നസ്രത്തില്‍ തിരിച്ചെത്തിയ വി. യൗസേപ്പിതാവ് നേരിടേണ്ടിവന്ന പരീക്ഷണങ്ങള്‍ എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 97/200

ദൈവപുത്രന്റെ മനുഷ്യാവതാരരഹസ്യങ്ങളിലേക്കു തങ്ങളെ സുരക്ഷിതമായി വഴിനടത്തിയ ദൈവത്തെ അവര്‍ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു. ഈശോയോടും മറിയത്തോടുംകൂടി നസ്രത്തില്‍ സമാധാനത്തില്‍ ജീവിക്കാം എന്നാണു ജോസഫ് വിചാരിച്ചിരുന്നത്. അതനുസരിച്ചു അവന്‍ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ തുടങ്ങി. ഈശോയ്ക്കുവേണ്ടി നേരത്തെതന്നെ ജോസഫ് ഒരു ‘പിള്ളത്തൊട്ടില്‍ ‘ പണിതുണ്ടാക്കിയിരുന്നു. അതെടുത്തു യഥാസ്ഥാനത്ത് സ്ഥാപിക്കുകയും ഈശോയെ അതില്‍കിടത്തി താരാട്ടുപാടി ഉറക്കാന്‍ തക്കവിധം സജ്ജീകരിക്കുകയും ചെയ്തു. ഒരു വലിയ ദുഖവും നിരാശയും എപ്പോഴും ജോസഫിന്റെ ഹൃദയത്തിലുണ്ടായിരുന്നു; ഉണ്ണീശോയെയും മാതാവിനെയും അലട്ടുന്ന ദാരിദ്ര്യത്തില്‍നിന്ന് സമ്പൂര്‍ണ്ണമായി അവരെ മോചിപ്പിക്കാന്‍ വഴികണ്ടെത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥയായിരുന്നു അത്. എങ്കിലും ദൈവഹിതത്തിനു വിധേയപ്പെട്ടു എല്ലാം അവിടുത്തേക്ക് കാഴ്ച്ചവെച്ചു.

മറിയം ഈശോയെ കൊഞ്ചിക്കുക്കയും ലാളിക്കുകയും ചെയ്തുകൊണ്ടിരുന്ന സമയത്തു ജോസഫ്, അവർക്കു ആവശ്യമായ അത്യാവശ്യ കാര്യങ്ങൾ ചെയ്യുന്നതിൽ വ്യാപൃതനായിരുന്നു. ഈശോയ്ക്കുവേണ്ടി ഓരോ കാര്യവും ചെയ്യുന്നതിൽ എത്ര വലിയ ശുഷ്കാന്തിയും ഉത്സാഹവുമായിരുന്നു വിശുദ്ധൻ പ്രകടിപ്പിച്ചിരുന്നത്!

ജോസഫിനെ ഗ്രാമത്തിൽ കണ്ടപ്പോൾ പലരും അവനെ ചോദ്യം ചെയ്യാൻ വന്നു. ബെത്ലെഹെമിൽ നടന്ന കാര്യങ്ങളുടെ വിശേഷം തിരക്കാൻ പലരും അവന്റെ ചുറ്റുംകൂടി.അവരുടെ ഉദ്ദേശ്യം മനസിലാക്കിയ ജോസഫ് വിവേകപൂർവം അതിനു മറുപടിയും പറഞ്ഞു. ദൈവം തന്നോട് ആവശ്യപ്പെട്ടത് എന്തോ അതുമാത്രമാണ് താൻ ചെയ്തത് എന്ന് അവൻ പ്രതിവചിച്ചു.ജോസഫിന്റെ വായിൽ നിന്ന് എന്തെങ്കിലും രഹസ്യം വീണു കിട്ടിയിട്ട് അതിൽ പിടിച്ചു അവഹേളിക്കാനാണ് അവർ അവന്റെ അടുത്ത് വിശേഷം തിരക്കാൻ വന്നത് എന്ന് അവൻ മനസ്സിലാക്കിയിരുന്നു. സ്വർഗീയ നിഗൂഢ രഹസ്യങ്ങളുടെ മുഴുവൻ കലവറ സൂക്ഷിപ്പുകാരനായ ജോസഫ് തന്റെ ഹൃദയത്തിന്റെ താക്കോൽ ഒരിക്കലും പിശാചിന്റെ മുൻപിൽ വച്ച് പുറത്തടുക്കുകയില്ലെന്നും ജ്ഞാനിയുടെ അധരകവാടം ഭോഷന്റെ മുമ്പിൽ തുറക്കപ്പെടുകയില്ലെന്നും ആ മനുഷ്യരുണ്ടോ അറിയുന്നു. അവർ ജോസഫിനെ നിർദ്ദയം അവഹേളിച്ചു സംസാരിക്കുകയും ശകാരിക്കുകയും ചെയ്തു. പ്രസവം അടുത്തിരിക്കുന്ന ഗർഭിണിയെയും കൊണ്ട് ആ സമയത്തു ബെത്ലെഹെമിൽ പോയത് ഇവൻ തന്റെ ഭാര്യയോട് കരുണയില്ലാത്ത ദുഷ്ടനായതുകൊണ്ടാണ് എന്ന് അവർ കുറ്റപ്പെടുത്തി.അവളുടെ പ്രസവം കഴിയുന്നതുവരെ ഇവിടെ സമാധാനത്തിൽ കഴിയട്ടെയെന്നു അവൻ കരുതേണ്ടതായിരുന്നു എന്ന് ചിലർ അഭിപ്രായപ്പെട്ടു. പറയാൻ പാടില്ലാത്തതും പ്രകോപനാത്മകവുമായ പലതും അവർ ജോസഫിനോട് പറഞ്ഞു. എല്ലാം വളരെ ക്ഷമയോടും സമചിത്തതയോടും കൂടി നിശബ്ദനായിനിന്ന് ജോസഫ് കേട്ടു. ദൈവത്തെപ്രതി എല്ലാം സഹിച്ചു.

പിശാചിനാൽ വശംവദരായ മറ്റുചില ആളുകൾ ഇതിലും മോശമായ പലതും വിശുദ്ധ ജോസഫിനോട് പറഞ്ഞു. ഇത്രയും ശാലീനയായ കന്യാമറിയത്തെ, ഭാര്യയോട് യാതൊരു പരിഗണന യും പ്രകടിപ്പിക്കാത്ത ഒരുവന് കെട്ടിച്ചുകൊടുത്തതുതന്നെ വലിയ വിഡ്ഢിത്തമായിപ്പോയി; അതുകൊണ്ടാണ് ഇപ്പോൾ അവൾക്കു ഇത്രയും ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നത് എന്ന് അവർ പ്രഖ്യാപിച്ചു.എത്ര അമൂല്യമായ ഒരു ഭാര്യയെയാണ് തനിക്കു ലഭിച്ചിരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഇവനെപ്പോലൊരു വിഡ്ഢിയിൽ നിന്ന് കഷ്ടപ്പാടും അകാലമൃത്യു വും മാത്രമേ അവൾക്കിനി പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നുപോലും അവർ വിധി പ്രസ്താവിച്ചു. അവരുടെ വാക്കുകൾ അനേകം വാളുകൾ പോലെ വിശുദ്ധന്റെ ഹൃദയത്തെ തുളച്ചുകൊണ്ടാണ് കടന്നുപോയത്. കാരണം, തന്റെ ഭാര്യയെ എത്രയധികം സ്നേഹിക്കുന്നുവെന്നും അവളെ തന്റെ ജീവിതസഖിയായി നൽകിയതിന് ദൈവത്തോട് എത്രമാത്രം നന്ദിയുള്ളവനാണ് താനെന്നും ജോസെഫിനറിയാം. മറിയത്തിന് ആവശ്യമായ എല്ലാ സഹായവും കരുതലും താൻ കൊടുക്കുന്നുണ്ടെന്നും അവനറിയാം എങ്കിലും ആ അപവാദപ്രചാരകരോട് ജോസഫ് പറഞ്ഞ മറുപടി ഇതു മാത്രമാണ്: “ഇത്രയും സുശീലയും സൗഭാഗ്യവതിയുമായവളെ ഭാര്യയായി ലഭിച്ചതിൽ ഞാൻ അഭിമാനിക്കുകതന്നെ ചെയ്യുന്നു. പക്ഷേ നിങ്ങൾ വിചാരിക്കുന്നത് പോലെയെല്ലാം ചെയ്യുവാൻ ഞാൻ കുബേരനൊന്നുമല്ല; എന്റെ ദാരിദ്രാവസ്ഥയുടെ പരിമിതിയിൽ നിന്നുകൊണ്ട് എന്നാൽ കഴിയുന്നതെല്ലാം ഞാൻ എന്റെ ഭാര്യയ്ക്കുവേണ്ടി ചെയ്തുകൊടുക്കുന്നുണ്ട്; അവൾ അതിൽ തികച്ചും സംതൃപ്തയുമാണ്. എന്തെന്നാൽ അവൾ വളരെ ഉദാരമതിയും എല്ലാം അറിയുന്നവളുമാണ്. അത്യാഗ്രഹമൊന്നും അവളിലില്ല. എന്റെ കഴിവിനപ്പുറത്തൊന്നും ആഗ്രഹിക്കുന്നുമില്ല.തെറ്റുപറ്റിയതു നിങ്ങൾക്കാണ്” ജോസഫ് പറഞ്ഞു. അതിൽ കൂടുതലായി പലതും അവനു പറയാൻ കഴിയുമായിരുന്നു. എങ്കിലും ശാന്തനായി, അക്ഷോഭ്യനായി,അവരുടെ മുഖത്തുനോക്കി കാച്ചികുറുക്കിയതുപോലെ ചുരുങ്ങിയ വാക്കുകളിൽ അവർക്കു മറുപടി കൊടുത്തു.സാത്താൻ പ്രതീക്ഷിച്ചതൊന്നും ജോസഫിന്റെ വായിൽ നിന്ന് വന്നതുമില്ല.

ഇപ്രകാരമുള്ള പരീക്ഷണങ്ങളെയും വിദ്വേഷികളെയും ദൈവം അനുവദിച്ചത് ജോസഫിന്റെ സുകൃതങ്ങൾ വർദ്ധിക്കുന്നതിനുവേണ്ടിയാണ്. അതുവഴി അവൻ വിനയവും ക്ഷമയും ശാന്തതയും അനുകമ്പയും പരിശീലിക്കുകയും അതെല്ലാം ദൈവത്തെ പ്രസാദിപ്പിക്കാൻ കാരണമായിത്തീരുമെന്നു മനസ്സിലാക്കി ആനന്ദിക്കുകയും ചെയ്തു. അങ്ങനെയുള്ള അനുഭവങ്ങളിലൂടെ അവൻ വലിയ കൃപകളും വളരെയധികം സ്നേഹവും സ്വായത്തമാക്കി. തന്റെ ഭർത്താവായ ജോസഫ് അപ്രകാരമുള്ള പരീക്ഷണങ്ങളെ വിജയിച്ചു നിരവധി കൃപാവരങ്ങൾ നേടുന്നത് കണ്ടു മറിയം ഏറ്റം ആനന്ദിച്ചു. തന്റെ ഭർത്താവിനെ പരീക്ഷണഘട്ടങ്ങളിൽ ശക്തിപ്പെടുത്തുന്നതിന് സ്നേഹത്തിലും കൃപയിലും സമൃദ്ധമായി അനുഗ്രഹിക്കുന്നതിനുംവേണ്ടി മറിയം നിരന്തരം പ്രാർത്ഥിക്കുകയും കർത്താവിന്റെ മുമ്പിൽ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നതിൽ ഒരിക്കലും വീഴ്ച വരുത്തിയില്ല.

മറിയത്തിന്റെ പ്രാർത്ഥയ്ക്കുള്ള ഉത്തരമായി ജോസഫിന്റെ ഹൃദയം സ്നേഹം കൊണ്ട് കത്തിജ്വലിച്ചിരുന്നു. തന്നെയുമല്ല കൂടുതലായി മനുഷ്യർ ദൈവത്തെ സ്നേഹിക്കുന്നത് കാണാൻ ഇടയാക്കുകയും അതിൽ ജോസെഫിന്റെ ഹൃദയം ആനന്ദിക്കുകയും ചെയ്തു. അപ്പോൾ ആനന്ദാശ്രുക്കളോടെ അവൻ ഇപ്രകാരം ഉദ്ഘോഷിച്ചു.”എന്റെ ദൈവമേ, എന്തുകൊണ്ടാണ് മനുഷ്യർ അങ്ങയെ സ്നേഹിക്കാൻ മടിക്കുന്നത്? എല്ലാവരും അങ്ങയെ അറിയുവാനും സ്നേഹിക്കുവാനും ഞാൻ എന്തുചെയ്യണമെന്ന് അരുളിച്ചെയ്താലും. അനന്തനന്മയും അപരിമേയ പൂർണ്ണതയും അളവില്ലാത്ത സൗന്ദര്യവുമായ അങ്ങയെ മനുഷ്യർക്ക് എങ്ങനെ സ്നേഹിക്കാതിരിക്കാൻ കഴിയും!” ഈ വാക്കുകൾ പറഞ്ഞു തീരുമ്പോഴേക്കും ജോസഫ് ആത്മീയാനുഭൂതിയിൽ ലയിച്ചുകഴിഞ്ഞിരുന്നു.അവൻ ഏതാനും മണിക്കൂറുകളോളം ദൈവത്തിന്റെ മഹിമപ്രതാപത്തിന്റെ പരിപൂർണ്ണതയുടെആനന്ദപാരവശ്യം അനുഭവിക്കുകയും ചെയ്തു. ദൈവം എത്രമാത്രം സ്നേഹിക്കപ്പെടേണ്ടതുണ്ടെന്നു അവനു വളരെ വ്യക്തമായ ഒരു ഉൾക്കാഴ്ച ലഭിച്ചു. അതിന്റെ സ്നേഹപാരമ്യത്തിൽ നിറഞ്ഞു, ഓരോ ഗ്രാമത്തിലേക്കും എല്ലാ പട്ടണത്തിലേക്കും കടന്നു ചെന്ന് ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു സാക്ഷ്യപ്പെടുത്തുവാൻ അവന്റെ ആത്മാവു തിടുക്കം കൂട്ടി ; അക്കാര്യം മറിയത്തോടു തുറന്നു പറയുകയും ചെയ്തു. അവൾ അവനോടു പറഞ്ഞു: “നമുക്ക് എല്ലാ മനുഷ്യർക്കുംവേണ്ടി കർത്താവിനു നന്ദി പറയാം.”

അവർ ഒന്നുചേർന്ന് കർത്താവിനെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്തു. അതുവഴി ജോസഫിന്റെ ഹൃദയം ഒരുവിധം ശാന്തത കൈവരിച്ചു. അവൻ തന്റെ ഭാര്യയോട് പറഞ്ഞു; “ഇത്രമാത്രം ദൈവത്തെ സ്നേഹിക്കുന്ന നീ എന്നെന്നും അനുഗ്രഹീതയായിരിക്കട്ടെ ! ദൈവത്തിനു അർഹമായ വിധത്തിൽ നീ അവിടുത്തേക്ക് കൊടുക്കുന്നുണ്ട്. എക്കാലത്തും നിനക്ക് അവിടുത്തോടുള്ള സ്നേഹാതിരേകത്താൽ മനുഷ്യവംശത്തിനു മനഃപരിവർത്തനമുണ്ടാകട്ടെ . പ്രത്യേകിച്ച് ദൈവസ്നേഹമെന്തെന്നു അറിയാത്ത ആത്മാക്കളിൽ അവിടുത്തെ സ്നേഹം നിറയട്ടെ.എനിക്കുവേണ്ടിയും നീ ദൈവത്തെ സ്നേഹിക്കുക; കാരണം നിന്റെ ഹൃദയത്തിനു സ്നേഹത്തിൽ അത്രമാത്രം ആഴവും പരപ്പും ഉണ്ടല്ലോ എന്നാൽ ഞാനോ നിസ്സാരനാണ്. അവിടുത്തെ സ്നേഹത്തിന്റെ പൂർണ്ണതയ്ക്കൊത്തു തിരിച്ചു സ്നേഹിക്കാൻ മാത്രം എന്റെ ഹൃദയം പര്യാപ്തമല്ല.”

മറിയത്തിന്റെ ഹൃദയം സ്നേഹത്തിൽ കത്തിയെരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ജോസഫ് മറിയത്തെതന്നെ സൂക്ഷിച്ചുവീക്ഷിച്ചു കൊണ്ടിരുന്നു; അവളുടെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. പ്രഭാപൂർണ്ണമായ പ്രകാശകിരണങ്ങൾ അതിൽനിന്നു പ്രവഹിക്കുന്നുമുണ്ടായിരുന്നു; എന്തെന്നാൽ ദൈവത്തോടുള്ള സ്നേഹത്തിൽ അവളുടെ ഹൃദയം ഉജ്ജ്വലിക്കുകയായിരുന്നു. ജോസഫിന്റെ ഹൃദയവിചാരവും തീക്ഷ്ണതയും മനസ്സിലാക്കിയ മറിയം ഉണ്ണീശോയെ അവന്റെ കരങ്ങളിലേക്ക് കൊടുത്തു. അവൻ ഈശോയെ തന്റെ നെഞ്ചോട് ചേർത്തണച്ചു ചുംബിക്കുകയും അതുവഴി അവന്റെ സ്നേഹത്തിനുവേണ്ടിയുള്ള ദാഹം ശമിക്കുകയും ചെയ്തു.
ഏതാനും നിമിഷത്തേക്ക് ഈശോയെ ആലിംഗനം ചെയ്തുകൊണ്ട് ജോസഫ് അങ്ങിനെ തന്നെ നിന്നു. അപ്പോൾ ജോസെഫിന്റെ കയ്യിലിരുന്ന ഈശോയ്ക്കുണ്ടായ സന്തോഷം കണ്ടു മറിയം ആനന്ദപൂരിതയായി. തന്റെ സ്നേഹമയനായ ഭർത്താവ് ദൈവസാന്നിധ്യത്തിൽ അനുഭവിക്കുന്ന ആനന്ദവും അഭിഷേകവും എത്ര വലുതാണെന്നുകണ്ട് മറിയം വിസ്മയസ്തബ്ധയായി. കാരണം ആ സമയത്തു ജോസഫ് സ്വർഗ്ഗീയ പരമാനന്ദത്തിന്റെ മധുരമായ സമാധാനം മതിവരുവോളം ആസ്വദിക്കുകയായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles