ഈജിപ്തിലേക്കുള്ള പാലായനം വി. യൗസേപ്പിതാവിനെ ആകുലനാക്കിയത് എന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 98/200

ജോസഫിനു തന്റെ ജന്മനാടായ നസ്രത്തിൽ തന്നെ സ്ഥിരതാമസമാക്കുന്നതിൽ സന്തോഷമായിരുന്നു. എന്നാൽ, ദൈവഭയമില്ലാത്ത അഹങ്കാരിയും ഏകാധിപതിയുമായ ഹേറോദേസിന്റെ ക്രൂരമായ കല്പന കേട്ടപ്പോൾ ജോസഫിനു ഭയമായി. ശിശുക്കളെ നിർദ്ദയം വധിക്കുവാനുള്ള അവന്റെ ഉദ്യമത്തിൽനിന്നു എങ്ങനെ രക്ഷപെടുമെന്നോർത്തു അതീവ ദുഃഖിതനായി.എങ്കിലും ഈ പരീക്ഷണത്തിൽ രക്ഷപെടാൻ ദൈവം എന്തെങ്കിലും അത്ഭുതകരമായ മാർഗ്ഗം കാണിച്ചുതരുമെന്നു അവൻ പ്രത്യാശിച്ചു. ജോസഫ് തന്റെ ഭാര്യ മറിയവുമായി ഈ വിഷയം ചർച്ച ചെയ്തു. അവൾ ധൈര്യം പകർന്നുകൊണ്ട് ജോസഫിനെ സമാശ്വസിപ്പിക്കുകയും ഒട്ടും ഭയപ്പെടേണ്ടതില്ലെന്നും എല്ലാം ദൈവത്തിനു സമർപ്പിക്കാമെന്നും പറയുകയും ചെയ്തു.

ആ വാക്കുകൾ ജോസഫിനു തെല്ലൊരാശ്വാസം പകർന്നു.രാത്രിയിൽ മാലാഖ പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ചു. കുട്ടിയേയും അമ്മയെയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. ദൈവം അരുളിചെയ്യുന്നതുവരെ അവിടെ താമസിക്കണമെന്നും നിർദ്ദേശം കൊടുത്തു. ശിശുവിനെ നിഷ്കരുണം വധിക്കുവാൻ ഹേറോദേസ് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ് എന്ന കാര്യം മാലാഖ വ്യക്തമാക്കി. ജോസഫ് അപ്പോൾ നിദ്രയിൽ നിന്നുണർന്നു. അവൻ മാലാഖ വെളിപ്പെടുത്തിയ കാര്യത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുകയും അസ്വസ്ഥനാകുകയും ചെയ്തു. അവൻ മറിയത്തോടു തിടുക്കത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു. എന്ത് ചെയ്യണമെന്നാണ് മാലാഖ ആജ്ഞാപിച്ചിരിക്കുന്നതെന്നു വ്യക്തമായി പറഞ്ഞു.

ദൈവം ആജ്ഞാപിച്ചിരിക്കുന്നത് എന്തോ അതുതന്നെ അനുസരിക്കുന്നതിനു ജോസഫും മറിയവും സദാ സന്നദ്ധനായിരുന്നു. എന്നാൽ, ഒരു നവജാതശിശുവും അവനെ പ്രസവിച്ച അമ്മയും സഹിക്കാനിരിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ജോസഫിനെ അസ്വസ്ഥനാക്കുകയും ദുഖിപ്പിക്കുകയും ചെയ്തത്. അതിനാൽ അവൻ മറിയത്തോടു പറഞ്ഞു: ” എന്റെ പ്രിയ പത്നീ, പ്രസവം കഴിഞ്ഞ ഉടനെ ഒരു ദീർഘയാത്ര ചെയ്തു നമ്മൾ ഇവിടെ എത്തിയതേയുള്ളൂ. ഇപ്പോൾ അതിനേക്കാൾ വലിയൊരു പരീക്ഷണത്തിന്, ഒട്ടും അനുകൂലമല്ലാത്ത കാലാവസ്ഥയിൽ അപരിചിതമായ ഒരു രാജ്യത്തേക്ക് വീണ്ടും പലായനം ചെയ്യേണ്ട സ്ഥിതിവിശേഷം വന്നുചേരുമെന്നു ആരെങ്കിലും വിചാരിച്ചിരുന്നോ?”

“ഇത് ദൈവത്തിന്റെ കൃപയിലും സുകൃതങ്ങളിലുമുള്ള എന്റെ അജ്ഞതമൂലമാണ് വന്നു ഭവിച്ചത് എന്നതിന് ഒരു സംശയവുമില്ല. അതിനാൽ ഈ ക്ലേശങ്ങൾ ഞാൻ സന്തോഷപൂർവം സ്വീകരിക്കുന്നു.പക്ഷേ നമ്മുടെ ഈശോയെയും നിന്നെയും പറ്റി ചിന്തിക്കുമ്പോഴാണ്, എന്റെ ഭാര്യേ, ഞാൻ തളന്നുപോകുന്നത്.ആ ഒരു ചിന്ത പോലും എന്റെ ഹൃദയം തകർത്തുകളയുകയാണ്.”

ഏറ്റം പരിശുദ്ധകന്യക ജോസഫിനെ സാന്ത്വനപ്പെടുത്തിക്കൊണ്ടു പറഞ്ഞു. അനുവദിക്കപ്പെട്ടിരിക്കുന്ന ദുരിതങ്ങൾ സഹിക്കാൻ താൻ സന്നദ്ധയാണെന്നും ദൈവഹിതം നിറവേറ്റുന്നതിന് തനിക്കു സന്തോഷമാണെന്നും ഉറപ്പു കൊടുത്തു. ഈശോയുടെ കാര്യം ഓർക്കുമ്പോൾ വലിയ സങ്കടവും ദുഖവും തനിക്കു അനുഭവപ്പെടുന്നുണ്ടെന്ന കാര്യം മാതാവും സമ്മതിച്ചു. എങ്കിലും ഇവിടെയും ദൈവഹിതത്തിനു നമ്മൾ വിധേയപ്പെട്ടല്ലേ പറ്റൂ എന്നോർത്ത് സമാധാനിക്കുന്നു. നേരത്തെ പറഞ്ഞ ഒരു കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മറിയം പറഞ്ഞു: “അവൻ വന്നിരിക്കുന്നത് സുഖിക്കാനല്ല, സഹിക്കാനാണ് എന്ന് ഞാൻ പറഞ്ഞത് ഓർക്കുന്നില്ലേ? അവനോടൊത്തു ഭൂമിയിലെ സഹനങ്ങളിൽ പങ്കാളിയാകാൻ അവസരം ലഭിച്ചതോർത്തു നമുക്ക് ദൈവത്തിനു നന്ദിപറയാം. മറിയം പറഞ്ഞ വചനത്താൽ ജോസഫിന്റെ വ്യാകുലം കുറച്ചൊന്നു വിട്ടുമാറി. ജോസഫ് തിടുക്കത്തിൽ യാത്രയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു. തനിക്കു ഒറ്റയ്ക്ക് വഹിക്കാവുന്നത്രയും അത്യാവശ്യസാധനങ്ങൾ ഒരു മാറാപ്പിലാക്കി കെട്ടിവച്ചു. ഉണ്ണീശോയ്ക്കുവേണ്ട പിള്ളകച്ചയും തനിക്കു അത്യാവശ്യം വേണ്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും മറിയവും ഒരുക്കിവച്ചു. ഈശോ ഇപ്പോൾ രാത്രിയിൽ നല്ല ഉറക്കത്തിലാണ്. അവർ തങ്ങളുടെ ദിവ്യകുമാരനെ ആരാധിച്ചുകൊണ്ടു യാത്രയ്ക്ക് ഒരുങ്ങി. ഒട്ടും സമയം പാഴാക്കാതെ ആ രാത്രി തന്നെ അവർ ഈജിപ്തിലേക്ക് യാത്ര പുറപ്പെട്ടു.

ഭയന്നോടുന്ന അഭയാർത്ഥികളെപ്പോലെയാണ് അവർ ഈജിപ്തിലേക്കുള്ള പലായനം ആരംഭിച്ചത്. ഹേറോദേസിന്റെ വാളിൽനിന്നു ഏതുവിധേനയും മിശിഹായെ രക്ഷിക്കണമെന്ന ചിന്തയിൽ ചുവടു നീട്ടിവെച്ചു തിടുക്കത്തിലാണ് അവർ നടന്നത്. ഈജിപ്തിലേക്കുള്ള മാർഗത്തെക്കുറിച്ചു വ്യക്തമായ ഒരു രൂപരേഖയും ജോസഫിന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ഈജിപ്തിലേക്ക് പുറപ്പെടാൻ കല്പിച്ചവൻതന്നെ തങ്ങളുടെ കാലുകളെ വഴിനടത്തുമെന്ന വിശ്വാസത്തിന്റെ ശക്തിയാണ് അവരെ നയിച്ചിരുന്നത്. അതിനാൽ കർത്താവിന്റെ പരിപാലനയ്ക്കായി മറിയത്തോടൊത്തു അവൻ തീക്ഷ്ണമായി പ്രാർത്ഥിച്ചു. ദൈവപുത്രനെ നെഞ്ചോട് ചേർത്തുവച്ചുകൊണ്ടാണ് അവൻ യാചനകൾ അർപ്പിച്ചത്.

ഒരു കാര്യത്തിൽ ജോസഫിനു അതിഭയങ്കരമായ അതിശയം തോന്നി. രാജാധിരാജനായ ദൈവം ഇവിടെ കേവലം ഒരു സ്വേച്ഛാധിപതിയുടെ ക്രൂരമായ കൽപ്പനയ്ക്കു വിധേയപ്പെട്ടു അഭയാർത്ഥിയായി നാടുവിട്ടോടേണ്ടിവരുന്ന അവസ്ഥ എത്ര ദുഖകരമാണ്! അവൻ തന്റെ ചിന്തകൾ മറിയവുമായി പങ്കുവച്ചു.

ജോസഫിനുണ്ടായ ചിന്തകളുടെ വിശദീകരണം പരിശുദ്ധാത്മാവ് മറിയത്തിലൂടെ വെളിപ്പെടുത്തി.അവൾ പറഞ്ഞു: “അധികാരത്തിനു കീഴ്വഴങ്ങാനും അനുസരിക്കാനും ദൈവസന്നിധിയിൽ ക്ഷമാപൂർവം സമ്പൂർണ്ണമായി സമർപ്പിക്കാനുമുള്ള അവസരമായിട്ടാണ് നമ്മൾ ഇതിനെ കാണേണ്ടത്. സഹനമാണ് ക്രിസ്തുവിന്റെ വിജയരഹസ്യം. അത് ഈ ലോകത്തിനു അറിയില്ലലോ ” മറിയത്തിലൂടെ ദൈവാത്മാവ് സംസാരിക്കുകയായിരുന്നു. തന്മൂലം ജോസഫിനു അത് വളരെയധികം ശക്തി പകർന്നു. അത് കൂടുതൽ കൃപയിൽ നിറയുവാനുള്ള ഒരു തുറവിയുമായിത്തീർന്നു. അപ്പോൾ അവൻ പറഞ്ഞു “എന്റെ ഭാര്യേ, നമ്മുടെ രക്ഷകൻ ഭൂമിക്കു എത്ര മഹത്തായ മാതൃകയാണ് നൽകിയിരിക്കുന്നത്! അവൻ പിറന്നപ്പോൾ തന്നെ തന്റെ ദൗത്യനിർവഹണമാർഗ്ഗമായ സഹനത്തിന്റെ അത്യുജ്വലമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. അതിൽ ഭാഗഭാക്കാകുവാനും അവനെ അനുഗമിക്കുവാനുമുള്ള ഭാഗ്യം ആദ്യമായി സിദ്ധിച്ചിരിക്കുന്നതു നമുക്കാണല്ലോ”

ഇപ്രകാരമുള്ള ചിന്തകളിലൂടെ ജോസഫ് സ്വയം സമചിത്തത കൈവരിച്ചു. ശ്രേഷ്ഠവും സർവോൽകൃഷ്ടവുമായ ആദർശവചനങ്ങളാണ് ജോസഫിന്റെ ചുവടുകളെ മുന്നോട്ടു നയിച്ചത്. ദിവ്യശിശുവിന്റെ നേരെ തിരിഞ്ഞു അവൻ പറഞ്ഞു: “എന്റെ സ്നേഹം നിറഞ്ഞ രക്ഷകാ, ഞങ്ങളുടെ സ്വർഗീയ യാത്രയിൽ സുരക്ഷിതമാർഗ്ഗത്തിലൂടെ നയിക്കുന്നവർ നീയല്ലാതെ മറ്റാരാണ്? ദൈവികപുണ്യങ്ങളുടെ മാതൃകയാണ് നീ! ഭൂമി മുഴുവന്റെയും കർത്താവ് നീയാണ്. നിന്നെ അനുകരിക്കാൻ ആവശ്യമായ കൃപകൾ ഈ ദാസന് തന്നാലും! നിന്റെ ജ്ഞാനത്തിന്റെ കലവറയിലെ അറിവുകൊണ്ടെന്നെ അഭിഷേകം ചെയ്താലും! ഭൂമി മുഴുവന്റെയും കർത്താവും അത്യുന്നതനായ രാജാവുമാണ് നീ! എന്നിട്ടും കേവലം സ്വേച്ഛാധിപതിയായ ഒരു രാജാവിന്റെ കല്പനയ്ക്കു വൈദ്യനായി നീ നാടുവിട്ടു ഓടിപ്പോകുന്നു. ദുരിതങ്ങളുടെയും സഹനങ്ങളുടെയും നടുവിലൂടെ പലായനം ചെയ്യേണ്ടിവരുന്നു. അപ്പോൾ എനിക്ക് അതിൽ എങ്ങനെ പരാതിപ്പെടാൻ കഴിയും? ഇല്ല ഇനി ഒരിക്കലും സഹനങ്ങളിൽ ഞാൻ പരിഭവം പറയുകയില്ല. അവിടുത്തെ അഗ്രാഹ്യമായ പദ്ധതികളിലും നടത്തിപ്പിലും എന്നെത്തന്നെ ഞാൻ സമ്പൂർണ്ണമായി സമർപ്പിക്കുന്നു. നിന്റെ തിരുഹിതത്തിനൊത്തവിധം ആ തൃപ്പാദങ്ങളെ അനുഗമിക്കുക മാത്രമാണെന്റെ ലക്ഷ്യം!”

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles