തിരുപ്പിറവി സ്ഥലത്ത് തിരിച്ചെത്തിയ വി. യൗസേപ്പിതാവ് സന്തോഷാധിക്യത്താല്‍ മതിമറന്നത് എന്തുകൊണ്ട് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-140/200

തിരുക്കുടുംബം ബത്‌ലഹേമില്‍ തിരിച്ചെത്തിയ ഉടനെ അവര്‍ രക്ഷകന്‍ പിറന്ന ആ ഗുഹയിലേക്ക് പോയി. അത് ജോസഫില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. അനുപമമായ ആനന്ദവും സമാശ്വാസവും മാത്രമല്ല അവാച്യമായ ദൈവഭയവും ഭക്തിയുംകൊണ്ട് ഹൃദയം നിറഞ്ഞുതുളുമ്പി. ഈശോ പിറന്ന ഉടനെ കിടത്തിയ ആ തറയില്‍ ജോസഫ് സാഷ്ടാംഗം പ്രണമിച്ചു കിടന്നു. സ്വര്‍ഗ്ഗീയാനന്ദംകൊണ്ട് നിറഞ്ഞ് വികാരതരളിതനായി കണ്ണീരില്‍ കുളിച്ച ജോസഫ് തുടരെത്തുടരെ ആ പുണ്യസ്ഥലം ചുംബിച്ചുകൊണ്ട് ദൈവത്തെ ആരാധിച്ചു. ആ സമയത്ത് അവന്റെ മനസ്സ് വര്‍ണ്ണനാതീതം ദൈവികചൈതന്യംകൊണ്ടു നിറഞ്ഞു. സ്വര്‍ഗ്ഗീയ നിഗൂഢരഹസ്യങ്ങള്‍ വെളിപ്പെട്ടുകിട്ടുകയും ചെയ്തു.

ഇത് ജോസഫിന്റെ ഈജിപ്തില്‍നിന്നുള്ള തിരിച്ചുവരവിന്റെ വിജയാഘോഷം കൂടിയാണ്. പിതാവിന്റെ വലിയ സംപ്രീതിയും അനുഗ്രഹങ്ങളും സമാര്‍ജ്ജിക്കുകയും ചെയ്തിരിക്കുന്നു. ഹൃദയം അതിന്റെ പൂര്‍ണ്ണതയില്‍ കത്തജ്ജ്വലിക്കുകയാണ്. അവിടെവച്ച് അതു തിരിച്ചറിയുകയും ആര്‍ദ്രമായ സ്‌നേഹത്തോടും ഉല്‍ക്കടമായ അഭിവാഞ്ജയോടുംകൂടെ കര്‍ത്താവിനെ സ്തുതിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്തു. ദൈവമാതാവും സ്വര്‍ഗ്ഗീയമായ ധ്യാനത്തില്‍ നിമജ്ജനം ചെയ്യപ്പെട്ടിരിക്കുന്നതായും ദൈവസുതന്‍ പ്രാര്‍ത്ഥനയില്‍ പിതാവിനോട് വളരെ ഇഴുകിച്ചേര്‍ന്നിരിക്കുന്നതായും ജോസഫ് ശ്രദ്ധിച്ചു. എല്ലാ പ്രകാരത്തിലും എല്ലാവരുടെയും ഹൃദയത്തില്‍ ആനന്ദം അണമുറിഞ്ഞൊഴുകുകയായിരുന്നു. പ്രാര്‍ത്ഥനയും ആരാധനയും നന്ദിപ്രകാശനവും കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ അവര്‍ വലിയൊരു ശക്തിയും സമാശ്വാസവും കൈവരിച്ചുകഴിഞ്ഞിരുന്നു. മൃഷ്ടാന്നഭോജനം കഴിഞ്ഞ് എഴുന്നേറ്റതുപോലെയാണ് അതവര്‍ക്ക് അനുഭവപ്പെട്ടത്. നിശ്ചയമായും സ്വര്‍ഗ്ഗീയപിതാവ് അതും ആഗ്രഹിച്ചിരുന്നു. അവരുടെ ആത്മാവിനും അതുപോലെതന്നെ ശരീരത്തിനും ആവശ്യമായത് കൊടുക്കണമെന്ന്.

അതിന് അകമഴിഞ്ഞ് അവര്‍ ദൈവത്തിന് നന്ദി പറഞ്ഞു. ജോസഫ് തന്നെത്തന്നെ വീണ്ടും വിനീതനാക്കിക്കൊണ്ട് ഈശയോടും മറിയത്തോടും പറഞ്ഞു: ‘എനിക്ക് ദൈവത്തില്‍ നിന്ന് ഈ കൃപാകടാക്ഷം ഉണ്ടാകുക എത്ര അത്ഭുതമായിരിക്കുന്നു. പരിപൂര്‍ണ്ണരായിരിക്കുന്ന നിങ്ങളുടെമേല്‍ അവ വര്‍ഷിക്കപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. കാരണം നിങ്ങള്‍ പൂര്‍ണ്ണതയുള്ളവരാണ്. എന്നാല്‍, അവിടുത്തെ സൃഷ്ടികളില്‍ ഏറ്റം നിസ്സാരനായ എന്റെമേല്‍ ഈ കൃപകളെല്ലാം വര്‍ഷിക്കപ്പെടുകയെന്നത് താദാത്മ്യം ചെയ്യാവുന്നതിനും അപ്പുറമാണ്. എനിക്കതിന് ഒരു യോഗ്യതയുമില്ല. നിങ്ങളെ പരിഗണിച്ചിട്ടാണ് ദൈവം ഇതു ചെയ്തത് എന്നാണ് എനിക്കു തോന്നുന്നത്.’

മറുപടയായി ഈശോ മുന്നോട്ടു വന്ന് പിതാവിന്റെ മഹാമനസ്‌കതയെയും ഔത്സുക്യത്തെയും കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അവിടുത്തെ കൃപാവചസ്സുകേട്ട് മറിയവും ജോസഫും നിമിഷങ്ങള്‍ക്കകം സ്വര്‍ഗ്ഗീയാനന്ദംകൊണ്ടു നിറഞ്ഞു. ജോസഫ് ഉദ്‌ഘോഷിച്ചു: ‘എന്റെ മകനേ, എന്റെ കര്‍ത്താവേ! നിന്റെ വാക്കു കേട്ടാല്‍ മാറ്റം വരാത്ത ഹൃദയമേതാണുള്ളത്? നിന്റെ സ്‌നേഹത്തിനു മുമ്പില്‍ സമ്പൂര്‍ണ്ണമായി അടിയറ പറയാത്തതായി ആരാണുണ്ടാവുക? നിന്റെ വചനങ്ങള്‍ ആത്മാവിന്റെ ആഴങ്ങളില്‍ തുളച്ചുകയറി ഹൃദയത്തെ പിടിച്ചെടുക്കുന്ന ശക്തിയുള്ളതാണ്. എനിക്ക് ഒരു കാര്യത്തില്‍ വലിയ പ്രതീക്ഷയുണ്ട്. തീര്‍ച്ചയായും നിന്റെ സ്‌നേഹം എല്ലാ ഹൃദയങ്ങളെയും കവര്‍ന്നെടുക്കുമെന്നും ആത്മാക്കളെയും കീഴടക്കുമെന്നും നിശ്ചയമുണ്ട്.’

അതുകേട്ടപ്പോള്‍ ഈശോയുടെ മുഖം പെട്ടെന്നു വിവര്‍ണ്ണമായിത്തീര്‍ന്നു. അതിന്റെ കാരണം അഴിടുത്തേക്കു മാത്രം അറിയാവുന്ന ഒരു ദുഃഖസത്യമാണ്. തന്റെ സ്വന്തം ജനത്തിന്റെ ഹൃദയം ദൈവത്തിനു കടന്നുചെല്ലാന്‍ കഴിയാത്തവിധം എത്രമാത്രം ദുഷ്ടത നിറഞ്ഞതാണ്! ദൈവസ്വരം കേള്‍ക്കാന്‍ ഏറ്റവും വലിയ അവകാശമുള്ള യഹൂദജനത്തില്‍ നിന്ന് എത്രകഠിനമായ എതിര്‍പ്പുകളാണ് അവിടുന്നു നേരിടാനിരിക്കുന്നത്! അവരുടെ ഹൃദയം അത്രമേല്‍ കഠിനമായിത്തീര്‍ന്നിരിക്കുന്നു എന്ന് അവിടുത്തേക്ക് അറിയാമായിരുന്നു.

വിശുദ്ധ തീര്‍ത്ഥാടകര്‍ ആ രാത്രിയുടെ യാമങ്ങള്‍ പ്രാര്‍ത്ഥനയിലും സ്തുതിയിലും ഏകാന്തജാഗരണത്തിലും പിന്നെ കുറച്ചു സമയം സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിലും ചെലവഴിച്ചു. അല്പസമയം വിശ്രമിക്കാനും വിനിയോഗിച്ചു. ഈശോ കിടന്ന ആ പുല്‍ത്തൊഴുത്തിനടുത്തുതന്നെ ജോസഫും വിശ്രമിച്ചു. അവിടെ നിന്ന് അകന്നിരിക്കാന്‍ ജോസഫിന് ഒട്ടുംതന്നെ കഴിയുമായിരുന്നില്ല. കാരണം ദുഃഖവും സന്തോഷവും ആഹ്ലാദവും പ്രലാപവും ഒരുപോലെ സമ്മാനിച്ചുകൊണ്ട്, മാനവരാശിയുടെ രക്ഷാകര രഹസ്യങ്ങളുടെ തിരശീല നീക്കിക്കൊണ്ട്, ആ രാത്രിയില്‍ അരങ്ങേറിയ നാടകീയരംഗങ്ങളുടെ അവിസ്മരണീയചിന്തകള്‍ അവന്റെ ഹൃദയത്തെ ജ്വലിപ്പിച്ചുകൊണ്ടിരുന്നു. മറുവശത്ത്, മാതാവാകട്ടെ ദൈവസുതനെ ഈ ലോകത്തിനു സമ്മാനിച്ച ആ പുണ്യസ്ഥലത്തുതന്നെ ഇഴുകിച്ചേര്‍ന്നുകൊണ്ടു കഴിഞ്ഞുകൂടി. അതോടൊപ്പം സ്വര്‍ഗ്ഗീയ അനുഗ്രഹവര്‍ഷത്തിന്റെ അനുഭവം ആസ്വദിക്കുകയും ചെയ്തു. ഈശോ മാനവകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി പിതാവിനോടു പ്രാര്‍ത്ഥിക്കുകയും യാചനകള്‍ അര്‍പ്പിക്കകയും ചെയ്തുകൊണ്ട് അവരുടെ അടുത്ത് ചെലവഴിച്ചു. തദവസരത്തില്‍, ദൈവപുത്രന് ‘ഹോസാന’ പാടുന്ന മാലാഖമാരുടെ സംഗീതധ്വനികളാല്‍ ബത്‌ലെഹേമിലെ ആകാശവീഥികള്‍ ശബ്ദമുഖരിതമായി. ലോകരക്ഷകന്‍ പിറന്ന ആ രാത്രിയുടെ അനുസ്മരണം വലിയ ആഘോഷമായി!

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles