ച ദൈവപുത്രനാണ് യേശു ക്രിസ്തു. പിലാത്തോസിന്റെ മുമ്പില്‍ തന്റെ രാജ്യം ഈ ലോകത്തിന്റേതല്ല എന്ന് യേശു പ്രഖ്യാപിച്ചു (യോഹ. 18.36). നിങ്ങള്‍ ഈ ലോകത്തിന്റെതല്ല, ഞാന്‍ നിങ്ങളെ ലോകത്തില്‍ നിന്ന് തെരഞ്ഞെടുത്തിരിക്കുന്നു (യോഹ. 15.19) ല്‍ യേശു പറയുന്നു.

 

ബൈബിള്‍ വായന
മത്തായി 22. 41 – 46

“ഫരിസേയര്‍ ഒരുമിച്ചു കൂടിയപ്പോള്‍ യേശു അവരോട് ചോദിച്ചു: നിങ്ങള്‍ ക്രിസ്തുവിനെ കുറിച്ച് എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? ദാവീദിന്റെ എന്ന് അവര്‍ പറഞ്ഞു. അവന്‍ ചോദിച്ചു; അങ്ങനെയെങ്കില്‍ ദാവീദ് ആത്മാവില്‍ പ്രേരിതനായി അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു; കര്‍ത്താവ് എന്റെ കര്‍ത്താവിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഢമാക്കുവോളം നീ എന്റെ വലതുഭാഗത്തിരിക്കുക. ദാവീദ് അവനെ കര്‍ത്താവ് എന്നു വിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ?”

സുവിശേഷ വിചിന്തനം

യേശുവിനെ എതിര്‍ത്തിരുന്ന വിവിധ സംഘങ്ങള്‍ അവിടുത്തെ ചോദ്യം ചെയ്തിരുന്നു. സത്യങ്ങള്‍ മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് അവിടുത്തെ നിഷേധിക്കാന്‍ വേണ്ടിയായിരുന്നു അവരുടെ ചോദ്യങ്ങളെല്ലാം. ഇന്നത്തെ സുവിശേഷത്തിലും നാം ചില ചോദ്യങ്ങള്‍ കാണുന്നു.

താന്‍ നേരിട്ട മറുപടികള്‍ക്കെല്ലാം ജ്ഞാനപൂര്‍ണമായ മറുപടി നല്‍കിയ ശേഷം അവിടുന്ന് അവരോട് ഒരു ചോദ്യം ചോദിക്കുന്നു:’മിശിഹായെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? മിശിഹാ ആരുടെ പുത്രനാണ്?’ ദാവീദിന്റെ എന്ന് അവര്‍ മറുപടി പറയുന്നു.

മിശിഹാ എന്ന ഹീബ്രൂ വാക്കിന്റെ അര്‍ത്ഥം അഭിഷിക്തന്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ എന്നെല്ലാമാണ്. അതിന്റെ ഗ്രീക്ക് രൂപമാണ് ക്രിസ്‌തോസ് എന്നത്. ക്രൈസ്റ്റ് എന്നത് അതിന്റെ ഇംഗ്ലീഷ് രൂപവും. മിശിഹായുടെ പുത്രത്വത്തെ കുറിച്ചാണ് യേശു ഫരിയേസരുടെ നേര്‍ക്ക് ചോദ്യം ഉന്നയിക്കുന്നത്.

ബൈബിളില്‍ മിശിഹായ്ക്ക് ഏഴ് സംജ്ഞകള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
1. ദൈവപുത്രന്‍.
2. ആദാമിന്റെ പുത്രന്‍.
3. മനുഷ്യപുത്രന്‍
4. അബ്രഹാമിന്റെ പുത്രന്‍
5. ദാവീദിന്റെ പുത്രന്‍
6. മറിയത്തിന്റെ പുത്രന്‍
7. ജോസഫിന്റെ പുത്രന്‍

ഫരിസേയര്‍ നല്‍കിയ ഉത്തരം ദാവീദിന്റെ പുത്രന്‍ എന്നായിരുന്നു. അവര്‍ നല്‍കിയ ഉത്തരം ശരിയായിരുന്നെങ്കിലും മിശിഹാ അതിനേക്കാള്‍ ഏറെയാണെന്ന് യേശു തെളിയിക്കുകയാണ്. ആത്മാവിനാല്‍ പ്രേരിതനായി ദാവീദ് പറഞ്ഞ വാക്കുകള്‍ യേശു ഉദ്ധരിക്കുന്നു. കര്‍ത്താവ് എന്റെ കര്‍ത്താവിനോട് പറഞ്ഞു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഢമാക്കുവോളം നീ എന്റെ വലതു ഭാഗത്ത് ഉപവിഷ്ടനായിരിക്കുക.

കര്‍ത്താവ് അഥവാ മിശിഹാ ഭൂമിയിലെ ഏതൊരു രാജാവിനെയുംകാള്‍ ഉന്നതനാണ്. കാരണം ദാവീദിനോട് ദൈവം വാഗ്ദാനം ചെയ്തതു പോലെ മിശിഹാ എന്നേക്കും ഭരണം നടത്തും. ഭൂമിയിലെ ഒരു രാജാവിനും എന്നേക്കും ഭരിക്കാന്‍ സാധിക്കുകയില്ല. തന്റെ പരമ്പരയില്‍ ഭാവിയില്‍ ജനിക്കാനിരിക്കുന്ന ആ പുത്രനെ ദാവീദ് വിളിക്കുന്നത് കര്‍ത്താവേ എന്നാണ്. പിതാവിന് മുമ്പ് പുത്രന്‍ ഉണ്ടാവുക സാധ്യമല്ലല്ലോ. അതിനാല്‍ കര്‍ത്താവ് കേവലം ദാവീദിന്റെ പുത്രന്‍ മാത്രമല്ല. പിതാവായ ദൈവത്തോടു കൂടെ നിത്യത മുതല്‍ ഉള്ളവനാണ്. ദാവീദിന്റെ വംശത്തില്‍ അവിടുന്ന് വന്നു പിറന്നു എന്നു മാത്രം. അദ്ദേഹം ഒരേ സമയം ദാവീദിന്റെ സ്രഷ്ടാവും പിന്‍ഗാമിയുമാണ്.

യേശു പിതാവിന്റെ വലതു ഭാഗത്തിരിക്കുന്നതായി ബൈബിള്‍ പറയുന്നുണ്ട്. (സങ്കീര്‍. 110. 1,5, മത്തായി 26, 64, മര്‍ക്കോസ് 16.19, ലൂക്ക 22. 69, ്അപ്പസ്‌തോല. 2.33, 7.55). വലതു ഭാഗം എന്നാല്‍ ബൈബി്ള്‍ നല്‍കുന്ന അര്‍ത്ഥം ശക്തി, അധികാരം, ആദരം എന്നെല്ലാമാണ്. അധികാരത്തില്‍ രണ്ടാമതുള്ളയാള്‍ രാജാവിന്റെ വലതു ഭാഗത്താണ് ഇരിക്കുന്നത്. സോളമന്റെ മാതാവായ ബെത്‌ഷേബാ രാജാവിനെ സമീപിച്ചപ്പോള്‍ തന്റെ വലതു ഭാഗത്ത് ഇരിക്കാന്‍ രാജാവ് അനുവാദം നല്‍കി. (1 രാജ. 2.19). സ്വര്‍ഗത്തിന്റെ ദര്‍ശനം ലഭിച്ച വി. സ്റ്റീഫന്‍ പറഞ്ഞു: ഇതാ സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്റെ വലതുഭാഗത്ത് നില്‍ക്കുന്നതും ഞാന്‍ കാണുന്നു’ (അപ്പ. 7.55).

ലോകം ക്രിസ്തുവിന്റെ രാജത്വം പല വിധത്തിലാണ് മനസ്സിലാക്കുന്നത്. യേശുവിനെ വെറും ഭൗതികരാജാവായി മനസ്സിലാക്കിയതിലാണ് ഇസ്രായേല്‍ക്കാര്‍ക്ക് തെറ്റു പറ്റിയത്. ബാബിലോണിയക്കാരും, പേര്‍ഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും വന്ന് മാറിമാറി ഭരിച്ച് യഹൂദര്‍ക്ക് മടുത്തിരുന്നു. സ്വര്‍ഗാരോഹണത്തിന് മുമ്പു പോലും ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു എന്നോര്‍ക്കുക: നീ എപ്പോഴാണ് ഇസ്രായേലിന്റെ രാജ്യം പുനര്‍സ്ഥാപിക്കാന്‍ പോകുന്നത്? (്അപ്പ. 1.6).

എന്നാല്‍ യേശുവിന്റെ ദൗത്യം മനുഷ്യനെ പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തില്‍ നിന്ന് രക്ഷിച്ച് ദൈവരാജ്യം പുനര്‍സ്ഥാപിക്കുക എന്നതായിരുന്നു. പിശാചിന്റെ അസൂയയാല്‍ മരണം ലോകത്തില്‍ പ്രവേശിച്ചു. അവന്റെ പക്ഷക്കാര്‍ അത് അനുഭവിക്കുന്നു (ജ്ഞാനം 2.24). ആത്മീയവും ഭൗതിവുമാണ് ഈ മരണം. എന്നാല്‍ ക്രിസ്തു തന്റെ മരണത്താലും ഉത്ഥാനത്താലും തിന്മയുടെ ശക്തിയെ തോല്‍പിച്ച് മനുഷ്യനെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചു. യേശു തന്നെത്തന്നെ അനേകര്‍ക്കുള്ള മോചനദ്രവ്യമായി സമര്‍പ്പിച്ചു. (മര്‍ക്കോ. 10. 45). അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ. 3.16).

ക്രിസ്തു, അഥവാ, മിശിഹാ എന്നാല്‍ അഭിഷിക്തന്‍ എന്നാണ്. അവിടുന്ന് പ്രവാചകന്റെയും പുരോഹിതന്റെയും രാജാവിന്റെയും ദൗത്യം നിര്‍വഹിച്ചു. പ്രവാചകന്‍ എന്ന നിലയില്‍ അവിടുന്ന് ലോകത്തോട് ദൈവത്തിന്റെ വചനം പ്രഘോഷിച്ചു. പുരോഹിതന്‍ എന്ന നിലയില്‍, ‘എന്നാല്‍ വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു…’ യേശു രാജാക്കന്മാരുടെ രാജാവും നാഥന്‍മാരുടെ നാഥനുമാണ്. ‘…. അങ്ങനെ ഈ യുഗത്തിലും വരാനിരിക്കുന്ന യുഗങ്ങളിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി’ (എഫേ. 1. 21).

ബൈബിളില്‍ യേശുവിന്റെ രാജത്വത്തെ കുറിച്ച് നിരവധി പരാമര്‍ശങ്ങളുണ്ട്. അവന്റെ പിതാവായ ദാവീദിന്റെ സംഹാസനം അവിടുന്ന് അവന് നല്‍കും.. അവന്‍ എന്നേക്കും ഭരണം നടത്തും… എന്ന് ഗബ്രിയേല്‍ മാലാഖ മറിയത്തോട് പറയുന്നുണ്ട്. നഥാനിയേല്‍ പറയുന്നത് ‘ഗുരോ, അങ്ങ് ദൈവപുത്രനാണ്. ഇസ്രായേലിന്റെ രാജാവാണ്’ (യോഹ. 1. 49). യേശു ജറുസലേമിലേക്ക് പ്രവേശിക്കുമ്പോള്‍ സഖറിയാ പ്രവാചകന്റെ വചനങ്ങളാണ് മത്തായി ഉദ്ധരിക്കുന്നത്. ‘നോക്കൂ! നിന്റെ രാജാവ് നിന്റെ പക്കലേക്ക് വരുന്നു’.

നീ യഹൂദരുടെ രാജാവാണോ? എന്ന് പീലാത്തോസ് ചോദിക്കുമ്പോള്‍ യേശു പറയുന്നു, നീ പറയുന്നതു പോലെ തന്നെ. എന്നിട്ട് അവനെ തിരുത്തിക്കൊണ്ട് പറയുന്നു, എന്റെ രാജ്യം ഈ ലോകത്തിന്റെതല്ല എന്ന്.

ക്രിസ്തുവിന്റെ രാജത്വ തിരുനാളാചരണത്തിന്റെ ഉത്ഭവം

ഈ അടുത്തകാലത്താണ് ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. ഒന്നാം ലോമഹായുദ്ധത്തിന് ശേഷം ലോകമെങ്ങും അശാന്തി പരന്നു. സമാധാനത്തിന്റെ രാജാവ് എന്ന നിലയില്‍ ക്രിസ്തുവിനെ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ പതിനൊന്നാം പിയൂസ് മാര്‍പാപ്പയ്ക്ക് പ്രചോദനം ഉണ്ടായി. 1922 ഡിസംബറിലും 1925 ലും പുറത്തിറക്കിയ രണ്ടു ചാക്രിക ലേഖനങ്ങളിലൂടെ അദ്ദേഹം ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ്സ്ഥാപിച്ചു. ആദ്യകാലങ്ങളില്‍ ഒക്ടോബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ചയോ സകല വിശുദ്ധരുടെ തിരുനാളിന് മുമ്പു വരുന്ന ഞായറാഴ്ചയോ ആണ് ആചരിച്ചിരുന്നത്.

എന്നാല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ 1970 ല്‍ ഈ തിരുനാള്‍ ആരാധനക്രമവര്‍ഷത്തിലെ അവസാനത്തെ ഞായറാഴ്ചയിലേക്ക് മാറ്റി സ്ഥാപിച്ചു. പ്രപഞ്ചത്തിന്റെ രാജാവായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ തിരുനാള്‍ എന്ന് പുനര്‍നാമകരണം ചെയ്തു. യേശുവിന്റെ രാജപ്രതാപങ്ങളോടെയുള്ള രണ്ടാം വരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

സന്ദേശം

ദാവീദിന്റെ വംശത്തില്‍ പിറന്നുവെങ്കിലും യേശു ദൈവപുത്രനുമായിരുന്നു. ജ്ഞാനസ്‌നാനത്തിലൂടെ നമ്മള്‍ യേശുവിന്റെ കുടുംബത്തില്‍ അംഗങ്ങളായി. അവിടു്ന്ന് ആവശ്യപ്പെട്ടതു പോലെ ദൈവഹിതം അനുഷ്ഠിച്ച് നമുക്ക് യേശുവിന്റെ കുടുംബാംഗങ്ങളായി തുടരാം.

പിതാവിന് എത്രമാത്രം പ്രിയപ്പെട്ടവനാണ് യേശു എന്നതിന്റെ സൂചനയാണ് അവിടുന്ന് പിതാവിന്റെ വലതു ഭാഗത്ത് ഇരിക്കുന്നു എന്നത്. അന്ത്യവിധി ദിവസം നീതിമാന്മാര്‍ ദൈവത്തിന്റെ വലതു ഭാഗത്ത് ഇരിക്കും. ആ ഭാഗ്യസ്ഥലം നേടുന്നതിനായി നമുക്ക് സദ്പ്രവര്‍ത്തികള്‍ ചെയ്യാം.

യേശു ശിരസ്സായ സഭയുടെ അംഗങ്ങളാണ് നാം. സഭയുടെ ഐക്യത്തിനായി ക്രിസ്തുവിന്റെ പ്രതിനിധികളായി നാം പ്രവര്‍ത്തിക്കുന്നുണ്ടോ?

ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ ശാഖകളുമാണെന്ന് യേശു പറയുന്നു. നമുക്ക് യേശുവിന്റെ സ്‌നേഹിത്തില്‍ നിലനിന്ന് ക്രിസ്തീയ സ്‌നേഹത്തിന്റെ നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കാം.

അന്ത്യവിധിക്കു ശേഷം യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായി അവരോധിക്കപ്പെടും. കര്‍ത്താവിന്റെ പരിപൂര്‍ണമായ രാജ്യത്തില്‍ പ്രവേശിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥന

സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജാധിരാജനായ യേശുവേ,

അങ്ങയുടെ രാജ്യം ഐഹികമല്ല എന്ന് അവിടുന്ന് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. എങ്കിലും പലപ്പോഴും ഞങ്ങള്‍ സ്വര്‍ഗീയ നേട്ടങ്ങളെയും നിത്യസൗഭാഗ്യത്തെയും മറന്നു കൊണ്ട് ഞങ്ങളുടെ ലക്ഷ്യം ലൗകിക നേട്ടങ്ങളില്‍ അര്‍പ്പിച്ചു പോയി എന്നത് വാസ്തവമാണ്. അത്തരം സന്ദര്‍ഭങ്ങളെയോര്‍ത്ത് ഞങ്ങള്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. ലൗകിക നേട്ടങ്ങള്‍ക്കപ്പുറം സ്വര്‍ഗീയമായ സൗഭാഗ്യങ്ങള്‍ ലക്ഷ്യം വച്ച് ജീവിക്കാനും ഞങ്ങളുടെ ഹൃദയങ്ങളുടെ രാജാവായി അങ്ങയെ എന്നു വാഴ്ത്തി സ്തുതിക്കാനുമുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles