സന്മാതൃക നല്‍കാന്‍ മെത്രാന്മാര്‍ക്ക് കടമയുണ്ട്

26)  പവിത്രീകരണ കര്‍ത്തവ്യം

തിരുപ്പട്ടകൂദാശയുടെ പൂര്‍ണതയാല്‍ മുദ്രിതനായ മെത്രാനാണ് ‘ ഉന്നതമായ പൗരോഹിത്യവരത്തിന്റെ കാര്യസ്ഥന്‍.’ പ്രത്യേകിച്ചും അദ്ദേഹം അര്‍പ്പിക്കുന്നതോ അര്‍പ്പിക്കാനിടയാക്കുന്നതോ ആയ പരിശുദ്ധ കുര്‍ബാനയില്‍. ഇതുവഴിയാണ് സഭ നിരന്തരം ജീവിക്കുന്നതും വളരുന്നതും. മിശിഹായുടെ ഈ സഭ യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ എല്ലാ നിയമാനുസൃത പ്രാദേശിക സമൂഹത്തിലും, അവ സ്വന്തം ഇടയന്മാരോടു ചേര്‍ന്ന് ജീവിക്കുമ്പോള്‍, അവിടെ സ്ഥിതിചെയ്യുന്നു. ഇവയാണ് പുതിയനിയമത്തില്‍ സഭകള്‍ എന്നു വിളിക്കപ്പെടുന്നത്. കാരണം, ഇവയാണ് അതതുസ്ഥലത്ത് പരിശുദ്ധാത്മാവിലും വലിയ സമ്പൂര്‍ണതയിലും (1 തെസ്സ 1:5) ദൈവത്താല്‍ വിളിക്കപ്പെട്ട പുതിയജനം.

ഇവയില്‍ മിശിഹായുടെ സുവിശേഷം പ്രഘോഷിക്കുക വഴി വിശ്വാസികള്‍ ഒന്നിച്ചുകൂട്ടപ്പെടുകയും ‘കര്‍ത്താവിന്റെ ശരീരത്തിന്റെ ഭക്ഷണവും രക്തവുംവഴി എല്ലാ സാഹോദര്യവും ബന്ധിപ്പിക്കുന്നതിനായി കര്‍ത്താവിന്റെ തിരുവത്താഴരഹസ്യം ആഘോഷിക്കപ്പെടുകയും ചെയ്യുന്നു.’ മെത്രാന്റെ വിശുദ്ധ ശുശ്രൂഷയുടെ കീഴില്‍ ബലിപീഠത്തില്‍ നടത്തുന്ന ഏതു കൂട്ടായ്മയിലും ആ സാഹോദര്യത്തിന്റെയും ‘രക്ഷയ്ക്ക് അവശ്യാവശ്യകമായ മൗതിക ശരീരത്തിന്റെ ഐക്യത്തിന്റെയും അടയാളം’ ദൃശ്യമാകുന്നു. ഈ കൂട്ടായ്മകളില്‍, അവ പലപ്പോഴും ചെറിയവയോ ദരിദ്രമോ ആയിരുന്നാലും ചിതറിക്കപ്പെട്ടു കഴിഞ്ഞുകൂടുന്നവയായാലും, മിശിഹാ സന്നിഹിതനായിരിക്കുന്നു.

അവിടത്തെ ശക്തി വഴി ഏകവും പരിശുദ്ധവും കാതോലികവും ശ്ലൈഹികവുമായ സഭ ഒന്നിച്ചുകൂട്ടപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, ‘നാം ഭക്ഷിക്കുന്ന വസ്തുവായി നാം രൂപാന്തരം പ്രാപിക്കത്തക്കവിധത്തില്‍ കുറഞ്ഞ ഒന്നുമല്ല, മിശിഹായുടെ ശരീരത്തിലും രക്തത്തിലുമുള്ള നമ്മുടെ പങ്കുചേരല്‍.’

നിയമാനുസൃതമായ ഓരോ കുര്‍ബാനയാഘോഷവും മെത്രാനാണ് നിയന്ത്രിക്കേണ്ടത്. ദൈവമഹത്വത്തിനുള്ള ക്രൈസ്തവാരാധനയുടെ ഔദ്യോഗിക ചുമതല മെത്രാനാണ്. അതനുസരിച്ചും സഭയുടെ നിയമമനുസരിച്ചും തന്റെ രൂപതയ്ക്കുവേണ്ടി താന്‍തന്നെ നിശ്ചയിച്ച നിയമത്തിലും തീരുമാനത്തിലും അത് നിര്‍ണയിക്കുന്നുണ്ട്. അതു കര്‍ത്താവിന്റെ കല്പനയനുകരിച്ചും സഭയുടെ നിയമങ്ങളനുസരിച്ചും തന്റെ തൃപ്തിക്കുംവേണ്ടി പല തീരുമാനങ്ങളനുസരിച്ചു നിശ്ചയിച്ച നിയമമനുസരിച്ചും പരികര്‍മം ചെയ്യാനുള്ള കടമ അദ്ദേഹത്തിന്റേതാണ്.

അങ്ങനെ, മെത്രാന്മാര്‍ ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട് മിശിഹായുടെ വിശുദ്ധിയുടെ നിറവ് പലവിധത്തിലും സമൃദ്ധമായി ചൊരിയുന്നു. വചനത്തിന്റെ ശുശ്രൂഷവഴി ദൈവത്തിന്റെ ശക്തി, വിശ്വസിക്കുന്നവര്‍ക്ക് രക്ഷയ്ക്കായി അവര്‍ പകര്‍ന്നുകൊടുക്കുന്നു (റോമ 1:16). അവര്‍ തങ്ങളുടെ അധികാരത്താല്‍ കൂദാശകളുടെ ക്രമവത്കൃതവും ഫലപ്രദവുമായ പങ്കുവയ്ക്കല്‍ വ്യവസ്ഥചെയ്തുകൊണ്ട് അവവഴി വിശ്വാസികളെ വിശുദ്ധീകരിക്കുന്നു.

മിശിഹായുടെ രാജകീയപൗരോഹിത്യത്തില്‍ പങ്കുനല്കുന്ന മാമ്മോദീസായുടെ പരികര്‍മ്മം അവരാണു നിയന്ത്രിക്കുന്നത്. സ്ഥൈര്യലേപനത്തിന്റെ മൗലികകാര്‍മികരും അവര്‍തന്നെ. തിരുപ്പട്ടം നല്കുന്നതും പാപമോചന നടപടികളുടെ നിയന്താക്കളും അവരാണ്. ആരാധനാപരികര്‍മങ്ങളില്‍ പ്രത്യേകിച്ച്, പരിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍, വിശ്വാസത്തോടും ബഹുമാനത്തോടുംകൂടെ സ്വന്തം ഭാഗങ്ങള്‍ നിര്‍വഹിക്കാന്‍ സ്വന്തം ജനങ്ങളെ അത്സാഹപൂര്‍വം ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതും അവരാണ്.

അവസാനമായി, താന്‍ നേതൃത്വം കൊടുക്കുന്നവരെ പെരുമാറ്റത്തിലുള്ള സന്മാതൃകവഴി നല്ലവരാക്കാന്‍ അവര്‍ കടപ്പെട്ടിരിക്കുന്നു. സ്വന്തം പെരുമാറ്റമര്യാദകളില്‍ അവര്‍ എല്ലാ തിന്മയിലും നിന്ന് ആത്മനിയന്ത്രണം പാലിച്ച്, കഴിവതും കര്‍ത്താവിന്റെ സഹായത്താല്‍ എല്ലാം നന്മയായി പകര്‍ത്തി, തന്നെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തോടൊത്ത് നിത്യജീവിതത്തിലേക്കു പ്രവേശിക്കേണ്ടിയിരിക്കുന്നു.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles