നസ്രത്തിലേക്കു മടങ്ങാനുള്ള ദൈവതിരുഹിതം വെളിപ്പെട്ടപ്പോള്‍ വി. യൗസേപ്പിതാവ് എന്താണ് ചെയ്തത് എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-127/200

ഇതിനോടകം ഈജിപ്തിലെ സാഹചര്യങ്ങളുമായി ജോസഫ് ഏതാണ്ടു പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ആ നാട്ടുകാരെല്ലാവരും തിരുക്കുടുംബവുമായി സ്‌നേഹത്തില്‍ വര്‍ത്തിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലെത്തിക്കഴിഞ്ഞിരുന്നു. പലായനം ചെയ്തുവന്നന ആദ്യനാളുകള്‍ മുതല്‍ നാട്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് മറിയവുമായി മിക്കവാറും ദിവസങ്ങളില്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഏതാണ്ട് ആ ചിന്തകള്‍ മനസ്സില്‍ നിന്നു മറന്നതുപോലെയുണ്ട്. ദൈവപുത്രനു സംരക്ഷണം നല്കാന്‍ സ്വര്‍ഗ്ഗീയപിതാവ് ഒരുക്കിയ സങ്കേതസ്ഥലത്തെ ജീവിതത്തില്‍ ജോസഫ് ന്തോഷവാനാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ ദൈവത്തിന്റെ മാലാഖ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു കല്പിച്ചു: ‘നസ്രത്തിലേക്കു മടങ്ങുക, ശിശുവിനെ വധിക്കാന്‍ ആഗ്രഹിച്ച ഹേറോദേസ് മരിച്ചുകഴിഞ്ഞു.’

ആ സന്ദേശം കേട്ടതില്‍ ജോസഫ് തെല്ലും അസ്വസ്ഥനായില്ല. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ രാത്രിയിലുണ്ടായ സ്വപ്‌നം മറിയവുമായി ചര്‍ച്ച ചെയ്തു. പതിവുപോലെ മറിയത്തിന്റെ ഹൃദയത്തിലും ദൈവം അതു വെളിപ്പെടുത്തിയിരുന്നു. എങ്കിലും ജോസഫിനോട് ഒരുവിധത്തിലും അത് സൂചിപ്പിച്ചില്ലെന്നു മാത്രം. തിരിച്ചുവരവിനുള്ള ആജ്ഞ നല്‍കിയ ദൈവത്ത അവര്‍ മുട്ടുകുത്തി ആരാധിച്ചു. പിന്നീട് അവര്‍ അതു തങ്ങളുടെ സ്‌നേഹനിധിയായ ഈശോയോടു സംസാരിച്ചു. അപ്പോള്‍ ദൈവം തയ്യാറാക്കിയിരിക്കുന്ന പദ്ധതിയുടെ ബാക്കി കാര്യങ്ങളെക്കുറിച്ചുള്ള പ്രകാശം അവന്‍ അവര്‍ക്കു നല്കി. അവന്റെ വാക്കുകള്‍ കൃപയും ജ്ഞാനവും നിറഞ്ഞതായിരുന്നു. സ്വദേശത്തേക്കു മടങ്ങുന്നതിനേക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഒരു വശത്തു ജോസഫിന് സന്തോഷമുണ്ടായി. എന്നാല്‍, മറുവശത്ത് ഇത്രമാത്രം ദൈര്‍ഘ്യമേറിയ യാത്രയില്‍ സ്‌നേഹനിധിയായ ഈശോയെയും മാതാവിനെയും കൊണ്ടുപോകുന്നതിലുള്ള ദുരിതങ്ങളോര്‍ത്തപ്പോള്‍ അവന്‍ ഞെട്ടിപ്പോയി. കഴിഞ്ഞകാലങ്ങളിലെ ദുരിതങ്ങള്‍ അവന്റെ മനസ്സില്‍ മിന്നിമറഞ്ഞു.

എന്നാല്‍ ഈശോ കാതലായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തുകഴിഞ്ഞപ്പോള്‍ ജോസഫ് സന്തോഷവാനും സംതൃപ്തനുമായിത്തീര്‍ന്നു. ദൈവത്തിന്റെ ആജ്ഞ നിറവേറ്റാന്‍ തക്കവിധം ധൈര്യവും ശക്തിയും വീണ്ടെടുത്തു. അപ്പോള്‍ അവന്‍ ഈശോയോടു പറഞ്ഞു: ‘എന്‍്‌റെ മകനേ, ഈ യാത്രയില്‍ വളരെയേറെ ക്ലേശങ്ങള്‍ നിന്നെ കാത്തിരിക്കുന്നു എന്നത് എന്നെ വല്ലാതെ ദുഃഖിപ്പിക്കുന്നു.’ ജീവദായകമായ വചനങ്ങളിലൂടെ ഈശോ ജോസഫിന് ആശ്വാസം പകര്‍ന്നുകൊടുത്തു. ഈശോയെ സംബന്ധിച്ചിടത്തോളം സഹനം എന്നു പറഞ്ഞാല്‍ സന്തോഷമെന്നാണ് അര്‍ത്ഥമാക്കേണ്ടത് എന്നും സ്വര്‍ഗ്ഗീയപിതാവിന്റെ തിരുഹിതം നിറവേറ്റാനുള്ള മാര്‍ഗ്ഗം അതാണെന്നും വ്യക്തമാക്കിക്കൊടുത്തു.

ജോസഫ് താന്‍ ഏറ്റെടുത്തിരുന്ന പണികളെല്ലാം പെട്ടെന്നു തീര്‍ത്തുകൊടുക്കുന്നതിനുള്ള രീതിയില്‍ കാര്യങ്ങള്‍ ക്രമപ്പെടുത്തി. പണിയായുധങ്ങള്‍ വിറ്റ് ദരിദ്രര്‍ക്കു സഹായം ചെയ്തു. തന്നോട് അനുഭാവപൂര്‍വ്വം കഴിഞ്ഞിരുന്നവരോട് മടക്കയാത്രയെക്കുറിച്ച് സൂചിപ്പിച്ചു. അവരില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴികി. വിഗ്രഹാരാധകരായ മനുഷ്യരായിരുന്നിട്ടുപോലും വിശുദ്ധ ജോസഫിന്റെ ധാര്‍മ്മികമൂല്യമുള്ള സ്വഭാവത്തെ അവര്‍ അഭിനന്ദിച്ചിരുന്നു. ഈശോയുടെ അഴകും അസാധാരണമായ സവിശേഷതകളും അവരെയെല്ലാം ഹഠാദാകര്‍ഷിച്ചിരുന്നു.

അവരില്‍ ചില ഗ്രാമീണ വനിതകള്‍ അനിയന്ത്രിതമാംവിധം വിലപിക്കുകയും അസ്വസ്ഥരാകുകയും ചെയ്തു. കാരണം, അത്രമാത്രം അവര്‍ മറിയത്തിനര്‍റെ അനുകമ്പാര്‍ദ്രമായ സ്‌നേഹം അനുഭവിച്ചറിഞ്ഞിരുന്നു. ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിലും സ്‌നേഹത്തിലും വളരാനും നന്മചെയ്യാനും സത്യവിശ്വാസത്തിന്റെ പ്രകാശത്തില്‍ ജീവിക്കാനും മറിയം അവരെ ഉദ്‌ബോധിപ്പിച്ചിരുന്നു. മറിയം അവരെ പല കാര്യങ്ങളും പറഞ്ഞു സമാശ്വസിപ്പിക്കുകയും ആത്മീയമായി ഉണര്‍ത്തുകയും ചെയ്തു. അവരെ എന്നും തന്റെ ഹൃദയത്തില്‍ ഓര്‍ത്തുകൊള്ളാമെന്നു സത്യദൈവത്തോട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും മറിയം അവര്‍ക്ക് ഉറപ്പുകൊടുത്തു.

ജോസഫിന്റെ ജ്ഞാനാത്മകമായ ഉപദേശങ്ങള്‍ സ്വീകരിച്ചിരുന്ന ചില മനുഷ്യരുണ്ടായിരുന്നു. മറിയം ചെയ്തതുപോലെ ജോസഫും അവരെ പറഞ്ഞു സമാശ്വസിപ്പിച്ചു. അവരുടെ പക്കല്‍നിന്ന് ആത്മീയവും ലൗകികവുമായ സഹായങ്ങള്‍ ലഭിച്ചിട്ടുള്ള മനുഷ്യര്‍്ക്ക് ജോസഫിന്റെയും മറിയത്തിന്റെയും പുറപ്പെടല്‍ സങ്കടകരമായിത്തീരുക തികച്ചും സ്വാഭാവികമാണല്ലോ. അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിനായി തങ്ങളെ സമീപിച്ചവരെയെല്ലാം, ചിലര്‍ രോഗാവസ്ഥയിലും മറ്റുചിലര്‍ തങ്ങളുടെ ആപദ്ഘട്ടങ്ങളിലും ആയിരുന്നപ്പോള്‍ ജോസഫും മറിയവും സ്‌നേഹപൂര്‍വ്വം ഔദാര്യത്തോടെ സഹായിച്ചിരുന്നു.

ജോസഫും മറിയവും വെറുംകയ്യോടെ യാത്ര പുറപ്പെടാനും പൂര്‍ണ്ണമായ ദൈവപരിപാലനയില്‍ ആശ്രയിക്കാനും നിശ്ചയിച്ചു. അതിനാല്‍ അവര്‍ക്കുണ്ടായിരുന്നന വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളും പരിചയത്തിലുണ്ടായിരുന്ന ഏറ്റവും അര്‍ഹരായവര്‍ക്കു ദാനം ചെയ്തു. ചെറിയൊരു തുകമാത്രം ജോസഫ് കരുതിവച്ചു. അതും യാത്രയില്‍ കണ്ടുമുട്ടുയി ദരിദ്രനായ ഒരു മനുഷ്യനെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles