അല്മായരുടെ മാഹാത്മ്യം

32) ദൈവജനത്തില്‍ അല്മായരുടെ മാഹാത്മ്യം

വിശുദ്ധസഭ ദൈവികസ്ഥാപനത്താല്‍ത്തന്നെ വിസ്മയനീയമായ വൈവിധ്യത്താല്‍ ക്രമവത്കരിക്കപ്പടുന്നതും ഭരിക്കുന്നതുമായ ഒന്നാണ്. ‘ നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങളുണ്ട്. എന്നാല്‍ എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല, അതുപോലെ നാം പലരാണെങ്കിലും ക്രിസ്തുവില്‍ ഏക ശരീരമാണ്; ഓരോരുത്തരും പരസ്പരം ബന്ധമുള്ള അവയവങ്ങളും’ (റോമ 12:4,5)

അതിനാല്‍ തിരഞ്ഞെടുക്കപ്പെട്ട ദൈവജനം ഒന്നുമാത്രമേയുള്ളു ‘ഒരു കര്‍ത്താവ് ഒരു വിശ്വാസം ഒരു ജ്ഞാനസ്‌നാലം’ (എഫേ 4:5). മിശിഹായിലുള്ള പുതിയ ജനനം പ്രാപിച്ചവരായ അതിന്റെ അംഗങ്ങള്‍ക്ക് ഒരേ മഹത്വമാണുള്ളത്. ഒരേ പുത്രസ്വീകാരത്തിന്റെ കൃപ, പൂര്‍ണതയിലേക്കുള്ള ഒരേ ദൈവവിളി, ഒരു രക്ഷ, ഒരേ പ്രത്യാശ. അവിഭക്തമായ സ്‌നേഹം എന്നിവയാണത്. അതുകൊണ്ട് മിശിഹായിലും സഭയിലും ജാതിയുടെയോ രാജ്യത്തിന്റെയോ സാമൂഹിക പരിസ്ഥിതിയുടെയോ ലിംഗഭേദത്തിന്റെയോ പേരില്‍ ഒരു അസമത്വവും ഇല്ല. കാരണം, ‘യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്’ (ഗലാ 3:28; കൊളോ 3:11).

അതുകൊണ്ട്, സഭയില്‍ എല്ലാവരും ഒരേ വഴിയില്‍ക്കൂടെയല്ല പ്രയാണം ചെയ്യുന്നതെങ്കിലും എല്ലാവരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ നീതിയില്‍ വിശ്വാസത്തിന്റെ തുല്ലപങ്കു ലഭിച്ചവരാണവര്‍ (2 പത്രോ. 1:1). മിശിഹായുടെ അഭീഷ്ടപ്രകാരം ചിലര്‍ പഠിപ്പിക്കുന്നവരും വിശുദ്ധ രഹസ്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നവരും അജപാലകന്മാരുമായി നിയമിതരാണ്. എങ്കിലും എല്ലാവരും തമ്മില്‍ മാഹാത്മ്യത്തിലും മിശിഹായുടെ ശരീരത്തിന്റെ പടുത്തുയര്‍ത്തലില്‍ എല്ലാവിശ്വാസികളും നടത്തേണ്ട പൊതുപ്രവര്‍ത്തനത്തിലും യഥാര്‍ത്ഥത്തിലുള്ള സമത്വം നിലനില്ക്കുന്നു. വിശുദ്ധ ശുശ്രുഷ ചെയ്യുന്നവരും മറ്റു ദൈവജനവും തമ്മില്‍ കര്‍ത്താവ് സ്ഥാപിച്ച വ്യതിരക്തത, അതില്‍ത്തന്നെ ഏകീകരണലക്ഷ്യം ഉള്‍ക്കൊള്ളുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍, അജപാലകന്മാരും ഇതരവിശ്വാസികളും പൊതുതാത്പര്യങ്ങളില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

സഭയുടെ അജപാലകന്മാര്‍, കര്‍ത്താവിന്റെ മാതൃക പിന്തുടര്‍ന്ന്, തമ്മില്‍ത്തമ്മിലും മറ്റു വിശ്വാസികള്‍ക്കും സേവനംചെയ്യണം. വിശ്വാസികള്‍ തീക്ഷ്ണതാപൂര്‍വം അജപാലകരോടും മറ്റു പ്രബോധകരോടും സഹകരിച്ച് സേവനം നല്കണം. അങ്ങനെ എല്ലാവരും വൈവിധ്യത്തില്‍ മിശിഹായുടെ ശരീരത്തിലുള്ള അദ്ഭുതകരമായ ഐക്യത്തിനു സാക്ഷ്യം നല്കണം. കൃപാവരങ്ങളിലും ശുശ്രൂഷകളിലും ജോലികളിലുമുള്ള ഈ വൈവിധ്യംതന്നെ ദൈവമക്കളെ ഒന്നാക്കി സംഘടിപ്പിക്കുന്നുണ്ട്. കാരണം, ‘അതേ ആത്മാവ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നു’ (1 കോറി 12:11).

അതിനാല്‍, അല്മായര്‍ക്ക് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍ വന്ന (മത്താ 20:28) സകലത്തിന്റെയും നാഥനായ മിശിഹായെ ദൈവത്തിന്റെ ദാക്ഷിണ്യത്താല്‍ സ്വസഹോദരനായി ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ, വിശുദ്ധശുശ്രൂഷയില്‍ അവരോധിക്കപ്പെട്ട്, മിശിഹായുടെ അധികാരത്താല്‍ പഠിപ്പിച്ചുകൊണ്ടും വിശുദ്ധീകരിച്ചുകൊണ്ടും സ്‌നേഹത്തിന്റെ പുതിയപ്രമാണം സര്‍വരാലും നിറവേറ്റപ്പെടത്തക്കവണ്ണം ദൈവഭവനത്തെ മേയ്ക്കുന്നവരെയും സഹോദരന്മാരായി ലഭിച്ചിരിക്കുന്നു.

ഇതിനെപ്പറ്റി വിശുദ്ധ ആഗസ്തീനോസ് മനോഹരമായ വാക്കുകളില്‍ പറയുന്നു: ‘നിങ്ങള്‍ക്കായി ഞാന്‍ എന്തായിരിക്കുന്നുവോ അത് എന്നെ ഭയപ്പെടുത്തുന്നു. നിങ്ങളോടൊത്തു ഞാന്‍ എന്തായിരിക്കുന്നുവോ അത് എന്നെ സാന്ത്വനപ്പെടുത്തുന്നു. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്കു മെത്രാനാണ്, നിങ്ങളോടുകൂടെ ഒരു ക്രിസ്ത്യാനിയാണ്. ആദ്യത്തേത്, ഉദ്യോഗപ്പേര്, രണ്ടാമത്തേത്, കൃപയുടെതും. ആദ്യത്തേത്, അപകടത്തിന്റേതും രണ്ടാമത്തേത് രക്ഷയുടേതും.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles