വി. യൗസേപ്പിതാവിന്റെ അന്ത്യനാളുകളില്‍ മാലാഖമാര്‍ സ്തുതിഗീതങ്ങള്‍ ആലപിച്ചിരുന്നത് എന്തിനെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-195/200

നല്ലവരായ അയല്‍ക്കാരും പരിചയക്കാരും ഇടയ്ക്ക് ജോസഫിനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു. ഒരു കാര്യം മാത്രമേ വിശുദ്ധന്‍ അവരോട് ആവശ്യപ്പെട്ടിരുന്നുള്ളൂ: ദൈവത്തിന്റെ ഇഷ്ടം നിറവേറ്റാന്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമാത്രം. ഇത് കഠിനവേദനയുടെ സമയത്തും ദൈവഹിതം മാത്രം അന്വേഷിക്കുകയും അസാമാന്യദീര്‍ഘക്ഷമ കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ജോസഫിന്റെ വിശ്വാസത്തെയും സഹനശക്തിയെയും കണ്ട് അവര്‍ അത്ഭുതപരതന്ത്രരായി അവരുടെ ഹൃദയം ഉരുകിപ്പോയി. കഠിനമായ സഹനത്തിന്റെ നടുവിലും പൂര്‍ണ്ണസന്തോഷവാനായി ഒരു മാലാഖയെപ്പോലെയാണ് ജോസഫിനെ അവര്‍ക്കു കാണാന്‍ കഴിഞ്ഞത്.

എന്നിരുന്നാലും കഠിനവേദനകൊണ്ടു വിഷമിച്ചു സാഷ്ടാംഗ പ്രണാമം ചെയ്തുകിടക്കുന്ന ജോസഫിനെയാണ് സാധാരണയായി അവര്‍ കണ്ടിരുന്നത്. അതിനാല്‍, കൂടുതല്‍ ശല്യപ്പെടുത്താതെ ഒറ്റയ്ക്കു സൈ്വര്യമായി കിടന്നു വിശ്രമിക്കട്ടെ എന്നു കരുതി അവര്‍ വേഗം വിടപറയുകയാണ് പതിവ്. ദാരുണമായ ആ അവസ്ഥയില്‍ ഏറെ നേരം ജോസഫിനെ കണ്ടു നില്‍ക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള സന്ദര്‍ശനം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. അങ്ങനെ ദൈവം ഒരുക്കിയതുപോലെ രക്ഷകന്റെയും പരിശുദ്ധ മറിയത്തിന്റെയും സാന്നിദ്ധ്യത്തില്‍ സമാധാനമായി കഴിയാന്‍ വിശുദ്ധന് ഇടയാകുകയും ചെയ്തു.

ജോസഫിന്റെ ജീവിതത്തിലെ അന്ത്യനാളുകളില്‍ മിക്ക ദിവസങ്ങളിലും മാലാഖമാരുടെ സ്തുതിഗീതം കേള്‍ക്കാനുള്ള ഭാഗ്യം വിശുദ്ധനു ലഭിച്ചു. വിശുദ്ധന്റെ സ്വര്‍ഗ്ഗീയ യാത്രയ്ക്കുള്ള വേര്‍പാടിന്റെ ഒരുക്കത്തെക്കുറിച്ചുള്ള അറിയിപ്പുകളായിരുന്നു ആ സന്ദേശങ്ങള്‍. അതുവഴി ജോസഫിനു വലിയ ആനന്ദവും ആശ്വാസവും ലഭിക്കുകയും ചെയ്തു. ബഹുമുഖവും സവിശേഷവുമായ വിധത്തില്‍ തന്റെമേല്‍ നിരവധിയായ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച കര്‍ത്താവിന് അവന്‍ കൃതജ്ഞതയര്‍പ്പിച്ചു. നിര്‍ണ്ണായകമായ അവസാന ദിവസങ്ങളില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ജോസഫ് തനിച്ചായിരിക്കാന്‍ ഇടവന്നിട്ടുള്ളു.

ഈശോ ആശ്വാസവചനങ്ങളുമായി സദാസമയവും വിശുദ്ധന്റെ അരികിലുണ്ടായിരുന്നു. കുടുംബത്തിന്റെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്കുള്ള ജോലികളൊഴിച്ചാല്‍ ബാക്കി സമയംമുഴുവനും മാതാവും വിശുദ്ധന്റെ സമീപത്തുതന്നെയുണ്ടായിരുന്നു. ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് മാലാഖമാരും അവരുടെ സജീവസാന്നിദ്ധ്യം പ്രകടമാക്കിയിരുന്നു. ഈ വിധത്തില്‍ ജോസഫ് തന്റെ അന്തിമപോരാട്ടത്തിന്റെ സഹനസമ്പൂര്‍ണ്ണമായ ദിനങ്ങളില്‍ അത്ഭുതാവഹമായ രീതിയില്‍ സാന്ത്വനവും സമാശ്വാസവും ദൈവം പ്രദാനം ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles