സി. ഫൗസ്റ്റീനയെ ഒരു സഹകന്യാസ്ത്രീ ഉന്മാദക്കാരി എന്നു വിളിക്കാനുണ്ടായ സാചര്യമെന്ത്?

ദിവ്യകാരുണ്യനാഥന്‍ സക്രാരിയിലിരുന്ന് ഫൗസ്റ്റീനയോട് സംസാരിക്കുന്നതിനെ കുറിച്ച് വിശുദ്ധ തന്നെ പറയുന്നത് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ഫൗസ്റ്റീനയെ ഒരു സഹകന്യാസ്ത്രീ ഉന്മാദക്കാരി എന്നു വിളിക്കാനുണ്ടായി സാചര്യത്തെ കുറിച്ച് നാം ഈ ലക്കത്തില്‍ വായിക്കുന്നു.

ഖണ്ഡിക – 171
മൗനം പാലിക്കാനുണ്ടായ യത്നം. പതിവുപോലെ പല മഠങ്ങളിൽനിന്നും സിസ്റ്റേഴ്സ് ധ്യാനത്തിനു വന്നിരുന്നു. വളരെ നാളുകൾക്കുശേഷം കണ്ടുമുട്ടിയ ഒരു സിസ്റ്റർ എന്റെ മുറിയിൽ വന്ന് എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു.
ഞാൻ അവൾക്കു മറുപടി നൽകിയില്ല. നിശ്ശബ്ദത ലംഘിക്കാൻ എനിക്കു താൽപ്പര്യമില്ലെന്നു മനസ്സിലായപ്പോൾ അവൾ എന്നോടു പറഞ്ഞു: “സിസ്റ്റർ, നീ ഇപ്രകാരം ഒരു ഉന്മാദക്കാരിയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.’ അവൾ മടങ്ങിപ്പോയി. അവൾക്കു സ്വാർത്ഥമായ താൽപ്പര്യമല്ലാതെ മറ്റൊരു കാര്യവും ഉണ്ടായിരുന്നില്ലെന്ന് എനിക്കു നല്ല നിശ്ചയമായിരുന്നു. ഓ ദൈവമേ, എന്നെ വിശ്വസ്തതയിൽ കാത്തുസംരക്ഷിക്കണമേ.

ഖണ്ഡിക – 172
ധ്യാനം പ്രസംഗിച്ച വൈദികൻ അമേരിക്കയിൽനിന്നു വന്ന ആളായിരുന്നു. കുറച്ചുനാളത്തേക്കു മാത്രമാണ് അദ്ദേഹം പോളണ്ടിലുള്ളത്. ആ സമയത്ത് ഈ ധ്യാനം
എടുക്കാനിടയായി. അദ്ദേഹം വളരെ ആദ്ധ്യാത്മികത തോന്നിക്കുന്ന ഒരു വ്യക്തിയായിരുന്നു. ആത്മീയ വളർച്ച അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ പ്രകടമായിരുന്നു. തപശ്ചര്യയും സ്മൃതിധ്യാനവും അദ്ദേഹത്തിന്റെ സ്വഭാവഗുണമായിരുന്നു. ഈ വലിയ സുകൃതങ്ങളൊക്കെയും ഉണ്ടായിരുന്നെങ്കിലും, എനിക്കു ലഭിച്ചിരുന്ന കൃപകളെക്കുറിച്ച് അദ്ദേഹത്തോടു തുറന്നു സംസാരിക്കാൻ എനിക്കു വിമുഖത അനുഭവപ്പെട്ടു. പാപങ്ങളെ സംബന്ധിച്ച് അതെപ്പോഴും എളുപ്പമാണ്. എന്നാൽ, കൃപകളെ സംബന്ധിച്ച് സംസാരിക്കാൻ വളരെ പ്രയത്നം വേണ്ടിയിരുന്നു. എന്നാലും ഞാൻ എല്ലാം പറഞ്ഞിരുന്നില്ല.

ഖണ്ഡിക – 173
ധ്യാനസമയത്തുണ്ടായ സാത്താന്റെ പ്രലോഭനം. ആ വൈദികൻ എന്നെ മനസിലാക്കുകയില്ല എന്ന ഒരു പ്രത്യേകമായ ഭയവും അല്ലെങ്കിൽ എനിക്കു പറയാനുള്ളതു മുഴുവൻ കേൾക്കാൻ അദ്ദേഹത്തിനു സമയം കിട്ടുകയില്ല എന്ന ചിന്തയും എനിക്കുണ്ടായി. എങ്ങനെ ഞാൻ ഇതെല്ലാം അദ്ദേഹത്തോടു പറയും? ഫാ. ബുക്കോവ്സ്കി (Fr. Bukowski) ആയിരുന്നെങ്കിൽ എനിക്കു കുറച്ചുകൂടി എളുപ്പമായിരുന്നു. എന്നാൽ, ഞാൻ ആദ്യമായി കാണുന്ന ഈ ഈശോസഭക്കാരനോട് ധ്യാനസമയത്ത് ദൈവം തരുന്ന വെളിപ്പെടുത്തലുകൾ കുറിച്ചുവച്ച് അതിന്റെ ഒരു ചെറിയ വിവരണം ഫാ. ബുക്കോവ്സ്കിക്കു കൊടുക്കണമെന്ന് അദ്ദേഹത്തിന്റെ ഉപദേശം പെട്ടെന്ന് എന്റെ ഓർമ്മയിൽ വന്നു. എന്റെ ദൈവമേ, ഒന്നര ദിവസം നന്നായി കടന്നുപോയി, ഇപ്പോൾ ജീവന്മരണയുദ്ധം ആരംഭിച്ചിരിക്കുന്നു.
അരമണിക്കൂറിനുള്ളിൽ സമ്മേളനം തുടങ്ങും. അതുകഴിഞ്ഞ് ഞാൻ കുമ്പസാരത്തിനായി പോകണം.

സാത്താൻ ഇങ്ങനെ ഒരു ചിന്ത എന്റെ മനസ്സിൽ കൊണ്ടുവന്നു : എന്റെ അധികാരികൾ എന്റെ ആന്തരിക പ്രേരണകൾ മായാദർശനങ്ങളാണെന്ന് എന്നോടു പറഞ്ഞ സ്ഥിതിക്ക് ഞാൻ എന്തിന് ഇതേപ്പറ്റി വീണ്ടും ചോദിച്ച് കുമ്പസാരക്കാരനെ ശല്യപ്പെടുത്തണം? കർത്താവീശോ നിന്നെപ്പോലെ നികൃഷ്ടയായ ആത്മാ ക്കളുമായി സമ്പർക്കപ്പെടുകയില്ലെന്ന് M.X. (മദർ ജയിൻ ആയിരിക്കാം) പറഞ്ഞിട്ടുണ്ടല്ലോ? ഈ കുമ്പസാരക്കാരനും അതുതന്നെ നിന്നോടു പറയും. അദ്ദേഹത്തോട് ഇതെല്ലാം എന്തിനു പറയണം? ഇതൊന്നും പാപമല്ല, ഈശോനാഥനുമായുള്ള ഈ സല്ലാപങ്ങളെല്ലാം തീർത്തും ദിവാസ്വപ്നങ്ങളും ഹിസ്റ്റീരിയകളുമാണെന്ന് മദർ X നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ. അതിനാൽ, എന്തിനിത് ഈ കുമ്പസാരക്കാരനോടു പറയണം? ഇതെല്ലാം ഒരു മായാദർശനമായി കരുതി ഒഴിവാക്കിക്കളയുന്നതല്ലേ നല്ലത്. നോക്കുക. ഇതുമൂലം നീ എത്രമാത്രം എളിമപ്പെടേണ്ടിവന്നു. ഇനി എന്തുമാത്രം എളിമപ്പെടുത്തലുകൾ നിന്നെ കാത്തിരിക്കുന്നു. നിനക്കു ചിത്തഭ്രമമാണെന്ന് എല്ലാ സിസ്റ്റേഴ്സിനും അറിയാം. ഞാൻ എന്റെ ആത്മാവിന്റെ സർവ്വശക്തിയോടുംകൂടി “ഈശോയേ!” എന്നു വിളിച്ചുപോയി.

ഖണ്ഡിക – 174
ആ സമയത്ത് ആ വൈദികൻ കടന്നുവന്നു, സമ്മേളനം ആരംഭിച്ചു. അദ്ദേഹം വളരെ ധൃതിയിൽ ആയിരിക്കുന്നതുപോലെ കുറച്ചു സമയത്തേക്കുമാത്രം സംസാരിച്ചു. സമ്മേളനത്തിനുശേഷം, അദ്ദേഹം കുമ്പസാരക്കൂട്ടിലേക്കു പോയി. മറ്റു സിസ്റ്റേഴ്സ് ആരും അങ്ങോട്ടുപോകുന്നില്ലെന്നു കണ്ടപ്പോൾ, ഞാൻ ചാടിയെണീറ്റ്
ഒരു നിമിഷത്തിനകം കുമ്പസാരക്കൂട്ടിൽ എത്തി. ചിന്തിക്കാൻ എനിക്കു സമയം ലഭിച്ചില്ല. ഈശോയുമായുള്ള എന്റെ ഇടപാടുകളെ സംബന്ധിച്ചുള്ള സംശയങ്ങളെപ്പറ്റി പറയുന്നതിനുപകരം, മുമ്പ് വിവരിച്ച പ്രലോഭനങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങി. ആ കുമ്പസാരക്കാരൻ ഉടനെതന്നെ എന്റെ അവസ്ഥ മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു, “സിസ്റ്റർ, കർത്താവീശോ നിന്നോടു ദയാപൂർവ്വം പെരുമാറുന്നതുകൊണ്ടാണ് നീ അവിടുത്തെ അവിശ്വസിക്കുന്നത്. സിസ്റ്റർ പൂർണ്ണമായും സമാധാനമായിരിക്കുക. ഈശോ നിന്റെ ഗുരുവാണ്. അവിടുന്നുമായുള്ള സംസർഗ്ഗം ദിവാസ്വപ്നങ്ങളോ മായാദർശനങ്ങളോ ചിത്തഭ്രമമോ അല്ല. നീ ശരിയായ മാർഗ്ഗത്തിലാണെന്നു മനസ്സിലാക്കുക.

ഈ കൃപകളോടു വിശ്വസ്തത പുലർത്താൻ ശ്രമിക്കുക; അവയിൽനിന്ന് ഓടിയൊളിക്കാൻ നിനക്കു സാധിക്കുകയില്ല. ഈ ആത്മീയ കൃപകളെക്കുറിച്ച് നിന്റെ അധികാരികളോട് പറയേണ്ട ആവശ്യമില്ല. അല്ലെങ്കിൽ, കർത്താവീശോ തന്നെ വ്യക്തമായി അത് ആവശ്യപ്പെടണം. എന്നാലും, നീ നിന്റെ കുമ്പസാരക്കാരന്റെ ഉപദേശം ആരായണം. ബാഹ്യമായതെന്തെങ്കിലും കർത്താവീശോ ആവശ്യപ്പെടുന്നെങ്കിൽ, നിന്റെ കുമ്പസാരക്കാരനോട് ആലോചിച്ചശേഷം അവിടുന്ന് ആവശ്യപ്പെടുന്നത് എത്ര ത്യാഗം സഹിച്ചും നീ നിറവേറ്റണം. എല്ലാക്കാര്യങ്ങളും കുമ്പസാരക്കാരനോടു തുറന്നു പറയണം. സിസ്റ്റർ, നിനക്കു സ്വീകരിക്കാൻ മറ്റൊരു വഴിയില്ല. ഒരു ആത്മീയനിയന്താവിനെ ലഭിക്കാൻ പ്രാർത്ഥിക്കുക. അല്ലെങ്കിൽ, കർത്താവിന്റെ വലിയ കൃപകൾ നീ നഷ്ടപ്പെടുത്തിക്കളയും. ഞാൻ വീണ്ടും പറയുന്നു. സമാധാനമായിരിക്കുക; നീ ശരിയായ പാതയിലാണു സഞ്ചരിക്കുന്നത്. മറ്റൊന്നിനും ചെവികൊടുക്കണ്ട. മറ്റുള്ളവർ നിന്നെപ്പറ്റി പറയുന്നത് പരിഗണിക്കാതെ കർത്താവിനോട് എപ്പോഴും വിശ്വസ്തത പുലർത്തുക. ഇപ്രകാരം ദുരിതപ്പെട്ട ആത്മാക്കളുമായാണ് ഇൗശോനാഥൻ ഉറ്റബന്ധം പുലർത്തുന്നത്. നീ എത്രമാത്രം എളിമപ്പെടുന്നുവോ, അത്രമാത്രം ഈശോനാഥൻ നിന്നോട് ഐക്യപ്പെടും”.

ഖണ്ഡിക – 175
കുമ്പസാരക്കൂട് വിട്ടുപോരുമ്പോൾ അവർണ്ണനീയമായ ആനന്ദത്താൽ ഞാൻ നിറഞ്ഞു. മറ്റു സിസ്റ്റേഴ്സ് കാണാതെ ദൈവവുമായി സ്നേഹസല്ലാപത്തിൽ ഏർപ്പെടാൻ ഞാൻ ഉദ്യാനത്തിലെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്കു പിൻവലിഞ്ഞു.
ദൈവസാന്നിദ്ധ്യം എന്നിൽ നിറഞ്ഞു. ഒരുനിമിഷം കൊണ്ട് എന്റെ ഇല്ലായ്മകൾ ദൈവത്തിൽ ലയിച്ചുപോയി. ആ നിമിഷം തന്നെ എന്നിൽ വസിക്കുന്ന മൂന്നു ദൈവികവ്യക്തികളുടെ സാന്നിദ്ധ്യം ഞാൻ അനുഭവിച്ചു, അഥവാ തിരിച്ചറിഞ്ഞു. എന്റെ ആത്മാവിനു വലിയ സമാധാനം ലഭിച്ചു. എനിക്ക് ഇത്രമാത്രം സംശയം ഉളവായതിൽ ഞാൻ വിസ്മയിച്ചു.

ഖണ്ഡിക – 176
പ്രതിജ്ഞ : എത്ര വിലകൊടുത്തും എന്റെ ഉൾപ്രേരണകളോടു വിശ്വസ്തത പുലർത്തും. കുമ്പസാരക്കാരനോട് ആലോചിക്കാതെ, ഞാൻ സ്വന്തമായി ഒന്നും ചെയ്യുകയില്ല.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles