രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 1

വത്തിക്കാന്‍ കൗണ്‍സില്‍: സഭയുടെ വസന്തം

സഭയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരുന്ന വത്തിക്കാന്‍ കൗണ്‍സിലിന്റെ സുവര്‍ണജൂബിലി സഭയിലെങ്ങും കൊണ്ടാടുകയാണ്. 1962 ഒക്ടോബര്‍ 11 മുതല്‍ 1965 ഡിസംബര്‍ 8 വരെയാണ് ആധുനിക സഭയിലെ ഒരു പുതിയ പെന്തക്കുസ്താപോലെ 21ാമത്തെ സാര്‍വത്രിക സുനഹദോസായ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത്. സഭയില്‍ വലിയ മാറ്റത്തിനും നവീകരണത്തിനും തുടക്കംകുറിച്ച കൗണ്‍സിലിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് ‘പരിശുദ്ധ സുനഹദോസ്’ എന്ന പരില്‍ത്തന്നെ പുറപ്പെടുവിച്ച ആരാധനാക്രമത്തെക്കുറിച്ചുള്ള പ്രഥമ പ്രമാണരേഖയില്‍ പറയുന്നുണ്ട്. ഈ കൗണ്‍സില്‍ സംഘടിപ്പിച്ചിരിക്കുന്നത്: (1) വിശ്വാസികളുടെ ക്രിസ്തീയജീവിതത്തിന് ഒരു നിത്യസംവര്‍ധകമായ ഊര്‍ജസ്വലത പകരുന്നതിനും (2) സഭയിലെ പരിവര്‍ത്തനവിധേയമായ ഘടകങ്ങള്‍ നമ്മുടെ കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് അനുരൂപപ്പെുത്തുന്നതിനും (3) മിശിഹായില്‍ വിശ്വസിക്കുന്ന എല്ലാവരും തമ്മിലുള്ള ഐക്യം വളര്‍ത്താനാവശ്യമായവയെല്ലാം ചെയ്യുന്നതിനും (4) മനുഷ്യരാശിയെ മുഴുവന്‍ മിശിഹായുടെ സമൂഹത്തിലേക്കു ക്ഷണിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ സുശക്തമാക്കുന്നതിനും വേണ്ടിയാണ്.’ (ആരാധനക്രമം 1).

വത്തിക്കാന്‍ കൗണ്‍സിലിന്റെ വ്യാഖ്യാനവും സ്വീകരണവും

തന്റെ സഭയെ മേയ്ക്കാന്‍ ഈശോ നിയോഗിച്ച കേപ്പായുടെ കബറിടത്തിങ്കല്‍ – വത്തിക്കാനിലെ സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയില്‍ – ലോകമെമ്പാടുമുള്ള മെത്രാന്മാര്‍ പത്രോസിന്റെ പിന്‍ഗാമിയുടെ അദ്ധ്യക്ഷതയില്‍ സമ്മേളിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ഈ ശ്ലൈഹികസമ്മേളനം സഭയില്‍ ഒരു പുതിയ പെന്തക്കുസ്താ അനുഭവം പ്രദാനം ചെയ്തു. സഭയെന്താണെന്നും ക്രിസ്തീയ വിശ്വാസമെന്താണെന്നും വിശ്വാസത്തെയും, ധാര്‍മികതയെയും സംബന്ധിച്ചു മാത്രമല്ല, മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളെക്കുറിച്ചുമെല്ലാം സഭ എന്തു പഠിപ്പിക്കുന്നുവെന്നും ഈ കൗണ്‍സിലിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. സഭയെക്കുറിച്ചും സഭയുടെ സത്യപ്രബോധനങ്ങളെക്കുറിച്ചും സഭയുടെ വീക്ഷണങ്ങളെക്കുറിച്ചും മുന്‍വിധിയില്ലാതെ അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമായ വഴികാട്ടിയാണ് വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍. മാത്രമല്ല തങ്ങളുടെ സഭയുടെ പ്രബോധനങ്ങളും വീക്ഷണങ്ങളും എന്താണെന്നറിഞ്ഞിരിക്കുന്നത് ഓരോ വിശ്വാസിയുടെയും കര്‍ത്തവ്യമാണ്.

മൗലികപ്രബോധനങ്ങള്‍ അവതരിപ്പിക്കുന്ന നാലു പ്രമാണരേഖകള്‍ സഭയുടെ ജീവിതത്തെയും ദൗത്യത്തെയും കുറിച്ചുള്ള ഒന്‍പത് അനുജ്ഞാപനങ്ങള്‍, മനുഷ്യസമൂഹത്തെ സംബന്ധിക്കുന്ന പൊതുവിഷയങ്ങളെക്കുറിച്ചുള്ള മൂന്നു പ്രഖ്യാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന 16 പ്രബോധനരേഖകളാണ് വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അധുനാതനീകരണവും സ്രോതഃസ്ഥിതീകരണവും

വത്തിക്കാന്‍ കൗണ്‍സിലിന്റെ മുദ്രാവാക്യമായി എങ്ങും എടുത്തുകാട്ടപ്പെടുന്ന ഒരു വാക്കാണ് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ നിര്‍വചിക്കുന്ന ‘അജീയോര്‍ണമെന്തോ’ അഥവാ അധുനാതനീകരണം. ആധുനിക കാലഘട്ടത്തിന്റെ ചൈതന്യത്തില്‍ സഭയുടെ പ്രബോധനങ്ങള്‍ പുത്തനായി അവതരിപ്പിക്കുക, സഭയെ കാലോചിതം പരിഷ്‌കരിക്കുക എന്നൊക്കെയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഉത്തമമായ പ്രബോധനങ്ങള്‍ക്ക് ഉറവിടങ്ങളിലേക്കു മടങ്ങുക

ഉറവിടങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ജീവചൈതന്യം സ്വീകരിക്കുകയെന്നതാണ് കൗണ്‍സില്‍ പ്രബോധനങ്ങളുടെ ശൈലി. സഹസ്രാബ്ദങ്ങളായുള്ള സഭയുടെ അനുഭവസമ്പത്തില്‍ നിന്നുളവാകുന്ന ജ്ഞാനം ഈ പ്രബോധനങ്ങളില്‍ നിഴലിക്കുന്നു. സഭയിലും ലോകത്തിലും ഒട്ടേറെ സദ്ഫലങ്ങള്‍ കൗണ്‍സില്‍ പ്രദാനംചെയ്തുകഴിഞ്ഞു. നമ്മുടെ വിശ്വാസത്തിന്റെ യുക്തിയെക്കുറിച്ച് ആര്‍ക്കും ഉത്തരം നല്‍കാന്‍ പര്യാപതരായിരിക്കാനുള്ള വിശുദ്ധ പത്രോസിന്റെ അഹ്വാനമനുസരിച്ച് (1 പത്രോസ് 3:15) ഓരോ ക്രിസ്തീയ വിശ്വാസിയെയും അഭ്യസിപ്പിക്കുന്ന ആധുനിക ക്രിസ്തീയ മാര്‍ഗരേഖയാണ് വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങളെന്നു പറയാം. വഴിതെറ്റിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ക്കും കപടപ്രബോധനങ്ങള്‍ക്കുമിടയില്‍ ഉത്തമബോധനത്തിന്റെ ജീവസുധയാണ് സഭയുടെ ഈ സത്യപ്രബോധനങ്ങള്‍. മാതാവും ഗുരുനാഥയുമായ സഭയുടെ പാദാന്തികത്തിലിരുന്നു പഠിച്ച് മിശിഹായില്‍ വളരാന്‍ വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനങ്ങള്‍ സഭാതനയരെയെല്ലാം സുസജ്ജമാക്കുകതന്നെ ചെയ്യും. ഈശോയില്‍ നിന്നു പഠിക്കാനും (മത്തായി 11:29) ശ്ലൈഹിക പ്രബോധനത്തിലും അപ്പം മുറിക്കലിലും പ്രാര്‍ത്ഥനയിലും കൂട്ടായ്മയിലും വളരാനും (അപ്പ. 2:42) നമ്മെ സഹായിക്കുന്ന വിലപ്പെട്ട ഉറവിടമായ ഈ പ്രബോധനങ്ങളെ നമുക്ക് വിശ്വാസത്തോടും സ്‌നേഹത്തോടും സമീപിക്കാം.

 

തിരുസഭയെക്കുറിച്ചുള്ള ഡോഗ്മാറ്റിക് കോണ്‍സ്റ്റിറ്റിയൂഷന്‍

അധ്യായം – 1
സഭയുടെ രഹസ്യാത്മകത

1 സഭ മിശിഹായുടെ കൂദാശ

മിശിഹാ ജനതകളുടെ പ്രകാശമാകയാല്‍ പരിശുദ്ധാത്മാവില്‍ ഒരുമിച്ചു കൂട്ടപ്പെട്ടിരിക്കുന്ന അതിപരിശുദ്ധമായ ഈ സുനഹദോസ് സകലസൃഷ്ടികളോടും സുവിശേഷം പ്രസംഗിച്ചുകൊണ്ട് (മാര്‍ക്കോസ് 16:15) സഭയുടെ മുഖത്ത് പ്രസ്ഫുരിക്കുന്ന അവന്റെ തേജസ്സാല്‍ എല്ലാ മനുഷ്യരേയും പ്രകാശിപ്പിക്കാന്‍ അതിതീക്ഷ്ണമായ അഭിലഷിക്കുന്ന സഭ, മിശിഹായില്‍ ദൈവത്തോടുള്ള ഗാഢമായ ഐക്യത്തിന്റെയും മനുഷ്യകുലം മുഴുവനോടുമുള്ള ഐകമത്യത്തിന്റെയും കൂദാശയും അഥവാ അടയാളവും ഉപകരണവും തന്നെ ആയതുകൊണ്ട്, ഗതകാലസുനഹദോസുകളുടെ സംവാദത്തിന്റെ ചുവടുപിടിച്ച്, തന്റെ സ്വഭാവത്തെയും സാര്‍വജനീനമായ ദൗത്യത്തെയും സകലവിശ്വാസികളോടും ലോകത്തോടും മുഴുവന്‍ കൂടുതല്‍ വ്യക്തമായി പ്രഖ്യാപിക്കാന്‍ പരിശ്രമിക്കുകയാണ്. മനുഷ്യകുലം മുഴുവന്‍ പൂര്‍വാധികം സാമൂഹികവും സാങ്കേതികവും സാംസ്‌കാരികവുമായ വിവിധ ശൃംഖലകളാല്‍ പരസ്പരം അവഗാഢം ബന്ധിതമായിക്കഴിയുന്ന ആധുനികപരിസ്ഥിതികളില്‍, മിശിഹായിലുള്ള സമ്പൂര്‍ണ്ണ ഐക്യം പ്രാപിക്കുന്നതിനായി, സഭയുടെ പ്രസ്തുത ദൗത്യത്തിന് ഈ കാലഘട്ടത്തില്‍ അഭൂതപൂര്‍വമായ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു.

2 പിതാവിന്റെ സാര്‍വത്രിക രക്ഷാപദ്ധതി

നിത്യനായ പിതാവ് തന്റെ ജ്ഞാനത്തിന്റെയും നന്മയുടെയും സര്‍വസ്വതന്ത്രവും അതിനിഗൂഢവുമായ പദ്ധതിയനുസരിച്ച് ലോകം മുഴുവനെയും സൃഷ്ടിച്ചു. മനുഷ്യരെ തന്റെ ദൈവികജീവനില്‍ പങ്കാളഇകളാക്കി ഉയര്‍ത്താനും അവിടന്നു നിശ്ചയിച്ചു. ആദം മൂലം അധഃപതിച്ച അവരെ അവിടുന്ന് കൈവെടിഞ്ഞില്ല: പ്രത്യുത, ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും ആദ്യജാതനുമായ (കൊളോ 1:15) രക്ഷകനായ മിശിഹായെ മുന്നില്‍ കണ്ടുകൊണ്ട്, അവര്‍ക്കു രക്ഷയ്ക്കുള്ള സഹായങ്ങള്‍ നിരന്തരം നല്‍കിക്കൊണഅടിരുന്നു. തിരഞ്ഞെടുക്കപ്പെട്ടവരെയെല്ലാം പിതാവ് മനുഷ്യോത്പത്തിക്കു മുമ്പ് മുന്‍കൂട്ടി അറിയുകയും ‘തന്റെ പുത്രന്റെ സാദൃശ്യത്തോട് അനുരൂപരാകാന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ചെയ്തു. ഇത് തന്റെ പുത്രന്‍ അനേകം സഹോദരരില്‍ അദ്യജാതനാകേണ്ടതിനാണ്’ (റോമാ 8:29). മിശിഹായില്‍ വിശ്വസിക്കുന്നവരെ തിരുസഭയില്‍ ഒന്നായി വിളിച്ചുകൂട്ടാന്‍ അവിടുന്നു നിശ്ചയിച്ചു. ഈ സഭ ലോകാരംഭം മുതല്‍ പ്രതിരൂപങ്ങള്‍ വഴി മുന്‍കൂട്ടി അവതരിപ്പിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ ജനതയുടെ ചരിത്രം വഴഇയും പഴയ ഉടമ്പടി വഴിയും വിസ്മയനീയമാംവിധം സജ്ജീകൃതമായി.’ ഈ അവസാനകാലഘട്ടത്തില്‍ രൂപവത്കൃതമാകുകയും ആത്മാവിന്റെ ചൊരിയലാല്‍ വെളിപ്പെടുത്തപ്പെടുകയും ചെയ്തു. ലോകത്തിന്റെ അവസാനത്തില്‍ ഈ സഭ മഹത്വപൂര്‍ണയായി വിജയസമാപ്തിയിലെത്തുകയും ചെയ്യും. അന്ന്, പരിശുദ്ധ സഭാപിതാക്കന്മാരുടെ ലിഖിതങ്ങളില്‍ നാം വായിക്കുന്നതുപോലെ, ‘നീതമാനായ ആബേല്‍ മുതല്‍ അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ടവന്‍വരെ’ സാര്‍വത്രിക സഭയില്‍ അദ്യംമുതലുള്ള എല്ലാ നീതമാന്മാരും ദൈവപിതാവിന്റെ സന്നിധിയില്‍ ഒന്നിച്ചു കൂട്ടപ്പെടും.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles