പൈശാചിക പീഡകളെ കീഴ്‌പ്പെടുത്തി ദൈവസന്നിധിയില്‍ മഹത്വമാര്‍ജ്ജിക്കാന്‍ വി. യൗസേപ്പിതാവിന് സാധിച്ചത് എങ്ങനെയന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 29/100

ദൈവത്തിൽനിന്ന് വിശേഷാൽ കൃപകളും അനുഗ്രഹങ്ങളും ലഭിക്കുകയും അവിടുത്തെ ദിവ്യസ്നേഹത്തിന്റെ മാധുര്യവും രുചിയും ആസ്വദിക്കുകയും ചെയ്തുകഴിഞ്ഞപ്പോൾ സാത്താന്റെ ദുഷ്പ്രരണയാൽ മറ്റു വ്യക്തികളിലൂടെ വളരെയധികം പീഡകൾ സഹിക്കാൻ ജോസഫിനെ ദൈവം വിട്ടുകൊടുത്തു. ഈ കഷ്ടപ്പാടുകളും ദുരിതങ്ങളുംവഴി കൂടുതൽ മഹത്വമാർജ്ജിക്കാനും വിശുദ്ധന് അവസരം ലഭിക്കേണ്ടതിനായിരുന്നു അത്.

പിശാചിന് ജോസഫിനോട് അതികഠിനമായ വെറുപ്പുണ്ടായിരുന്നു. അദ്ദേഹത്തിൽനിന്ന് പ്രസരിച്ചിരുന്ന പ്രകാശവും സുകൃതങ്ങളും കാണുന്നതുപോലും അവന് അസഹനീയമായിരുന്നു. ദൈവതിരുഹിതത്താൽ അല്പം അകലം പാലിക്കാൻ അവൻ നിർബന്ധിതനായിരുന്നെങ്കിലും, ജോസഫിന്റെ ക്ഷമയും ശാന്തതയും നശിപ്പിക്കാൻ അദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ജോസഫിന്റെ പല അയൽക്കാരിലും അദ്ദേഹത്തോട് വിദ്വേഷം അവൻ കുത്തിനിറച്ചു. ജോസഫിനെ കാണുന്നതുപോലും അവർക്കിഷ്ടമില്ലാത്തവിധത്തിൽ അത്രമാത്രം കഠിനമായിരുന്നു അവരുടെ വെറുപ്പ്. ദൈവാലയത്തിൽ പോകുന്നതിനോ മറ്റെന്തെങ്കിലും കാര്യത്തിനോ ജോസഫ് പുറത്തു പോകുന്നതിനിടയിൽ അവർ അദ്ദേഹത്തെ കാണുമ്പോൾ കോപാക്രാന്തരായി ചീറിയടുക്കുമായിരുന്നു.

വിശുദ്ധൻ അവരുടെ പരിഹാസങ്ങളെ ഗൗനിക്കാതിരുന്നപ്പോഴും കാരണം കൂടാതെ അവർ കൂടുതൽ കുപിതരായി നിന്ദിക്കുമായിരുന്നു. ജോസഫ് ഏകനായി ജീവിക്കേണ്ടിവന്നത് അവനെ ആർക്കും ഇഷ്ടമില്ലാത്തതുകൊണ്ടാണെന്ന് അവർ ദുഷ്പ്രചരണം നടത്തി. അവൻ ഒരു കപടനാട്യക്കാരനും കപടഭക്തനുമാണെന്നും പുണ്യത്തിന്റെ മുഖംമൂടി അണിയുന്നവനാണെന്നും അവർ പറഞ്ഞു പരത്തി. വിശുദ്ധൻ  അവർക്കെതിരായി യാതൊരുവിധ പ്രതികരണവും നടത്തിയില്ല. തലകുനിച്ച് അവൻ ധ്യതിയിൽ മുന്നോട്ടു നടന്നുപോകുകയും, ഒപ്പം തന്നോട് അപമര്യാദയായി പെരുമാറുന്നവർക്കുവേണ്ടി ദൈവസന്നിധിയിൽ പ്രാർത്ഥനകൾ ഉയർത്തുകയും മാത്രമാണ് ചെയ്തത്.

ഒരിക്കൽ ഇങ്ങനെ സംഭവിച്ചു: ആ അധമന്മാരിൽ ഒരാളുടെ എന്തോ വസ്തു മോഷ്ടിക്കപ്പെട്ടു; സ്വാഭാവികമായും മോഷണക്കുറ്റം പെട്ടെന്നുതന്നെ ജോസഫിന്റെമേൽ അവർ ആരോപിച്ചു. അവർ ജോസഫിന്റെ വർക്ക്ഷോപ്പിൽ പ്രവേശിച്ച് എല്ലാ സാധനങ്ങളും വലിച്ചുവാരി താറുമാറാക്കി പരിശോധന നടത്തി. കളവുപോയ വസ്തു എത്രയും വേഗം ജോസഫ് തിരികെ ഏല്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവർ അവന്റെമേൽ ഭർത്സനങ്ങൾ ചൊരിഞ്ഞു. കോടതിയിൽ കേസ് കൊടുക്കുമെന്നും അവനെ ശിക്ഷിക്കുമെന്നും പറഞ്ഞ് അവർ ഭീഷണിപ്പെടുത്തി. എന്നിട്ടും വിശുദ്ധൻ അക്ഷോഭ്യനായി നിലകൊണ്ടു. തന്നെത്തന്നെ നീതീകരിക്കാൻ ഒരു ശ്രമവും നടത്തിയത്തുമില്ല. അവർക്കു തെറ്റുപറ്റിയെന്നും അതിനാൽ കൂടുതൽ ശ്രദ്ധിക്കാൻ പരിശ്രമിക്കണമെന്നും മാത്രം ഒരു പ്രാവശ്യം അവരോടു പറഞ്ഞു. ആ ദുഷ്ടമനുഷ്യർ അവനെ ശല്യപ്പെടുത്തുന്നതിൽനിന്നു പിന്മാറിയില്ല. കളളനെന്ന് അവനെ തുടർന്നും മുദ്രകുത്തിക്കൊണ്ടിരുന്നു.

അവസാനം, തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് ദൈവത്തിന് തന്നെ പൂർണ്ണമായും ഭരമേല്പിക്കുകയാണെന്ന് വ്യക്തമായി അവരോട് പറഞ്ഞു. അവൻ പ്രദർശിപ്പിച്ച ക്ഷമയിലും സ്ഥിരതയിലും ആശ്ചര്യപ്പെട്ട് ആ അവിവേകികൾ തങ്ങളുടെ ഭീഷണിപ്പെടുത്തൽ അസാനിപ്പിച്ച് അവനെ വിട്ടുപോയി. കള്ളനെ കണ്ടെത്തിയില്ലെങ്കിൽ കോടതിയിൽ ആദ്യം ജോസഫിനെതിരായി കുറ്റം ആരോപിക്കും എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അവർ പിരിഞ്ഞുപോയത്. ജോസഫ്  കുറ്റക്കാരനാണെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരുടെ ഈ പ്രവൃത്തി ദൈവത്തെ എത്രമാത്രം വേദനിപ്പിക്കുന്നു എന്നു തിരിച്ചറിവുണ്ടായിരുന്നതിനാൽ ഈ കുറ്റാരോപണം ജോസഫിനെ അത്യധികം വ്രണിതനാക്കി.

അവൻ ദൈവാലയത്തിൽ പ്രവേശിച്ച് പ്രാർത്ഥനയിൽ ശരണം പ്രാപിച്ചു; ഈ പരീക്ഷണത്തിൽ തന്നെ സഹായിക്കണമേയെന്ന് ദൈവത്തോട് അപേക്ഷിച്ചു. ദൈവത്തിന് ഇക്കാര്യത്തിൽ അധികസമയം തന്റെ മൗനം തുടരാൻ സാധിച്ചില്ല! മോഷണം താമസംവിനാ തെളിയിക്കപ്പെട്ടു. യഥാർത്ഥ പ്രതി പിടിക്കപ്പെട്ടു. ജോസഫിൽ കുറ്റം ആരോപിച്ചവർ ലജ്ജിതരായി. അവരുടെ വിദ്വേഷം ആദരവിലേക്കും സഹതാപത്തിലേക്കും വഴിമാറി. പിശാച് വീണ്ടും പരാജിതനായി. കൂടാതെ ദൈവതിരുമുമ്പിൽ മാത്രമല്ല തന്റെ സഹപ്രവർത്തകരുടെയിടയിലും വിശുദ്ധന്റെ മാഹാത്മ്യം വർദ്ധിക്കുവാൻ അത് കാരണമായി.

പരാജിതനായെങ്കിലും ശത്രു പൂർണ്ണമായും ജോസഫിനെ വിട്ടുപോയില്ല. അവൻ വിഷയാസക്തരായ കുറെ യുവാക്കളെ ജോസഫിനെതിരെ ഇളക്കിവിട്ടു. ജോസഫ് കൂടെക്കൂടെ ദൈവാലയത്തിൽ പോകുന്നത് അവർ ശ്രദ്ധിക്കാൻ തുടങ്ങി. അവർക്ക് അത് കാണുന്നതുപോലും ഇഷ്ടപ്പെട്ടിരുന്നില്ല. കൂടാതെ അദ്ദേഹത്തിന്റെ അച്ചടക്കമുള്ള ജീവിതം അവരിൽ അസൂയ ഉളവാക്കി. അതിനാൽ ഒരു ദിവസം അവന്റെ വർക്ക്ഷോപ്പിൽ ചെന്ന് അവനെ പരിഹസിക്കാനും നിന്ദിക്കാനും അവർ തീരുമാനിച്ചു. അവിവേകത്തോടെ അവരുടെ തീരുമാനം അവർ നടപ്പിൽ വരുത്തി. 

ദൈവികനന്മയിലുള്ള ധ്യാനത്തിൽ അന്തർലീനമായി തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുന്ന ജോസഫിനെയാണ് അവർ കണ്ടത്; എന്തെന്നാൽ ജോലി ചെയ്യുമ്പോഴെല്ലാം തന്റെ മനസ്സ് ദൈവത്തിൽ ഉറപ്പിക്കാൻ അവൻ പരമാവധി പരിശ്രമിച്ചിരുന്നു. നിരർതകവും അപരിചിതവുമായ കാര്യങ്ങളെക്കുറിച്ച് അവർ ജോസഫിനോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ജോസഫ് മറുപടി ഒന്നും പറഞ്ഞില്ല. ഇതുപോലെയുള്ള വ്യർത്ഥസംഭാഷണങ്ങൾ നടത്തി രസിക്കാൻ നിങ്ങൾ മറ്റ് എവിടെയെങ്കിലും പോകണം. എനിക്ക് നല്ല തിരക്കുപിടിച്ച ജോലിയുണ്ട്. അതിനാൽ എന്നെ സമാധാനത്തിൽ വിടണം എന്ന് അവൻ അവരുടെ മുഖത്തുനോക്കിപ്പറഞ്ഞു.

അവർ അവനെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്തു. ജോസഫ് തിരിച്ചൊന്നും പ്രതികരിച്ചില്ല. അവന്റെ ശ്രദ്ധ മുഴുവൻ ദൈവത്തിലും താൻ ചെയ്യുന്ന തൊഴിലിലും കേന്ദ്രീകരിച്ചിരുന്നു. യുവാക്കളിൽ ഒരാൾ ജോസഫിന്റെ അടുത്തു ചെന്ന് അവനെ അടിക്കാനുള്ള ധൈര്യംവരെ കാണിച്ചു. “എന്റെ സഹോദരാ, ദൈവം നിന്നോട് ക്ഷമിക്കട്ടെ” – ജോസഫ് പറഞ്ഞു. “ഇങ്ങനെ ചെയ്യാൻ ഞാൻ നിന്നോട് ഒന്നും ചെയ്തില്ലെങ്കിലും തീർച്ചയായും എന്റെ തെറ്റുകൾ നിമിത്തം ഞാനിവയെല്ലാം അർഹിക്കുന്നതാണ്.” തങ്ങളിൽ ഒരാൾ ജോസഫിനെ അടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചു കൊണ്ട് മറ്റുള്ളവർ അവനെ പരിഹസിച്ചു ചിരിക്കുകയാണ് ചെയ്തത്. ജോസഫിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിൽ സംതൃപ്തരായി അവർ അവനെ വിട്ടുപോയി.

ജോസഫ് അവരോട് യാതൊരു വെറുപ്പും വച്ചുപുലർത്താതെ തന്റെ ക്ഷമയും സ്ഥിരതയും കാത്തു സൂക്ഷിച്ചു. അവൻ ദൈവത്തോടുള്ള സംഭാഷണത്തിൽ സഹായം അപേക്ഷിച്ചു: “എന്റെ ദൈവമേ, അങ്ങയുടെ സംരക്ഷണവും സഹായവും എല്ലായ്പ്പോഴും ഉണ്ടാകുമെന്ന് എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. എനിക്ക് അങ്ങല്ലാതെ മറ്റാരുമില്ലെന്ന് അങ്ങേയ്ക്കറിയാമല്ലോ. അതിനാൽ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. എന്റെ ശത്രുക്കളിൽനിന്ന് എനിക്ക് സംരക്ഷണവും സഹായവും ഞാൻ യാചിക്കുന്നു.” 

അടുത്ത രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ട് ഈ സംഭവം വഴി  ദൈവത്തെ വളരെയധികം പ്രീതിപ്പെടുത്തിയെന്നും അവന്റെ യോഗ്യതകൾ വർദ്ധിപ്പിച്ചുവെന്നും ജോസഫിനോടു പറഞ്ഞു. തന്റെ ദാസരെ ദൈവം ആശ്വസിപ്പിക്കുന്നത് ഇപ്രകാരമാണ്. പിശാച് അവനെതിരെ കോപം പൂണ്ടിരിക്കുന്നതിനാൽ കൂടുതൽ ജാഗ്രതയുള്ളവനായിരിക്കരിക്കണമെന്ന് മാലാഖ അവന് മുന്നറിയിപ്പു നൽകി. ഈ വാക്കുകളിൽ ഉത്സാഹഭരിതനായ ജോസഫ് എല്ലാം ക്ഷമയോടും സന്തോഷത്തോടുംകൂടി സഹിക്കുവാൻ തീരുമാനം എടുക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles