വി. യൗസേപ്പിതാവും പരി. മറിയവും സാത്താന്റെ പീഡകളെ പരാജയപ്പെടുത്തിയതെങ്ങനെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 48/100

ദരിദ്രരായിരുന്നെങ്കിലും വിശുദ്ധരായ ആ ദമ്പതിമാര്‍ ദാനധര്‍മ്മം നല്കുന്നതില്‍ നിന്നു വിട്ടുനിന്നില്ല. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലം ലഭിക്കുമ്പോഴെല്ലാം അതിലൊരു ഭാഗം പാവങ്ങള്‍ക്കായി സന്തോഷത്തോടെ അവര്‍ മാറ്റിവയ്ക്കുമായിരുന്നു. താന്‍ ചെയ്യുന്ന ജോലിയുടെ പ്രതിഫലം പരിശുദ്ധ കന്യക ഒരിക്കലും സ്വന്തമായി കൈകാര്യം ചെയ്തിരുന്നില്ല. അത് ജോസഫ് സ്വീകരിച്ച് അവന്റെ അഭീഷ്ടമനുസരിച്ച് കൈകാര്യം ചെയ്യുവാനാണ് അവള്‍ ആഗ്രഹിച്ചിരുന്നത്. ദാനധര്‍മ്മമായി എന്തെങ്കിലും നല്കണമെന്ന് മാത്രമാണ് അവള്‍ ആവശ്യപ്പെട്ടിരുന്നത്. ദാനം നല്കുന്നതിന് ജോസഫിന് സ്വയമേവ ഒരു ചായ്വും ഉണ്ടായിരുന്നതിനാല്‍ അവളുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിന് അവന്‍ സദാ സന്നദ്ധനായിരുന്നു.

അവന് എന്തെങ്കിലും ധനം കൈയില്‍ ലഭിച്ചാല്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്കുള്ളതുമാത്രം എടുത്തിട്ടു ബാക്കിമുഴുവന്‍ അവന്‍ പാവങ്ങള്‍ക്ക് നല്കിയിരുന്നു. ദൈവസന്നിധിയില്‍ തങ്ങള്‍ കൂടുതല്‍ സംപ്രീതരായി വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനെ എത്രയും പെട്ടെന്ന് അയയ്ക്കുവാന്‍ അവിടുന്ന് തിരുമനസ്സാകാനായി മദ്ധ്യസ്ഥരായി നിലകൊള്ളണമെന്നുള്ള ആഗ്രഹത്തോടെയാണ് അവരിത് ചെയ്തിരുന്നത്. ഈ നിയോഗത്തിനായി അവര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കാരണം ഇതെല്ലാം ദൈവത്തെ പ്രസാദിപ്പിക്കുമെന്നും അവിടുന്ന് കൂടുതല്‍ കൃപാവരങ്ങള്‍ വര്‍ഷിക്കുവാന്‍ കാരണമാകുമെന്നും അവരറിഞ്ഞിരുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പരപൂര്‍ണ്ണത നിഴലിച്ചിരുന്നു. എല്ലാക്കാര്യങ്ങളിലും ദൈവതിരുമനസ്സും അവിടുത്തെ ആനന്ദവും അവിടുത്തെ മഹത്വവും മാത്രം അന്വേഷിച്ച് അവര്‍ അവിടുത്തെ വിശ്വസ്തതയോടെ സ്‌നേഹിച്ചുപോന്നു. ഇതിനെല്ലാം പകരം അവരുടെ ഈ വിശ്വസ്തസേവനങ്ങളിലും പ്രവൃത്തികളിലുമുള്ള തന്റെ സംപ്രീതി വളരെ വ്യക്തമായി ദൈവം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു.

സാത്താന്‍, വെറുപ്പു നിറഞ്ഞ ആ പ്രതിയോഗി, ഇതെല്ലാം കണ്ട് തന്റെ പല്ലു ഞെരിച്ചു. ജോസഫിനോടും അവന്റെ ഭാര്യയോടും അവന്‍ അരിശം പൂണ്ടു. ഈ ലോകത്തില്‍ ഇത്രയും തീക്ഷ്ണമായി തേജസ്വീകരളെ കാണുക അവന് അസഹനീയമായി അനുഭവപ്പെട്ടിരുന്നു. കാരണം വിശുദ്ധരായ ഈ സൃഷ്ടികളുടെ സവിശേഷപുണ്യങ്ങളാല്‍ അവന്റെ ശക്തി കുറഞ്ഞുപോകുന്നതായി അവന്‍ കണ്ടു. അവരുടെ എളിമയാലും വിശുദ്ധിയാലും പരിത്യാഗജീവിതത്താലും അവന് വളരെയധികം തിരിച്ചടികള്‍ ലഭിച്ചുകഴിഞ്ഞതിനാലും അത്യുന്നതമായ ഒരു ശക്തി അവനെ തടഞ്ഞിരുന്നതിനാലും, അവരെ സമീപിക്കാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. ഇതവനെ കോപാക്രാന്തനാക്കിത്തീര്‍ത്തു. ആ ദമ്പതിമാരുടെ ഇടയില്‍ ഭിന്നത സൃഷ്ടിക്കാനായി ആ കൗശലം നിറഞ്ഞ ദുഷ്ടശക്തി എല്ലാ മാര്‍ഗ്ഗങ്ങളും പഴുതുകളും അന്വേഷിക്കാന്‍ തുടങ്ങി. തന്നോടുതന്നെ അവന്‍ വീമ്പടിച്ചു. ‘അവരുടെ പരസ്പര സ്‌നേഹം നശിപ്പിച്ചാല്‍, എനിക്ക് പെട്ടെന്നു തന്നെ ലക്ഷ്യം സാധിച്ചെടുക്കാന്‍ കഴിയും.’ ഇതിനെ പ്രാവര്‍ത്തികമാക്കുവാന്‍ അവരുടെ ചില അയല്‍ക്കാരെ അവന്‍ ഇളക്കിവിട്ടു.

മറിയവും ജോസഫും തമ്മിലുള്ള പരസ്പര സ്‌നേഹവും ഐക്യവും ദര്‍ശിച്ച ചില അയല്‍ക്കാരില്‍ അവരോടുള്ള അസൂയ ആളിക്കത്താന്‍ തുടങ്ങി. തത്ഫലമായി അവര്‍ ജോസഫിന്റെ അടുക്കല്‍ ഇടയ്ക്കിടയ്ക്ക് ചെന്ന് തന്റെ ഭാര്യയെക്കുറിച്ച് അപവാദങ്ങള്‍ പറയാന്‍ തുടങ്ങി. അവള്‍ ജോലിയൊന്നും ചെയ്യാതെ എപ്പോഴും അലസമായി കഴിയുന്നുവെന്നും ജോസഫിന്റെ കാര്യത്തില്‍ അവള്‍ക്ക് വലിയ ശ്രദ്ധയൊന്നുമില്ലെന്നും അവനെ താത്പര്യത്തോടെ സേവിക്കുന്നിലായെന്നുമൊക്കെ അവര്‍ അവനോട് പറഞ്ഞു.

ഈ പരദൂഷകര്‍ തിന്മകള്‍ക്കു വശംവദരായി മറിയത്തില്‍ പല കുറ്റങ്ങളും ആരോപിക്കുകയും അവയെല്ലാം പെരുപ്പിച്ച് ജോസഫിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു. തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് ആരെയും വിശ്വസിപ്പിക്കാന്‍ തക്കവിധത്തിലും ജോസഫിനെപ്പോലുള്ള ഒരു വ്യക്തിക്ക് തന്റെ ഭാര്യയോട് അരിശംകൊള്ളുവാന്‍ തക്കവിധത്തിലും അത്രയും കൗശലപൂര്‍വ്വവും ശുഷ്‌കാന്തിയോടുംകൂടിയുമാണ് അവര്‍ അത് അവരിപ്പിച്ചത്. അവരുടെ ഈ ആക്രമണത്തെ മറിയത്തെക്കുറിച്ചുള്ള സ്തുതിവാചകങ്ങള്‍ പറഞ്ഞുകൊണ്ടാണ് ജോസഫ് നേരിട്ടത്. ഇത് അവരെ നാണംകെടുത്തുകയും സാത്താനെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഈ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ അവര്‍ ഒരിക്കലും ധൈര്യപ്പെട്ടില്ല.

മറ്റുചിലര്‍ മറിയത്തിന്റെ അടുക്കല്‍ ചെന്ന് ജോസഫിലുള്ള അവളുടെ താത്പര്യം നശിപ്പിക്കാനായി അവനെപ്പറ്റി വളരെ മോശമായ കാര്യങ്ങള്‍ അവളോടു പറഞ്ഞു. മറിയം തന്റെ വിവേചന ശക്തിയാല്‍ ഇതിലെ കെണി വ്യക്തമായി മനസ്സിലാക്കി. മറിയം തന്റെ മറുപടിയിലൂടെ ഈ കിംവദന്തിക്കാരെ നാണംകെടുത്തുക മാത്രമല്ല, സ്വന്തം തെറ്റിനെക്കുറിച്ച് അനുതപിക്കാനും അവര്‍ക്ക് അവസരമൊരുക്കി. മറിയത്തിന്റെ സുകൃതങ്ങളിലും ജ്ഞാനത്തിലും വിശുദ്ധിയിലും അത്ഭുതപ്പെട്ടുകൊണ്ട് മാനസാന്തരപ്പെട്ട വ്യക്തികളായിട്ടാണ് അവര്‍ ഭവനത്തിലേക്ക് തിരിച്ചുപോയത്. സാത്താന്‍ പൂര്‍വ്വാധികം ക്രുദ്ധനായി അവര്‍ക്കെതിരെ തിരഞ്ഞു. സ്വന്തം സുകൃതങ്ങളാല്‍ തന്നെ അശക്തനാക്കുന്ന എത്രയും പരിശുദ്ധ കന്യകയോട് അവന്‍ കൂടുതല്‍ കോപിഷ്ഠനായിത്തീര്‍ന്നു. അവളെ ചിന്താക്കുഴപ്പത്തിലാക്കാന്‍ പരിശ്രമിച്ചങ്കിലും അവന്‍ തീര്‍ത്തും പരാജിതനായി. എന്തുകൊണ്ടാണ് മറിയത്തിന് തന്റെമേല്‍ ഇത്രയധികം ശക്തിയെന്ന് അവന് മനസ്സിലാക്കാന്‍ സാധിച്ചില്ല. എല്ലാവരെയും പോലെ ഒരു സൃഷ്ടിമാത്രമായാണ് അവന്‍ അവളെ കരുതിയിരുന്നത്. അവളുടെ ആത്മാവില്‍ നിറഞ്ഞു പ്രശോഭിച്ചിരുന്ന കൃപാവരങ്ങളുടെ സമൃദ്ധിയെക്കുറിച്ചോ അതിസ്വാഭാവിക ശക്തികളെക്കുറിച്ചോ അവന് ഒന്നുംതന്നെ അറിയുവാന്‍ കഴിഞ്ഞിരുന്നില്ല.

തനിക്കും തന്റെ ഭര്‍ത്താവിനുമെതിരായി ശത്രു പ്രത്യേകമായ വിധത്തില്‍ തിരിഞ്ഞിരിക്കുകയാണെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ മറിയം വളരെ വിനയപൂര്‍വ്വം അവരുടെ ശത്രുവിന്റെ കൗശലപൂര്‍വ്വമായി കെണികളെപ്പറ്റി ശ്രദ്ധയുള്ളവനായിരിക്കണമെന്ന് ജോസഫിനെ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ പ്രതിയോഗിയുടെ ശക്തിയെ നിഷ്പ്രഭമാക്കാനായി അവര്‍ അവരുടെ പ്രാര്‍ത്ഥനകളും ഉപവാസവും എളിമപ്പെടുത്തലുകളും ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു. അവരുടെ കൂട്ടായ പരിശ്രമം സാത്താനെ കീഴ്‌പ്പെടുത്തുകയും ദൈവസന്നിധിയില്‍ അവരെ കൂടുതല്‍ യോഗ്യരാക്കിത്തീര്‍ക്കുകയും ചെയ്തു.

വളരെ കഠിനമായി അദ്ധ്വാനിക്കേണ്ടിവരുന്ന ചിലയവസരങ്ങളില്‍ ജോസഫ് തന്റെ ഭാര്യയെ സമീപിച്ച് തനിക്കുവേണ്ടി ദൈവസ്തുതികള്‍ ആലപിക്കുവാന്‍ ദയവുണ്ടാകുമോയെന്ന് ചോദിച്ചിരുന്നു. അതുവഴി അവന്‍ ക്ഷീണം വിട്ട് ഉന്മേഷവാനായിത്തീരുമായിരുന്നു. പരിശുദ്ധ കന്യക അവന്റെ ആഗ്രഹങ്ങള്‍ എപ്പോഴും സന്തോഷപൂര്‍വ്വം സാധിച്ചുകൊടുത്തിരുന്നു. ജോസഫിനെ പൂര്‍ണ്ണമായും ദൈവത്തില്‍ അമഗ്നനാക്കുവാന്‍ തക്കവിധം ശ്രേഷ്ഠമായിരുന്നു മറിയത്തിന്റെ ദൈവസ്തുതിയുടെ ആലാപനം.

ഒരിക്കല്‍ അവന്‍ മറിയത്തോട് പറഞ്ഞു: ‘എന്റെ പ്രിയപ്പെട്ടവളെ. ദുഃഖിതമായിരിക്കുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരുവാന്‍ നിന്റെ ഗാനാലാപം മാത്രം മതിയാകും! ഇതുവഴി എന്തൊരാനന്ദമാണ് നീ എനിക്ക് പ്രദാനം ചെയ്യുന്നത്! എന്റെ ക്ഷീണത്തിന് എന്തൊരാശ്വാസമാണ്! നിന്റെ പാട്ടുകളോ സംഭാഷണമോ ശ്രവിക്കുന്നത് എത്രയോ ഉന്നതമായ ആനന്ദമാണ് എന്നില്‍ നിറയ്ക്കുന്നത്! നിന്റെ ഒറ്റ കടാക്ഷം മാത്രംമതി ആശ്വാസം പകരുവാന്‍; എങ്കില്‍ നിന്റെ സംഭാഷണത്തിന്റെയോ പാട്ടുകളുടെയോ ശബ്ദം എത്രമാത്രം കൂടുതലായി ആശ്വാസം പകരുന്നുവെന്ന് നിനക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇത്രയും ഉന്നതമായ ഒരു സമ്മാനം എനിക്ക് നല്കിയതിന് ദൈവികനന്മയ്ക്ക് ഞാനെങ്ങനെ പകരം നല്കും?’

എത്രയും പരിശുദ്ധ കന്യകയ്ക്ക് ഈ വാക്കുകള്‍ എല്ലാ നന്മകളുടെയും ഉറവിടമായ ദൈവത്തിന് അധികമായി സ്തുതികളര്‍പ്പിക്കാനുള്ള ഒരവസരംകൂടിയായി മാറി. തന്റെ ഭര്‍ത്താവിനെ ദൈവസ്‌നേഹത്തിന്റെ നിരന്തരമായ വര്‍ദ്ധനവിലേക്ക് അവള്‍ തിരിച്ചുവിട്ടു. തത്ഫലമായി അവടുത്തെ സന്നിധിയില്‍ അവന്‍ കൂടുതല്‍ സ്വീകൃതനായി മാറി. അവള്‍ അവനോടു പറഞ്ഞു: ‘അങ്ങയുടെ കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിും നിന്ന് അങ്ങയെ മോചിപ്പിക്കാനും ആശ്വസിപ്പിക്കാനും വേണ്ടിയാണ് ദൈവം എന്‍രെ ഹൃദയത്തിലേക്ക് ഈ കൃപാവരങ്ങളെല്ലാം ചൊരിഞ്ഞിരിക്കന്നത്.’ വിശുദ്ധന്റെ ദൈവത്തോടുള്ള സ്‌നേഹവും നന്ദിയും പെട്ടെന്നുതന്നെ ഉയര്‍ച്ച പ്രാപിക്കുകയും തന്റെ പരിശുദ്ധയായ വധുവിന്റെ സുകൃങ്ങളെക്കുറിച്ചോര്‍ത്ത് തുടര്‍ന്നും ആശ്ചര്യപ്പെടുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles