ദൈവസൂനൂവെ പോറ്റി വളർത്തിയ ഐഹിക പിതാവ്, വിശുദ്ധ യൗസേപ്പ്!

ഇന്ന് നാം യേശുവിൻറെ പിതാവായ വിശുദ്ധ യൗസേപ്പിനെക്കുറിച്ചാണ് ധ്യാനിക്കുക. സുവിശേഷകരായ മത്തായിയും ലൂക്കായും യൗസേപ്പിനെ അവതരിപ്പിക്കുന്നത് യേശുവിൻറെ ജീവശാസ്ത്രപരമായ പിതാവായിട്ടല്ല, വളർത്തു പിതാവായാണ്. യേശുവിൻറെ എല്ലാ പൂർവ്വികരെയും സംബന്ധിച്ച വംശാവലിയിൽ ഉപയോഗിച്ചിരിക്കുന്ന “ജനിപ്പിച്ചു” എന്ന സൂത്രവാക്യം ഒഴിവാക്കിക്കൊണ്ട് മത്തായി ഇത് വ്യക്തമാക്കുന്നു; “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ച മറിയത്തിൻറെ ഭർത്താവ്” (മത്തായി 1:16) എന്നാണ് മത്തായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. “കരുതപ്പെട്ടതുപോലെ” അവൻ യേശുവിൻറെ പിതാവാണ് എന്ന് പറഞ്ഞുകൊണ്ട് ലൂക്കാ ഇത് സ്ഥിരീകരിക്കുന്നു (ലൂക്കാ 3,23).

യൗസേപ്പിൻറെ പിതൃത്വം

യൗസേപ്പിൻറെ, നൈയമികമൊ വളർത്തുപിതാവ് എന്ന നിലയിലുള്ളതൊ ആയ, പിതൃത്വം മനസ്സിലാക്കണമെങ്കിൽ, പുരാതന കാലത്ത് കിഴക്കൻ പ്രദേശങ്ങളിൽ ദത്തെടുക്കൽ പതിവായിരുന്നു, ഇന്നത്തേതിനേക്കാൾ   വളരെ കൂടുതലായിരുന്നു എന്നത് കണക്കിലെടുക്കണം. വിധവയെ അവളുടെ മരിച്ചുപോയ ഭർത്താവിൻറെ സഹോദരൻ ഭാര്യയായി സ്വീകരിക്കണമെന്ന നിയമം “ലെവിറേറ്റ്” ഇസ്രായേലിൽ സാധാരണയായിരുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ.  നിയമാവർത്തനപുസ്തകത്തിൽ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “സഹോദരന്മാരിൽ ഒരാൾ കുട്ടികളില്ലാതെ മരിച്ചുപോയാൽ അവൻറെ ഭാര്യ അന്യനെയോ അപരിചിതനെയോ വിവാഹം ചെയ്തുകൂടാ. ഭർത്തൃസഹോദരൻ അവളെ പ്രാപിക്കുകയും ഭാര്യയായി സ്വീകരിച്ച് ഭർത്തൃസഹോദരധർമ്മം നിറവേറ്റുകയും വേണം. പരേതനായ സഹോദനൻറെ നാമം ഇസ്രായേലിൽ നിന്നു മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതന് അവൻറെ പേരിടണം” (നിയമാവർത്തനം 25,5-6). മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ കുട്ടിയുടെ ജനയിതാവ് ഭർത്തൃസഹോദരനാണെങ്കിലും മരിച്ചയാൾ നിയമപരമായ പിതാവായി തുടരുകയും, അത് നവജാതശിശുവിന് എല്ലാ പാരമ്പര്യ അവകാശങ്ങളും നൽകുകയും ചെയ്യുന്നു. ഈ നിയമത്തിന് ദ്വിവിധ ഉദ്ദേശങ്ങളാണ് ഉള്ളത്: മരിച്ചയാളുടെ വംശത്തിൻറെ തുടർച്ചയും പിതൃസ്വത്തിൻറെ സംരക്ഷണവും ഉറപ്പാക്കുക.

പൈതലിന് പേരിടാനുള്ള അവകാശം വിനിയോഗിക്കുന്ന യൗസേപ്പ്  

യേശുവിൻറെ നൈയമിക പിതാവെന്ന നിലയിൽ, യൗസേപ്പ് മകനെ നിയമപരമായി അംഗീകരിച്ചുകൊണ്ട് അവന് പേരിടാനുള്ള അവകാശം ഉപയോഗിക്കുന്നു.

പേരിടലിൻറെ പൊരുൾ

പുരാതന കാലത്ത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൻറെ സംഗ്രഹമായിരുന്നു പേര്. പേര് മാറ്റുക എന്നതിനർത്ഥം, ദൈവം “അനേകരുടെ പിതാവ്” എന്ന അർത്ഥം വരുന്ന “അബ്രഹാം” എന്ന് പേരുമാറ്റിയ “അബ്രാമിൻറെ” കാര്യത്തിലെന്നപോലെ, അവനവനെത്തന്നെ മാറ്റുകയാണ്. അബ്രഹാം “അനേകരുടെ പിതാവ്” ആണ്, “കാരണം – ഉല്പത്തി പുസ്തകം പറയുന്നു – അവൻ അനവധി ജനതകളുടെ പിതാവായിരിക്കും (ഉൽപ്പത്തി 17.5). “ദൈവത്തോട് യുദ്ധം ചെയ്യുന്നവൻ” എന്നർത്ഥം വരുന്ന “ഇസ്രായേൽ” എന്ന് വിളിക്കപ്പെടുന്ന യാക്കോബിൻറെ കാര്യത്തിലും അപ്രകാരം തന്നെയാണ്, കാരണം, തന്നെ അനുഗ്രഹിക്കുന്നതിന് ദൈവത്തെ നിർബന്ധിതിനാക്കാൻ അദ്ദേഹം അവിടന്നുമായി യുദ്ധം ചെയ്തു (ഉല്പത്തി 32,29; 35,10).

അധികാര സമർത്ഥനം

എന്നാൽ എല്ലാറ്റിനുമുപരിയായി, ആർക്കെങ്കിലും, അല്ലെങ്കിൽ, എന്തിനെങ്കിലും പേര് നൽകുന്നതിൻറെ അർത്ഥം, മൃഗങ്ങൾക്ക് പേരിട്ടുകൊണ്ട് ആദം ചെയ്തതു പോലെ (ഉല്പത്തി 2:19-20), പേരിട്ടത് എന്തിനാണോ അതിൻറെ മേലുള്ള സ്വന്തം അധികാരം പ്രഖ്യാപിക്കലാണ് എന്നാണ്.

ദൈവദത്ത നാമം

മറിയത്തിൻറെ പുത്രന് ദൈവം തയ്യാറാക്കിയ ഒരു നാമം ഉണ്ടെന്ന് ജോസഫിന് ഇതിനകം തന്നെ അറിയാമായിരുന്നു: “യേശു”, ഈ പേരിനർത്ഥം “കർത്താവ് രക്ഷിക്കുന്നു” എന്നാണ്. അത് ദൈവദൂതൻ അവനോട് ഇങ്ങനെ വിശദീകരിക്കുന്നു: “അവൻ തൻറെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും” (മത്തായി 1.21). യൗസേപ്പിൻറെ ഈ സവിശേഷത ഇന്ന് പിതൃത്വത്തെയും മാതൃത്വത്തെയും കുറിച്ച് ചിന്തിക്കാൻ നമ്മെ അനുവദിക്കുന്നു.

മാതാപിതാക്കളായിരിക്കുകയെന്നാൽ

മാതാപിതാക്കളായിരിക്കാൻ ഒരു കുഞ്ഞിനെ ലോകത്തിലേക്കു കൊണ്ടുവന്നാൽ മാത്രം പോരാ. “പിതാക്കന്മാർ ജനിക്കുകയല്ല, അവർ ആയിത്തീരുകയാണ്. ഒരു കുട്ടിക്ക് ജന്മം നൽകിയതുകൊണ്ട് മാത്രം ഒരാൾ അതായിത്തീരുന്നില്ല, മറിച്ച് ആ കുഞ്ഞിനെ ഉത്തരവാദിത്വത്തോടെ പരിപാലിക്കുമ്പോഴാണ്. ആരെങ്കിലും മറ്റൊരാളുടെ ജീവിതത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോഴെല്ലാം, ഒരു സവിശേഷാർത്ഥത്തിൽ അയാൾ ആ വ്യക്തിയുടെ കാര്യത്തിൽ പിതൃധർമ്മം വിനിയോഗിക്കുകയാണ്” (അപ്പൊസ്തോലിക ലേഖനം പാത്രിസ് കോർദെ).

ദത്തെടുക്കുന്നവരും മാതാപിതാക്കൾ

ദത്തെടുക്കൽ പ്രക്രിയയിലൂടെ ജീവനെ സ്വാഗതം ചെയ്യുന്നതിന് തുറവുകാട്ടുന്ന എല്ലാവരേയും കുറിച്ച്, പ്രത്യേകമായി, ഞാൻ ചിന്തിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു ബന്ധം രണ്ടാം തരമല്ല അത് ഒരു താൽക്കാലികമായ ഒന്നല്ല എന്ന് യൗസേപ്പ് നമുക്ക് കാണിച്ചുതരുന്നു. ഇത്തരത്തിലുള്ള ഒരു തിരഞ്ഞെടുപ്പ് സ്നേഹത്തിൻറെയും പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും പരമോന്നത രൂപങ്ങളിൽ പെട്ടതാണ്. തങ്ങളുടെ പരിപാലനം ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതിക്ഷിച്ചിരിക്കുന്ന കുട്ടികൾ ലോകത്ത് എത്രമാത്രം! അച്ഛനും അമ്മയും ആകാൻ ആഗ്രഹിക്കുന്നവരും എന്നാൽ ജീവശാസ്ത്രപരമായ കാരണങ്ങളാൽ അതിനു കഴിയാത്തവരുമായ ഭാര്യാഭർത്താക്കന്മാർ എത്രയാണ്!; അതുപോലെതന്നെ, കുടുംബസ്നേഹം അനുഭവിക്കാൻ കഴിയാതെപോയവരുമായി ആ സ്നേഹം പങ്കിടാൻ ആഗ്രഹിക്കുന്ന സന്താനഭാഗ്യമുള്ളവരും എത്രയാണ്!. ദത്തെടുക്കലിൻറെ പാത തിരഞ്ഞെടുക്കുന്നതിനും സ്വാഗതം ചെയ്യലിൻറെ “സാഹസികത” ഏറ്റെടുക്കുന്നതിനും നാം ഭയപ്പെടേണ്ടതില്ല.

കുഞ്ഞുങ്ങളുടെ അഭാവം    

ഇന്ന്, അനാഥത്വത്തിലും, ഒരു തരം സ്വാർത്ഥതയുണ്ട്. കഴിഞ്ഞ ദിവസം, ഞാൻ ഇന്നുള്ള ജനസംഖ്യാപരമായ ശൈത്യകാലത്തെക്കുറിച്ച് പരാമർശിക്കുകയുണ്ടായി: ആളുകൾ കുട്ടികളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, ഒരു കുഞ്ഞു മാത്രം, അല്ലെങ്കിൽ ഒന്നും വേണ്ട. പക്ഷേ അവർക്ക് രണ്ട് നായ്ക്കളുണ്ടാകും, രണ്ട് പൂച്ചകൾ ഉണ്ടാകും … അതെ, പട്ടികളും പൂച്ചകളുമാണ് കുഞ്ഞുങ്ങളുടെ സ്ഥാനത്ത്. അതെ, ഇത് തമാശയാണ്, ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ഇതാണ് യാഥാർത്ഥ്യം. പിതൃത്വത്തെയും മാതൃത്വത്തെയും നിരാകരിക്കുന്ന ഈ നിഷേധാത്മകത നമ്മെ ക്ഷയിപ്പിക്കുന്നു, നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. അങ്ങനെ പിതൃത്വത്തിൻറെയും മാതൃത്വത്തിൻറെയും സമ്പന്നത നഷ്ടപ്പെടുന്നതിനാൽ, നാഗരികത പഴയതും മനുഷ്യത്വ രഹിതവുമായിത്തീരുന്നു. കുട്ടികളില്ലാത്ത രാജ്യം യാതനയനുഭവിക്കുന്നു – ഒരാൾ സരസരൂപേണ പറഞ്ഞതുപോലെ – “ഇപ്പോൾ കുട്ടികളില്ലാത്തതിനാൽ എൻറെ പെൻഷന് ആവശ്യമായ നികുതി ആരാണ് അടയ്ക്കുക? ആരാണ് എന്നെ പരിപാലിക്കുക?”: അയാൾ ചിരിച്ചുകൊണ്ടാണ് ഇതു പറഞ്ഞത്, പക്ഷേ അതാണ് സത്യം.

മാതൃത്വവും പിതൃത്വും ജീവിത പൂർണ്ണത

മനഃസാക്ഷിയെ ഉണർത്താനും ഇതിനെക്കുറിച്ച്, അതായത്, കുട്ടികൾ ഉണ്ടാകുന്നതിനെക്കുറിച്ച് ചിന്തിക്കാനുമുള്ള കൃപ ഞാൻ വിശുദ്ധ യൗസേപ്പിനോട് അപേക്ഷിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൻറെ പൂർണ്ണതയാണ് പിതൃത്വവും മാതൃത്വവും. ഇതിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തിനു സ്വയം സമർപ്പിക്കുന്നവർക്ക് ആത്മീയ പിതൃത്വമുണ്ട്, ആത്മീയ മാതൃത്വമുണ്ട് എന്നത് സത്യമാണ്; എന്നാൽ ലോകത്ത് ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർ കുട്ടികളുണ്ടാകേണ്ടതിനെ കുറിച്ച്, ജീവൻ നൽകുന്നതിനെ കുറിച്ച് ചിന്തിക്കണം….. നിങ്ങൾക്ക് കുട്ടികളുണ്ടാകുന്നില്ലെങ്കിൽ, ദത്തെടുക്കലിനെക്കുറിച്ച് ചിന്തിക്കുക. ഇത് ഒരു സാഹസികതയാണ്, അതെ: ഒരു കുട്ടി ഉണ്ടാകുന്നത്, അത് സ്വാഭാവികമായാലും ദത്തെടുക്കലിലൂടെ ആയാലും, എല്ലായ്പ്പോഴും ഒരു സാഹസികത തന്നെയാണ്. എന്നാൽ ഇതൊന്നും ഇല്ലാത്തതും യഥാർത്ഥവും ആത്മീയവുമായ മാതൃത്വത്തെയും പിതൃത്വത്തെയും നിഷേധിക്കുന്നതും കൂടുതൽ അപകടകരമാണ്. പിതൃത്വത്തെയും മാതൃത്വത്തെയുംകുറിച്ചുള്ള അവബോധം സ്വമേധയാ വളർത്തിയെടുക്കാത്ത പുരുഷനും സ്ത്രീക്കും സത്താപരവും പ്രധാനപ്പെട്ടതുമായ ചിലത് നഷ്‌ടപ്പെടുന്നു. ദയവായി ഇതിനെക്കുറിച്ച് ചിന്തിക്കുക. ദത്തെടുക്കലിൻറെ ഈ അർത്ഥത്തിൽ സഹായിക്കാൻ സ്ഥാപനങ്ങൾ എപ്പോഴും തയ്യാറാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഒരു കുടുംബം ആവശ്യമുള്ള നിരവധി കൊച്ചുകുട്ടികളുടെയും സ്നേഹത്തിൽ സ്വയം നൽകാൻ ആഗ്രഹിക്കുന്ന നിരവധി ദമ്പതികളുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ പ്രക്രിയയെ സ്ഥാപനങ്ങൾ ഗൗരവമായി നിരീക്ഷിക്കുകയും ലളിതമാക്കുകയും ചെയ്യുമെന്ന് ഞാൻ കരുതുന്നു.

വിശുദ്ധ യൗസേപ്പിൻറെ മാദ്ധ്യസ്ഥ്യം യാചിക്കാം

പിതൃസന്നിഭസ്നേഹബന്ധം നഷ്ടപ്പെട്ടതായി തോന്നാൻ ആർക്കും ഇടയാകരുതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. അനാഥാത്വത്തിൻറെ അസുഖകരമായ അവസ്ഥയനുഭവിക്കുന്നവർക്ക് ഏറെ വിഷമകരമായ ഈ വികാരം കൂടാതെ മുന്നോട്ട് പോകാൻ കഴിയട്ടെ. വിശുദ്ധ യൗസേപ്പിതാവ് അനാഥർക്ക് തൻറെ സംരക്ഷണവും സഹായവും നൽകട്ടെ; മക്കളുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികൾക്ക് വേണ്ടി വിശുദ്ധ യൗസേപ്പ് മാദ്ധ്യസ്ഥ്യം വഹിക്കട്ടെ. ഇതിനായി നമുക്ക് ഏകയോഗമായി പ്രാർത്ഥിക്കാം:

വിശുദ്ധ യൗസേപ്പേ,

പിതാവിനടുത്ത സ്നേഹത്തോടെ യേശുവിനെ സ്നേഹിച്ച നീ,

കുടുംബമില്ലാത്തവരും അപ്പനും അമ്മയും വേണമെന്ന് ആഗ്രഹിക്കുന്നവരുമായ നിരവധി കുട്ടികളുടെ ചാരത്തായിരിക്കുക.

കുട്ടികളുണ്ടാകാത്ത ദമ്പതികൾക്ക് തുണയായിരിക്കുക, അവരുടെ ഈ സഹനം വഴി

കൂടുതൽ വലിയൊരു പദ്ധതി കണ്ടെത്താൻ അവരെ നീ സഹായിക്കുക.

എല്ലാവർക്കും വീടും കുടുംബബന്ധവും ഉറപ്പാക്കുക,

അവനെ അല്ലെങ്കിൽ അവളെ പരിപാലിക്കുന്ന ഒരാൾ ഉണ്ടായിരിക്കട്ടെ;

ജീവിതത്തോട് സ്വയം അടച്ചിടുന്നയാളുടെ സ്വാർത്ഥതയെ നീ സൗഖ്യമാക്കുക,

അങ്ങനെ സ്നേഹത്തോട് ഹൃദയം മലർക്കെ തുറന്നിടാൻ അയാൾക്കു സാധിക്കട്ടെ. 

നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles