‘ഞാന്‍ എത്ര ഭാഗ്യവാനാണ്!’ എന്ന് വി. യൗസേപ്പിതാവ് പ്രഘോഷിച്ചത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 99/200

അവതാരം ചെയ്ത ദൈവത്തിന്റെ മുമ്പിൽ അങ്ങനെ ജോസഫ് തന്റെ ഹൃദയം തുറന്നുവച്ചു; മറയില്ലാതെ തന്റെ ഹൃദയവിചാരങ്ങൾ തുറന്നു പ്രകടിപ്പിച്ചു. അവൻ തുടർന്നു: “എന്റെ ഈശോയെ നീ എല്ലാവരാലും അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ഞാൻ എത്രയേറെ ദാഹിക്കുന്നുണ്ടെന്നു നിനക്കറിയാമോ? പക്ഷേ നിന്റെ ജീവനെ വേട്ടയാടുന്നതും നിന്നെ പീഡിപ്പിക്കുന്നതും മാത്രമാണ് എനിക്ക് കാണേണ്ടിവരുന്നത്. എല്ലാ ദുരിതങ്ങളിൽ നിന്നും നിന്നെ സംരക്ഷിക്കാൻ എന്നെക്കൊണ്ടാവുന്നതെല്ലാം ഞാൻ ചെയ്തിരിക്കും. പിറന്നുവീണ ഒരു കൈകുഞ്ഞിനെയും കൊണ്ട് ചുട്ടുപൊള്ളുന്ന വെയിലിലൂടെയും മരം കോച്ചുന്ന മഞ്ഞിലൂടെയും മറ്റു ദുരിതങ്ങളിലൂടെയും ഒളിച്ചോടേണ്ടിവന്ന സ്ഥിതിയോർക്കുമ്പോൾ, ഈ ദാരുണമായ സാഹചര്യത്തെ നേരിടുന്ന നിന്റെ മുഖം കാണുമ്പോൾ, എന്റെ ഹൃദയത്തിന്റെ ദുഃഖം എനിക്കു താങ്ങാൻ കഴിയുന്നില്ല. അതെ, ഇപ്പോൾ, ഈ ശൈശവദശയിൽ ഇതാണ് നിന്റെ സഹനത്തിന്റെ അവസ്ഥയെങ്കിൽ എത്ര ഭീകരമായിരിക്കും ഭാവിയിൽ വരാനിരിക്കുന്നത്? അന്ന് നിന്റെ ദാരുണമായ പീഡാസഹനങ്ങളെ നേരിടാൻ എനിക്കെങ്ങനെ സാധിക്കും.”

ജോസഫിന്റെ ഹൃദയം തിരുക്കുമാരന്റെ സഹനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ മൂലം തീവ്രദുഃഖത്താൽ വിഷമിക്കുന്നത് മനസ്സിലാക്കിയ ഈശോ മാതാവിന്റെ കൈകളിൽ നിന്ന് ജോസഫിന്റെ പക്കലേക്കു പോകാൻ ആംഗ്യഭാവത്തിൽ ആഗ്രഹം പ്രകടിപ്പിച്ചു. ജോസഫ് ദിവ്യശിശുവിനെ തന്റെ കൈകളിൽ എടുത്ത നിമിഷം അവന്റെ എല്ലാ ദുഃഖഭാരങ്ങളും വിട്ടുപോയി; മനസ്സ് ശാന്തമായി. ആശ്വാസദായകന്റെ ഹൃദയം അവന്റെ പരിപാലകന്റെ ഹൃദയത്തോടുമന്ത്രിച്ചു. ദൈവത്തിന്റെ ശക്തിയും അവിടുത്തെ സ്നേഹവും പരിധിയില്ലാത്ത ജോസഫിന്റെ ഹൃദത്തിലേക്കൊഴുകി. എന്തും സഹിക്കാനും ഈശോയെ പരിധിയില്ലാതെ സ്നേഹിക്കാനുമുള്ള കൃപയിൽ നിറയുകയും ചെയ്തു

ആ യാത്ര മുന്നോട്ടു നീങ്ങിയപ്പോൾ അവൻ ഈശോയെ നെഞ്ചോടു ചേർത്തു പിടിച്ചുകൊണ്ടു നടന്നു. അവൻ അനുഭവിച്ച ആനന്ദത്തികവിൽ ഇങ്ങനെ പ്രഘോഷിച്ചു: “ഞാൻ എത്ര ഭാഗ്യവാനാണ്! ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും സ്വർഗ്ഗാധിപതിയുമായ രാജാവിനെ എന്റെ കൈകളിൽ വഹിക്കാനും നെഞ്ചോടു ചേർത്തണയ്ക്കാനുമുള്ള ഈ മഹാഭാഗ്യം എനിക്ക് എവിടെനിന്ന്?”

ആത്മീയാനന്ദത്തിൽ നിറയുന്ന അനുഭവത്തോടൊപ്പം, വിശുദ്ധന് താൻ ചിറകുകളിൽ വഹിക്കപ്പെടുന്ന അവസ്ഥയാണുണ്ടായത്. ആ സമയങ്ങളിൽ അവൻ ഇക്കാര്യം മറിയത്തോടു പറയുകയും ഈശോയ്ക്ക് അങ്ങനെ എന്തെങ്കിലും അനുഭവപ്പെട്ടതായി തോന്നിയോ എന്ന് ചോദിക്കുകയും ചെയ്തു. മറിയം പറഞ്ഞു: “കൃപാനിധിയായ ദൈവം തന്റെ കാരുണ്യത്താൽ എല്ലാവരോടും എപ്രകാരമാണ് വർത്തിക്കുന്നതെന്നു അറിയാമല്ലോ? എന്നെ തന്റെ വിനയമുള്ള ദാസിയായി സൃഷ്ടിക്കുകയും, തന്റെ പുത്രന്റെ അമ്മയാകാൻ തിരഞ്ഞെടുക്കുകയും ചെയ്തവൻ, അവിടുന്നു കൃപ കാണിക്കാതിരിക്കുമോ? ” അത് കേട്ടപ്പോൾ ജോസഫിന്റെ സന്തോഷം വീണ്ടും വർദ്ധിച്ചു. ഏറ്റം നിസ്സാരനായ ഈ ദാസനിൽ വിവരണാതീതമായ ആത്മീയാനന്ദമാണ് ഉളവാക്കിയതെങ്കിൽ എത്ര മഹത്തരമായിരിക്കും ആ നിമിഷങ്ങളിൽ തിരുക്കുമാരൻ തന്റെ അമ്മയിൽ ഉളവാക്കിയത് എന്ന് ധ്യാനിക്കുകയും ചെയ്തു.

വർഷത്തിലെ ഏറ്റം ശൈത്യമേറിയ കാലാവസ്ഥയിലായിരുന്നു തിരുക്കുടുംബത്തിന്റെ പലായനം. യാത്രയിലുടനീളം വിറങ്ങലിക്കുന്ന കൊടുംതണുപ്പിൽ തുറസ്സായ സ്ഥലങ്ങളിൽ അന്തിയുറങ്ങേണ്ടി വന്നിട്ടുണ്ട്. കുടിലോ കൂടാരമോ ഇല്ല; ജോസഫ് തന്റെ മേലങ്കി ഒരുമേൽക്കൂരയുടെ രൂപത്തിലാക്കി അതിനുള്ളിലാണ് മാതാവും ഉണ്ണീശോയും രാത്രികാലങ്ങൾ ചെലവഴിച്ചത്. ഭാഗികമായി മാത്രം അവർ രാത്രിയിൽ മയങ്ങുകയും ബാക്കി സമയം തങ്ങളുടെ മധ്യത്തിലുള്ള ദൈവത്തിനു സ്തുതിഗീതങ്ങൾ പാടുകയും അവന്റെ മഹിമയെയും സൗന്ദര്യത്തെയും നന്മകളെയും പറ്റി ധ്യാനിക്കുകയുമാണ് ചെയ്തിരുന്നത്.

ശൈത്യം അതിശക്തമായി വർദ്ധിച് കട്ടിയായ തണുപ്പ് അവരെ വലയം ചെയ്യുമ്പോഴും ചൂടുപകരുവാൻ ഒരു വഴിയും ഉണ്ടായിരുന്നില്ല. തിരുക്കുമാരൻ മാത്രമായിരുന്നു അവരുടെ ഏക സമാശ്വാസം. മഞ്ഞുപെയ്തിറങ്ങുന്ന നിരത്തിലൂടെ മുന്നോട്ടു പോകുവാൻ സാധ്യമല്ല എന്ന സ്ഥിതിവിശേഷത്തിലെത്തുമ്പോൾ ദൈവം അവരുടെ സഹായത്തിനെത്തി. തിരുക്കുമാരന്റെ ഹൃദയത്തിലെ സ്നേഹാഗ്നിജ്വാല അവരുടെ നെഞ്ചിൽ തീപ്പൊരി കത്തിച്ചു. അത് അവരുടെ ശരീരത്തിന് ആവശ്യമായ ചൂടായി രൂപാന്തരം പ്രാപിച്ചു. ദൈവസ്നേഹത്തെക്കുറിച്ചു അവർ സംഭാഷണം നടത്തുമ്പോഴാണ് അവിടുത്തെ സ്നേഹം താപവും ജ്വാലയുമായി അവരിൽ രൂപാന്തരം പ്രാപിച്ചത്. സൂര്യകിരണങ്ങളുടെ താപം അവരെ തഴുകുന്നതിനേക്കാളും നെരിപ്പോടിനരികെ കഴിയുന്നതിനേക്കാളും സുഖപ്രദമായ അവസ്ഥയാണ് അപ്പോൾ അവർക്ക് അനുഭവപ്പെട്ടത്. അത്യുദാത്തമായ സ്നേഹത്തിലും അനന്തമായ കാരുണ്യത്തിലും അവരെ പരിപാലിക്കുന്ന ദൈവത്തെ അവർ ഒന്നുചേർന്നു സ്തുതിച്ചു.

നമ്മുടെ തീർത്ഥാടകർക്ക് യാത്രയിൽ വിശപ്പും ദാഹവും കുറച്ചൊന്നുമല്ല സഹിക്കേണ്ടി വന്നത്. തുടർച്ചയായി പല ദിവസങ്ങളിലും ഒന്നും തന്നെ തിന്നാനും കുടിക്കാനും ലഭ്യമായിരുന്നില്ല. നിരപ്പായ തരിശുഭൂമിയിലൂടെ കടന്നുപോകുന്ന വേളകളിൽ അപൂർവ്വമായി ചില പച്ചിലകൾ കണ്ടെത്തിയിരുന്നു. ദൈവത്തിന്റെ നടത്തിപ്പിന്റെ ഭാഗമെന്ന നിലയ്ക്ക് ആ സസ്യദളങ്ങൾ അവർക്കു ഭക്ഷണയോഗ്യവും തൃപ്തികരവുമായ ആഹാരമായിരുന്നു. അപൂർവ്വമായിട്ടാണെങ്കിലും ചില മലയിടുക്കുകളിൽ നിന്ന് അവർക്ക് കുടിവെള്ളവും ലഭിച്ചിരുന്നു. വിശുദ്ധ പര്യടനക്കാർ അതെല്ലാം തുറന്ന മനസ്സോടെ – ആനന്ദനിർഭരമായ ഹൃദയത്തോടെ – ദൈവസന്നിധിയിൽ സമർപ്പിച്ചു; ഈശോ അവരുടെ കൂടെയുണ്ട് എന്ന ഒറ്റ ചിന്തയാൽ സകല ദുരിതങ്ങളും സസന്തോഷം സ്വീകരിക്കാൻ അവർക്കു നിഷ്പ്രയാസം സാധിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles