ഉണ്ണീശോയുടെ കണ്ണുനീര്‍ കണ്ട് ആകുലനായ വി. യൗസേപ്പിതാവിന് വെളിപ്പെട്ട രഹസ്യം എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 107/200

ചില സന്ദർഭങ്ങളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മറിയം തന്റെ ദിവ്യസുതനെ കരങ്ങളിൽ വഹിച്ചിരിക്കുകയായിരിക്കും ചെയ്യുക; മറിയവും ജോസഫും ദൈവസുതന്റെ അപാരമായ സൗന്ദര്യത്തികവിനെപ്പറ്റി ധ്യാനിക്കുകയും വിവരണാതീതമായ പ്രത്യേക ആനന്ദം അപ്പോൾ അവരുടെ ഹൃദയത്തിൽ നിറയുകയും ചെയ്തിരുന്നു. പലപ്പോഴും ഭക്ഷണം കഴിക്കുന്ന കാര്യം മറന്ന് അവർ ആത്മീയാനുഭൂതിയിൽ ലയിച്ചുപോയിട്ടുണ്ട്. ആത്മനിർവൃതിയിൽനിന്നുണരുമ്പോൾ അവർ ആഹാരം കഴിച്ചു സംതൃപ്തരായതുപോലെ ശക്തി പ്രാപിച്ചിരുന്നു. ദൈവം നൽകുന്ന ഈ പ്രത്യേകദാനത്തിന് അവർ നന്ദി പറയുകയും ചെയ്തിരുന്നു.

ഇത്തരത്തിലുള്ള ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നടുവിലും വലിയ ദുഃഖത്തിന്റെയും സഹനത്തിന്റെയും പാതയിലൂടെ ദൈവം അവരെ കടത്തിവിട്ടിട്ടുണ്ട് . എന്തെന്നാൽ സഹനത്തിലൂടെ മാത്രമേ ദൈവകൃപകൾ സ്വീകരിക്കാൻ കഴിയൂ. അക്കാരണത്താൽ ദിവ്യശിശു പലപ്പോഴും തന്റെ കൊച്ചു തൊട്ടിലിൽ ഒറ്റയ്ക്കു കിടത്താൻ ആവശ്യപ്പെടാറുണ്ടായിരുന്നു. ജോസഫിന്റെയോ മാതാവിന്റെയോ കയ്യിൽ ഇരുന്നുള്ള സാന്ത്വനവും ആശ്വാസവും അവൻ വേണ്ടെന്നു വച്ച് പലപ്പോഴും പിള്ളത്തൊട്ടിയിൽ കിടന്നു വാകൂട്ടാതെ കരഞ്ഞിരുന്നു. ആ സമയത്തു അവനെ കൈയിലെടുത്തു ആശ്വസിപ്പിക്കാൻ ആരെയും അനുവദിച്ചിരുന്നില്ല; എത്രമാത്രം കണ്ണുനീരാണ് അവന്റെ കവിളിലൂടെ അപ്പോൾ ഒഴുകിവീണത് . ഇതു കണ്ടു നിസ്സഹായയായ മാതാവ് അവന്റെയടുത്തു മുട്ടുകുത്തി അവനോടൊത്തു കരയുകയും പ്രാർത്ഥിക്കുകയുമാണ് ചെയ്തിരുന്നത്.

തന്റെ ദിവ്യസുതനും പരിശുദ്ധയായ ഭാര്യയും സങ്കടപ്പെട്ടു കരയുന്നതു കണ്ട് ജോസഫ് അത്യന്തം ദുഖിതനായിത്തീർന്നു. അവരുടെ കണ്ണീരിന്റെ കാരണമെന്തെന്ന് അവൻ വളരെ വ്യസനത്തോടെ ആരാഞ്ഞു. മറിയം അതിനുത്തരമായി പറഞ്ഞത്; മനുഷ്യരുടെ പാപത്തിനുള്ള പരിഹാരമെന്ന നിലയ്ക്ക് പിതാവിന്റെ മുമ്പിലുള്ള തിരുക്കുമാരന്റെ യാചനകളാണ് അത് എന്നാണ്. എന്തെന്നാൽ സൃഷ്ടികൾ അത്രമാത്രം ദൈവത്തെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്.

കളങ്കരഹിതനായ ഉണ്ണീശോ കരയുന്നതു കാണുക ജോസഫിന് അസഹനീയമായ മനോവ്യഥയാണ് ഉണ്ടാക്കിയത്. അതിൽ തന്റെ നിസ്സാരതയും നിസ്സഹായാവസ്ഥയും ഓർത്തു അവനു ഒരു വിധത്തിലും ആശ്വാസം കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ നിലത്തു കമിഴ്ന്നുവീണു കണ്ണീരൊഴുക്കി പ്രാർത്ഥിച്ചു; ഈശോയുടെ ദുഃഖം താൻ ഒറ്റയ്ക്കു വഹിക്കാൻ അനുവദിക്കണമെന്ന് ഏറ്റം ആദരവോടെ പ്രാർത്ഥിച്ചു. ഈശോ കരയുന്നതു കാണാനുള്ള ശക്തി തനിക്കില്ലെന്നും അതുകൊണ്ട് കരച്ചിൽ നിർത്തി ആശ്വാസം കണ്ടെത്തണമെന്നും ഈശോയുടെ ദുഖങ്ങളും സങ്കടങ്ങളും ജോസഫിനു വിട്ടുതരണമെന്നും പിതാവിനോട് കേണപേക്ഷിച്ചു.

അനന്തരം, അവൻ ഈശോയുടെ കണ്ണുനീർ മുഴുവനും, മാനവലോകം ചെയ്തുകൂട്ടുന്ന പാപങ്ങൾക്കു പ്രായശ്ചിത്തമായി സ്വർഗ്ഗീയ പിതാവിനു സമർപ്പിച്ചു. മറിയം അതാണ് ജോസഫിനോട് നിർദ്ദേശിച്ചിരുന്നത്. നിറകണ്ണുകളോടെ ഈശോ മാതാവിനെയും ജോസഫിനെയും താല്പര്യപൂർവ്വം നോക്കുമായിരുന്നു. അവരിൽനിന്നെങ്കിലും അല്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി. ആ നോട്ടം ജോസഫിന്റെ ഹൃദയത്തെ ഒന്നുകൂടി ദണ്ഡിപ്പിച്ചു. ഈശോയുടെ ദുഃഖത്തിന് പരിഹാരം കാണണമെന്ന് അവനു വലിയ ആഗ്രഹമുണ്ട്; പക്ഷേ എങ്ങനെ അതു സാധിക്കുമെന്ന് ഒരു രൂപവുമില്ലായിരുന്നു; തന്മൂലം തന്റെ ഹൃദയം കീറിപ്പോകുംപോലെയാണ് ജോസഫിന് അനുഭവപ്പെട്ടത്. അവൻ മറിയത്തോടു ആലോചന ചോദിച്ചു. ഈശോയുടെ ദുഃഖനിവാരണത്തിനുള്ള സാദ്ധ്യതകളെക്കുറിച്ചും ആശ്വസിപ്പിക്കാനുള്ള മാർഗ്ഗത്തെക്കുറിച്ചും തങ്ങൾ എന്തു ചെയ്യണമെന്നും ദൈവം എന്ത് ആഗ്രഹിക്കുന്നെന്നും അഭിപ്രായം ആരാഞ്ഞു.

എല്ലാം ഗ്രഹിച്ചുകൊണ്ടു മറിയം ജോസഫിനെ അനുസ്മരിപ്പിച്ചു. സ്വർഗ്ഗീയപിതാവിനെ എല്ലാ സൃഷ്ടികളും അറിയുകയും സ്നേഹിക്കുകയും ചെയ്യണമെന്നതാണ് ഈശോയുടെ ഏറ്റവും വലിയ ആഗ്രഹം. എല്ലാ മനുഷ്യരും ദൈവസ്നേഹത്തിലേക്കു വരികയും എല്ലാവരും ദൈവത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യണമെന്നുതന്നെയാണ് ജോസഫിന്റെ അതിയായ ആഗ്രഹം. പക്ഷേ, ഇപ്പോൾ തനിക്ക് അതിന് എന്തെങ്കിലും ചെയ്യാൻ കഴിയുന്ന അവസ്ഥയുമില്ല; അതിനാൽ എല്ലാവർക്കുംവേണ്ടി, അവർക്കു പകരമായി ജോസഫും മറിയവും ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്കു മഹത്വം നൽകുകയും ചെയ്തു. ഇത് ഉണ്ണീശോയ്ക്കു വലിയ ആശ്വാസം പകർന്നു. അപ്പോൾത്തന്നെ ശിശു കരച്ചിൽ നിർത്തി ശാന്തനാകുകയും ചെയ്തു.

മാതാവ് ഈശോയെ എടുക്കണമെന്ന് ഈശോ ആഗ്രഹം പ്രകടിപ്പിച്ചു; ഉടനെ അത്യന്തം വാത്സല്യത്തോടെ മാതാവ് ഉണ്ണിയെ എടുക്കുകയും നെഞ്ചോടു ചേർത്തു കെട്ടിപ്പിടിക്കുകയും കൂടെക്കൂടെ ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് ഈശോ ജോസഫിന്റെ കയ്യിലേക്ക് പോകാൻ ആഗ്രഹിച്ചുകൊണ്ട് ആംഗ്യം പ്രകടിപ്പിച്ചു. ജോസഫ് കുട്ടിയെ മാതാവിന്റെ കയ്യിൽനിന്നു വാങ്ങി തന്റെ മാറോടുചേർത്തു അമർത്തുകയും ആശ്ലേഷിക്കുകയും ചെയ്തു. സന്തോഷാധിക്യത്താൽ ജോസഫിന്റെ കവിളിലൂടെ കണ്ണുനീർ നിറഞ്ഞൊഴുകി.

താൻ വളരെയധികം ഈശോയെ സ്നേഹിക്കുന്നു എന്നും അത്യന്തം ഈശോയോടൊത്തു വ്യസനിക്കുന്നു എന്നും ജോസഫ് ഈശോയോടു പറഞ്ഞു. അതുകൊണ്ട് ഇനിയെങ്കിലും അതുപോലെ സങ്കടപ്പെട്ടു കരയരുതെന്നും അതു കണ്ടുനിൽക്കാനുള്ള ശക്തി തനിക്കില്ലെന്നും യാചിക്കുകയും ചെയ്തു. “നിന്റെ ദുഖവും സങ്കടവും എന്റെ മകനേ, എനിക്കു വിട്ടുതരിക. ഇനിയെങ്കിലും ഇത്രമേൽ നിന്നെത്തന്നെ വ്യസനത്തിനു വിട്ടുകൊടുക്കരുത്. അല്ലെങ്കിൽ ദുഃഖഭാരത്താൽ ഞാൻ മരിച്ചുപോകും” – ജോസഫ് പറഞ്ഞു.

ജോസഫിന്റെ കൈകളിലായിരിക്കുന്നതിൽ ഈശോയ്ക്കു വലിയ സന്തോഷമുണ്ടെന്നും, അവന്റെ ഹൃദയത്തിൽ നിന്നൊഴുകിയിറങ്ങിയ ആവേശോജ്ജ്വലമായ സ്നേഹപ്രവാഹത്തിൽ ഈശോയ്ക്ക് അത്യധികം ആനന്ദം ഉളവായെന്നും ജോസഫിന് മനസ്സിലാക്കികൊടുത്തു. അതുപോലെതന്നെ ഈശോയ്ക്കു ജോസഫിനോടുള്ള സ്നേഹം അത്ര മഹത്താണെന്നും ഈശോ വെളിപ്പെടുത്തിക്കൊടുത്തു. അതുവഴി ജോസഫിനുണ്ടായ കയ്പേറിയ അനുഭവങ്ങളെല്ലാം വളരെയേറെ മധുരിക്കുന്ന ഓർമ്മകളായി മാറി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles