വി. യൗസേപ്പിതാവിന്റെ ഉത്കണ്ഠകള്‍ക്ക് ഈശോയുടെ മറുപടി എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-135/200

കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജോസഫിന്റെ മനസ്സില്‍ ഇനിയും ചില ചിന്തകള്‍ അവശേഷിക്കുന്നുണ്ട്. മാതാവിനോടും ഈശോയോടും അത് ആരായുകയും ചെയ്തു. ‘ജെറുസലേം ദൈവാലയത്തിന്റെ ഭരണാധികാരികളും പരിചാരകരും നമ്മളെ അംഗീകരിക്കുമെന്ന് എന്താണ് ഉറപ്പ്? എന്റെ ഈശോയെ ആരറിയുന്നു? അവന് എന്തെങ്കിലും നന്മ ചെയ്യുമെന്നോ, നല്ല മനസ്സ് കാണിക്കുമെന്നോ ആര്‍ക്കറിയാം? നമ്മളോട് അവര്‍ എന്താണ് ചെയ്യാനിരിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ല. ഈശോയോടും തന്റെ പരിശുദ്ധ മാതാവിനോടും അവര്‍ അനുകമ്പ പ്രകടിപ്പിക്കുമെങ്കില്‍ ഞാന്‍ സംതൃപ്തനായി. എന്റെ കാര്യം എനിക്കൊരു പ്രശ്‌നമല്ല. അവര്‍ക്കിഷ്ടമുള്ളതുപോലെ എന്നോടു പ്രവര്‍ത്തിച്ചുകൊള്ളട്ടെ! നിങ്ങള്‍ രണ്ടുപേരും എന്റെയടുത്തു സുരക്ഷിതരായിരുന്നെങ്കില്‍… എനിക്കതു മാത്രം മതി.’

ജോസഫിന്റെ കരുതലിനെയും അതീവജാഗ്രതയുള്ള ചിന്തകളെയും കുറിച്ചു കേട്ടപ്പോള്‍ ഈശോ സന്തോഷത്തോടെ ചിരിച്ചുകൊണ്ടു പറഞ്ഞു: ‘അപ്പന്‍ ഒന്നുകൊണ്ടും ആകുലപ്പെടുകയോ വിഷമിക്കുകയോ വേണ്ട. സ്വര്‍ഗ്ഗീയ പിതാവിന്റെ ആജ്ഞാവചനത്തിനു മുമ്പില്‍ മനുഷ്യരുടെ എല്ലാ കരുനീക്കങ്ങളും വെറും ആവിയായിപ്പോകും.’ ജോസഫിന്റെ പിതൃസഹജമായ മുന്‍കരുതലുകളെയും ദീര്‍ഘവീക്ഷണത്തെയും ഭയഭക്തിജനകമായ ആശയാഭിലാഷങ്ങളെയും പറ്റി കേട്ടതില്‍ ഈശോ സംതൃപ്തി പ്രകടിപ്പിച്ചു. അവിടുന്നു പറഞ്ഞു: ‘എന്റെ സ്‌നേഹം നിറഞ്ഞ അപ്പാ, അങ്ങേക്കുള്ള പ്രതിഫലം വളരെ വലുതായിരിക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. എന്നോടുള്ള സ്‌നേഹാതിരേകത്താല്‍ അങ്ങു ചെയ്തുതരുന്ന പ്രവൃത്തികള്‍ക്കു മാത്രമല്ല എന്നോടു പ്രകടിപ്പിക്കുന്ന എല്ലാ നന്മകള്‍ക്കും പ്രതിഫലമുണ്ട്. അതിനെല്ലാം എന്റെ സ്വര്‍ഗ്ഗീയപിതാവ് വിലമതിക്കാനാകാത്ത വലിയ അനുഗ്രഹം പ്രദാനം ചെയ്യും.’

അതു കേട്ടപ്പോള്‍ ജോസഫിന്റെ നയനങ്ങള്‍ നിറഞ്ഞൊഴുകി. ഈശോയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ഓ, എന്റെ പൊന്നോമന പൈതലേ, നീ എന്റെ അടുത്തുള്ളപ്പോള്‍ അതിലും വലിയ മറ്റെന്തു പ്രതിഫലമാണ് എനിക്കു ലഭിക്കുക? അതിനേക്കാള്‍ വിലപ്പെട്ടതായി എന്തു സമ്മാനമാണ് ഞാന്‍ പ്രതീക്ഷിക്കേണ്ടത്? എന്റെ ഈ നിസ്സാര പ്രയത്‌നങ്ങള്‍ക്ക് നിന്റെ പിതാവായിരിക്കാന്‍ അവിടുന്ന് എന്നെ അവരോധിച്ചല്ലോ. തീര്‍ച്ചയായും അതുല്യമായൊരു അംഗീകാരമാണത്. നിന്റെ സന്തതസഹചാരിയായിരിക്കാനുള്ള മഹത്തായ ആ ആനുകൂല്യത്തെക്കാള്‍ ഈ ഭൗമികജീവിതത്തില്‍ വിലപ്പെട്ടതായി മറ്റൊന്നും ഞാന്‍ കണക്കാക്കുന്നില്ല.

നിന്റെ സാന്നിദ്ധ്യത്തില്‍ കഴിയുന്നതിനേക്കാള്‍ സന്തോഷകരമായി മറ്റെന്തിനാണ് ഞാന്‍ വില കല്പിക്കേണ്ടത്? നിന്നോടുകൂടി ജീവിച്ചു എന്ന കാര്യം പരിഗണിക്കുമ്പോള്‍ വരാനിരിക്കുന്ന ജീവിതത്തിലും അതിനേക്കാള്‍ വലിയ പ്രത്യാശ മറ്റെന്തില്‍ നിന്നാണ് എനിക്ക് ലഭിക്കുക? ലോകരക്ഷകന്റെയും അവന്‍്‌റെ പരിശുദ്ധ മാതാവിന്റെയും പരിപാലകനായിരിക്കുക എന്നതിനേക്കാള്‍ മഹത്തായ പദവി മറ്റെന്താണുള്ളത്? തന്മൂലം ഭൂമിയിലെ എല്ലാ നേട്ടങ്ങളും അംഗീകാരങ്ങളും സുഖസൗകര്യങ്ങളും ഞാന്‍ ഉപേക്ഷിച്ചിരിക്കുകയാണ്.’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles