പരി. കന്യാമറിയത്തിന്റെ ശക്തമായ പ്രാര്‍ത്ഥനയാല്‍ വി. യൗസേപ്പിതാവ് അനുഗ്രഹം പ്രാപിച്ചതെങ്ങനെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 32/100

ഒരു ദിവസം, തന്റെ സ്നേഹഭാജനമായ ഏകദൈവത്തിന്റെ അഭാവത്തിൽ പതിവിൽ കവിഞ്ഞ മനോവേദനയിൽ വലിയ ഉൽക്കണ്ഠയിലും ആകുലതയിലും വിശുദ്ധൻ നിപതിച്ചു. ജീവിതം വലിയ ഭാരമായി തോന്നി. ആഴമായ വിശ്വാസത്താലും ശരണത്താലും പ്രേരിതനായി ദൈവാലയത്തിൽ ചെന്ന് വീണ്ടും ദൈവത്തോട് തീക്ഷ്ണമായി പ്രാർത്ഥിക്കുവാൻ തുടങ്ങി. ദൈവാലയത്തിൽ വസിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിലൂടെ ദൈവത്തിന് ലഭിക്കുന്ന സംപ്രീതിയാൽ താൻ ആഗ്രഹിക്കുന്ന ആശ്വാസങ്ങൾ തനിക്ക് നല്കുവാൻ തിരുവുള്ളമാകണമെന്ന് അവൻ ദൈവത്തോട് അർത്ഥിച്ചു. ദൈവം തന്റെ പ്രാർത്ഥന സ്വീകരിക്കുമെന്ന് അവൻ പ്രത്യാശിച്ചു.

അരൂപിയിൽ ജോസഫിന്റെ ആവശ്യങ്ങളും കഷ്ടതകളും ഗ്രഹിക്കുവാൻ അത്യുന്നതനായ ദൈവം കന്യകാമറിയത്തെ പ്രചോദിപ്പിച്ചു. അതിനാൽ ജോസഫ് ഈ പ്രാർത്ഥന നടത്തിയ അതേസമയത്തുതന്നെ മറിയവും ജോസഫിനുവേണ്ടി തന്റെ പ്രാർത്ഥനകൾ അർപ്പിക്കാൻ തുടങ്ങിയിരുന്നു. അവസാനം അവളുടെയും തന്റെ വിശ്വസ്ത ദാസന്റെയും പ്രാർത്ഥനകൾക്ക് ഉത്തരമായി ജോസഫിന് തന്നെത്തന്നെ വെളിപ്പെടുത്താൻ ദൈവം തിരുമനസ്സായി.

വളരെ ഉന്നതമായ രീതിയിലാണ് അവിടുന്ന് പ്രവർത്തിച്ചത്. അവന്റെ മനസ്സിനെ ആത്മീയപ്രകാശത്താൽ പൂരിതമാക്കുകയും ഹൃദയത്തെ ദൈവസ്നേഹത്തിൽ അതിയായി ജ്വലിപ്പിക്കുകയും ചെയ്തു. തന്റെ അന്തരാത്മാവിൽ അവിടുത്തെ സ്വരം ശ്രവിക്കുവാൻ അവനെ പ്രാപ്തനാക്കി. അവിടുന്ന് പറഞ്ഞു: “എന്റെ വിശ്വസ്തദാസനും സ്നേഹിതനുമായ ജോസഫ്, ഭയപ്പെടേണ്ട, ഞാൻ നിന്റെ കൂടെയുണ്ട്. ഞാൻ നിന്നെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എന്റെ സ്നേഹവും കൃപകളും എപ്പോഴും നിനക്കു നല്കുമെന്ന് ഞാൻ ഉറപ്പുതരുന്നു. “

വളരെ ആശ്വാസജനകമായ ഈ വാക്കുകൾ ശ്രവിച്ച വിശുദ്ധൻ ദൈവാത്മാവിൽ ലയിച്ച് പൂർണ്ണമായും ദൈവത്തിൽ ഒന്നായിത്തീർന്നു. തന്റെ അന്തരാത്മാവിൽ ഇത്രയും ഉദാരമായി പ്രവർത്തിക്കുന്ന ദൈവത്തിൽ അവൻ ആനന്ദതരളിതനായിത്തീർന്നു. ദൈവികജ്ഞാനത്താൽ വളരെയധികം സ്വർഗ്ഗീയരഹസ്യങ്ങൾ ആ സമയത്ത് അവനു വെളിപ്പെടുത്തി കിട്ടി. അതുവഴി തന്റെ സുഹൃത്തുക്കളെ കൂടുതൽ നല്ലവരാക്കിത്തീർക്കുവാൻ ജോസഫിനു കഴിഞ്ഞു. എന്നാൽ അവൻ വളരെ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവരുമെന്നു വെളിപ്പെടുത്തുകയും ചെയ്തു.

ദൈവത്തിന്റെ മുമ്പിൽ ഏറ്റം പരിശുദ്ധയായ കന്യാമറിയത്തിന്റെ ശക്തമായ പ്രാർത്ഥനയിലൂടെയും അനുഗ്രഹം പ്രാപിക്കാൻ കഴിയുമെന്ന് വിശുദ്ധൻ മനസ്സിലാക്കിയിരുന്നു. തന്നെത്തന്നെ പൂർണ്ണമായും ദൈവത്തിന് സമർപ്പിക്കുകയും മറിയം തന്നോട് കാണിച്ച സ്നേഹത്തിന് അവൾക്കു പ്രതിഫലം നല്കണമയെന്ന് ദൈവത്തോട് അവൻ അപേക്ഷിക്കുകയും നന്ദി പറയുകയും ചെയ്തു. അതേസമയം തന്റെ ഹൃദയത്തിൽ അവളോട് ഒരു ആകർഷണം അനുഭവപ്പെടുകയും ചെയ്തു. ദൈവത്തിന്റെ നന്മയിലും അവിടുത്തെ സ്നേഹത്തിലും അവന് ആഴമായ ബോദ്ധ്യം അനുഭവപ്പെടാൻ തുടങ്ങി. തന്റെ ഇല്ലായ്‌മകളുടെ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങി. സഷ്ടാവിന്റെ ദൃഷ്ടിയിൽ സ്വയം എളിമപ്പെടുത്തി.  ദൈവത്തിന്റെ അനന്തനന്മയിൽ അവിടുത്തെ സഹായവും സംരക്ഷണവും അവൻ തീക്ഷ്ണതയോടെ യാചിച്ചു.

ഈ പ്രാർത്ഥനകൾക്കുശേഷം ആശ്വാസഭരിതനായി അവൻ ദൈവദായത്തിൽനിന്ന് പുറത്തു പോയി. തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ദാവീദിന്റെ വാക്കുകളാണ് അവന് അഭികാമ്യമായി തോന്നിയത്. “ദൈവം ഇസ്രായേലിന് നല്ലവനാണ്. നിർമ്മലമായ ഹൃദയമുള്ളവർക്കുതന്നെ” (സങ്കീ. 73:1). ഇതോടൊപ്പം മറ്റൊന്നുകൂടി അവൻ ഹൃദയത്തിൽ ഏറ്റുപറഞ്ഞു: “എന്റെ ഹൃദയത്തിന്റെ ആകുലതകൾ വർദ്ധിക്കുമ്പോൾ അങ്ങ് നല്കുന്ന ആശ്വാസം എന്നെ ഉന്മേഷഭരിതനാക്കുന്നു” (സങ്കീ. 94:19).

രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ട് അവനോട് പറഞ്ഞു: കഷ്ടതയിൽ അവൻ പ്രദർശിപ്പിച്ച വിശ്വസ്തതയിലും ക്ഷമയിലും ദൈവം വളരെ സംപ്രീതനാണ്. അതിന് പ്രതിഫലമായി അവന്റെ ആത്മാവിനെ കൃപാവരങ്ങളാൽ നിറച്ചിരിക്കുന്നു. ദൈവം വളരെ കഠിനമായ കഷ്ടതകൾ അവനിലേക്ക് അയയ്ക്കുവാൻ തിരുമനസ്സായിരിക്കുന്നതിനാൽ ഭാവിയിൽ കൂടുതൽ വിശ്വാസവും ക്ഷമയും അവന് ആവശ്യമായിവരുമെന്നും അവൻ അതിനായി സ്വയം തയ്യാറാകണമെന്നും എന്നാൽ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ദൈവം അവനെ സഹായിക്കുകയും വളരെയധികം സമാശ്വാസങ്ങൾ അവന് നല്കുകയും ചെയ്യുമെന്ന് പറഞ്ഞു. അത്ര ശ്രേഷ്ഠവും ഉന്നതവുമായിരിക്കും എന്നും മാലാഖ അവനെ അറിയിച്ചു. മാലാഖയുടെ വാക്കുകളിലൂടെ ജോസഫ് വളരെയധികം ഉത്സാഹഭരിതനായി. ദൈവം തന്നെ കൈവിടുകയില്ലെങ്കിൽ എത്ര വലിയ കഷ്ടതകളും സന്തോഷപൂർവ്വം സ്വീകരിക്കുവാൻ ഒരുക്കമാണെന്ന് ജോസഫ് ഉദ്ഘോഷിച്ചു.

ജോസഫ് തന്റെ ക്ഷമാശീലവും സഹനശക്തിയും നാനാമുഖമായ സുകൃതാഭ്യാസങ്ങളും, നശ്വരവും ക്ഷണികവുമായ കാര്യങ്ങളോടുള്ള അകൽച്ചയും, ആത്മനിയന്ത്രണവും ദൈവത്തിനുവേണ്ടി നിന്ദിക്കപ്പെടുന്നതിലുള്ള ആനന്ദവുംവഴി താൻ ആരാണെന്ന് ദൈവതിരുമുമ്പിൽ പരീക്ഷണവിധേയനാക്കുകയും തെളിയിക്കപ്പെടുകയും ചെയ്തു. രക്ഷകന്റെ പഠനങ്ങളും ജീവിതമാതൃകയും ജോസഫിന്റെ ജീവിതത്തിലും പ്രകടമായിരുന്നു. മറ്റു വിശുദ്ധരുമായി തട്ടിച്ചുനോക്കുമ്പോൾ ജോസഫിന്റെ ജീവിതം തികച്ചും വ്യത്യസ്തവും അത്യന്തം ശ്രേഷ്ഠവുമാണ്. കാരണം മനുഷ്യനായി അവതരിച്ച ദൈവത്തെ ദർശിക്കാനോ അവന്റെ പ്രബോധനങ്ങൾ ശ്രവിക്കാനോ ജോസഫിന് അപ്പോൾ ഭാഗ്യം സിദ്ധിച്ചിരുന്നില്ല. എന്നിട്ടും അദ്ദേഹം വളരെയധികം സുകൃതസമ്പന്നനും പെരുമാറ്റത്തിൽ വളരെ പൂർണ്ണത നേടിയവനുമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles