ദൈവത്തിനൊരു സ്തുതിഗീതം

ഹൃദയം നിറയെ ദൈവസ്‌തുതികളോടെ ദേവാലയാങ്കണത്തിൽ പ്രവേശിച്ച് ദൈവത്തിന് നന്ദി പറയാൻ എല്ലാവരെയും ക്ഷണിക്കുന്ന, കൃതജ്ഞതയുടെ ഒരു പ്രകടനമാണ് നൂറാം സങ്കീർത്തനം. കർത്താവ് ദൈവമാണെന്നും, അവിടുന്ന് സ്നേഹത്താൽ തങ്ങളെ പരിപാലിക്കുന്നു എന്ന തിരിച്ചറിവുമാണ്, ദൈവാരാധനയ്ക്ക് കാരണം. എല്ലാവർക്കുമുള്ള ഒരു ക്ഷണമാണെങ്കിൽക്കൂടി, ഇസ്രായേൽ ജനത്തിനുള്ള ഒരു പ്രത്യേക ക്ഷണമാണിത്, കാരണം, ദൈവത്താൽ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത്തിന്, തങ്ങൾക്ക് ലഭിച്ച സ്നേഹത്തിനും പരിപാലനത്തിനും, തിരിച്ചറിവിന്റെ ഒരു തലമുണ്ടെങ്കിൽ, അത് നന്ദിയുടെ ഒരു ബഹിർസ്ഫുരണമായി, കർത്താവിന്റെ മുൻപിൽ ആനന്ദഗീതമായി ഉണ്ടാകേണ്ടതാണ്. തങ്ങളുടെ ജീവിതത്തിലെ ദൈവാനുഗ്രഹങ്ങൾ തിരിച്ചറിയുന്ന ഏതൊരു വിശ്വാസിക്കും  ദൈവതിരുനാമവും, അവനെക്കുറിച്ചുള്ള വികാരവിചാരങ്ങളും മാധുര്യമേറിയതാണ്. ദൈവത്തെ അറിയാനും, അവനെ ആരാധിക്കാനും ഭൂമി മുഴുവനെയും ക്ഷണിക്കുകയാണ് സങ്കീർത്തകൻ. സൃഷ്ടാവായ ദൈവത്തിന്റെ മഹിമയെ ജനതകളെല്ലാം തിരിച്ചറിഞ്ഞ്, അവന് മുന്നിൽ ജീവിതം സമർപ്പിക്കുന്ന ഒരു ദിവസമാണ് സങ്കീർത്തകൻ മുന്നിൽ കാണുന്നത്.

എങ്ങനെയാണ് ദൈവത്തെ സ്തുതിക്കേണ്ടത്?

മുൻപുള്ള സങ്കീർത്തനങ്ങളിൽനിന്ന് വിഭിന്നമായി, ദൈവത്തിന് സ്തുതിയർപ്പിക്കുക എന്ന ഒരു ക്ഷണത്തോടെയാണ് സങ്കീർത്തനം ആരംഭിക്കുന്നത്. ഒന്നാം വാക്യത്തിൽ നാം ഇങ്ങനെ വായിക്കുന്നു. “ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ. സന്തോഷത്തോടെ കർത്താവിന് ശുശ്രുഷ ചെയ്യുവിൻ, ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയിൽ വരുവിൻ”. എല്ലാ ജനതകൾക്കുമുള്ള ഒരു ക്ഷണമാണിത്. തങ്ങളെ സംരക്ഷിച്ച് പരിപാലിക്കുന്ന ഒരു രാജാവിന് മുന്നിൽ പ്രജകൾ എപ്രകാരം ആനന്ദിക്കുന്നുവോ അതുപോലൊരു ആനന്ദമാണ് വിശ്വാസിക്ക് ദൈവതിരുമുന്പിൽ ഉണ്ടാകേണ്ടത്.

സന്തോഷത്തോടെ കർത്താവിന് ശുശ്രൂഷ ചെയ്യാൻ, ഭൂമി മുഴുവനെയും സങ്കീർത്തകൻ ക്ഷണിക്കുന്നു. ഇവിടെ, മതാചാരപ്രകാരം ദേവാലയത്തിലുള്ള ശുശ്രൂഷയാകാം ഉദ്ദേശിക്കുക. എങ്കിലും, ദൈവത്തിനു വേണ്ടിയുള്ള ഏതൊരു സേവനവും, ദൈവത്തിനായി അർപ്പിക്കപ്പെടുന്ന ഓരോ നിമിഷവും, അത് സന്തോഷത്തിന്റേതാകണം. സന്തോഷത്തോടെ, നിറഞ്ഞ മനസ്സോടെയുള്ള സേവനവും സമർപ്പണവുമാണ് ദൈവത്തിന് സ്വീകാര്യം. മറ്റ് സങ്കീർത്തനങ്ങളിലെന്നപോലെ, ഗാനാലാപനത്തോടെ ദൈവതിരുമുന്പിൽ വരുവാൻ ആണ് സങ്കീർത്തകൻ നമ്മെ ക്ഷണിക്കുന്നത്. സംഗീതത്തോടെയുള്ള സ്തുതിയർപ്പിക്കൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ മെച്ചപ്പെട്ട ആരാധനയുടെ പ്രകടനമായാണല്ലോ കണക്കാക്കുന്നത്.

എന്തുകൊണ്ട് ദൈവത്തിന് സ്തുതിപാടണം?

സങ്കീർത്തനത്തിന്റെ മൂന്നാം വാക്യം, എന്തുകൊണ്ട് ദൈവത്തിന് നന്ദി പറയണം എന്നതിനുള്ള ഉത്തരമാണ്. നാം ഇങ്ങനെയാണ് വായിക്കുന്നത്: “കർത്താവ് ദൈവമാണെന്ന് അറിയുവിൻ; അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്; നമ്മൾ അവിടുത്തേതാണ്; നാം അവിടുത്തെ ജനവും  അവിടുന്ന് മേയ്ക്കുന്ന അജഗണവുമാകുന്നു”. ദൈവത്തിനുയരുന്ന സ്തുതികൾ തിരിച്ചറിവിന്റേതാകണം. പല കാരണങ്ങളാലും നമുക്ക് ദൈവത്തെ സ്തുതിക്കാം, എന്നാൽ ദൈവസ്തുതിയുടെ പ്രഥമവും പ്രധാനവുമായ കാരണം, അവൻ ദൈവമാണെന്നതാണ്. യഹോവ ദൈവമാണെന്ന ഉറച്ച ബോധ്യവും അവനെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവുമാണ് യഥാർത്ഥ ഭക്തിയുടെ ആരംഭം.

ദൈവാരാധനയ്ക്ക് രണ്ടാമതൊരു കാരണം, അവൻ സൃഷ്ടാവാണെന്നതാണ്. നമുക്ക് നാം തന്നെ മതി എന്ന ചിന്തയും, നമുക്ക് നമ്മെത്തന്നെ മെനഞ്ഞെടുക്കാമെന്ന വിചാരവുമൊക്കെ എത്ര ബാലിശവും അർത്ഥരഹിതവുമാണ്. ദൈവത്തിന് നമ്മുടെമേലുള്ള അധികാരവും, അവകാശവും തിരിച്ചറിയുമ്പോൾ ദൈവസ്‌തുതി അർത്ഥവത്താകും. പുതിയനിയമത്തിലേക്ക് വരുമ്പോൾ, പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനത്തിന്റെ അഞ്ചാം അദ്ധ്യായം 17-ആം വാക്യത്തിൽ പറയുന്നതുപോലെ “ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്”. ഇങ്ങനെ ദൈവത്തെ നാഥനും സൃഷ്ടാവുമായി തിരിച്ചറിയുന്നെങ്കിൽ മാത്രമേ ഒരുവന് ബോധപൂർവ്വവും അർത്ഥപൂർണ്ണവുമായി സ്തുതിപാടാനാകൂ.

മൂന്നാമതൊരു കാരണം, നാം അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്നതാണ്. അതായത്, യഹോവയാൽ ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേലും, ദൈവപുത്രനായ ക്രിസ്തുവിനാൽ ദൈവജനമായി കൂട്ടിച്ചേർക്കപ്പെട്ട ക്രൈസ്തവവിശ്വാസികളും ദൈവത്തിന്റെ സ്വന്തം ജനമാണ്. ഒരു നല്ല ഇടയൻ തന്റെ അജഗണത്തെയെന്നതുപോലെ ദൈവം നമ്മെ അറിയുന്നു, കരുതുന്നു, പരിപാലിക്കുന്നു.

ദേവാലയാങ്കണത്തിൽ ദൈവത്തിന് നന്ദി പറയുക

“കൃതജ്ഞതാഗീതത്തോടെ അവിടുത്തെ കവാടങ്ങൾ കടക്കുവിൻ; സ്തുതിഗീതങ്ങൾ ആലപിച്ചുകൊണ്ട് അവിടുത്തെ അങ്കണത്തിൽ പ്രവേശിക്കുവിൻ; അവിടുത്തേക്ക് നന്ദി പറയുവിൻ; അവിടുത്തെ നാമം വാഴ്ത്തുവിൻ” എന്ന നാലാം വാക്യത്തോടെ വീണ്ടും ഒരിക്കൽക്കൂടി വിശ്വാസിക്ക് ദൈവത്തിന്റെ മുൻപിൽ ഉണ്ടാകേണ്ട നന്ദിയുടെയും സ്തുതിയുടെയും ഭാവത്തെക്കുറിച്ച് സങ്കീർത്തകൻ ഓർമ്മിപ്പിക്കുകയാണ്. ഒന്നാം വാക്യത്തിൽ “ഭൂമി മുഴുവൻ കർത്താവിന്റെ മുൻപിൽ ആനന്ദഗീതം ഉതിർക്കട്ടെ” എന്ന് ആഹ്വാനം ചെയ്ത സങ്കീർത്തകൻ, ദേവാലയാങ്കണത്തിലേക്ക്, ദൈവസാന്നിധ്യത്തിലേക്ക് പ്രവേശിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണ്. ദൈവസന്നിധിയിൽ ആയിരിക്കുവാൻ സാധിക്കുക എന്നതുതന്നെ ഒരനുഗ്രഹമാണ്. അതുകൊണ്ടുതന്നെ, ദേവാലയാങ്കണത്തിലേക്ക് പ്രവേശിക്കാനാകുന്ന വിശ്വാസിക്ക്, ദൈവസാന്നിദ്ധ്യത്തിലായിരിക്കാൻ കഴിയുന്നതുതന്നെ നന്ദി പറയാൻ കാരണമാണല്ലോ. ദേവാലയാങ്കണത്തിൽ ജനമെല്ലാം പ്രവേശിച്ച് നന്ദി പറയുന്നത്, സമൂഹമായി, ദേവാലയമെന്ന പ്രത്യേക ഒരിടം ആരാധനയ്ക്കായി ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെയും എടുത്തു കാണിക്കുന്നുണ്ട്. നമ്മുടേതായ സ്വകാര്യയിടങ്ങൾ മാത്രമല്ല, ദൈവാരാധനയ്ക്ക് ഇടമാകേണ്ടത്. കാരണം, ഒരുമിച്ചുള്ള പ്രാർത്ഥന, നമുക്കും മറ്റുള്ളവർക്കും പ്രാർത്ഥനയിലും വിശ്വാസത്തിലും വളരാൻ ഒരു സാക്ഷ്യവും സഹായവുമാണ്.

ശാശ്വതമായ കാരുണ്യവും നിലനിൽക്കുന്ന വിശ്വസ്തതയും

“കർത്താവ് നല്ലവനാണ്; അവിടുത്തെ കാരുണ്യം ശാശ്വതമാണ്; അവിടുത്തെ വിശ്വസ്തത തലമുറകളോളം നിലനിൽക്കും” എന്ന അഞ്ചാം വാക്യത്തോടെ നൂറാം സങ്കീർത്തനം അവസാനിക്കുകയാണ്. ദൈവം നല്ലവനാണ്; അവന്റെ എല്ലാ പ്രവൃത്തികളിലും, നമ്മുടെ രക്ഷയ്ക്കായുള്ള അവന്റെ പദ്ധതികളിൽ, അവന്റെ കരുണയിൽ, നമ്മോടുള്ള അവന്റെ വിശ്വസ്തതയിൽ, അങ്ങനെ എല്ലാ തലങ്ങളിലും ദൈവം നന്മയായും നല്ലവനായുമാണ് നമ്മോട് ഇടപെട്ടത്. ബൈബിളിലെ ദൈവം എപ്പോഴും തന്റെ ജനത്തെ സ്നേഹിക്കുന്നവനാണ്. അന്യായമായി ആരെയും വിധിക്കാത്ത, ചതിയും രക്തച്ചൊരിച്ചിലും വെറുക്കുന്ന, കരുണയിൽ അളവുകളില്ലാത്ത ഒരു ദൈവം.

വളരെ ചെറിയ ഈ നൂറാം സങ്കീർത്തനത്തെക്കുറിച്ചുള്ള വിചാരങ്ങൾ നമുക്ക് കുറച്ചു വാക്കുകളിലായി ഇങ്ങനെ ചുരുക്കാം. സൃഷ്ടികളായ മനുഷ്യരൊക്കെ ദൈവത്തിന് നന്ദി പറയേണ്ടവരാണ്. ദൈവം സ്നേഹത്താൽ, സ്വന്തമായി, നമ്മെ തിരഞ്ഞെടുത്തു എന്നത്, നമ്മോട് ഇനിയും അവസാനിക്കാത്ത കരുതലോടെ കൂടെയുണ്ട് എന്നത്,  നമ്മുടെ വീഴ്ചകളിലും കുറവുകളിലും അവൻ കരുണയാൽ നമ്മോട് ക്ഷമിക്കുന്നു എന്നത്…അങ്ങനെ ദൈവത്തോട് നന്ദി പറയാൻ കാരണങ്ങളേറെയാണ്. ഈ ഭൂമി മുഴുവനും, സകലജനപദങ്ങളും ഒരുമിച്ച് ദൈവസന്നിധിയിൽ സ്തോത്രമാലപിക്കുന്ന ഒരു ദിനം സങ്കീർത്തകനെപ്പോലെ നമുക്കും പ്രാർത്ഥനയോടെ കാത്തിരിക്കാം. മനോഹരമായ ദേവാലയാങ്കണത്തിൽ മാലാഖമാർക്കും സ്വർഗ്ഗീയവൃന്ദങ്ങൾക്കുമൊപ്പം നമുക്കും നിത്യം വസിക്കുകയും, വാഴുകയും ചെയ്യുന്ന ത്രിത്വയ്കദൈവത്തിന് ഹൃദ്യമായൊരു സ്തുതിഗീതമായി ജീവിതം സമർപ്പിക്കുകയും ചെയ്യാം.

~ മോൺസിഞ്ഞോർ ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles