വി. അല്‍ഫോന്‍സാമ്മയുടെ ബാല്യകാലം

അല്‍ഫോന്‍സാമ്മയുടെ യഥാര്‍ത്ഥ പേര് അന്നക്കുട്ടി എന്നായിരുന്നു. 1910 ആഗസ്റ്റ് 19 ന് ജനിച്ച അന്നക്കുട്ടി തന്റെ ശൈശവകാലം, മുട്ടുചിറയിലും, ആര്‍പ്പൂക്കരയിലുമായാണ് ജീവിച്ചത്. ഒരിക്കല്‍ കുട്ടന്‍ചേട്ടന്‍ മുട്ടുചിറയില്‍ ചെന്നപ്പോള്‍ കുഞ്ഞിന്റെ കാലില്‍ ഒരു പരു. അതിന്റെ വേദനയില്‍ കുഞ്ഞ് കരയുകയാണ്. കുഞ്ഞിനെയും കൂട്ടി അദ്ദേഹം ആര്‍പ്പൂക്കരയിലെത്തി. വല്യമ്മച്ചി ( ത്രേസ്യാമ്മ ) കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. ഏലുപറമ്പിലും ഒരുമാസം അന്നക്കുട്ടി താമസിച്ചു. പിന്നീട് മുരിക്കലെ അന്നമ്മ വന്ന് കുഞ്ഞിനെ മുട്ടുചിറയ്ക്ക് കൊണ്ടുപോയി.

1915 ല്‍ നടത്തിയ ഏലിക്കുട്ടിയുടെ വിവാഹത്തില്‍ അന്നക്കുട്ടി സംബന്ധിച്ചു. ജോസഫ് മാണി കാട്ടുതുരുത്തലായിരുന്നു വരന്‍. അന്ന് അന്നക്കുട്ടിക്ക് അഞ്ചുവയസായിരുന്നു പ്രായം. 1920 ല്‍ പെണ്ണമ്മയുടെയും വിവാഹം നടത്തി . ചങ്ങനാശ്ശേരി വാഴപ്പിള്ളി പടിഞ്ഞാറെ കളത്തില്‍ ഉലഹന്നാന്‍ ജോസഫായിരുന്നു പെണ്ണമ്മയെ വിവാഹം ചെയ്തത്. ആ വിവാഹത്തിലും അന്നക്കുട്ടി പങ്കുകൊണ്ടു . പള്ളിയിലെ കര്‍മ്മങ്ങളും, ബാന്‍ഡ്‌മേളവും, സദ്യയും അന്നക്കുട്ടിക്ക് പുതിയൊരു അനുഭവമായിരുന്നു . രണ്ടു പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞപ്പോഴേയ്ക്കും കുട്ടന്‍വൈദ്യന്‍ സാമ്പത്തികമായി തളര്‍ന്നുപോയി.

ഏലിക്കുട്ടിയുടെയും, പെണ്ണമ്മയുടെയും വിവാഹശേഷം പഴുപറമ്പ് ആളൊഴിഞ്ഞ ഭവനമായി. ശോകമൂകമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയും , പരിഹാരപ്രവൃത്തികളുമായി കുട്ടന്‍വൈദ്യന്‍ ഏകനായി അവിടെ കഴിച്ചു കൂട്ടി. അന്നക്കുട്ടിക്ക് അഞ്ചു വയസ്സായപ്പോള്‍ അവളെ ഏലുപറമ്പില്‍ സംസ്‌കൃതം പഠിക്കുവാന്‍ കൊണ്ടുവന്നു. കൊച്ചുകുഞ്ഞ് വൈദ്യന്റെ ( തന്റെ പിതാവിന്റെ ) കൂടെ അന്നക്കുട്ടിയെ താമസിപ്പിച്ചു. അവള്‍ അങ്ങനെ മലയാള അക്ഷരമാലയും, സംസ്‌കൃതബാലപാഠങ്ങളും പഠിച്ചു.

കൊട്ടാരവൈദ്യനായ വല്യപ്പച്ചന്റെ ഈശ്വരവിശ്വാസവും പരസ്‌നേഹവും രോഗികളോടും, സാധുക്കളോടുമുള്ള പ്രത്യേക സ്‌നേഹവും അനുകമ്പയും അന്നക്കുട്ടിയെ ആകര്‍ഷിച്ചു . ഇച്ചാച്ചന്‍ ഒരു ഉത്തമ ക്രിസ്ത്യാനിയായി മാതൃകാപരമായി ജീവിക്കുന്നത് അവള്‍ കണ്ടു. തനിക്ക് മനസ്സിലാകാത്ത പീഡനങ്ങള്‍ക്കുവേണ്ടി , മണല്‍ വിരിച്ച് അതില്‍ മുട്ടുകുത്തി നിന്ന് രണ്ടു കൈകളും വിരിച്ചുപിടിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്ന പിതാവിനെയാണ് അന്നക്കുട്ടി ഓര്‍മ്മിക്കുന്നത്.

വല്യമ്മച്ചി പുണ്യവാന്മാരെപ്പറ്റിയും പുണ്യവതികളെയുംപറ്റി അന്നക്കുട്ടിയെ പഠിപ്പിച്ചു. കൊച്ചുകുഞ്ഞ് വൈദ്യന്റെ സഹോദരനായിരുന്ന ഫാ. ജോസഫ് മുട്ടത്തുപാടത്ത് കുടമാളൂര്‍ പള്ളിയിലെ വികാരിയായിരുന്നു. അദ്ദേഹത്തിന്റെ ഞായറാഴ്ച പ്രസംഗം കേള്‍ക്കുവാന്‍ ആളുകള്‍ തിങ്ങിക്കൂടുമായിരുന്നു. കൊച്ചുത്രേസ്യ പുണ്യവതിയെപ്പറ്റി , അവളുടെ മാതാപിതാക്കളെപ്പറ്റി അച്ചന്‍ സരസമായി പ്രസംഗിക്കുമായിരുന്നു. ഉത്തമ ക്രിസ്ത്യാനികളായി , മാതൃകാപരമായ ജീവിതമാണ് അവര്‍ നയിച്ചിരുന്നതെന്ന് അച്ചന്‍ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു . അവരെപ്പോലെതന്നെ തന്റെ ഇച്ചാച്ചനും പുണ്യജീവിതമാണ് നയിക്കുന്നതെന്ന് ചെറുപ്പത്തില്‍തന്നെ അന്നക്കുട്ടി മനസ്സിലാക്കി. കയര്‍ പിരിച്ച് ചാവണയുണ്ടാക്കി അതില്‍ ഒരു കല്ലുകെട്ടി അതുകൊണ്ട് ഇച്ചാച്ചന്‍ എന്തിനാണ് സ്വയം പുറത്ത് അടിച്ച് വേദന ആ ഇളംപ്രായക്കാരിക്ക് മനസ്സിലായില്ല.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles