യൗസേപ്പിതാവ് എപ്രകാരമാണ് വിശുദ്ധിയില്‍ വളര്‍ന്നുവന്നത്?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 18/100

വളര്‍ച്ചയ്ക്കനുസരിച്ച് സുകൃതാഭ്യാസത്തിലും ദൈവസ്‌നേഹത്തിലും തിരുലിഖിതങ്ങളുടെ, പ്രത്യേകിച്ചും ദാവീദിന്റെ സങ്കീര്‍ത്തനങ്ങളുടെ പഠനത്തിലും ജോസഫ് വലിയ അഭിവൃദ്ധി കൈവരിച്ചുകൊണ്ടിരുന്നു. അവന്‍ ഇടവിട്ട് അവ ഉരുവിട്ടുകൊണ്ടിരുന്നു. എല്ലാംതന്നെ അവന് മനഃപാഠമായിരുന്നു. സ്‌തോത്രഗീതങ്ങളോടൊപ്പമാണ് ജോസഫിന്റെ പതിനഞ്ച് വര്‍ഷത്തെ ജീവിതം രൂപപ്പെട്ടത്. ശൈശവത്തിലെ നിഷ്‌കളങ്കതയിക്ക് അല്പംപോലും ഭംഗംവരാതെ അവനത് കാത്തുസൂക്ഷിച്ചിരുന്നു.

മാരകപാപം ചെയ്ത് ഒരിക്കലും അവന്‍ ദൈവത്തെ വേദനിപ്പിച്ചില്ല. മനഃപൂര്‍വമുള്ള ലഘുപാപങ്ങള്‍പോലും അവന്‍ ചെയ്തിരുന്നില്ല. പാപത്തിന്റെ നിഴല്‍പോലും പതിക്കാതിരിക്കാന്‍ അവന്‍ വളരെ ശ്രദ്ധിച്ചിരുന്നു. പരിശുദ്ധാത്മാവിന്റെ ഉപദേശം അവന്‍ എപ്പോഴും ഹൃദയത്തില്‍ സൂക്ഷിച്ചിരുന്നു: ‘ലഘുപാപങ്ങളെ അവഗണിക്കുന്നവര്‍ സാവധാനം മാരകപാപങ്ങളില്‍ വീഴും.’ അവന്‍ ഇക്കാര്യത്തില്‍ വളരെ ശ്രദ്ധയുള്ളവനായിരുന്നു. നിസ്സാരകാര്യങ്ങളെക്കുറിച്ചുപോലും ജോസഫിനു നല്ല അവബോധമുണ്ടായിരുന്നു.
തന്റെ ഇന്ദ്രിയങ്ങളെ വളരെ നിഷ്ഠയോടെ അവന്‍ നിഗ്രഹിച്ചിരുന്നു. ഒഴിവാക്കേണ്ടിയിരുന്ന ജിജ്ഞാസാപൂര്‍വമായ നോട്ടത്തിലൂടെ ദാവീദും മറ്റുള്ളവരും എങ്ങനെ പാപത്തില്‍ വീണു എന്നു ചിന്തിച്ച് അവന്‍ തന്റെ കണ്ണുകളെ പ്രത്യേകം നിയന്ത്രിച്ചിരുന്നു. ദൈവത്തോട് വിശ്വസ്തനായിരിക്കാന്‍വേണ്ടി അവന്‍ എത്രമാത്രം തന്റെ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചിരുന്നുവോ അത്രയേറെ കൃപകളും അവന്‍ ദൈവത്തില്‍നിന്ന് സ്വീകരിച്ചിരുന്നു. അവന്റെ സ്‌നേഹത്തിന്റെയും അഭിലാഷങ്ങളുടെയും ഏകവിഷയം ദൈവമായിരുന്നു. അതില്‍കൂടുതല്‍ കൂടുതല്‍ അവന്‍ ആഴപ്പെടുകയും ചെയ്തു.
കണ്ണുകള്‍ക്ക് കൗതുകകരമായ എന്തെങ്കിലും നോക്കിക്കാണുവാന്‍ ആഗ്രഹം ഉള്ളില്‍ ഉണ്ടാകുമ്പോള്‍ പാപത്തില്‍ വീഴാനുള്ള ഒരു

സാഹചര്യത്തെ നീക്കിക്കളയാനുള്ള ശ്രമമായി ഉടന്‍തന്നെ തന്റെ ദൃഷ്ടികളെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തി സൃഷ്ടിക്കപ്പെടാത്ത ദൈവികസൗന്ദര്യത്തെ അരൂപിയുടെ കണ്ണുകളിലൂടെ ആസ്വദിക്കാന്‍ ശ്രമിക്കും. സ്വര്‍ഗീയകാര്യങ്ങളുടെ ഈ ആസ്വാദനം നിമിത്തം സൃഷ്ടികളിലൊന്നും അവന് സ്വര്‍ഗ്ഗീയകാര്യങ്ങളില്‍ മാത്രമേ സംതൃപ്തി കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളു.

തന്റെ മാതാപിതാക്കന്മാര്‍ വളരെയധികം സ്‌നേഹിക്കുന്നുവെന്നു ജോസഫിന് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാലും അവര്‍ക്ക് ജോസഫിനോടുള്ള സ്‌നേഹം ദൈവസ്‌നേഹത്തില്‍നിന്ന് അവരെ അകറ്റിയേക്കുമോ എന്ന് ഭയന്ന്, അവന്‍ ഇതെക്കുറിച്ച് ദൈവത്തോട് പറഞ്ഞിരുന്നു. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അവന്‍ അവരെ സന്തോഷിപ്പിച്ചിരുന്നു. എങ്കിലും ദൈവമാണ് അവരുടെ സ്‌നേഹത്തിന് ഏറ്റവും അര്‍ഹനായവന്‍ എന്ന് അവരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ വാത്സല്യങ്ങള്‍ക്ക് അവന്‍ വളരെയധികം നന്ദിയുള്ളവനായിരുന്നു. എന്നാല്‍ അതേസമയം ഇത് അവരെ ലൗകികരാക്കി, ദൈവത്തിന് അപ്രീതി ജനിപ്പിച്ചേക്കുമോ എന്നുള്ള തന്റെ ഭയം അവരെ അറിയിക്കുകയും ചെയ്തിരുന്നു. എല്ലാറ്റിലും ഉപരിയായി ദൈവത്തെയാണ് സ്‌നേഹിക്കേണ്ടത്. അവിടുന്നു മാത്രമാണ് അതിനുള്ള ഏക അവകാശി.

അവന്റെ ഈ അഭിപ്രായം മാതാപിതാക്കന്മാരില്‍ വലിയ പ്രചോദനമുളവാക്കി. തങ്ങളുടെ മകനോടുള്ള സ്‌നേഹാധിക്യം അവര്‍ ദൈവത്തിലേക്ക് തിരിച്ചുവിട്ടു. അവര്‍ ചെയ്യണമെന്ന് ജോസഫ് ആഗ്രഹിച്ചിരുന്നതുപോലെ അവനെ പൂര്‍ണ്ണമായി അവര്‍ ദൈവത്തിന് സമര്‍പ്പിച്ചു. മാതാപിതാക്കന്മാരില്‍ ഉളവായ ഈ മനോഭാവം ജോസഫിനെ വളരെയധികം ആശ്വസിപ്പിച്ചു. അവര്‍ വളരെ സന്തോഷത്തോടെ തന്റെ നിര്‍ദ്ദേശങ്ങള്‍ക്കു പൂരകമായ നിലപാടു സ്വീകരിക്കുന്നതു കണ്ട് ദൈവം അവരുടെമേല്‍ കൃപ വര്‍ഷിച്ചതിന് ജോസഫ് ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചു.

തന്റെ ജീവിതവിശുദ്ധിയും ദൈവികജ്ഞാനവും മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കുന്നതിന് ജോസഫ് വളരെയേറെ ശ്രദ്ധിച്ചിരുന്നു. മോശയുടെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ജോസഫ് ഏറെ ശ്രദ്ധാലുവായിരുന്നു. അതില്‍ അവന് നല്ല പാണ്ഡിത്യം ഉണ്ടായിരുന്നു. എങ്കിലും തിരുലിഖിതങ്ങളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയ്ക്കും ജോസഫ് സ്വയം മുതിര്‍ന്നിരുന്നില്ല. അതിനാല്‍ ബുദ്ധിശക്തിയും കാര്യവിചാരവും ഇല്ലാത്തവനായിട്ടാണ് ജോസഫിനെ പലരും കരുതിപ്പോന്നത്. അതില്‍ അവന്‍ വളരെ സന്തോഷവാനുമായിരുന്നു. കാരണം, എല്ലാവരില്‍ നിന്നും മറഞ്ഞിരിക്കാനും പ്രശംസാപാത്രമാകാതിരിക്കാനും അതുവഴി അവന് സാധിച്ചു.

പട്ടണങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചോ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ചര്‍ച്ചചെയ്യാനോ ആ കാര്യങ്ങളെക്കുറിച്ചു കേള്‍ക്കാന്‍ പോലുമോ ജോസഫ് ആഗ്രഹിച്ചിരുന്നില്ല. അവന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്പിച്ചിരുന്ന വിശുദ്ധ ലിഖിതങ്ങളുടെ പഠനത്തിനും ദൈവഐക്യത്തിലായിരിക്കാനുള്ള പരിശ്രമങ്ങള്‍ക്കും ഇവ തടസ്സമായേക്കുമെന്ന് അവന്‍ ഭയപ്പെട്ടിരുന്നു. അങ്ങനെയുള്ള കാര്യങ്ങളോ അനാവശ്യമായ ജിജ്ഞാസാഹേതുവായ വിഷയങ്ങളോ അവന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച ചെയ്തിരുന്നില്ല.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles