അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവവും സംരക്ഷണ പ്രാര്‍ത്ഥനയും – Day 12/30


(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര
Day 12/30 – തുടരുന്നു)

ഇറ്റലിയിൽ ഗോത്തുകാരുടെ ആധിപത്യം നിലവിലിരിക്കുന്ന കാലം. അവരുടെ രാജാവായ ടോട്ടിലാ, വിശുദ്ധ ബനഡിക്ടിന്റെ ആശ്രമത്തിനു നേരെ ഒരു പടനീക്കത്തിന് ഒരുങ്ങി. ആശ്രമത്തിന് അല്പമകലെ നിലയുറപ്പിച്ചിട്ട് തന്റെ ആഗമനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ഒരു ദൂതനെ അവൻ അയച്ചു. രാജാവിനെ ഉചിതമായി സ്വീകരിക്കാൻ ബനഡിക്ട് സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹത്തിനു ദർശനവരമുണ്ട് എന്ന് രാജാവു കേട്ടിരുന്നു. അതൊന്നു പരീക്ഷിച്ചറിയാൻ തീരുമാനിച്ചു.

റിഗ്ഗോ എന്ന രാജസേവകനെ രാജകീയ ചെങ്കുപ്പായവും ചെരിപ്പും ധരിപ്പിച്ച് ആശ്രമത്തിലേക്കു പറഞ്ഞയച്ചു. ഇയാൾക്ക് അംഗരക്ഷകരായി അഭിനയിക്കാൻ വുൾ, റൂദെരിക്, ബ്ലിന്ദിൻ എന്ന മൂന്നുപേരും വേറൊരു പറ്റം സേവകരും ചേർന്ന സംഘത്തെ ആശ്രമത്തിലേക്കയച്ചു. രാജകീയവസ്ത്രം ധരിച്ച് റിഗ്ഗോ, ഭടന്മാരാൽ പരിസേവിതനായി ആശ്രമത്തിൽ പ്രവേശിച്ചു. ഇയാൾ വിളിപ്പാടകലെ എത്തിയപ്പോൾ വിശുദ്ധ ബനഡിക്ട് ഇരുന്നയിരുപ്പിൽ വിളിച്ചുപറഞ്ഞു, “മകനെ നീ അണിഞ്ഞിരിക്കുന്ന രാജകീയ കുപ്പായം നിന്റേതല്ലല്ലോ. അത് ഊരി മാറ്റി വെച്ചേക്കൂ.” റിഗ്ഗാേയും കൂട്ടരും ഭയപ്പെട്ട് നിലംപതിച്ചു. എഴുന്നേറ്റിട്ടും ധൈര്യമുണ്ടായില്ല, വിശുദ്ധന്റെ അടുത്തുവരാൻ. ഇത്രവേഗം കാര്യങ്ങൾ വെളിച്ചത്തായതിൽ അന്ധാളിച്ച് അവർ രാജാവിനെ വിവരം ധരിപ്പിച്ചു.
“ജനതകള്‍ കർത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കന്‍മാര്‍ അങ്ങയുടെ മഹത്വത്തെയും.”
(സങ്കീര്‍ത്തനങ്ങള്‍ 102:15)

കർത്താവിന്റെ മഹത്വവും ശക്തിയും വിശുദ്ധ ബനഡിക്ടിന്റെ ജീവിതത്തിൽ വെളിപ്പെട്ടതുപോലെ ലോകത്തിന്റെ തന്ത്രങ്ങളെ തിരിച്ചറിയുവാനും അതിനെ നിരാകരിക്കാനുമുള്ള ശക്തി അവിടുന്ന് നമുക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. “ആരും അവരെ പീഡിപ്പിക്കാന്‍ അവിടുന്നു സമ്മതിച്ചില്ല; അവരെപ്രതി അവിടുന്നു രാജാക്കന്‍മാരെ ശാസിച്ചു.” (സങ്കീര്‍ത്തനങ്ങള്‍ 105:14) അതിനാൽ, ഈശോയെ കൂട്ടുപിടിച്ച് അന്ധകാരത്തിന്റെ കരുനീക്കങ്ങളെ മനസ്സിലാക്കി നമുക്ക് മുന്നേറാം, അതിനായി പ്രാർത്ഥിക്കാം.

പ്രാർത്ഥന

ഈശോനാഥാ, ഞങ്ങൾക്കെതിരെ വരുന്ന ലോകത്തിന്റെ എല്ലാ ആക്രമണങ്ങളെയും തിരിച്ചറിയുവാനും അവയ്ക്കെതിരെ നിലകൊള്ളാനും ഞങ്ങളെ കൃപയാൽ ശക്തരാക്കണമേ. ഞങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വീഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ അന്ധകാര ശക്തികളെയും അവയുടെ പ്രലോഭനങ്ങളെയും വിശുദ്ധ ബനഡിക്ടിനെപോലെ തിരിച്ചറിയുവാനും അതിനെ നിസ്സാരമായി കരുതി അവഗണിക്കാനും വേണ്ട ജ്ഞാനം ഞങ്ങളിലേക്ക് പകരണമേ. അങ്ങയുടെ വാക്കുകൾ മാത്രം ശ്രദ്‌ധിച്ച് സുരക്‌ഷിതരായിരിക്കാനും അങ്ങനെ തിന്‍മയെ ഭയപ്പെടാതെ സ്വസ്‌ഥരായിരിക്കാനും (സുഭാഷിതങ്ങള്‍ 1:33) ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേൻ.

വിശുദ്ധ ബെനഡിക്ടിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന

അനുഗ്രഹദായകനും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധമായ താപസ ജീവിതം നയിച്ച് അങ്ങയെ മഹത്വപ്പെടുത്തിയ വിശുദ്ധ ബെനഡിക്ടിനെ ആത്മീയ വരങ്ങളാൽ അനുഗ്രഹിച്ച അങ്ങയുടെ കാരുണ്യത്തെ ഞാൻ വാഴ്ത്തുന്നു. അങ്ങയുടെ പ്രിയപുത്രനായ ഈശോമിശിഹായുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മഹത്വവും ശക്തിയും അറിഞ്ഞു കുരിശിന്റെ ശക്തിയാൽ പിശാചുക്കളെ ബഹിഷ്കരിക്കുകയും പൈശാചിക ബാധകളിൽ നിന്ന് അനേകരെ മോചിപ്പിക്കുകയും ചെയ്ത വിശുദ്ധ ബെനഡിക്ടിന്റെ യോഗ്യതകളും പ്രാർഥനകളും പരിഗണിച്ച് ശത്രുക്കളുടെ എല്ലാ ആക്രമണങ്ങളിൽ നിന്നും പിശാചിന്റെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ. പ്രത്യേകമായി ഇപ്പോൾ ഞങ്ങളുടെ ജീവിതത്തെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പൈശാചിക പീഡകളിൽ നിന്നും ശത്രുദോഷങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും മോചനം ലഭിക്കുവാനുള്ള കൃപ വിശുദ്ധന്റെ മദ്ധ്യസ്ഥതയാൽ ഞങ്ങൾക്ക് നൽകണമേ. അതുവഴി ഞങ്ങൾ തിന്മയുടെ എല്ലാ ശക്തികളിലും നിന്ന് മോചനം പ്രാപിച്ച്‌ അങ്ങേക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും സ്തോത്രവും സമർപ്പിക്കുവാൻ ഇടയാവുകയും ചെയ്യട്ടെ. ആമേൻ

1സ്വർഗ്ഗ.1നന്മ. 1ത്രിത്വ

വിശുദ്ധ ബെനഡിക്‌ടേ ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles