അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 20/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 20/30 – തുടരുന്നു)

ഒരിക്കൽ ഒരു യുവസന്യാസി, ആശ്രമശ്രേഷ്ഠനായ ബനഡിക്ട് അറിയാതെ, രഹസ്യമായി സ്വഭവനത്തിലേക്ക് ഒളിച്ചോടി. മാതാപിതാക്കളോടുള്ള അമിതമായ സ്നേഹമായിരുന്നു ഈ പ്രവൃത്തിക്ക് അയാളെ പ്രേരിപ്പിച്ചത്. വീട്ടിലെത്തിയ ക്ഷണത്തിൽ അയാൾ മരിച്ചുവീണു. ദുഃഖാർത്തരായ മാതാപിതാക്കളും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ സംസ്കരിച്ചു. പിറ്റേദിവസം മൃതദേഹം കല്ലറയ്ക്ക് പുറത്തുകിടക്കുന്നതായി കാണപ്പെട്ടു. വീണ്ടും കല്ലറയിലാക്കി ഭദ്രമായി അടച്ചു. അടുത്തദിവസം സെമിത്തേരിയിലെത്തിയവർ കണ്ടത് യുവസന്യാസിയുടെ മൃതദേഹം വീണ്ടും കല്ലറയ്ക്ക് വെളിയിൽ കിടക്കുന്നതാണ്. ഭയവും ദുഖവും തളർത്തിയ മാതാപിതാക്കൾ ബനഡിക്ടിന്റെ പക്കൽ ഓടിയെത്തി കണ്ണീരോടെ മകനുവേണ്ടി മാപ്പിരന്നു. മനസ്സലിഞ്ഞ വിശുദ്ധൻ ഒരു തിരുവോസ്തി അവരുടെ കയ്യിൽ കൊടുത്ത് “തിരുവോസ്തി അവന്റെ മാറിടത്തിൽ വയ്ക്കുക, എന്നിട്ടവനെ സംസ്കരിക്കുക” എന്ന് അറിയിച്ചു. അവർ അപ്രകാരം ചെയ്തു. പിന്നീട് സന്യാസിയുടെ മൃതദേഹം കുഴിമാടത്തിനു പുറത്തു കാണാൻ ഇടവന്നില്ല.

വിശുദ്ധനുമായി രമ്യതയിലല്ലാതെ മരിച്ചയാളിന്റെ ശരീരത്തെ ഭൂമി പോലും തിരസ്കരിക്കുന്നതായിട്ടാണ് ഈ സംഭവത്തിലൂടെ മനസ്സിലാകുന്നത്.
“അലസന്‍െറ ആഗ്രഹങ്ങള്‍ അവനെ കൊന്നുകളയുന്നു; എന്തെന്നാല്‍, അവന്‍െറ കരങ്ങള്‍അധ്വാനിക്കാന്‍ വിസമ്മതിക്കുന്നു.”
(സുഭാഷിതങ്ങള്‍ 21 : 25)

നമ്മൾ ആത്മിയമായോ ഭൗതികമായോ തിരഞ്ഞെടുത്ത വിളിയിൽ ഉറച്ചുനിൽക്കാൻ നമുക്ക് സാധിക്കുന്നില്ലെങ്കിൽ ദുഃഖമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. നമ്മൾ ഒരു സൽപ്രവർത്തി ചെയ്യാൻ തുനിഞ്ഞാൽ, അത് പൂർണ്ണഹൃദയത്തോടെ വേണം ചെയ്യാൻ എന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. അതിനാൽ നമ്മുടെ എത് വിളിയിലും വിശ്വസ്തരായിരിക്കുവാൻ നമുക്ക് പരിശ്രമിക്കാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ഞങ്ങളെ പ്രത്യേകം തെരഞ്ഞെടുത്ത്, തന്‍െറ കൃപയാല്‍ ഞങ്ങളെ വിളിച്ച ദൈവമേ (ഗലാത്തിയാ 1:15) ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങ് നൽകിയ വിളിയിൽ ഉറച്ചുനിൽക്കുവാൻ അങ്ങേ മക്കളായ ഞങ്ങളെ സഹായിക്കണമേ. പ്രതിസന്ധികളും പ്രയാസങ്ങളും വരുമ്പോൾ അങ്ങിൽ പ്രത്യാശയർപ്പിച്ചതിനെ തരണം ചെയ്യാനും അങ്ങയുടെ കരുണയാൽ ഞങ്ങളെ പ്രാപ്തരാക്കണമേ. തെറ്റായ തീരുമാനങ്ങൾ എടുക്കാതെ ഉചിതമായത് മാത്രം പ്രവർത്തിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അതിനുള്ള ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ പ്രലോഭനങ്ങൾ അതിജീവിച്ച് ഞങ്ങളുടെ നാശം ആഗ്രഹിക്കുന്ന പിശാചിനെയും അവന്റെ തന്ത്രങ്ങളെയും ചെറുത്തു നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള സംരക്ഷണ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles