ഇന്നത്തെ വിശുദ്ധര്‍: വി. പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍

വിശുദ്ധ പത്രോസ്

പത്രോസിന്റെ യഥാര്‍ത്ഥ നാമം ശിമയോന്‍ എന്നായിരുന്നു. യേശുവാണ് കെഫാസ്‌ അഥവാ പത്രോസ് എന്ന നാമം വിശുദ്ധന് നല്‍കിയത്‌. അപ്പസ്തോലന്‍മാരുടെ നായകന്‍ എന്ന വിശുദ്ധന്റെ പദവിയേയും, അദ്ദേഹത്തിന്റെ വിശിഷ്ട്ട സ്വഭാവത്തിന്റേയും ലക്ഷണമാണ് ഈ നാമമാറ്റം കൊണ്ട് വെളിപ്പെടുന്നത്. ഗലീലി സമുദ്രതീരത്തുള്ള ബെത്സയിദായിലാണ് പത്രോസ് ജനിച്ചത്. തന്റെ ഇളയ സഹോദരനായിരുന്ന അന്ത്രയോസിനേ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന്‍ പറയപ്പെടുന്നു. അതിനാല്‍ തന്നെ വിശുദ്ധന്റെ ഭവനം നിരവധി അത്ഭുതങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. തന്റെ സഹോദരന്‍മാരായിരുന്ന യോഹന്നാനും അന്ത്രയോസിനുമൊപ്പം വിശുദ്ധന്‍ യേശുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായി (യോഹന്നാന്‍ 1:40-50).

ഗലീലി കടലില്‍ വെച്ചുള്ള അത്ഭുതകരമായ മീന്‍ പിടുത്തത്തിനു ശേഷം പത്രോസ് തന്റെ ദൈവവിളിയെ സ്വീകരിക്കുകയും തന്റെ ഭാര്യയേയും, കുടുംബത്തേയും, തൊഴിലിനേയും ഉപേക്ഷിച്ച് 12 ശിഷ്യന്‍മാരുടെ നേതൃസ്ഥാനം സ്വീകരിച്ചു. അതിനു ശേഷം അപ്പസ്തോലിക സമൂഹത്തിന്റെ ഔദ്യോഗിക വക്താവായും, ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായും നമുക്ക്‌ പത്രോസിനെ എപ്പോഴും യേശുവിന്റെ അരികില്‍ കാണുവാന്‍ കഴിയും. വിശുദ്ധന്റെ ചോരതിളപ്പും, ആവേശവും പലപ്പോഴും വിശുദ്ധനെ മുന്‍കരുതലില്ലാത്ത വാക്കുകളിലേക്കും, പ്രവര്‍ത്തികളിലേക്കും നയിച്ചു. പ്രധാന പുരോഹിതന്റെ പടയാളിയുടെ ചെവി ഛേദിച്ചതും യേശുവിന്റെ പീഡാനുഭവ നാളുകളില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവവും ഇതിരൊരു ഉദാഹരണമാണ്.

സ്വര്‍ഗ്ഗാരോഹണത്തിന്റെ നാളില്‍ വിശുദ്ധ പത്രോസ് ശിഷ്യന്‍മാരുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും, യേശു തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങളും ഭക്തിപരമായ കര്‍മ്മങ്ങളും വേണ്ടവിധം നിര്‍വഹിക്കുകയും ചെയ്തു. ജെറൂസലേം സമ്മേളനത്തില്‍ വിശുദ്ധന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന കാര്യത്തേകുറിച്ചും (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 15:1), അന്ത്യോക്ക്യയിലേക്കുള്ള വിശുദ്ധന്റെ യാത്രയേക്കുറിച്ചും (ഗലാത്തിയര്‍ 2:11) വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ. എങ്ങിനെയൊക്കെയാണെങ്കിലും പത്രോസ് റോമില്‍ ഒരു അപ്പസ്തോലനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം ഉറപ്പാണ്.

വിശുദ്ധനായിരുന്നു ആ നഗരത്തിലെ ആദ്യത്തെ മെത്രാന്‍, അവിടെ വെച്ച് വിശുദ്ധന്‍ ബന്ധിതനാക്കപ്പെടുകയും ഒരു രക്തസാക്ഷിയുടെ മരണം വരിക്കുകയും ചെയ്തു (67 A.D). ഐതീഹ്യമനുസരിച്ച് അന്ത്യോക്ക്യയിലേ ആദ്യത്തെ മെത്രാനും വിശുദ്ധനാണ്. ആദ്യത്തെ ക്രിസ്തീയ വിജ്ഞാനകോശങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു എഴുത്തുകള്‍ വിശുദ്ധന്റേതായിട്ടുണ്ട്. വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് ക്രിസ്തീയ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നത്. ആ ദേവാലയത്തിലെ മകുടത്തിനു ചുറ്റുമായി ഈ വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു, Tu es Petrus, et super hanc petram aedificabo ecclesiam meam (നീ പത്രോസാകുന്നു, നീ ആകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല, സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും)

വിശുദ്ധ പൗലോസ്

തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു മുന്‍പ്‌ സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസ് ക്രിസ്തുവിന്റെ ആഗമനത്തിനു മുന്‍പ്‌ ഏതാണ്ട് മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കു ശേഷം സിലിസിയായുടെ റോമന്‍ പ്രവിശ്യയായിരുന്ന ടാര്‍സസിലായിരുന്നു ജനിച്ചത്‌. ബെഞ്ചമിന്റെ ഗോത്രത്തില്‍ പ്പെട്ട യഹൂദന്മാരായിരുന്ന വിശുദ്ധന്റെ മാതാ-പിതാക്കള്‍ വിശുദ്ധനെ ഫരിസേയരുടെ കഠിനമായ മത-ദേശീയതക്കനുസൃതമായിട്ടായിരുന്നു വളര്‍ത്തിയിരുന്നത്. റോമന്‍ പൗരത്വത്തിന്റെ പ്രത്യേകമായ സവിശേഷതയും അവര്‍ക്കുണ്ടായിരുന്നു.

യുവാവായപ്പോള്‍ വിശുദ്ധന്‍ നിയമങ്ങളില്‍ പ്രാവീണ്യം നേടുന്നതിനായി ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേല്‍ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിക്കുകയും ചെയ്തു. യേശുവിന്റെ പ്രേഷിതപ്രവര്‍ത്തനകാലത്ത്‌ വിശുദ്ധന്‍ ജെറൂസലെമില്‍ ഉണ്ടായിരുന്നില്ല. ഭൂമിയിലെ തന്റെ ജീവിതകാലത്തൊരിക്കലും വിശുദ്ധന്‍ യേശുവിനെ കാണുകയോ ചെയ്തിട്ടില്ല. വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്‌, ഉടനേ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളേയും, ദേവാലയത്തെയും എസ്തപ്പാനോസ്‌ വിമര്‍ശിച്ചപ്പോള്‍ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളില്‍ ഒരാള്‍ പൗലോസായിരുന്നു: അതിനു ശേഷം പൗലോസിന്റെ ഭയാനകമായ വ്യക്തിത്വം അദ്ദേഹത്തെ മതപീഡനത്തിലേക്ക്‌ നയിച്ചു.

യേശുവിന്റെ ശിക്ഷ്യന്‍മാരെ അടിച്ചമര്‍ത്തുവാനായി ഡമാസ്‌കസ്സിലേക്ക് പോയികൊണ്ടിരിക്കുന്ന സമയത്താണ് ദൈവീക ഇടപെടലിലൂടെയുള്ള പരിവര്‍ത്തനത്തിനു വിശുദ്ധന്‍ വിധേയനാകുന്നത്. ജ്ഞാനസ്നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയചെറിയ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയതിനു ശേഷം വിശുദ്ധന്‍ അറേബിയന്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങി (c. 34-37 A.D.). അവിടെ തന്റെ ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട തയ്യാറെടുപ്പുകള്‍ വിശുദ്ധന്‍ നടത്തി. ഈ ധ്യാനത്തിനിടക്ക്‌ വിശുദ്ധന് നിരവധി വെളിപാടുകള്‍ ലഭിക്കുകയും, യേശു വിശുദ്ധന് നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു.

തിരികെ ഡമാസ്‌കസ്സിലെത്തിയ വിശുദ്ധന്‍ അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാര്‍ വിശുദ്ധനെ വധിക്കുവാന്‍ തീരുമാനിച്ചതിനാല്‍ അവിടം വിടുവാന്‍ നിര്‍ബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധന്‍ പോയത്‌. ബാര്‍ണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്. എന്നാല്‍ ജൂതന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിശുദ്ധന്‍ അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. അതിനു ശേഷമുള്ള വര്‍ഷങ്ങള്‍ (38-42 A.D.) അന്തിയോക്കില്‍ പുതുതായി രൂപംകൊണ്ട ക്രിസ്തീയ സമൂഹത്തെ ബാര്‍ണബാസ് വിശുദ്ധനെ പരിചയപ്പെടുത്തുന്നത് വരെ ടാര്‍സസിലാണ് അദ്ദേഹം ചിലവഴിച്ചത്. അന്തിയോക്കില്‍ അവര്‍ രണ്ടുപേരും ഒരു വര്‍ഷത്തോളം യേശുവിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചു. ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന ജെറൂസലേം സമൂഹത്തിനു വേണ്ട പണവുമായി വിശുദ്ധന്‍ ജെറൂസലേമിലേക്ക് മറ്റൊരു യാത്ര നടത്തി.

വിശുദ്ധന്റെ ആദ്യത്തെ പ്രധാനപ്പെട്ട സുവിശേഷ പ്രഘോഷണ യാത്ര (45-48) ആരംഭിച്ചത് അദ്ദേഹത്തിന്റെ തിരിച്ചു വരവിനു ശേഷമാണ്. വിശുദ്ധനും ബാര്‍ണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 13:14). A.D 50-ല്‍ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്. ആ സമ്മേളനത്തിലെ തീരുമാനങ്ങളില്‍ ഉത്തേജിതനായ വിശുദ്ധന്‍ തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു (51-53). ഏഷ്യാമൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ്‌ മറികടന്ന് ഫിലിപ്പി, തെസ്സലോണിയ, ബേരിയാ, ഏതന്‍സ്‌, ഗ്രീസ്, കൊറിന്ത് തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

വളരെ പെട്ടെന്ന് വികസിച്ചുവന്ന ഒരു പ്രധാനപ്പെട്ട ക്രിസ്തീയ സമൂഹത്തെ സ്ഥാപിച്ചു കൊണ്ട് ഏതാണ്ട് രണ്ടു വര്‍ഷത്തോളം വിശുദ്ധന്‍ കൊറീന്തോസില്‍ ചിലവഴിച്ചു. 54-ല്‍ വിശുദ്ധന്‍ നാലാം പ്രാവശ്യവും ജെറൂസലേമിലെത്തി. വിശുദ്ധന്റെ മൂന്നാമത്തെ പ്രേഷിതയാത്ര (54-58) വിശുദ്ധനെ എഫേസൂസിലാണ് എത്തിച്ചത്‌. ഏതാണ്ട് മൂന്ന് വര്‍ഷങ്ങളോളം വളരെ വിജയകരമായി വിശുദ്ധന്‍ അവിടെ പ്രവര്‍ത്തിച്ചു.

58-ലെ പെന്തകോസ്ത് ദിനത്തില്‍ തന്റെ യൂറോപ്പിലെ സമൂഹങ്ങളെ സന്ദര്‍ശിച്ഛതിനു ശേഷം വിശുദ്ധന്‍ അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. അവിടെവെച്ച് ജൂതന്മാര്‍ തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വിശുദ്ധനെ പിടികൂടി. അവിടെ സീസറിയായില്‍ രണ്ടു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനു ശേഷം, സീസറിനോട് അപേക്ഷിച്ചതിന്റെ ഫലമായി വിശുദ്ധന്‍ റോമിലേക്കയക്കപ്പെട്ടു. എന്നാല്‍ മാള്‍ട്ടായില്‍ വെച്ച് കപ്പല്‍ തകര്‍ന്നതിനാല്‍ 61-ലെ വസന്തകാലത്താണ് വിശുദ്ധന്‍ റോമിലെത്തുന്നത്.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ വിശുദ്ധന്‍ അവിടെ തടവിലായിരുന്നു, പിന്നീട് വിട്ടയക്കപ്പെട്ടു. വിശുദ്ധന്റെ ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ പ്രേഷിത യാത്രകള്‍ക്കായിട്ടാണ് വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. ഒരു പക്ഷേ സ്പെയിനും ഇതില്‍ ഉള്‍പ്പെട്ടിരിക്കാം. ആദ്യകാലങ്ങളില്‍ താന്‍ സ്ഥാപിച്ച സഭകളെ ഇക്കാലയളവില്‍ വിശുദ്ധന്‍ വീണ്ടും സന്ദര്‍ശിക്കുകയുണ്ടായി. 66-ല്‍ വിശുദ്ധന്‍ റോമില്‍ തിരിച്ചെത്തി അവിടെയെത്തിയ വിശുദ്ധനെ പിടികൂടി തടവിലാക്കുകയും ഒരുവര്‍ഷത്തിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധന്‍ എഴുതിയിട്ടുള്ള പതിനാല് എഴുത്തുകള്‍ അമൂല്യ രേഖകളാണ്; ഒരു മഹാത്മാവിലേക്കുള്ള ഉള്‍കാഴ്ചയാണ് അവ നല്‍കുന്നത്.

വി. പത്രോസേ, വി. പൗലോസേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles