എപ്പിഫനി ഏഴാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

വായന: മത്തായി 8: 5-13)

യേശു കഫര്‍ണാമില്‍ പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവന്റെ അടുക്കല്‍ വന്നു യാചിച്ചു. കര്‍ത്താവേ എന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച് വീട്ടില്‍ കിടക്കുന്നു. യേശു അവനോട് പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോള്‍ ശതാധിപന്‍ പ്രതിവചിച്ചു: കര്‍ത്താവേ, നീ എന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാല്‍ മതി എന്റെ ഭൃത്യന്‍ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോട് പോകുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. അപരനോട് വരിക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇത് ചെയ്യുക എന്നു പറയുമ്പോള്‍ അവന്‍ അത് ചെയ്യുന്നു. യേശു ഇത് കേട്ട് ആശ്ചര്യപ്പെട്ട് തന്നെ അനുഗമിച്ചിരുന്നവരോട് പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഇതു പോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. വീണ്ടും ഞാന്‍ നിങ്ങളോട് പറയുന്നു കിഴക്കു നിന്നും പടിഞ്ഞാറ് നിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ഒപ്പം സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയും ആയിരിക്കും. യേശു ശതാധിപനോട് പറഞ്ഞു: പൊയ്‌ക്കൊള്ളുക. നീ വിശ്വസിച്ചതു പോലെ നിനക്കു ഭവിക്കട്ടെ. ആ സമയത്തു തന്നെ ഭൃത്യന്‍ സുഖം പ്രാപിച്ചു.

ശതാധിപന്റെ മനോഭാവവും യേശു അദ്ദേഹത്തിന്റെ ദാസനെ സുഖപ്പെടുത്തുന്നതും ക്രിസ്തീയതയുടെ മഹത്തായ പാഠങ്ങള്‍ പകര്‍ന്നു തരുന്ന വചനഭാഗമാണ്. സ്‌നേഹം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുന്ന, വിശ്വാസത്തിന്റെ മാതൃകയും എളിമയുടെ നിറകുടവുമായ ഒരു വ്യക്തിയാണ് വിജാതീയനായ ആ സൈനികോദ്യോഗസ്ഥന്‍. യേശു അയാളെ പ്രശംസിക്കുകയും ജനങ്ങള്‍ക്ക് മാതൃകയായി അയാളുടെ വിശ്വാസത്തെ എടുത്തു കാണിക്കുകയും ചെയ്തു.

‘കഫര്‍ണാം’ യേശുവിന്റെ പട്ടണം എന്നാണ് അറിയപ്പെടുന്നത്. കാരണം, തന്റെ പരസ്യജീവിത ശുശ്രൂഷയില്‍ ഭൂരിഭാഗവും യേശു ചെയ്തത് കഫര്‍ണാമിലാണ്. യേശു വളര്‍ന്നു വന്നതും തന്റെ പരസ്യജീവിതം ആരംഭിച്ചതും നസ്രത്തിലാണെങ്കിലും അവിടെ വച്ച് ജനങ്ങള്‍ അവിടുത്തെ കുന്നിന്‍ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിടാന്‍ കൊണ്ടു പോകുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ അവിടുന്ന് തന്റെ പ്രവര്‍ത്തനങ്ങള്‍ കഫര്‍ണാമിലേക്ക് മാറ്റി. 12 അപ്പസ്‌തോലന്‍മാരില്‍ പത്രോസ്, അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, മത്തായി എന്നിവര്‍ കഫര്‍ണാമില്‍ നിന്നുള്ളവരായിരുന്നു. നഗരങ്ങളിലേക്ക് നയിക്കുന്ന റോഡുകളുണ്ടായിരുന്ന അവിടെ വച്ച് ജനങ്ങളെ കാണുവാന്‍ യേശുവിന് ഏറെ അവസരങ്ങളുണ്ടായിരുന്നു. ഗലീലിയുടെ ഭാഗമായിരുന്ന അവിടെ അനേകം യഹൂദര്‍ പാര്‍ത്തിരുന്നു. അവിടെ വച്ച് യേശു അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുവെങ്കിലും വിശ്വാസം കുറവായിരുന്ന ആ ഗ്രാമം യേശുവിന്റെ ശാപത്തിന് പാത്രമാകുന്നുണ്ട്.

ശതാധിപന്‍

യേശുവിന്റെ കാലത്ത് യഹൂദര്‍ റോമാ ഭരണത്തിന് കീഴിലായിരുന്നു. 100 പടയാളികളുടെ ചുമതലയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനായിരുന്നു ശതാധിപന്‍. ബൈബിളില്‍ നാല് ശതാധിപന്മാരെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. രണ്ടു പേര്‍ യേശുവുമായി ബന്ധപ്പെട്ടും ഒരാള്‍ വി. പത്രോസുമായും മറ്റേയാള്‍ വി. പൗലോസുമായി ബന്ധപ്പെട്ടുമാണ് പരാമര്‍ശിക്കപ്പെടുന്നത്. നാല് പേരും നല്ലവരായിട്ടാണ് അവതരിക്കപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

മത്തായിയുടെ സുവിശേഷം അനുസരിച്ച് ശതാധിപന്‍ നേരിട്ട് യേശുവിനെ സമീപിച്ചു എന്നാണ്. എന്നാല്‍ ലൂക്ക പറയുന്നത് ആദ്യം യഹൂദപ്രമാണിമാരെ അദ്ദേഹം യേശുവിന്റെ പക്കലേക്ക് അയച്ചു എന്നാണ്. അതിനു ശേഷം, സ്വയം യേശുവിനെ സമീപിക്കാന്‍ അയോഗ്യനായി കണക്കാക്കുകയാല്‍ തന്റെ സ്‌നേഹിതരെ അവന്റെ അടുത്തേക്ക് അയച്ചു.

തന്റെ സേവകന്‍ (ഭൃത്യന്‍) രോഗിയായിരിക്കുന്നു എന്ന് യേശുവിനെ അറിയിക്കാനാണ് ശതാധിപന്‍ എത്തിയത്. ഒരു ഭൃത്യന് മാരകമായ രോഗം ബാധിച്ചാല്‍ അവനെ ഉപേക്ഷിച്ച് മറ്റൊരാളെ വാങ്ങാന്‍ അന്ന് റോമാക്കാര്‍ക്ക് അധികാരം ഉണ്ടായിരുന്നു. എന്നാല്‍ ഈ ശതാധിപനാകട്ടെ, അവനെ വീട്ടില്‍ സംരക്ഷിച്ച് ചികിത്സ കൊടുക്കുകയാണ് ചെയ്യുന്നത്. ശതാധിപന്റെ ഈ സ്‌നേഹവും മനുഷ്യത്വവും യേശുവിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു. തളര്‍വാതത്തോടൊപ്പം ഭൃത്യന്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിക്കുന്നു എന്നും ശതാധിപന്‍ വ്യക്തമാക്കുന്നു. യജമാനനും ഭൃത്യന്റെ കഷ്ടതയില്‍ ഹൃദയം കൊണ്ടു പങ്കുപറ്റുന്നു എന്നാണ് ഈ വാക്കുകള്‍ വ്യക്തമാക്കുന്നത്.

യേശുവാകട്ടെ, രണ്ടാമതൊന്ന് ആലോചിക്കാതെ ഉടനെ താന്‍ ശതാധിപന്റെ വീട്ടിലേക്ക് വരികയാണെന്നു പറയുകയാണ്. സാധാരണ യഹൂദ റബ്ബിമാര്‍ വിജാതീയരുടെ വീട്ടിലേക്ക് പോകാറില്ല. എന്നാല്‍ യേശുവാകട്ടെ, കരുണയോടെ ശതാധിപന്റെ വീട്ടിലേക്ക് യാത്രയാകാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, എളിമയാര്‍ന്ന ശതാധിപന്‍ യേശുവിനോടുള്ള ആദരവിനാല്‍ അവിടുത്തെ പേര് ഉച്ചരിക്കാന്‍ പോലും മുതിരാതെ കര്‍ത്താവേ, എന്നാണ് വിളിക്കുന്നത്. യേശു തന്റെ വീട്ടില്‍ പ്രവേശിക്കാനുള്ള യോഗ്യത തനിക്കില്ല എന്ന് അയാള്‍ കരുതുന്നു. അവിടുന്ന് ഒരു വാക്ക് ഉച്ചരിച്ചാല്‍ മതി എന്റെ ഭൃത്യന്‍ സുഖം പ്രാപിക്കും എന്നാണ് ശതാധിപന്‍ പറയുന്നത്. യേശുവിന്റെ വചനത്തിന്റെ ശക്തിയില്‍ ശതാധിപന്് വിശ്വാസമുണ്ടായിരുന്നു. യേശു അത്ഭുതങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അയാള്‍ കേട്ടിട്ടുണ്ടാകണം. അങ്ങനെ ലഭിച്ചു ശക്തി പ്രാപിച്ച വിശ്വാസമാണ് അയാളുടേത്.

യേശുവിനെ പോലും അത്ഭുതപ്പെടുത്തിയ വിശ്വാസം

രണ്ടു തവണയാണ് യേശു മറ്റുള്ളവരുടെ പ്രതികരണം കണ്ട് അത്ഭുതപ്പെട്ടതായി സുവിശേഷം പറയുന്നത്. ഒന്ന് ശതാധിപന്റെ വിശ്വാസമാണ്. മറ്റൊന്ന് നസ്രത്തിലെ സിനഗോഗില്‍ സ്വന്തം ജനങ്ങളുടെ അവിശ്വാസം കണ്ട്. യേശുവിന്റെ വിജ്ഞാനം കണ്ട് അവിടുത്തെ അഭിനന്ദിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതിന് പകരം അവര്‍ യേശുവില്‍ അവിശ്വസിക്കുകയും ഇവന്റെ കുടുംബത്തെ നമുക്ക് അറിയാമല്ലോ എന്ന് പറയുകയുമാണ് ചെയ്യുന്നത്. യേശു അവരുടെ അവിശ്വാസം കണ്ട് വിസ്മയിച്ചു എന്ന് മര്‍ക്കോസ് പറയുന്നു (മര്‍ക്കോ. 6: 6).

ശതാധിപന്റെ വിശ്വാസം കണ്ട് യേശു പറയുന്നത് ഇസ്രായേലില്‍ പോലും താന്‍ ഇതു പോലുള്ള വിശ്വാസം കണ്ടിട്ടില്ല എന്നാണ്. ഇസ്രായേല്‍ ജനത തെരഞ്ഞെടുക്കപ്പെട്ട ജനതയാണ്. എന്നാല്‍ അവര്‍ക്ക് യേശുവിന്റെ ആഗമനം അംഗീകരിക്കാന്‍ കഴിഞ്ഞില്ല. യേശുവിന്റെ ശിഷ്യന്മാര്‍ പോലും വളരെ സാവധാനമാണ് യേശുവിനെയും അവിടുത്തെ രാജ്യത്തെയും ശരിക്കും മനസ്സിലാക്കിയത്. എന്നാല്‍ ഈ ശതാധിപനാകട്ടെ ഇസ്രേയിലിനെ സ്‌നേഹിക്കുന്നവനാണെന്നും ഒരു സിനഗോഗ് പണിതു കൊടുത്തവനാണെന്നും (ലൂക്ക 7: 4-5) യഹൂദപ്രമാണിമാര്‍ പറയുന്നുണ്ട്.

ശതാധിപന്‍ തന്റെ ഭൃത്യനെ അടിമയെ പോലെയല്ല, സ്വന്തം കൂടപ്പിറപ്പിനേ പോലെയാണ് കണക്കാക്കിയിരുന്നതെന്ന് അയാളുടെ വാ്ക്കുകളില്‍ നിന്ന് വ്യക്തമാണ്. അതു പോലെ അയാളുടെ എളിമ അസാധാരണമായിരുന്നു. യേശുവിനെ തന്റെ ഭവനത്തില്‍ സ്വീകരിക്കാന്‍ താന്‍ യോഗ്യനല്ല എന്നാണ് അയാള്‍ താഴ്മയോടെ പറയുന്നത്. ദൈവവചനത്തിന്റെ ശക്തിയില്‍ വിശ്വസിച്ചിരുന്നവനായിരുന്നു, ശതാധിപന്‍. അതിനാലാണ് അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മതി, എന്റെ ഭൃത്യന്‍ സ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles