ദൈവകുമാരനെ ജറുസലേം ദൈവാലയത്തില്‍ സമര്‍പ്പിച്ച സന്ദര്‍ഭത്തെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 94/200

മറിയവും ജോസഫും തിരുക്കുമാരനോടുകൂടി ജെറുസലേം ദൈവാലയത്തിലേക്കു പ്രവേശിച്ചു. മനുഷ്യകരങ്ങളാൽ നിർമ്മിച്ച ദൈവാലയത്തിലേക്കു മനുഷ്യാവതാരം ചെയ്ത ദൈവം കടന്നുവരുന്നു! അവിടെ വൃദ്ധനായ ശിമെയോനും പ്രവാചികയായ അന്നായും ആദരപൂർവം വന്ന് അവരെ സ്വീകരിച്ചു. ദൈവാത്മാവു കൊടുത്ത ഉൾപ്രേരണയനുസരിച്ചാണ് ശിമയോൻ ദൈവാലയത്തിലേക്കു വന്നത്. ദൈവം അവനു കൊടുത്ത വാഗ്ദാനം നിറവേറുകയാണെന്ന് കർത്താവ് അവനു വെളിപ്പെടുത്തിയിരുന്നു. മനുഷ്യാവതാരം ചെയ്യുന്ന മിശിഹായെ നേരിട്ടു കാണാതെ അവൻ മരിക്കുകയില്ല എന്ന് ദൈവം ശിമയോനോട് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നു.

മോശയുടെ നിയമത്തിൽ അനുശാസിക്കുന്നതനുസരിച് മറിയത്തിന്റെ ശുദ്ധീകരണകർമങ്ങൾ നിർവ്വഹിച്ചുകഴിഞ്ഞപ്പോൾ ശിമയോൻ ദിവ്യശിശുവിനെ തന്റെ കരങ്ങളിൽ എടുത്തു ദൈവത്തിനു സമർപ്പിച്ചുകൊണ്ട് ഇപ്രകാരം ഉദ്ഘോഷിച്ചു: “എന്റെ ദൈവമേ, അങ്ങയുടെ വചനമനുസരിച്ചു, ഇനി ഈ ദാസനെ സമാധാനത്തിൽ വിട്ടയയ്ക്കേണമേ!” വാഗ്ദാനം ചെയ്യപ്പെട്ട കൃപ സ്വീകരിച്ചു കഴിഞ്ഞപ്പോൾ മരിക്കാൻ അവൻ ആഗ്രഹിച്ചു. മിശിഹായെ കണ്ടപ്പോൾ അവന്റെ ജീവിതസാഫല്യം ഫലമണിഞ്ഞു കഴിഞ്ഞിരുന്നു!

വിശുദ്ധ ജോസഫ് നടന്നതെല്ലാം വളരെ അടുത്ത് നിന്ന് വിസ്മയത്തോടെ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരുന്നു. ഉണ്ണീശോയെ ഒരു വലിയ പ്രകാശം പൊതിഞ്ഞിരിക്കുന്നതായി അവൻ കണ്ടു. ആ കാഴ്ച അവനു വലിയ ആന്തരികസന്തോഷം പ്രദാനം ചെയ്തു.ഏതാനും നിമിഷത്തേക്ക് ജോസഫ് ആത്മീയനിർവൃതിയിൽ ലയിച്ചു. ആ നിമിഷങ്ങളിൽ ഏറ്റം ഉന്നതമായ സ്വർഗ്ഗീയ നിഗൂഢസത്യങ്ങളുടെ രഹസ്യങ്ങളാണ് അവന്റെ ആത്മാവിൽ ചുരുളഴിയപ്പെട്ടത്.പ്രത്യേകിച്ച് ഈശോയെ ദൈവാലയത്തിൽ കാഴ്ചവച്ചതുമായി ബന്ധപ്പെട്ട ആത്മീയ രഹസ്യങ്ങൾ.

ഏതാനും നിമിഷത്തേക്ക് ശിമയോൻ ദിവ്യരക്ഷകനെ തന്റെ കരങ്ങളിൽ വഹിച്ചുകൊണ്ട്, ദൈവസാന്നിദ്ധ്യം അനുഭവിച്ചുകൊണ്ട് അങ്ങനെതന്നെ നിന്നു. ദൈവമാതാവ് അഞ്ചുനാണയങ്ങൾ കൊടുത്തു തന്റെ ആദ്യജാതനെ വീണ്ടെടുത്തു; അപ്പോൾ ശിമയോൻ കുട്ടിയെ തന്റെ അമ്മയുടെ കരങ്ങളിലേക്ക് തിരിച്ചു കൊടുക്കുകയും ചെയ്തു.മാതാവിന്റെ കരങ്ങളിൽ തിരിച്ചു വന്നപ്പോൾ ഈശോയ്ക്ക് സന്തോഷമായി. ജോസഫ് സംഭവിച്ചതെല്ലാം സശ്രദ്ധം വീക്ഷിക്കുകയും മനസ്സിൽ ധ്യാനിക്കുകയും ചെയ്തുകൊണ്ടിരുന്നു. മാതാവിനെ ശിമയോൻ അഭിനന്ദിച്ചു. അവൻ അവളോടു പറഞ്ഞു; അവളുടെ ശിശു പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകുമെന്നും, പലരും അവനെതിരായി തല ഉയർത്തുമെന്നും, അങ്ങനെ ഒരു വാൾ അവളുടെ ഹൃദയത്തിലൂടെ കടന്നുപോകുമെന്നും പ്രവചിച്ചു.

ശിമയോൻ മാറിയത്തോടു പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ജോസെഫിന്റെ ഹൃദയവും ദുഃഖം കൊണ്ട് നിറഞ്ഞു. കാരണം ആ വാക്കുകളുടെ അർത്ഥം എന്തെന്ന് ഒരു പരിധിവരെ ജോസെഫിന്റെ ആത്മാവിന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അവൻ ആശ്വാസം കണ്ടെത്താൻ ശ്രമിച്ചെങ്കിലും തീവ്രദുഖത്തിന്റെ ചിന്തകൾ അവനെ കണ്ണീരിലാഴ്ത്തിയിരുന്നു. അവിടെവെച് ശിമെയോന്റെ വാക്കുകൾ അവന്റെ ഹൃദയത്തിൽ തുളച്ചുകയറി മായാത്ത മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു. ആ മുറിവ് നിത്യമായി അവനെ വ്യാകുലപ്പെടുത്തുകയും ചെയ്തിരുന്നു. ദൈവമാതാവ് അതിനേക്കാൾ കൂടുതൽ ദുഃഖഭരിതയായിത്തീർന്നു. എന്തെന്നാൽ, സംഭവിക്കാനിരിക്കുന്നതെന്തെന്ന് മുൻകൂട്ടി അവൾ അറിഞ്ഞിരുന്നു. ആജീവനാന്തം ആ കടോരദുഃഖത്തിന്റെ വാൾ അവളുടെ നിർമല ഹൃദയത്തിൽ തുളച്ചു കയറിയിട്ടുണ്ടായിരുന്നു.

പ്രവാചികയായ അന്നയും മുന്നോട്ടു വന്ന് ഈശോയുടെ പീഡാ സഹനത്തെയും മരണത്തെയും കുറിച്ച് സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. ജോസഫിന് അതിന്റെ പൂർണ്ണരൂപം അപ്പോൾ ദൈവം വെളിപ്പെടുത്തിക്കൊടുത്തില്ല; ഒരുപക്ഷേ, ആ സമയത്തു അതറിഞ്ഞിരുന്നെങ്കിൽ അവൻ മരിച്ചു പോകുമായിരുന്നു. എന്തെന്നാൽ ജോസഫിന് ഈശോയോടുള്ള ഭക്തിയും തീക്ഷ്ണതയും അത്ര തീവ്രമായിരുന്നു. ശിമെയോന്റെ വാക്കുകളാൽ തന്നെ അവൻ തീവ്രദുഃഖത്തിൽ മുങ്ങിത്താണുകൊണ്ടിരിക്കുകയായിരുന്നു. എങ്കിലും ദൈവം തന്റെ കൃപയാൽ അവനെ താങ്ങി നിർത്തി. മറിയമാകട്ടെ, അവളുടെ ദുഃഖം തന്റെ ഹൃദയത്തിൽ മറച്ചുപിടിക്കുകയും ചെയ്തു.

പ്രവചിക്കപ്പെട്ട കാര്യങ്ങൾ മറിയത്തിന് നന്നായി അറിയാമായിരുന്നെകിലും ശിമെയോനും അന്നായും ഈശോയുടെ സഹനത്തെയും മരണത്തെയും കുറിച്ച് പ്രവചിക്കുന്നതു കേട്ടപ്പോൾ അത് അവളുടെ ഹൃദയത്തിന് പുതിയൊരു ആഘാതംതന്നെയാണ് ഏല്പ്പിച്ചത്. അവൾ തന്റെ ദുഃഖം മറച്ചുപിടിച്ചുകൊണ്ട് ദുഖിതനായ തന്റെ ഭർത്താവിനെ സമാശ്വസിപ്പിച്ചു.

ഇക്കാര്യങ്ങളെക്കുറിച്ചു മറിയവുമായി കൂടുതൽ സംസാരിക്കണമെന്ന് ജോസഫ് ആഗ്രഹിച്ചു; എങ്കിലും കുറച്ചുസമയം കൂടി ദൈവാലയത്തിനുള്ളിൽ ത്തന്നെ അവർക്കു ചെലവഴിക്കേണ്ടിയിരുന്നു. ആദ്യജാതനോടൊപ്പം കിഴക്കുനിന്നെത്തിയ രാജാക്കന്മാർ സമ്മാനിച്ച തിരുമുൽക്കാഴ്ച്ച കളും കർത്താവിന്റെ മുൻപിൽ സമർപ്പിക്കേണ്ടിയിരുന്നു. മറിയം തന്റെ അരുമസുതനെ മാറോടുചേർത്ത് അമർത്തിപ്പിടിച്ചു ദൈവത്തിനു നന്ദി പറയുകയും ഏറ്റവുമധികം സ്നേഹവും കാരുണ്യവും പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഈശോയുടെ നാമത്തിൽ അവൾ തന്റെ ഭർത്താവിന്റെ ദുഃഖം ലഘൂകരിച്ചുകൊടുക്കണമെന്ന് അവൾ പിതാവിനോട് തീക്ഷ്ണമായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു. അവളുടെ പ്രാർത്ഥനയ്ക്ക്  ഉത്തരം ലഭിക്കുന്നതായി തിരുക്കുമാരൻ കാണുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles