വിവാഹ കൂദാശയുടെ നവീകരണത്തെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നു

മറ്റുകൂദാശകളും കൂദാശാനുകരണങ്ങളും
(തുടര്‍ച്ച)

ഖണ്ഡിക –  77
വിവാഹകൂദാശയുടെ നവീകരണം

വിവാഹാഘോഷം നടത്തുന്നതിന് റോമൻ കർമവിധിയിലുള്ള ക്രമം കൂദാശയുടെ വരപ്രസാദം കൂടുതൽ പ്രദ്യോതിപ്പിക്കത്തക്കവിധവും ദമ്പതികളുടെ കടമകളെപ്പറ്റി ഉറപ്പിച്ച് ഉബോധിപ്പിക്കത്തക്ക വിധവും പുനഃസംവിധാനം ചെയ്യുകയും കൂടുതൽ സമ്പന്നമാക്കുകയും ചെയ്യണം.

“ഏതെങ്കിലും പ്രദേശങ്ങളിൽ മറ്റുള്ളവയെക്കാൾ പ്രശംസനീയമായ ആചാരങ്ങളോ കർമവിധികളോ” വിവാഹകൂദാശാഘോഷത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവ സർവഥാ പാലിക്കപ്പെടണമെന്ന് പരിശുദ്ധസൂനഹദോസ് ശക്തമായി അഭിലഷിക്കുന്നു:

ഈ കോൺസ്റ്റിറ്റ്യൂഷന്റെ 22:2-ാം വകുപ്പനുസരിച്ചുള്ള പ്രാദേശികസഭാധികാരത്തിനാണ് വകുപ്പ് 63 അനുസരിച്ച് പ്രദേശത്തിന്റെയും ജനങ്ങളുടെയും ആചാരങ്ങൾക്ക് അനുരൂപമായ കർമാനുഷ്ഠാനം എഴുതിയുണ്ടാക്കുന്നതിനുള്ള അധികാരം. എന്നാൽ, വിവാഹത്തിനു കാർമികത്വം വഹിക്കുന്ന വൈദികൻ വിവാഹം കഴിക്കുന്നവരുടെ സമ്മതം ചോദിച്ച്  ഉത്തരം കേൾക്കുകയെന്ന നിയമം അഭംഗുരം നിലനിറുത്തണം.

ഖണ്ഡിക – 78
വിവാഹം സാധാരണമായി കുർബാനമധ്യേ സുവിശേഷവായനയും പ്രഘോഷണവും കഴിഞ്ഞ്, “വിശ്വാസികളുടെ പ്രാർത്ഥന”യ്ക്കു മുമ്പു നടത്തേണ്ടതാണ്. വധുവിന്റെ മേൽ ചൊല്ലുന്ന പ്രാർത്ഥന, ദമ്പതികളിൽ രണ്ടുപേർക്കും ഒന്നുപോലെയുള്ള പരസ്പരവിശ്വസ്തതയുടെ കടമ ഊന്നിപ്പറയത്തക്കവണ്ണം വേണ്ടവിധം പരിഷ്കരിച്ച്, മാതൃഭാഷയിൽ ചൊല്ലാവുന്നതാണ്.
വിവാഹത്തിന്റെ കൂദാശ പരിശുദ്ധകുർബാനയോടുകൂടെയല്ലാതെ നടത്തപ്പെടുമ്പോൾ ദമ്പതികൾക്കുവേണ്ടിയുള്ള ലേഖനവും സുവിശേഷവും കർമ്മങ്ങളുടെ ആദ്യം വായിക്കുകയും ദമ്പതികൾക്കുള്ള വാഴവ്‌ എല്ലാ വിവാഹത്തിലും നല്കുകയും ചെയ്യണം.

ഖണ്ഡിക – 79
കൂദാശാനുകരണങ്ങളുടെ നവീകരണം

കൂദാശാനുകരണങ്ങൾ പ്രഥമതം വിശ്വാസികളുടെ ബോധപൂർവകവും സജീവവും സുകരവുമായ ഭാഗഭാഗിത്വം കണക്കിലെടുത്തുകൊണ്ടും ആധുനികകാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചും പരിഷ്കരിക്കേണ്ടതാണ്. കർമാനുഷ്ഠാനങ്ങൾ നവീകരിക്കുമ്പോൾ വകുപ്പ് 63-ന് അനുസൃതമായി ആവശ്യത്തിനനുസരിച്ച് പുതിയ കൂദാശാനുകരണങ്ങൾ ചേർക്കാവുന്നതാണ്. ചുരുക്കം ചില വെഞ്ചരിപ്പുകൾ മാത്രം പ്രത്യേക അധികാരത്തിനായി മാറ്റിവയ്ക്കപ്പെടാം. അവ മെത്രാന്മാർക്കും മേലധ്യക്ഷന്മാർക്കും മാത്രം നടത്താവുന്നതായിരിക്കും. ചില കൂദാശാനുകരണങ്ങൾ ചില സവിശേഷസാഹചര്യങ്ങളിലെങ്കിലും മേലധ്യക്ഷന്റെ തീരുമാനമനുസരിച്ച് വേണ്ടത്ര യോഗ്യതയുള്ള അലമായർക്ക് പരികർമം ചെയ്യാൻ ക്രമപ്പെടുത്താം.

ഖണ്ഡിക – 80
കന്യകമാരുടെ പ്രതിഷ്ഠാകർമം

റോമൻ പൊന്തിഫിക്കാളിലുള്ള “കന്യകമാരുടെ പ്രതിഷ്ഠ” പരിഷ്കരണത്തിനു വിധേയമാക്കണം. വ്രതവാഗ്ദാനമോ, വ്രതനവീകരണമോ കുർബാനമധ്യേ ചെയ്യുന്നവർക്ക് ഉപയോഗിക്കാൻ അവരുടെ പ്രത്യേക നിയമങ്ങൾക്കു തടസ്സമാകാതെതന്നെ, കൂടുതൽ ഐകരൂപ്യവും മിതത്വവും മഹത്ത്വവും പ്രദാനംചെയ്യുന്ന കർമക്രമം വ്രതവാഗ്ദാനത്തിനും വ്രതനവീകരണത്തിനുംവേണ്ടി ഉണ്ടാക്കേണ്ടതാണ്. സന്ന്യാസവതവാഗ്ദാനം കുർബാനമധ്യേ നടത്തുന്നതാണ് കൂടുതൽ അഭികാമ്യം.

ഖണ്ഡിക – 81
മൃതസംസ്കാരശുശ്രൂഷകളുടെ നവീകരണം

മൃതസംസ്കാരകർമം ക്രിസ്ത്യാനിയുടെ മരണത്തിന്റെ പെസഹാസ്വഭാവം വ്യക്തമായി പ്രകടിപ്പിക്കണം. ഓരോ പ്രദേശത്തിന്റെയും പരിതഃസ്ഥിതികൾക്കും പാരമ്പര്യങ്ങൾക്കുമനുസരിച്ച് ആരാധനക്രമത്തിന്റെ വിവിധ നിറങ്ങൾ സംബന്ധിച്ചവയുൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ അനുരൂപപ്പെടുത്തണം.

ഖണ്ഡിക – 82
ശിശുക്കളുടെ മൃതസംസ്കാരത്തിന്റെ ക്രമവും പുനഃക്രമവത്കരിക്കുകയും അതിനുവേണ്ടി പ്രത്യേക കുർബാനക്രമം ഉണ്ടാക്കുകയും ചെയ്യണം.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles