അത്ഭുതപ്രവർത്തകയായ വിശുദ്ധ ഫിലോമിനയുടെ ജീവിതകഥ

ഈ ലോകത്തിനുപരിയായ ഒരു ആനന്ദം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു. അത് വാക്കുകള്‍ക്കൊണ്ട് വിവരിക്കാവുന്നതല്ല. മാലാഖമാരുടെ രാജ്ഞി എന്നോടു പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എനിക്കനുഭവിക്കാന്‍ സാധിച്ചു. തന്റെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്ന് കണ്ട് പൊതുജനത്തിന് മുന്‍പില്‍വച്ച് എന്റെ വ്രതത്തിന്‍ ഭംഗം വരത്തക്കവിധം എന്നെ പീഡനത്തിന് വിധേയയാക്കാന്‍ ചക്രവര്‍ത്തി തീരുമാനിച്ചു. എന്റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് എന്നെ നഗ്നയാക്കി പ്രഹരിക്കുവാന്‍ അയാള്‍ ആജ്ഞാപിച്ചു. എന്നെ പൂര്‍ണമായും നഗ്നയാക്കുവാന്‍ പട്ടാളക്കാര്‍ കൂട്ടാക്കിയില്ലെങ്കിലും എല്ലാവരുടേയും മുന്‍പില്‍ ഒരു തൂണിനോട് ചേര്‍ത്ത് അവര്‍ എന്നെ ബന്ധിച്ചു. ക്രുദ്ധരായ പട്ടാളക്കാര്‍ ചോരയില്‍ കുളിക്കുന്നതുവരെ എന്നെ പ്രഹരിച്ചു. എന്റെ ദേഹമാസകലം വലിയൊരു മുറിവായി മാറി. എന്നാല്‍ എന്റെ ബോധം നശിച്ചില്ല. ദുഷ്ടനായ ആ മനുഷ്യന്‍ എന്നെ തിരികെ തടവറയിലേക്ക് വലിച്ചിഴച്ചു. ഞാന്‍ മരിച്ചുപോകുമെന്നാണവര്‍ കരുതിയത്. സ്വര്‍ഗീയവൃന്ദങ്ങളോട് അധികം താമസിയാതെ ചേരാമെന്ന് ഞാനും ആഗ്രഹിച്ചു. ആ അന്ധകാരത്തില്‍ പ്രകാശപൂരിതരായ രണ്ടു മാലാഖമാര്‍ എനിക്ക് പ്രത്യക്ഷരായി. അവരെന്റെ മുറിവുകളില്‍ ഒരു സ്വര്‍ഗീയതൈലമൊഴിച്ചു. അപ്പോള്‍ പീഡനത്തിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ ആഴമായ ഒരു ഉന്മേഷം എന്നില്‍ വന്നു നിറഞ്ഞു. എന്റെ ശരീരത്തിലുണ്ടായ മാറ്റത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ചക്രവര്‍ത്തി വീണ്ടും എന്നെ തന്റെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു.

ദുഷ്ടമനസ്സോടെ വീണ്ടും അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വഴങ്ങണമെന്നും താന്‍ ജൂപ്പിറ്റര്‍ ദേവനോട് പറഞ്ഞതനുസരിച്ചാണ് എനിക്ക് സൗഖ്യം ലഭിച്ചതെന്നും അയാള്‍ വാദിച്ചു. മാത്രവുമല്ല ഞാന്‍ റോമിലെ ചക്രവര്‍ത്തിനിയാവണമെന്ന് ജൂപ്പിറ്റര്‍ ദേവന്‍ ആഗ്രഹിക്കുന്നതായും എന്നെ അറിയിച്ചു. എന്നാല്‍ എന്നിലേക്ക് എഴുന്നള്ളി വന്ന, എന്നെ ശുദ്ധത പാലിക്കുവാന്‍ സഹായിക്കുന്ന ദൈവത്തിന്റെ ആത്മാവിന്റെ ശക്തിയില്‍ ഞാന്‍ പ്രകാശവും ജ്ഞാനവുമുള്ളവളാകുകയും എന്റെ വിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ഡയോക്ലീഷനോ അവന്റെ അനുചരന്‍മാര്‍ക്കോ ഉത്തരം പറയാനാവാത്ത സത്യങ്ങള്‍ പ്രഘോഷിക്കുകയും ചെയ്തു. അവസാനം വിറളിപിടിച്ച ചക്രവര്‍ത്തി എന്റെ നേരെ പാഞ്ഞുവന്ന് എന്നെ ഒരു നങ്കുരത്തോട് ചേര്‍ത്ത് ബന്ധിച്ച് ടൈബര്‍ നദിയുടെ ആഴത്തിലേക്ക് വലിച്ചെറിയുവാന്‍ ഒരു പട്ടാളക്കാരനോട് ആജ്ഞാപിച്ചു. ഈ ആജ്ഞ നിറവേറ്റപ്പെടുകയുണ്ടായി. ഞാന്‍ നദിയില്‍ എറിയപ്പെട്ടു. എന്നാല്‍ രണ്ട് മാലാഖമാര്‍ വന്ന് നങ്കൂരത്തിന്റെ കെട്ടുകളഴിച്ചുവിട്ടു. നങ്കൂരം നദിയുടെ ആഴത്തിലേക്ക് പോയി. മാലാഖമാര്‍ എന്നെ വെള്ളത്തിന് മുകളിലൂടെ കരയ്‌ക്കെത്തിച്ചു. വലിയ ഭാരമുള്ള നങ്കൂരം ബന്ധിച്ച് കടലിലെറിഞ്ഞിട്ടും വളരെ സുരക്ഷിതമായി ഞാന്‍ കരയിലെത്തിയതിന് എല്ലാവരും സാക്ഷികളായിരുന്നു.

കരയില്‍ കാഴ്ചകണ്ടുനിന്നിരുന്ന അനേകര്‍ ഈ അത്ഭുതം കണ്ട് ക്രിസ്തുമതവിശ്വാസം സ്വീകരിക്കുകയും എന്റെ നാഥനെ അവരുടെ നാഥനും രക്ഷകനുമായി സ്വീകരിക്കുകയും ചെയ്തു. ഞാനൊരു മന്ത്രവാദിയായതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന് ഡയോക്ലീഷന്‍ പ്രഖ്യാപിച്ചു. റോമിന്റെ തെരുവീഥികളിലൂടെ എന്നെ അദ്ദേഹം വലിച്ചിഴക്കുകയും ഒന്നിനുപിറകെ ഒന്നായി അമ്പെയ്ത് എന്നെ ദാരുണമായി മുറിവേല്‍പിക്കുകയും ചെയ്തു. ശരീരത്തുനിന്ന് രക്തം വാര്‍ന്നൊഴുകിയെങ്കിലും എന്റെ ബോധം മറഞ്ഞില്ല. ഞാന്‍ മരിക്കുകയാണെന്ന് തോന്നിയപ്പോള്‍ എന്നെ വീണ്ടും ഇരുട്ടറയിലടക്കുവാന്‍ ഡയോക്ലീഷന്‍ ആജ്ഞാപിച്ചു. അവിടെയും സ്വര്‍ഗം എന്റെ സഹായത്തിനെത്തി. ആനന്ദകരമായ ഒരു നിദ്രയിലൂടെ കടന്നുപോയ ഞാന്‍ ഉണര്‍ന്നപ്പോള്‍ പൂര്‍ണമായും സുഖപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഞാന്‍ സുഖപ്പെട്ടിരിക്കുന്നതായി ഡയോക്ലീഷന്‍ അറിഞ്ഞു. അദ്ദേഹം കല്‍പിച്ചു; ”അവളെ വീണ്ടും അമ്പെയ്യുക. ആ പീഡനത്തില്‍ അവള്‍ മരിക്കട്ടെ.” അവര്‍ അദ്ദേഹത്തെ അനുസരിക്കുവാന്‍ ധൃതികൂട്ടി. എന്നാല്‍ അവരുടെ അമ്പുകള്‍ വളഞ്ഞുപോവുകയാണുണ്ടായത്. അവര്‍ക്കാവുന്നതെല്ലാം ചെയ്‌തെങ്കിലും എയ്തുവിടുന്ന അമ്പുകള്‍ അവരെ അനുസരിച്ചില്ല. അതു കാണുവാന്‍ ചക്രവര്‍ത്തിയും സന്നിഹിതനായിരുന്നു. ഞാനൊരു മന്ത്രവാദിനിയാണെന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് എന്റെ മന്ത്രത്തിനുള്ള പ്രതിവിധി അഗ്നിയാണെന്ന് അയാള്‍ പ്രഖ്യാപിച്ചു. കൂര്‍ത്ത അമ്പുകള്‍ തീയില്‍ വച്ച് പഴുപ്പിച്ചതിനുശേഷം എന്റെ ഹൃദയത്തിന് നേരെ എയ്യുവാന്‍ അവരോട് ഡയോക്ലീഷന്‍ ആജ്ഞാപിച്ചു. എന്നാല്‍ ആ അമ്പുകള്‍ പാതിവഴി സഞ്ചരിച്ചതിനുശേഷം മടങ്ങിച്ചെന്ന് എയ്തവരുടെ ജീവന്‍ അപഹരിച്ചു. ആറു പട്ടാളക്കാരാണ് അവിടെ മരിച്ചു വീണത്.

കണ്ടുനിന്നവരില്‍ പലരും വിജാതീയമതം ഉപേക്ഷിച്ചു. പരസ്യമായി, എന്നെ സംരക്ഷിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിലുള്ള വിശ്വാസം അവര്‍ ഏറ്റുപറഞ്ഞു. ഈ സംഭവങ്ങളെല്ലാം ചക്രവര്‍ത്തിയെ വല്ലാതെ ക്രുദ്ധനാക്കി. അദ്ദേഹത്തിന്റെ പ്രജകളില്‍ പലരും ക്രിസ്തുമതവിശ്വാസം സ്വീകരിക്കുന്നത് അദ്ദേഹത്തിന് സഹിക്കാനായില്ല. എന്റെ ശിരസ്സുഛേദിച്ച് എന്നെ എങ്ങനെയെങ്കിലും വധിക്കുവാന്‍ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എന്റെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. എന്റെ സ്വര്‍ഗീയമണവാളന്‍ എനിക്ക് കന്യകാത്വത്തിന്റെ കിരീടവും രക്തസാക്ഷിത്വത്തിന്റെ കുരുത്തോലയും തിരഞ്ഞെടുക്കപ്പെട്ടവരുടെയിടയില്‍ മഹനീയ സ്ഥാനവും നല്‍കി ആദരിച്ചു. എനിക്ക് അതിയായ സന്തോഷം നല്‍കിയ ആ ദിവസം ഒരു വെള്ളിയാഴ്ചയായിരുന്നു. എന്റെ ദിവ്യനാഥന്‍ ജീവന്‍ വെടിഞ്ഞ വൈകുന്നേരം മൂന്നുമണിയായിരുന്നു സമയം. ഫിലോമിനയുടെ ജീവിതത്തെക്കുറിച്ചുള്ള ഈ വിവരണത്തോടൊപ്പം മുഞ്ഞാണോയിലേക്ക് ഫിലോമിനയുടെ തിരുശേഷിപ്പുകള്‍ കൊണ്ടുവരുവാനുണ്ടായ ദിവസം ആഗസ്റ്റ് പത്തായി ക്രമീകരിച്ചതും ദൈവത്തിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് ആ സ്വരം സിസ്റ്റര്‍ ലൂയിസയോട് പറഞ്ഞു. മറ്റൊരു ദിവസമായിരുന്നു അതിന് നിശ്ചയിച്ചിരുന്നത് . എന്നാല്‍ പിന്നീട് അത് ആഗസ്റ്റ് പത്താക്കി മാറ്റുകയായിരുന്നുവെന്ന സത്യം ആര്‍ക്കും അറിവില്ലായിരുന്നു. ഈ അറിവുകള്‍ ചരിത്രപരമായി വളരെ യാഥാര്‍ത്ഥ്യമുള്ളതായിരുന്നു. അത്ഭുതങ്ങളുടെ പിന്‍ബലത്തോടെ ഫിലോമിന ജനഹൃദയങ്ങളില്‍ ഇന്നും മഹനീയമായ ഒരു സ്ഥാനം അലങ്കരിച്ചിരിക്കുകയാണ്.

അസാധ്യമെന്ന് കരുതുന്ന ഏതൊരു കാര്യവും ഫിലോമിനയുടെ മാദ്ധ്യസ്ഥത്തിനായി സമര്‍പ്പിച്ചുകൊണ്ട് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്നതാണ്. അവളുടെ വ്യത്യസ്തവും അത്ഭുതകരവുമായ ഇടപെടല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ദര്‍ശിക്കാനാവും. സഹനത്തിന്റേയും പീഡനങ്ങളുടേയും മദ്ധ്യേ കടന്നുപോകുന്നവര്‍ക്ക് വലിയൊരു സമ്മാനം ദൈവം സ്വര്‍ഗത്തില്‍ കരുതിവെച്ചിട്ടുണ്ട്. ദൈവം നിങ്ങളെയെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles