ദൈവഹിതത്തിന് വിധേയനായി ഉണ്ണിയീശോ ദേവാലയത്തില്‍ സമര്‍പ്പിക്കപ്പെടുന്നു (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

തിരുപ്പിറവിക്കാലം രണ്ടാം ഞായര്‍

യേശു ജനിച്ച് 33 ദിവസങ്ങള്‍ക്കുള്ളില്‍ യേശുവിന് നാല് യഹൂദ ആചാരങ്ങള്‍ക്ക് വിധേയനാകേണ്ടി വന്നു. ആദ്യത്തേത് എട്ടാം ദിവസത്തെ പരിച്ഛേദനമായിരുന്നു. മറിയത്തിന്റെ ശുദ്ധീകരണം, യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചത് എന്നിവയായിരുന്നു ഇതര കര്‍മങ്ങള്‍. ദൈവത്തോട് യഹൂദ ജനം നടത്തുന്ന അബ്രഹാമിക ഉടമ്പടിയുടെ അടയാളമായിരുന്നു പരിച്ഛേദനം. യേശു മനുഷ്യനായി അവതരിച്ച ദൈവമായിരുന്നതിനാല്‍ അവിടുത്തേക്ക് പരിച്ഛേദനം ആവശ്യമില്ലായിരുന്നു. അതു പോലെ പരിശുദ്ധ കന്യക അമലോത്ഭവ ആയിരുന്നതിനാല്‍ അമ്മയ്ക്ക് ശുദ്ധീകരണവും ആവശ്യമില്ലായിരുന്നു. എന്നാല്‍, എളിമയോടെ തിരുക്കുടുംബം യഹൂദാചാരങ്ങളുടെ അനുഷ്ഠാനങ്ങള്‍ക്ക് കീഴ്‌പ്പെടുകയാണ് ചെയ്യുന്നത്.

സുവിശേഷ വായന
ലൂക്ക 21 – 38

ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാംദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനുമുമ്പ്, ദൂതന്‍ നിര്‍ദേശിച്ചിരുന്ന, യേശു എന്ന പേര് അവനു നല്‍കി. 22 മോശയുടെ നിയമമനുസരിച്ച്, ശു ദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി.

23 കടിഞ്ഞൂല്‍പുത്രന്‍മാരൊക്കെയും കര്‍ത്താവിന്റെ പരിശുദ്ധന്‍ എന്നുവിളിക്കപ്പെടണം എന്നും,24 ഒരു ജോടി ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ ബലി അര്‍പ്പിക്കണം എന്നും കര്‍ത്താവിന്റെ നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചാണ് അവര്‍ അങ്ങനെ ചെയ്തത്.
25 ജറുസലെമില്‍ ശിമയോന്‍ എന്നൊരുവന്‍ ജീവിച്ചിരുന്നു. അവന്‍ നീതിമാനും ദൈവഭക്തനും ഇസ്രായേലിന്റെ ആശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവ് അവന്റെ മേല്‍ ഉണ്ടായിരുന്നു.26 കര്‍ത്താവിന്റെ അഭിഷിക്തനെ കാണുന്നതുവരെ മരിക്കുകയില്ല എന്ന് പരിശുദ്ധാത്മാവ് അവന് വെളിപ്പെടുത്തിയിരുന്നു.27 പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കന്‍മാര്‍ ദേവാലയത്തില്‍ കൊണ്ടുചെന്നു.28 ശിമയോന്‍ ശിശുവിനെ കൈയിലെടുത്ത്, ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:29 കര്‍ത്താവേ, അവിടുത്തെ വാഗ്ദാനമനുസരിച്ച് ഇപ്പോള്‍ ഈ ദാസനെ സമാധാനത്തില്‍ വിട്ടയയ്ക്കണമേ!30 എന്തെന്നാല്‍,31 സകല ജനതകള്‍ക്കുംവേണ്ടി അങ്ങ് ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കïുകഴിഞ്ഞു.32 അത് വിജാതീയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ്.33 അവനെക്കുറിച്ചു പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു.34 ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും.35 അങ്ങനെ, അനേ കരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും.36 ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു.37 എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.38 അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്തുതിക്കുകയും ജറുസലെമില്‍ രക്ഷപ്രതീക്ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.

വചന വിചിന്തനം

ഉല്‍പത്തി പുസ്തകത്തിലെ 17 ാം അധ്യായത്തില്‍, ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്ന കാര്യം നാം വായിക്കുന്നുണ്ട്. പരിച്ഛേദനത്തിന്റെ സമയത്താണ് ഒരു കുഞ്ഞിന് പേരിടുന്നത്. ദൈവം അബ്രാമിന്റെ പേര് അബ്രാഹം എന്നാക്കി മാറ്റി.

എട്ടാം ദിവസത്തിന് ബൈബിളിന്റെ പശ്ചാത്തലത്തില്‍ വളരെ സവിശേഷതകളുണ്ട്. സൃഷ്ടി നടക്കുന്നത് ഏഴു ദിവസങ്ങള്‍ക്കുള്ളിലാണ്. എട്ടാം ദിവസം ഒരു പുതിയ ആഴ്ചയുടെ ആരംഭമാണ്.

യേശുവിന്റെ പരിച്ഛേദനവും പേരിടലും ആധുനിക കാലത്തിന്റെ അര്‍ത്ഥത്തില്‍ ഒരു പുതുവര്‍ഷത്തിലാണ് സംഭവിക്കുന്നത്. അതിനാല്‍ ഓരോ പുതുവര്‍ഷവും നമ്മെ യേശുവിന്റെ പേരിടലിനെയും ജ്ഞാനസ്‌നാനത്തെയും ഓര്‍മിപ്പിക്കുന്നു.

ദൈവവും ഉടമ്പടിയുടെ നാഥനുമായി യേശുവിന് യഥാര്‍ത്ഥത്തില്‍ പരിച്ഛേദനം ആവശ്യമില്ലായിരുന്നു. ഇക്കാര്യം അവിടുത്തെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. എങ്കിലും യഹൂദ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അവര്‍ യേശുവിനെ പരിച്ഛേദനത്തിന് വിധേയനാക്കുകയാണ്. വീട്ടില്‍ നിന്ന് ഏറെ അകലെയായിരുന്നിട്ടും ഒത്തിരി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും എട്ടാം ദിവസം തന്നെ യേശുവിന്റെ പരിച്ഛേദനം അവര്‍ നടത്തുന്നു.

ദേവാലയത്തിലെ സമര്‍പ്പണം

മോശയുടെ നിയമം അനുസരിച്ച് പ്രസവിച്ച സ്ത്രീകള്‍ക്ക് അശുദ്ധിയുണ്ടായിരുന്നു. ലേവായരുടെ പുസ്തകം 12 ാം അധ്യായത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. ആണ്‍കുട്ടിക്ക് ജന്മം നല്‍കിയാല്‍ മാതാവിന്റെ അശുദ്ധി 40 ദിവസം നീണ്ടു നില്‍ക്കും. പെണ്‍കുട്ടിക്കു ജന്മം നല്‍കിയാല്‍ അത് 80 ദിവസമാകും.

ബൈബിള്‍ സംഖ്യാശാസ്ത്രം അനുസരിച്ച് 40 ശുദ്ധീകരണത്തിന്റയെും ഒരുക്കത്തിന്റെയും ശോധനയുടെയും അടയാളമായിരുന്നു. ഈ കാലയളവില്‍ സ്ത്രീക്ക് ദേവാലയത്തില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു.

ഇസ്രായേലിന്റെ ആദ്യജാതരെയെല്ലാം ദൈവത്തിന് കാഴ്ച സമര്‍പ്പിക്കണം എന്ന് ദൈവം പുറപ്പാട് 13 ാം അധ്യായത്തില്‍ പറയുന്നുണ്ട്. തങ്ങളുടെ ആദ്യജാതരെല്ലാം, അത് മനുഷ്യനായാലും മൃഗമായാലും, ദൈവത്തിന്റേതാണെന്ന് ഇസ്രായേല്‍ക്കാര്‍ വിശ്വസിച്ചിരുന്നു.

40 ാം ദിവസം കുഞ്ഞിനെ ദേവാലയത്തില്‍ സമര്‍പ്പിക്കുമ്പോള്‍, മോചനദ്രവ്യമായി ഒരു പ്രാവിനെയോ ചങ്ങാലിയെയോ സമര്‍പ്പിക്കണം എന്ന ലേവായരുടെ പുസ്തകം 12 ാം അധ്യായത്തില്‍ അനുശാസിക്കുന്നുണ്ട്.

ദേവാലയത്തിലെ ശിമയോന്‍

ആരായിരുന്നു ദേവാലയത്തിലെ ശിമയോന്‍ എന്ന് ഇന്നും ആര്‍ക്കും വ്യക്തതയില്ല. ചില പണ്ഡിതരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഹില്ലേലിന്റെ പുത്രനും ഗമാലിയേലിന്റെ പിതാവുമാണ്. എന്നാല്‍ ഈ അഭിപ്രായത്തോട് എല്ലാവരും യോജിക്കുന്നില്ല. അദ്ദേഹം ജറുസലേമില്‍ വസിച്ചിരുന്നവനും നീതിമാനും ഭ്ക്തനും ഇസ്രായേലിന്റെ സമാശ്വാസം പ്രതീക്ഷിച്ചിരുന്നവനും ആയിരുന്നു എന്ന് ലൂക്കാ സുവിശേഷകന്‍ വ്യക്തമാക്കുന്നു. കര്‍ത്താവിന്റെ മിശിഹായെ നേരില്‍ കാണുന്നതു വരെ താന്‍ മരിക്കുകയില്ല എന്ന് അദ്ദേഹത്തിന് ഒരു അരുളപ്പാട് ലഭിച്ചിരുന്നു.

ശിമയോന് എത്ര വയസ്സ് ഉണ്ടായിരുന്നു എന്ന് വ്യക്തതയില്ലെങ്കിലും പിറവിയുടെ സുവിശേഷം എന്ന അപ്പോക്രിഫ ഗ്രന്ഥം പറയുന്നതു പ്രകാരം അദ്ദേഹത്തിന്റെ പ്രായം 113 ആയിരുന്നു.

പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായി ശിമയോന്‍ ഉണ്ണിയേശുവിന്റെ മാതാപിതാക്കളുടെ പക്കലെത്തി ഉണ്ണിയെ കരങ്ങളില്‍ എടുക്കുന്നു. ശിമയോന്‍ ആരാണ് എന്ന് ജോസഫും മറിയവും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ആ നിമിഷത്തില്‍ തന്റെ ജീവിതം അര്‍ത്ഥപൂര്‍ണമായതായി ശിമയോന് അനുഭവപ്പെടുന്നു. തന്നെ സമാധാനത്തില്‍ വിട്ടയക്കണമേ എന്ന് ദൈവത്തോട് അഭ്യര്‍ത്ഥിക്കുന്നു.

ശിമയോന്‍ പറയുന്ന കാര്യങ്ങളില്‍ താഴെ പറയുന്നവ ശ്രദ്ധേയമാണ്.

യേശു രക്ഷകനാണ് എന്ന് ഒന്നാമതായി ശിമയോന്‍ പറയുന്നുു. ഈ രക്ഷ എല്ലാ ജനതകള്‍ക്കും വേണ്ടിയുള്ളതാണ്. യേശു വിജാതീയരുടെ പ്രകാശമാണ്. യേശു ഇസ്രായേലിന് മഹത്വം കൊണ്ടു വന്നിരിക്കുന്നു. ഇതെല്ലാം കേട്ട് കുഞ്ഞിന്റെ മാതാപിതാക്കള്‍ അത്ഭുത പരതന്ത്രരാകുന്നു.

അന്ന എന്ന പ്രവാചിക

അന്നായെ ലൂക്ക അവതരിപ്പിക്കുന്നത് പ്രവാചിക എന്നു പറഞ്ഞു കൊണ്ടാണ്. എന്നാല്‍ അന്നാ എന്തെങ്കിലും ഭാവി പ്രവചിക്കുന്നതായി നാം കാണുന്നില്ല. ഹീബ്രൂവില്‍ അന്നായുടെ പേര് ഹന്നാ എന്നായിരുന്നു. കൃപ എന്നാണ് അതിന്റെ അര്‍ത്ഥം. ഇതേ പേരില്‍ മറ്റൊരു പ്രവാചികയെ നാം പഴയ നിയമത്തില്‍ കാണുന്നുണ്ട്. സാമുവേല്‍ പ്രവാചകന്റെ മാതാവായ ഹന്നായാണ് അത്.

സന്ദേശം

യേശു ദൈവം തന്നെയായിരുന്നതിനാല്‍ ഉണ്ണിയേശുവിന്റെ പരിച്ഛേദനം ചെയ്യുന്നത് ജോസഫിനും മറിയത്തിനും ഒഴിവാക്കാമായിരുന്നു. എന്നാല്‍, പരമ്പരാഗതമായ ആചാരങ്ങളെ ആദരിച്ചു കൊണ്ട് കുഞ്ഞിനെ പരിച്ഛേദനം ചെയ്യുകയാണ് അവര്‍ ചെയ്തത്. ക്രിസ്തുവിനോടും തിരുസഭയോടും അനുസരണയുള്ളവരാകാന്‍ അവരുടെ മാതൃക നമ്മുക്ക് ഉത്തേജനം നല്‍കുന്നു.

തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും സംബന്ധിക്കാനുള്ള സൗകര്യത്തിനു വേണ്ടി യേശുവിന്റെ പരിച്ഛേദനം മാറ്റി വയ്ക്കുവാന്‍ യൗസേരപ്പും മറിയവും ശ്രമിക്കുന്നില്ല. മറിച്ച്, ദൈവകല്‍പനയെ മാനിച്ചു കൊണ്ട് കൃത്യം എട്ടാം ദിവസം തന്നെ കുഞ്ഞിന്റെ പരിച്ഛേദനം അവര്‍ നടത്തുന്നു. അതു പോലെ എന്തു കാരണം കൊണ്ടായാലും തങ്ങളുടെ കുഞ്ഞുങ്ങളുടെ മാമ്മോദീസ മാതാപിതാക്കള്‍ നീട്ടി കൊണ്ടു പോകരുത്.

ശിശുവിന് യേശു എന്ന് പേരിടണം എന്ന് മാലാഖയിലുടെ ദൈവം അരുളിച്ചെയ്തിരുന്നു. അതു പോലെ ക്രിസ്ത്യാനികളായ നാം കുഞ്ഞുങ്ങള്‍ക്ക് വിശുദ്ധന്മാരുടെ പേരുകള്‍ ഇടുന്നതില്‍ ശ്രദ്ധ വയ്ക്കണം.

കൃപ നിറഞ്ഞവളായ മറിയം ഉത്ഭവ പാപമില്ലാതെ ജനിച്ചവളായിരുന്നിട്ടും, കന്യകയായി തന്നെ കുഞ്ഞിന് ജന്മം നല്‍കിയിട്ടും ശുദ്ധീകരണം ആവശ്യമില്ലാതിരുന്നിട്ടും ദൈവം കല്പന അനുസരിക്കാന്‍ വേണ്ടി 40ാം ദിവസം ദേവാലയത്തിലെത്തി കാഴ്ചകള്‍ സമര്‍പ്പിക്കുന്നു. അത് മറിയത്തിന്റെ അഗാധമായ എളിമയെയാണ് സൂചിപ്പിക്കുന്നത്.

ഉണ്ണിയേശുവിനെ ദൈവത്തിന് കാഴ്ച വച്ചപ്പോള്‍ തങ്ങളെത്തന്നെ ദൈവ സേവനത്തിനായി കാഴ്ച വയ്ക്കുകയാണ് തിരുക്കുടുംബം ചെയ്തത്. അതു പോലെ ദൈവ സേവനം ചെയ്യുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്.

പ്രാര്‍ത്ഥന

കര്‍ത്താവായ ദൈവമേ,

ദൈവപുത്രനായിരുന്നിട്ടും പരിച്ഛേദനം ചെയ്യുവാനുള്ള പാരമ്പര്യാചാരത്തിന് വിധേയമാകാന്‍ അങ്ങ് മനസ്സായല്ലോ. അതു പോലെ, ദൈവത്തിനും സഭയ്ക്കു വിധേയരായി ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ഈ പുതുവര്‍ഷത്തില്‍ ഞങ്ങളെ തന്നെ ദൈവത്തിന് സമര്‍പ്പിക്കുവാനും ദൈവത്തിന് പ്രീതികരമായ വിധത്തില്‍ ജീവിക്കുവാനും ഞങ്ങളെ സഹായിക്കണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles