ദൈവം തന്റെ കരുണയെ വെളിപ്പെടുത്തുമ്പോള്‍ ആത്മാവ് അത് മനസ്സിലാക്കുന്നതെങ്ങനെയാണ്?

ഖണ്ഡിക – 94
(44) ഓ എന്റെ കർത്താവേ, അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം എരിയിക്കണമേ, കൊടുങ്കാറ്റിലും സഹനത്തിലും പരീക്ഷണങ്ങളിലും എന്റെ അരൂപി തളരാതിരിക്കട്ടെ. ഞാൻ എത്ര ബലഹീനയാണെന്ന് അങ്ങു കാണുക. സ്നേഹത്തിന് എല്ലാം ചെയ്യാൻ സാധിക്കും.

 

ഖണ്ഡിക – 95
ദൈവത്തെക്കുറിച്ചുള്ള അഗാധമായ അറിവും ആത്മാവിന്റെ ഭീതിയും
ആരംഭത്തിൽ, ദൈവം തന്റെ പരിശുദ്ധിയും നീതിയും നന്മയും അതായത് തന്റെ കരുണയെ – വെളിപ്പെടുത്തുന്നു. ഒരാത്മാവ് ഇതെല്ലാം ഒറ്റയടിക്കല്ല മനസ്സിലാക്കുന്നത്, അല്പാല്പമായി മിന്നലൊളിപോലെ; അതായത്, ദൈവം സമീപസ്ഥനാകുമ്പോൾ. ഇത് അധികനേരം നീണ്ടുനിൽക്കുന്നില്ല, എന്തെന്നാൽ ആ പ്രകാശം ഒരാത്മാവിന് സഹിക്കുവാൻ സാധിക്കുകയില്ല. പ്രാർത്ഥനാസമയങ്ങളിൽ ആത്മാവ് പ്രകാശത്തിന്റെ മിന്നലാളികൾ അനുഭവിക്കുന്നു, അതിനാൽ മുമ്പത്തെപ്പോലെ അതിന് പ്രാർത്ഥിക്കാൻ സാധിക്കുകയില്ല. മുമ്പ് പ്രാർത്ഥിച്ചതുപോലെ പ്രാർത്ഥിക്കാൻ എത്രശമിച്ചാലും, അത് നിഷ്ഫലമാകുന്നു; ഈ പ്രകാശം ലഭിക്കുന്നതിനുമുമ്പ് പ്രാർത്ഥിച്ചിരുന്നവിധം തുടർന്നു പ്രാർത്ഥിക്കാൻ എത്ര  ശ്രമിച്ചാലും അതിനു തീർത്തും സാധ്യമല്ല. ആത്മാവിനെ സ്പർശിച്ച പ്രകാശം അതിന്റെയുള്ളിൽ സജീവമായിരിക്കുന്നു, ഒന്നിനും അതിനെ അണയ്ക്കാനോ കുറയ്ക്കാനോ സാധിക്കുകയില്ല. ദൈവത്തെപ്പറ്റിയുള്ള ഈ നൈമിഷികമായ അറിവ് ആത്മാവിനെ ആകർഷിക്കുന്നു, അവിടുത്തോടുള്ള സ്നേഹത്താൽ ആത്മാവിനെ എരിയിക്കുന്നു.  എന്നാൽ, അതേസമയം ഈ മിന്നലൊളിതന്നെ, ആത്മാവിന് അതിന്റെ അവസ്ഥയെ വെളിപ്പെടുത്തിക്കൊടുക്കുന്നു; ഒരു വിശിഷ്ടപ്രകാശത്താൽ ആത്മാവ് തന്റെ ആന്തരിക അവസ്ഥ മുഴുവൻ ഗ്രഹിക്കുന്നു. അത് ആത്മാവിന് ഉത്കണ്ഠയും ഭീതിയും ഉളവാക്കുന്നു. എന്നാലും, അത് ഭീതിയുടെ നിഴലിൽ വസിക്കുന്നില്ല, അത് തന്നെത്തന്നെ വിശുദ്ധീകരിക്കാൻ ദൈവസന്നിധിയിൽ സ്വയം തരംതാഴ്ത്താനും എളിമപ്പെടുത്താനും തുടങ്ങുന്നു. ഈ പ്രകാശങ്ങൾ കൂടുതൽ ശക്തമാവുകയും കൂടെക്കൂടെ ആവർത്തിക്കപ്പെടുകയും ചെയ്യുന്നു; ആത്മാവ് എത്രമാത്രം സുതാര്യമാകുന്നുവോ, അത്രമാത്രം ഈ പ്രകാശം അതിലേക്ക് ആഴ്ന്നിറങ്ങുന്നു. ഈ ആദ്യകൃപകളോട് വിശ്വസ്തതയോടും ധൈര്യത്തോടുംകൂടി ആത്മാവ് പ്രത്യുത്തരിച്ചാൽ, ദൈവം തന്റെ സമാശ്വാസങ്ങളാൽ അതിനെ നിറയ്ക്കുകയും, സ്പഷ്ടമായ രീതിയിൽ തന്നെത്തന്നെ അതിന് നല്കുകയും ചെയ്യുന്നു.

ചില അവസരങ്ങളിൽ, ആത്മാവ് ദൈവവുമായി ഗാഢബന്ധത്തിലാകുകയും അതിൽ ആനന്ദിക്കുകയും ചെയ്യുന്നു; അതിന് നിശ്ചയിച്ചിരിക്കുന്ന പൂർണ്ണതയിലേക്ക് താൻ ഉയർന്നുവെന്ന് അതു വിശ്വസിക്കുന്നു, എന്തെന്നാൽ തന്റെ കുറവുകളും വീഴ്ചകളും അതിൽ ആഴ്ന്നുപോകുന്നു, അവ യഥാർത്ഥത്തിൽ നിലനിൽക്കുന്നതായി അതിന് അനുഭവപ്പെടുന്നില്ല. ഒന്നും അതിന് അസാധ്യമായി തോന്നുന്നില്ല; അത് എന്തിനും തയ്യാറാണ്. ദൈവത്തിൽ ലയിക്കാനും, ദൈവിക ആനന്ദം അനുഭവിക്കാനും തുടങ്ങുന്നു. കൃപയാൽ അത് നയിക്കപ്പെടുന്നു, പരീക്ഷണങ്ങളുടെയും പരീക്ഷകളുടെയും കാലം വരുമെന്ന സത്യം പരിഗണിക്കുന്നില്ല. എന്നാൽ, ഈ അവസ്ഥ അധികനാൾ നിലനിൽക്കുന്നില്ല. മറ്റു സന്ദർഭങ്ങൾ ഉടനെതന്നെ വരും. എന്നുവരികിലും, അതിന് എല്ലാം തുറന്നുപറയാൻ സാധിക്കുന്ന കൃപ നിറഞ്ഞ ഒരു കുമ്പസാരക്കാരൻ ഉണ്ടെങ്കിൽ, ആ ആത്മാവ് ദൈവകൃപയോട് കൂടുതൽ വിശ്വസ്തതയോടുകൂടി പ്രതികരിക്കും എന്നത് ഞാൻ ഇവിടെ കൂട്ടിച്ചേർക്കുന്നു.

ഖണ്ഡിക – 96
(45) + ദൈവത്താൽ പ്രത്യേകം സ്നേഹിക്കപ്പെടുന്ന ആത്മാവിന് ദൈവം പരീക്ഷണങ്ങൾ അയയ്ക്കുന്നു. പരീക്ഷണങ്ങളും അന്ധകാരവും; സാത്താൻ.
(ദൈവത്തോട്) ആത്മാവിനുള്ള സ്നേഹം ദൈവം ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്നില്ല. സുവ്യക്തമായ ദൈവസാന്നിധ്യം ആത്മാവിന് പെട്ടെന്നു നഷ്ടമാകുന്നു. ധാരാളം പോരായ്മകളും കുറ്റങ്ങളും അതിൽ ഉയർന്നുവരുന്നു, അതിനോടെല്ലാം അത് ഉഗ്രമായി പോരാടേണ്ടിവരും. അവളുടെ എല്ലാവീഴ്ചകളും തലയുയർത്തും, എന്നാൽ ആത്മാവിന് നല്ല ജാഗ്രതയുണ്ടായിരിക്കും. മുമ്പുണ്ടായിരുന്ന ദൈവസാന്നിദ്ധ്യം മന്ദതയിലേക്കും ആത്മീയവരൾച്ചയിലേക്കും വഴിമാറും; ആത്മാവിന് ആത്മീയ അഭ്യാസങ്ങളോട് ഒരു താല്പര്യവും കാണുകയില്ല; പഴയരീതിയിലോ, അതു പ്രാർത്ഥിക്കാൻ തുടങ്ങിയ വിധത്തിലോ അതിനു പ്രാർത്ഥിക്കാൻ സാധിക്കുകയില്ല. ഇപ്രകാരം അതു കഠിനശ്രമം നടത്തുമെങ്കിലും, ഒരു സംതൃപ്തിയും ലഭിക്കുകയില്ല. ദൈവം അവളിൽനിന്നു മറഞ്ഞിരിക്കുന്നു, ഒരു സൃഷ്ടിയിലും സമാശ്വാസം കണ്ടെത്താനോ, ഒരു സൃഷ്ടിക്കും അതിനെ ആശ്വസിപ്പിക്കാനോ സാധിക്കുകയില്ല. ആത്മാവ് ദൈവത്തിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുന്നു, എന്നാൽ അത് തന്റെ ആത്മാവിന്റെ ദരിദ്രാവസ്ഥ മനസ്സിലാക്കുന്നു. ദൈവത്തിന്റെ നീതിയെപ്പറ്റിയുള്ള അവബോധം ലഭിക്കുന്നു; ദൈവം തന്ന എല്ലാദാനങ്ങളും അതിനു നഷ്ടപ്പെട്ടതായി തോന്നുന്നു; മനസ്സ് മന്ദീഭവിച്ച് അന്ധകാരം വന്നു നിറയുന്നു; പറഞ്ഞറിയിക്കാൻ പറ്റാത്ത പീഡ സഹിക്കുന്നു. കൂമ്പസാരക്കാരനോട് തന്റെ അവസ്ഥ പറഞ്ഞു ധരിപ്പിക്കാൻ ശ്രമിക്കുന്നെങ്കിലും, ഒന്നും മനസ്സിലാക്കപ്പെടുന്നില്ല. അത് കൂടുതൽ അസ്വസ്ഥതകളാൽ ആക്രമിക്കപ്പെടുന്നു. സാത്താൻ തന്റെ പ്രവർത്തനം ആരംഭിക്കുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം

ഈശോയുടെ തിരുഹൃദയത്തില്‍ നിന്ന് ഞങ്ങള്‍ക്കുവേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, തിരുജലമേ അങ്ങില്‍ ഞാന്‍ ശരണപ്പെടുന്നു. (മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുക.)

വിശുദ്ധ ഫൗസ്റ്റീനായെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമെ

(തുടരും)

 


മരിയന്‍ ടൈംസിലെ ഇന്നത്തെ മറ്റ് അപ്‌ഡേറ്റുകൾ ഈ ലേഖനത്തിനു താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles