ഫൗസ്റ്റീന വി. കുര്‍ബാന സ്വീകരിക്കാന്‍ എത്തിയപ്പോള്‍ രണ്ടാമതൊരു ഓസ്തി കൂടി വൈദികന്റെ കൈയില്‍ വീഴുന്നു!

വി. കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കാത്തപ്പോള്‍ ഫൗസ്റ്റീനയ്ക്ക് വളരെയധികം സഹിക്കേണ്ടി വന്നു. അതിനെ കുറിച്ച് ഈശോ തന്നെ ഫൗസ്റ്റീനയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതാണ് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടത്. ഫൗസ്റ്റീന വി. കുര്‍ബാന സ്വീകരിക്കാന്‍ എത്തിയപ്പോള്‍ രണ്ടാമതൊരു ഓസ്തി കൂടി വൈദികന്റെ കൈയിലും പിന്നീട് ഫൗസ്റ്റീനയുടെ കൈയിലും വീഴുന്നതിനെ കുറിച്ചാണ് നാം ലക്കത്തില്‍ വായിക്കുന്നത്.
ഖണ്ഡിക – 159
ഓ ദിവ്യകാരുണ്യനാഥാ, വിശുദ്ധിയോടും നിർമ്മലതയോടും നിഷ്ക്കളങ്കതയോടുംകൂടി
വിജനമായ പ്രവാസത്തിലൂടെ ഞാൻ കടന്നുപോകാൻ
എനിക്കുവേണ്ടി അങ്ങു സ്വർണ്ണക്കാസായിൽ അടക്കം ചെയ്യപ്പെട്ടിരിക്കുന്നുവല്ലോ,
ഓ അവിടുത്തെ സ്നേഹത്തിന്റെ ശക്തിയാൽ ഇതു നിവൃത്തിയാക്കപ്പെടട്ടെ.
ഓ ദിവ്യകാരുണ്യനാഥാ, എന്റെ ആത്മാവിൽ വന്നു വസിക്കണമേ,
എന്റെ ഹൃദയത്തിന്റെ ഏറ്റം മാധുര്യം നിറഞ്ഞ സ്നേഹമേ
അവിടുത്തെ പ്രകാശത്തിൽ അന്ധകാരം മാറിപ്പോകുന്നു.
ഈ എളിയ ഹൃദയത്തിന് അവിടുത്തെ കൃപ നിരസിക്കരുതേ.
ഓ ദിവ്യകാരുണ്യ നാഥാ, സ്വർഗ്ഗം മുഴുവന്റെയും ആനന്ദമേ,
മറഞ്ഞിരിക്കുന്നെങ്കിലും തന്ത്രപ്രഭാവം
ഒരു അപ്പക്കഷണത്തിൽ രൂപത്തിൽ
ഉറച്ച വിശ്വാസം ആ മറ മാറ്റിടുന്നു.
ഖണ്ഡിക – 160
മാസത്തിന്റെ അഞ്ചാം ദിവസമായ കുരിശുയുദ്ധ ദിവസം മാസാദ്യവെള്ളിയായിരുന്നു. ഈശോനാഥന്റെ മുമ്പിൽ ആരാധനക്ക് ഇരിക്കേണ്ട ഊഴം എന്റേതായിരുന്നു. എല്ലാ തെറ്റുകുറ്റങ്ങൾക്കും അവഹേളനങ്ങൾക്കും പരിഹാരം ചെയ്യാനും, ഈ ദിവസം ദൈവദൂഷണങ്ങൾ ഒന്നും സംഭവിക്കാതിരിക്കാനും പ്രാർത്ഥിക്കേണ്ട ചുമതല എനിക്കായിരുന്നു. ഈ ദിവസം ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള പ്രത്യേക സ്നേഹത്താൽ എന്റെ ആത്മാവ് ഉജ്ജ്വലിച്ചു. ഞാൻ ഒരു അഗ്നിജ്വാലയായി രൂപാന്തരപ്പെട്ട അവസ്ഥയായിരുന്നു. വി. കുർബ്ബാന സ്വീകരണത്തിന്റെ സമയത്ത്, രണ്ടാമതൊരു തിരുവോസ്തികൂടി വൈദികന്റെ ഉടുപ്പിന്റെ കൈയിൽ വീണു. ഏതു സ്വീകരിക്കണമെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. ഞാൻ കുറച്ചുനേരം സന്ദേഹിച്ചു നിന്നു. വൈദികൻ തിരുവോസ്തി സ്വീകരിക്കാൻ അക്ഷമയോടെ കൈകൊണ്ട് ആംഗ്യം കാണിച്ചു.
അദ്ദേഹം നീട്ടിയ തിരുവോസ്തി സ്വീകരിച്ചപ്പോൾ മറ്റേത് എന്റെ കൈയിലേക്കു വീണു. വൈദികൻ കുർബ്ബാന കൊടുത്തുകൊണ്ട് അൾത്താരയുടെ കൈവരി ചേർന്നു നീങ്ങി. ഈശോനാഥനെ ആ സമയമത്രയും ഞാൻ എന്റെ കരങ്ങളിൽ വഹിച്ചു. വൈദികൻ വീണ്ടും എന്നെ സമീപിച്ചപ്പോൾ അതു കാസയിലേക്കു തിരികെ വയ്ക്കുവാൻ വേണ്ടി തിരുവോസ്തി ഉയർത്തി അദ്ദേഹത്തെ ഏൽപ്പിച്ചു. കാരണം, ഞാൻ ആദ്യം ഈശോയെ സ്വീകരിച്ചപ്പോൾ, അത് ഉൾക്കൊള്ളാതെ വേറൊരെണ്ണം വീണിട്ടുണ്ടെന്നത് അദ്ദേഹത്തോടു പറയാൻ കഴിഞ്ഞില്ല. എന്നാൽ, തിരുവോസ്തി എന്റെ കൈയിൽ വഹിച്ചപ്പോൾ, സ്നേഹത്തിന്റെ ശക്തി എനിക്കനുഭവപ്പെട്ടു. അതുമൂലം അന്നു മുഴുവൻ എന്തെങ്കിലും ഭക്ഷിക്കുവാനോ ചിന്തിക്കുവാനോ എനിക്കായില്ല. തിരുവോസ്തിയിൽനിന്ന് ഞാനിങ്ങനെ കേട്ടു: നിന്റെ ഹൃദയത്തിൽ മാത്രമല്ല, നിന്റെ കരങ്ങളിലും ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സമയം ഞാൻ അതിൽ ഉണ്ണിയീശോയെ കണ്ടു. എന്നാൽ, വൈദികൻ അടുത്തുവന്നപ്പോൾ, വീണ്ടും ആതിരുവോസ്തിതന്നെ ഞാൻ കണ്ടു.
ഖണ്ഡിക – 161
ഓ മേരീ, അമലോത്ഭവ കന്യകേ,
എൻ ഹൃദയത്തിൻ നിർമ്മല ദർപ്പണമേ
നീയാണെൻ ശക്തി, ഉറപ്പുള്ള നങ്കൂരം
നീ അബലഹൃദയർക്കു പരിചയും സംരക്ഷകയും.
ഓ മേരീ, നീ അതുല്യമാം പരിശുദ്ധിതൻ പരിശുദ്ധി
ഒരേസമയം കന്യകയും മാതാവും
സൂര്യനെപ്പോലെ രൂപവതിയും കളങ്കമില്ലാത്തവളും
നിന്റെ ആത്മാവ് എല്ലാ ഉപമകൾക്കും ഉപരിയാണ്.
നിന്റെ ലാവണ്യം ത്രൈശുദ്ധനായവനെ ആനന്ദിപ്പിക്കുന്നു.
തന്റെ നിത്യസിംഹാസനം വിട്ട് സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ആഗതനായി.
നിന്റെ ഹൃദയത്തിന്റെ ശരീരവും രക്തവും സ്വീകരിച്ചു.
ഒരു കന്യകയുടെ ഹൃദയത്തിൽ ഒമ്പതു മാസം അജ്ഞാതവാസംചെയ്തു.
കന്യകയും മാതാവുമായവളേ ആരാലും അഗ്രാഹ്യമല്ലോ
നിത്യനാം ദൈവത്തിൻ മനുഷ്യാവതാരം
സ്നേഹത്താലും അത്യഗാധമാം കാരുണ്യത്താലും
മാതാവേ, നിന്നിലൂടെ അവനുമായി ഞങ്ങൾ നിത്യതയിൽ ജീവിക്കുന്നു.
ഓ മേരീ കന്യകേ, സ്വർഗ്ഗത്തിൻ വാതിലേ
നിന്നിലൂടെയല്ലോ രക്ഷ സംലഭ്യമായത്
നിന്റെ ദിവ്യമാം കരങ്ങളിൽക്കൂടി
അനുഗ്രഹങ്ങൾ ഞങ്ങളിൽ വർഷിക്കപ്പെടുന്നു.
വിശുദ്ധയാകുവാൻ ഞാൻ നിന്നെമാത്രം പിൻചെന്നാൽ മതി.
ഓ മാതാവേ, കന്യകേ, ലില്ലിപ്പൂക്കളിൽ പരിശുദ്ധേ
ഭൂമിയിൽ ഈശോയുടെ ആദ്യത്തെ സക്രാരി നിൻ ഹൃദയമല്ലോ.
നിന്റെ എളിമയെക്കാൾ വലിയ വിനയമില്ല, എല്ലാ മാലാഖമാരെക്കാളും
എല്ലാ വിശുദ്ധരെക്കാളും ഉപരിയായി നീ ഉയർത്തപ്പെട്ടു.
ഓ മേരീ, എന്റെ മാധുര്യമുള്ള മാതാവേ,
സമർപ്പിപ്പൂ ഞാൻ നിനക്ക് എൻ ആത്മം ശരീരം എൻ എളിയ ഹൃത്തും
എന്റെ ജീവിതത്തിന്റെ വഴികാട്ടി ആയിരിക്കണമേ
പ്രത്യേകിച്ച് എന്റെ മരണസമയത്തെ അവസാനയുദ്ധത്തിൽ.
നമുക്കു പ്രാര്‍ത്ഥിക്കാം
ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)
വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.