പരിശുദ്ധ കന്യകാമറിയം ‘NO’ പറഞ്ഞ 10 കാര്യങ്ങള്‍

രക്ഷകന്റെ അമ്മയാകുവാനുള്ള ദൈവിക പദ്ധതിയോട് ‘YES’ എന്നു പറഞ്ഞ പരിശുദ്ധ കന്യകാമറിയം തന്റെ ജീവിതത്തിൽ ചില കാര്യങ്ങളോട് ‘NO’ എന്നു പറഞ്ഞിരുന്നു. പരിശുദ്ധ അമ്മ ‘ഇല്ല’ എന്ന് പറഞ്ഞ 10 കാര്യങ്ങളെക്കുറിച്ചു നമുക്കു ചിന്തിക്കാം.

1) ദൈവഹിതത്തിനു എതിരായേക്കാവുന്ന എല്ലാ കാര്യങ്ങളോടും പരിശുദ്ധ അമ്മ ‘നോ’ പറഞ്ഞു.

തന്റെ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ദൈവഹിതത്തിനു വിധേയപ്പെട്ടാണ് പരിശുദ്ധ അമ്മ ജീവിച്ചത്. ദൈവേഷ്ടത്തിനു എതിരായേക്കാവുന്ന എല്ലാക്കാര്യങ്ങളോടും, സാഹചര്യങ്ങളോടും അവള്‍ ‘ഇല്ല’ എന്ന് പറഞ്ഞു. ദൈവപുത്രന്റെ അമ്മയാകുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവളാണ് താന്‍ എന്ന സത്യം മനസ്സിലാക്കി കൊണ്ട്, അവള്‍ ഒഴിവുകഴിവുകൾ നിരത്തി ഒഴിഞ്ഞു മാറുകയോ പ്രതിഫലമായി ഒന്നും ആവശ്യപ്പെടുകയോ ചെയ്തില്ല. മറിച്ച് പിതാവായ ദൈവത്തിനു മുന്നിൽ വിധേയത്വത്തോടെ, പരിശുദ്ധ അമ്മ എല്ലാം സ്വീകരിക്കുകയും സഹിക്കുകയും ചെയ്തു.

2) അഹങ്കാരത്തിനോടും ആഡംബരത്തോടും പരിശുദ്ധ അമ്മ ‘നോ’ പറഞ്ഞു.

പരിശുദ്ധ അമ്മയുടെ കാലഘട്ടങ്ങളിലെ യുവതികളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം രക്ഷകന്റെ അമ്മയാവുക എന്നത് ഒരു സ്വപ്നമായിരുന്നിരിക്കാം. പക്ഷേ സ്വപ്നതുല്ല്യമായ ആ ഭാഗ്യത്തിന് മറിയം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, മറിയം തന്നെത്തന്നെ മറക്കുകയോ അല്ലെങ്കില്‍ എല്ലാവരിലും വലിയവളായി സ്വയം കരുതുകയോ ചെയ്തില്ല. മാനുഷികമായി തോന്നാവുന്ന അഹങ്കാരത്തിനോടും ആഡംബര ഭ്രമത്തിനോടും അവൾ ‘നോ’ എന്നു പറഞ്ഞു. കര്‍ത്താവിന്റെ ഒരു എളിയ ദാസിയായിട്ടാണ് അവള്‍ സ്വയം കരുതിയത്.

3) ദൈവ മാതാവ് പരദൂഷണത്തോട് ‘നോ’ പറഞ്ഞു. ‍

പരിശുദ്ധ അമ്മ തന്റെ മകനെ കുറിച്ചു പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ പ്രശസ്തി സമ്പാദിക്കുവാൻ ആഗ്രഹിച്ചില്ല. വേദനകളും ഒറ്റപ്പെടലുകളും ഉണ്ടായപ്പോൾ അവൾ മറ്റുള്ളവരെ കുറ്റപ്പെടുത്തി സംസാരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേ സമയം പിതാവിന്റെ പദ്ധതികൾക്ക് വിധേയപ്പെട്ടു അവിടുത്തെ ഇഷ്ട്ടം നിറവേറ്റി കൊണ്ട് പരിശുദ്ധ അമ്മ ജീവിച്ചു.

4) സ്വാര്‍ത്ഥതയോടു അവള്‍ ‘നോ’ പറഞ്ഞു. ‍

ഗബ്രിയേല്‍ മാലാഖ ദര്‍ശനം നല്‍കി മറഞ്ഞപ്പോള്‍, മറിയം അലസമായി ഇരിക്കുകയോ വിശ്രമിക്കുകയോ അല്ല ചെയ്തത്. മറിച്ച്, ദൈവദൂതന്‍ എലിസബത്തിനെ കുറിച്ച് പറഞ്ഞപ്പോള്‍ മുതല്‍ അവള്‍ എലിസബത്തിനെ കുറിച്ച് ചിന്തിക്കുകയും തന്റെ അവസ്ഥ പോലും പരിഗണിക്കാതെ അവളെ സഹായിക്കുവാന്‍ അതിവേഗം പുറപ്പെടുകയുമാണ്‌ ചെയ്തത്.

5) തനിക്ക് ലഭിക്കാമായിരുന്ന പ്രത്യേക പരിഗണനകളോട് അവള്‍ ‘നോ’ പറഞ്ഞു. ‍

അക്കാലത്തെ ജനസംഖ്യാ കണക്കെടുപ്പിനെ കുറിച്ച് പരിശുദ്ധ അമ്മ അറിഞ്ഞപ്പോള്‍, ഒരുപക്ഷേ അവള്‍ക്ക് മാലാഖമാരെ ഈ ദൗത്യത്തിനായി അയക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കാമായിരുന്നു. ഈജിപ്തിലേക്കു പലായനം ചെയ്തപ്പോഴും യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വെച്ച് കാണാതായപ്പോഴും അവള്‍ തന്റെ സഹനവും, എളിമയും, വിധേയത്വവും കൊണ്ട് പിതാവായ ദൈവത്തെ മഹത്വപ്പെടുത്തി.

6) ദൈവീക പദ്ധതികളെ ചോദ്യം ചെയ്യുന്ന ചിന്തകളോടു അവള്‍ ‘നോ’ പറഞ്ഞു.

ആഗ്രഹിച്ചതില്‍ നിന്നും വിഭിന്നമായ ഒരു സാഹചര്യത്തില്‍ അവള്‍ക്ക് തന്റെ പുത്രനെ പ്രസവിക്കേണ്ടി വന്നപ്പോള്‍, പരിശുദ്ധ കന്യകാമറിയം അതിനെ ചോദ്യം ചെയ്തില്ല. ‘ഇങ്ങിനെ അല്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു’ എന്ന് ചിന്തിച്ച് തന്നിലുള്ള ദൈവീകപദ്ധതിയെ ചോദ്യം ചെയ്തു സമയം കളയാന്‍ അവള്‍ തയ്യാറായില്ല. മറിച്ച് ദൈവം അനുവദിച്ച പദ്ധതികളെ അവള്‍ സ്വീകരിക്കുകയും, അത് പൂര്‍ണ്ണമായും ഏറ്റെടുക്കുകയും ചെയ്തു.

7) ആസ്വദിക്കാമായിരുന്ന ലൗകിക ജീവിതത്തോടു അവള്‍ ‘നോ ’ പറഞ്ഞു.

തന്റെ ഭര്‍ത്താവും തിരുകുമാരനും അടങ്ങിയ സമാധാനപൂര്‍ണ്ണമായ ചെറിയ ലോകത്തിലേക്ക് ഒതുങ്ങി കൂടി അവൾക്ക് ഒരു ജീവിതം നയിക്കാമായിരുന്നു. യാതൊരുവിധ അല്ലലുകളുമില്ലാതെ അത്തരമൊരു ജീവിതത്തിന്റെ ആനന്ദം നുകര്‍ന്ന് കൊണ്ട് ജീവിക്കുവാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നു. എന്നാല്‍ അതിന് പകരം മകന്റെ ജനനം മുതല്‍ തന്നെ അവള്‍ തിരുകുമാരനെ മറ്റുള്ളവര്‍ക്കായി നല്‍കി. ആട്ടിടയന്‍മാര്‍ക്ക്, മൂന്ന്‍ ജ്ഞാനികള്‍ക്ക്, പിന്നീട് ലോകത്തിനു മുഴുവനുമായി പരിശുദ്ധ അമ്മ തന്റെ മകനെ നൽകി.

8) ‍ദൈവീക പദ്ധതികള്‍ക്ക് വിരുദ്ധമായ എല്ലാ പ്രലോഭനങ്ങളോടും അവള്‍ ‘നോ’ പറഞ്ഞു.

ശിമയോന്‍ തന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന് പ്രവചിച്ചപ്പോള്‍ വരാനിരിക്കുന്ന സഹനങ്ങളുടെ ഒരു ദര്‍ശനം തനിക്ക് ഉണ്ടായെന്ന് പരിശുദ്ധ അമ്മ വിശുദ്ധ തെരേസക്ക് വെളിപ്പെടുത്തിയിരിന്നു. യേശുവിനെ കാത്തിരിക്കുന്ന കുരിശിനെ അവള്‍ മുന്നില്‍ കണ്ടു. ദൈവീക പദ്ധതിയില്‍ മാറ്റം വരുത്തണമെന്ന് അവള്‍ക്ക് വേണമെങ്കില്‍ ദൈവത്തോട് അപേക്ഷിക്കാമായിരുന്നു. അതിന് പകരം അവള്‍ ആ സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുകയാണ് ചെയ്തത്.

9) യേശു, പരിശുദ്ധ അമ്മയെ നമ്മുടെ അമ്മയായി നല്‍കിയപ്പോള്‍, അതിനെ തിരസ്കരിക്കുന്നതിനോടു അവള്‍ ‘നോ’ പറഞ്ഞു. ‍

കുരിശില്‍ കിടന്ന് കൊണ്ട് യേശു തന്റെ അമ്മയെ യോഹന്നാന് ഏല്‍പ്പിച്ചു കൊടുത്തു. അപ്രകാരം ചെയ്തതു വഴി അവന്‍ തന്റെ മാതാവിനെ നമ്മള്‍ എല്ലാവര്‍ക്കുമായി ഏല്‍പ്പിക്കുകയാണ് ചെയ്തത്. തന്റെ പ്രിയപ്പെട്ട മകന്റെ മരണത്തിനു കാരണമായ രീതിയില്‍ പാപം ചെയ്ത നമ്മള്‍ ഓരോരുത്തരുടേയും അമ്മയാകാൻ അവൾ വിളിക്കപ്പെട്ടു. പക്ഷേ അതിനോടും അവള്‍ ‘നോ’ പറഞ്ഞില്ല. എത്ര മഹത്തായ സ്നേഹമാണ് അവള്‍ നമ്മോടു കാണിക്കുന്നത്.

10) കാല്‍വരിയില്‍ തന്റെ മകനെ മറന്ന ശിഷ്യരോട് തോന്നാവുന്ന വെറുപ്പിനോടു അവള്‍ ‘നോ’ പറഞ്ഞു. ‍

കാൽവരിയിലേക്കുള്ള യാത്രയിൽ യേശുവിനെ ഉപേക്ഷിച്ച ശിഷ്യരോട് പരിശുദ്ധ മറിയത്തിനു യാതൊരു വിഷമവും തോന്നിയില്ല. സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം അവള്‍ ശിഷ്യരോട് ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുമായി സ്വയം സമര്‍പ്പിച്ചു. അങ്ങനെ അവര്‍ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരായി. തന്റെ മകന്‍ നിര്‍ദ്ദേശിച്ചത് പോലെ അവർ സുവിശേഷം പ്രഘോഷിക്കുന്നതിനായി പോകുന്നത് കണ്ടപ്പോള്‍ അവള്‍ എത്രമാത്രം സന്തോഷിച്ചിട്ടുണ്ടാവും.

പ്രിയപ്പെട്ടവരെ, ദൈവഹിതം ഭംഗിയായി നിറവേറ്റിയ പരിശുദ്ധ ദൈവമാതാവിന്റെ ജീവിതം എത്രയോ അനുഗ്രഹീതമാണ്. ജീവിതാവസ്ഥകളില്‍ സഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വരുമ്പോള്‍ അത് ദൈവേഷ്ട്ടമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് ദൈവപിതാവിനു മുന്നില്‍ ‘യെസ്’ പറയുവാന്‍ നമ്മുക്ക് പരിശുദ്ധ അമ്മയുടെ സഹായം തേടാം. വിശുദ്ധ ബര്‍ണ്ണര്‍ദോസിനോട് ചേര്‍ന്ന് നമ്മുക്കും പ്രാര്‍ത്ഥിക്കാം.

എത്രയും ദയയുള്ള മാതാവേ! നിന്റെ സങ്കേതത്തില്‍ ഓടിവന്നു, നിന്റെ സഹായം തേടി, നിന്റെ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെ എങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല, എന്ന് നീ ഓര്‍ക്കേണമേ. കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു, നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. വിലപിച്ചു കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ നിന്റെ ദയാധിക്യത്തെ കാത്തുകൊണ്ട്, അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാപൂര്‍വ്വം കേട്ടരുളേണമേ. ആമേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles