രക്തസാക്ഷി ലുയീജി ലെൻത്സീനി ഇനി വാഴ്ത്തപ്പെട്ടവൻ!
ഇറ്റലിയിലെ രക്തസാക്ഷിയായ വൈദികൻ ലുയീജി ലെൻത്സീനി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
ഇറ്റലിയിലെ എമീലിയ റൊമാഞ്ഞൊ പ്രദേശത്തെ ഫ്യുമാൽബൊ എന്ന സ്ഥലത്ത് 1881 മെയ് 28-നായിരുന്നു ലുയീജി ലെൻത്സീനിയുടെ ജനനം. അദ്ദേഹം പഠനത്തിൽ സമർത്ഥനായിരുന്നു. പുരോഹിതനാകണം എന്ന ആഗ്രഹപൂർത്തീകരണത്തിനായി സെമിനാരിയിൽ ചേർന്ന ലെൻത്സീനി തത്വശാസ്ത്ര ദൈവശാസ്ത്ര പഠനനാന്തരം 1904 മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനത്തിൽ പൗരോഹിത്യം സ്വീകരിച്ചു.
ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹത്തിന്, കത്തോലിക്കാവിശ്വാസത്തെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സിദ്ധാന്തവുമായി തുടക്കം മുതൽ തന്നെ ഏറ്റുമുട്ടേണ്ടി വന്നു.
സോഷ്യലിസ്റ്റ് സിദ്ധാന്തത്തിനെതിരെ സുവിശേഷസന്ദേശവുമായി രംഗത്തിറങ്ങിയ വൈദികൻ ലുയീജി ലെൻത്സീനി കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറി.
രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ ജർമ്മനിയുടെ നാസിസത്തെയും ഇറ്റലിയുടെ ഫാസിസത്തെയും ചെറുത്തിരുന്ന കമ്മ്യൂണിസ്റ്റ് പോരാളികൾ, രണ്ടാം ലോകമഹായുദ്ധകാലത്ത് സഹായം ആവശ്യമുള്ള എല്ലാവർക്കും താങ്ങായി നിന്ന വൈദികൻ ലുയീജിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു. ഇറ്റാലിയൻ ഭാഷയിൽ “പർത്തിജ്യാനി” (partigiani) എന്നാണ് ഈ പോരാളികൾ അറിയപ്പെടുന്നത്.
രോഗിയായ ഒരു ഇടവകക്കാരന് സഹായം ആവശ്യമുണ്ടെന്ന വ്യാജേന, 1945 ജൂലൈ 21-ന് രാത്രിയിൽ ഈ പോരാളികൾ വൈദികൻ ലുയീജിയെ സമീപിച്ചു. അവരുടെ ചതി മനസ്സിലാക്കിയ അദ്ദേഹം പള്ളിമണി അടിക്കുന്നതിന് ഓടിയെങ്കിലും അത് വിഫലമായി. അവർ അദ്ദേഹത്തെ പിടികൂടി പള്ളിയിൽ നിന്ന് അല്പം അകലെയുള്ള ഒരു പ്രദേശത്തുകൊണ്ടു പോയി മർദ്ദിക്കുകയും അവസാനം വെടിവെച്ചു കൊല്ലുകയും ചെയ്തു.
അവർ മറവുചെയ്ത മൃതദേഹം പിന്നീട് ഒരാഴ്ചയ്ക്കു ശേഷം ഏതാനും കർഷകരാണ് കണ്ടെത്തിയത്.
2011 ജൂൺ 8-നാണ് ഫാദർ ലുയീജി ലെൻത്സീനിയുടെ നാമകരണ നടപടികൾ രൂപതാതലത്തിൽ ആരംഭിച്ചത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.