ഈജിപ്തില്‍ പ്രവേശിച്ച വി. യൗസേപ്പിതാവ് നേരിട്ട സങ്കടങ്ങളും വേദനകളും എന്തൊക്കെയായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 100/200

പല സന്ദർഭങ്ങളിലും മഞ്ഞുറഞ്ഞു കിടക്കുന്ന പ്രദേശങ്ങളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. അത് അവരുടെ യാത്രാക്ലേശം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ആവശ്യമായ സഹായമെത്തിക്കാൻ ദൈവം മാലാഖമാരെ നിയോഗിച്ചിരുന്നു. അത് അവരുടെ ശക്തി നിലനിറുത്തുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്തു. ഏറ്റം അത്യാവശ്യഘട്ടങ്ങളിൽ, യാതൊരുവിധ ഭൗതികസഹായവും ലഭ്യമല്ലാതിരുന്ന സാഹചര്യങ്ങളിൽ, ദൈവം കാരുണ്യപൂർവ്വം അവരോടു പ്രകടിപ്പിച്ച ഔദാര്യത്തെ ഓർത്തു അവർ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ അലയാൻ വിട്ടുകൊടുത്തപ്പോൾ അവിടുന്ന് അവരുടെ സഹനശക്തിയും ക്ഷമയും ത്യാഗമനോഭാവവുമെല്ലാം പരീക്ഷിക്കുകയായിരുന്നു. അതിനുശേഷം സമൃദ്ധിവർഷിച്ചുകൊണ്ട് അവിടുന്ന് അവരെ മത്തുപിടിപ്പിച്ചിട്ടുമുണ്ട് . അതായത് വയറു നിറയെ ഭക്ഷിച്ചു ചെകിടിച്ചതുപോലുള്ള അനുഭവം. വിശുദ്ധ ദമ്പതിമാർ അതിനും കർത്താവിനു നന്ദി പറഞ്ഞു. സഹനത്തിന് അവരെ വിട്ടുകൊടുത്തതിനും അവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു.

അതിശൈത്യം ദിവ്യസുതനെ ബാധിക്കാത്തവിധം സംരക്ഷിക്കുന്നതിൽ ജോസഫ് സദാസമയവും ശ്രദ്ധ പുലർത്തിയിരുന്നു. കുട്ടി മറിയത്തിന്റെ കയ്യിലായിരിക്കുന്ന സമയങ്ങളിൽ ഇടയ്ക്കിടയ്ക്ക് അവൻ ചോദിക്കുമായിരുന്നു. “മറിയം, കുഞ്ഞിന് ഇപ്പോൾ ചൂട് കിട്ടുന്നുണ്ടോ? അതോ ഒരുപക്ഷേ, തണുപ്പായിരിക്കുമോ അനുഭവപ്പെടുന്നത് എന്നു നോക്കുക.” ദൈവമാതാവ് ജോസഫിന്റെ അന്വേഷണത്തെ മാനിക്കുകയും ദിവ്യശിശുവിന് ആവശ്യമായ ചൂടു കിട്ടുന്ന രീതിയിൽ വസ്ത്രം പുതപ്പിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചില സന്ദർഭങ്ങളിൽ തണുപ്പ് അനുഭവപ്പെടാൻ തിരുക്കുമാരൻ ഇഷ്ടപ്പെടുകയും വസ്ത്രം പുതയ്ക്കാൻ വിസമ്മതിക്കുകയും ജോസഫിനെ അക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ആ സമയങ്ങളിൽ കുട്ടി അത്യന്തം അസ്വസ്ഥനാകുകയും നിർത്താതെ കരയുകയും ചെയ്തിരുന്നു. അവനു ചൂടു കൊടുക്കാൻ അപ്പോൾ അവരുടെ പക്കൽ വിറകോ തീയോ ഒന്നുംതന്നെ ഉണ്ടായിരുന്നുമില്ല

തിരുക്കുമാരനെ ജോസഫിന്റെ കയ്യിലേക്കു കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു എന്ന് അവൻ മാതാവിനെ മനസ്സിലാക്കികൊടുത്തു. ജോസഫിന് ഈശോയുടെ സാന്ത്വനം ആവശ്യമാണെന്ന് ദിവ്യശിശു മനസ്സിലാക്കിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്. കുട്ടി തണുപ്പുകൊണ്ട് വിറയ്ക്കുന്നതിനെയോർത്തുള്ള വിഷമത്തിൽ ഈശോയെ എടുത്തു തന്റെ നെഞ്ചോടു ചേർത്തു കെട്ടിപ്പിടിച്ചു ശരീരത്തിന്റെ ചൂടു കൊടുക്കണം എന്ന് ജോസഫ് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. വളരെ വാത്സല്യത്തോടും താല്പര്യത്തോടും കൂടി ഈശോയെ മാതാവിന്റെ കരങ്ങളിൽനിന്നു വാങ്ങിച്ചു. ജോസഫിന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത രൂപപ്പെടുത്തിയത് തിരുക്കുമാരൻ തന്നെയാണ്. ദിവ്യശിശു തന്റെ സ്നേഹത്തിന്റെ ജ്വലിക്കുന്ന അഗ്നിജ്വാലകളാൽ ജോസഫിന്റെ ഹൃദയത്തിൽ ഒന്നുകൂടി ചൂടു പകർന്നു; അതുവഴി തണുപ്പിനെക്കുറിച്ചുള്ള ജോസഫിന്റെ ആകുലതകളെല്ലാം ഇല്ലാതാക്കുകയും ചെയ്തു. അങ്ങനെ ഒരിക്കൽക്കൂടി ജോസഫിന് ദൈവത്തിന്റെ സമാശ്വാസം കൈവരിക്കാൻ ഭാഗ്യം ലഭിച്ചു; അവർ ഒന്നുചേർന്ന് കർത്താവിനു നന്ദി പറഞ്ഞു.

ഈജിപ്തിന്റെ അതിർത്തിയിൽ പ്രവേശിച്ചു കഴിഞ്ഞ ഉടനെ നിരവധി തവണ തിരുക്കുടുംബത്തിനു പല പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു; സന്ധ്യാസമയങ്ങളിൽ ഏതെങ്കിലും സത്രത്തിൽ താമസിക്കണം; ശിശുവിനെയും അമ്മയെയും തുറസ്സായ സ്ഥലത്തു കിടത്തി കൊടുംതണുപ്പിൽ വിറങ്ങലിക്കുന്ന അവസ്ഥ കഴിവതും ഒഴിവാക്കണം എന്ന് ജോസഫ് ആഗ്രഹിച്ചു. എന്നാൽ ഓരോ ഗ്രാമത്തിലും സത്രമന്വേഷിച്ചു ചെന്ന ജോസഫിന് വളരെ ദുഖവും നൈരാശ്യവും ഉളവാക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ലോഡ്ജുകൾ നടത്തിയിരുന്നവർ അന്യായ വാടക ഈടാക്കുന്ന കാർക്കശ്യക്കാരും കരുണയില്ലാത്ത ധാർഷ്ട്യമുള്ളവരുമായിരുന്നു. സത്രം സൂക്ഷിപ്പുകാർക്കു മാതാവിന്റെ വിനയവും സൗന്ദര്യവും താഴ്മയും മറ്റും കണ്ടപ്പോൾ ആദ്യം ചില പരിഗണനകളൊക്കെ പ്രകടിപ്പിച്ചെങ്കിലും ജോസഫുമായി വാടകയുടെ തുകയെ സംബന്ധിച്ചു സംസാരിച്ചപ്പോൾ എല്ലാ പരിഗണനകളും മറന്നാണ് അവർ ഇടപെട്ടത്. ശൈത്യകാലത്തെ ഏറ്റവും മോശമായ സമയമായിരുന്നു അത്. ഒരു പിഞ്ചുകുഞ്ഞും അതിനെ പ്രസവിച്ച മാതാവും ആ മരംകോച്ചുന്ന മഞ്ഞിൽ കഴിയുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ പണക്കൊതിയുടെ പിടിയിൽ കഴിയുന്നവർക്ക് എവിടെയാണ് സമയവും സന്മനസ്സും ഉണ്ടാകുക?

അവർ അവനെ ഊരും പേരുമില്ലാത്ത നാടോടികളെപ്പോലെ കണക്കാക്കുകയും തെരുവുതെണ്ടികളോടെന്നപോലെ പെരുമാറുകയും ചെയ്തു. വിശുദ്ധൻ അതെല്ലാം ക്ഷമാപൂർവ്വം നിശബ്ദനായി കേട്ടു. ഒരു വാക്കുപോലും പ്രതികരിക്കാൻ നിൽക്കാതെ, എല്ലാം ദൈവഹിതത്തിനു സമർപ്പിച്ചുകൊണ്ടു മടങ്ങുകയും ചെയ്തു. അവൻ തന്റെ ദുഖങ്ങളെല്ലാം കാഴ്ചവച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു: “ദൈവമേ, അവിടുന്ന് എല്ലാം അറിയുന്നു; ഈ ദാസൻ നാടുവിട്ടു അലഞ്ഞു തിരിയേണ്ടിവന്നതിൻറെ കാരണമെന്തെന്നും അവിടുന്ന് അറിയുന്നു. ഇങ്ങനെ സംഭവിക്കണമെന്നത് അവിടുത്തെ ഹിതമാണെന്നു ഞാൻ മനസ്സിലാക്കുന്നു. എന്നോട് മനുഷ്യർ അപ്രകാരം മോശമായി പെരുമാറുന്നതിൽ എനിക്ക് പരിഭവമില്ല; എങ്കിലും എന്റെ ഈശോയും പ്രിയ പത്നിയും ഈ നിസ്സഹായാവസ്ഥയിൽ ഒന്നു പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ എനിക്കതു വലിയ ആശ്വാസമായിരുന്നു.”

സത്രത്തിൽനിന്നു മടങ്ങിയെത്തിയതിനുശേഷം ജോസഫ് തന്റെ സങ്കടങ്ങളും വേദനകളുമെല്ലാം മറിയത്തോടു തുറന്നു പറഞ്ഞു: “എന്റെ ഭാര്യേ, അവർ പറഞ്ഞ വാക്കുകൾ ശരിക്കും അനേകം കടാരകൾ എന്റെ ഹൃദയത്തിലൂടെ ഒരേസമയം കടന്നുപോയതുപോലെയാണ് അനുഭവപ്പെട്ടത്. എന്തെന്നാൽ, അവരുടെ വാക്കുകൾ സത്യം തന്നെയായിരുന്നു. ഒരു സ്ത്രീയെ അവരുടെ ശാരീരിക വിഷമതകൾ പരിഗണിക്കാതെ,ഏറ്റം ദുർഘടമായ പ്രദീശങ്ങളിലൂടെ യാത്ര ചെയ്യാൻ മുതിർന്നത് തികച്ചും കാരുണ്യത്തിന്റെ കണികപോലുമില്ലാത്ത കാര്യം തന്നെയാണ്. അതുമൂലം എന്റെ ഭാര്യയ്ക്ക് വളരെയേറെ ബുദ്ധിമുട്ടുകളും സഹിക്കേണ്ടതായി വന്നിരിക്കുന്നു. ഏറ്റവും കൂടുതൽ പരിഗണനയും വിശ്രമവും നിനക്ക് ആവശ്യമായിരിക്കുന്ന ഈ അവസ്ഥയിൽ അതൊന്നും പരിഗണിക്കാതെ നിന്നെയുംകൊണ്ട് വിജനപ്രദേശങ്ങളിലൂടെ അലഞ്ഞുതിരിയാണ് മുതിർന്ന എന്നെ ആളുകൾ അനു കമ്പയില്ലാത്ത ദുഷ്ടനെന്നോ ക്രൂരനെന്നോ വിളിച്ചെങ്കിൽ അതിൽ എന്താണ് തെറ്റ്? എന്നിരുന്നാൽത്തന്നെയും ഞാൻ അത് ചെയ്യുവാൻ നിർബന്ധിതനായിത്തീർന്നു. എന്തെന്നാൽ അത് നമ്മുടെ ദൈവത്തിന്റെ ഉത്തരവാണ്. അവിടുത്തെ അനുസരിക്കുക മാത്രമാണ് നമ്മുടെ ലക്ഷ്യം.

സാഹസികമായ ഈ ജീവിതയാത്രയിൽ, ഭീതിദവും ആശങ്കാജനകവുമായ വെല്ലുവിളികളുടെയും ഭീഷണികളുടെയും നടുവിൽ എന്റെ കാലുകളെ മുന്നോട്ടു നയിക്കുന്നതും മനസ്സിനു ശക്തി പകരുന്നതും അതു മാത്രമാണ്. ദൈവത്തെ അനുസരിക്കുന്നു എന്ന ഒരേയൊരു യോഗ്യതകൊണ്ട് മാത്രമാണ് സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നത്. ദൈവഹിതത്തിനു സമർപ്പിക്കുന്നതുകൊണ്ടാണ് എല്ലാം തരണം ചെയ്തു മുന്നോട്ടു പോകുന്നത്. എത്ര വലിയ അപകടങ്ങളെയാണ് നമ്മൾ അതിജീവിച്ചു കടന്നുപോന്നത്? ഓർത്തുനോക്കിയാൽ അത്യാഹിതങ്ങളുടെ നടുവിലൂടെയാണ് നമ്മൾ നീങ്ങിക്കൊണ്ടിരിക്കുന്നത്! യഥാർത്ഥത്തിൽ നീ ആരാണെന്നും നിന്റെ കരങ്ങളിൽ നീ വഹിക്കുന്നവന്റെ മഹത്വം എത്ര ഉന്നതമാണെന്നും അവർ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കിൽ അവരുടെ പ്രതികരണം എന്താകുമായിരുന്നു? യാതൊരു സംശയവുമില്ല, അതറിഞ്ഞിരുന്നുവെങ്കിൽ അവർ എന്നെ കൊന്നുകളയുമായിരുന്നു. പിശാചിന്റെ പ്രതികാരം അവർ നിറവേറ്റുമായിരുന്നു.”

ജോസഫ് പറഞ്ഞ വാക്കുകളുടെ ആഴവും അർത്ഥവും മറ്റാരെയുംകാൾ അധികമായി മനസ്സിലാക്കാൻ കഴിവുള്ളവളാണ് മറിയം. നരകശക്തികൾ മുഴുവൻ അവർക്കെതിരെയാണ് ഇളകി മറിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മറിയത്തിനും ജോസഫിനും നന്നായി അറിയാം. ലൂസിഫറിന്റെ സൈന്യം ജോസഫിനെതിരായി നടത്തുന്ന പടനീക്കത്തിൽ ഒരിക്കൽപോലും ജോസഫ് ഒറ്റപ്പെട്ടുപോകാനോ തളന്നുപോകാനോ മറിയം അവസരം കൊടുത്തിരുന്നില്ല.എല്ലാ വിഷമഘട്ടങ്ങളിലും ധൈര്യം പകരുകയും സാന്ത്വനപ്പെടുത്തുകയും ചെയ്തുകൊണ്ട് അവൾ കൂടെ നിൽക്കുകയാണ് ചെയ്തിരുന്നത്. കഠിനപരീക്ഷണങ്ങളെ നേരിടുമ്പോൾ അതിന്റെ പരിസമാപ്തിയിൽ ലഭിക്കാനിരിക്കുന്ന കൃപകളെക്കുറിച്ചു ചിന്തിക്കാൻ ജോസഫിനെ മറിയം ഓർമ്മിപ്പിച്ചുകൊണ്ട് പ്രോത്സാഹിപ്പിച്ചിരുന്നു. വരുന്ന ദുരിതങ്ങളെല്ലാം സമചിത്തതയോടെ നേരിടാൻ ജോസഫിന്റെ മനസ്സിന് അതു ശക്തി പകർന്നു. ജോസഫിന്റെ ഏറ്റം ത്യാഗപൂർണ്ണമായ മനോഭാവത്തിലും വിശ്വസ്തതയിലും ദൈവം അത്യന്തം സന്തുഷ്ടനും സംതൃപ്തനുമാണെന്ന് മറിയത്തിലൂടെ അവിടുന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles