നിശബ്ദതയുടെ സംഗീതം

ദമ്പതീ ധ്യാനത്തിൻ്റെ തലേദിവസം.
ഒരു സ്ത്രീ വിളിച്ചു:
“അച്ചാ, എൻ്റെ ഭർത്താവിന്
സംസാര ശേഷിയില്ല.
അതുകൊണ്ട് തനിയെ വന്ന്
ധ്യാനത്തിൽ പങ്കെടുക്കാൻ സാധിക്കുമോ?”
ചെറിയൊരു ആലോചനക്കു ശേഷം
ഞാൻ പറഞ്ഞു:
“അതെന്തായാലും സാധിക്കില്ല.
നിങ്ങൾ രണ്ടു പേരും പങ്കെടുക്കണം. ധ്യാനത്തിൻ്റെ ക്ലാസുകൾ ഭർത്താവിനോട് പിന്നീട് വിശദീകരിച്ചാലും മതി.
മൂന്നു ദിവസം നിങ്ങൾ ഒരുമിച്ച്
ധ്യാനത്തിന് പങ്കെടുക്കുമ്പോൾ തന്നെ ദൈവകൃപ നിങ്ങളിൽ നിറയുമെന്ന് ഉറപ്പാണ്.”
എൻ്റെ വാക്കുകൾക്ക് വില നൽകിക്കൊണ്ട് അവരിരുവരും ധ്യാനത്തിന് വന്നു.
ആദ്യന്തം പങ്കെടുത്തു.
സമാപന ദിവസം എല്ലാവരുടെയും മുമ്പിൽ നിന്ന് ആ സഹോദരി സാക്ഷ്യം പറഞ്ഞു:
“ഭർത്താവിന് സംസാരശേഷി ഇല്ലാത്തതിനാൽ തനിയെ വരാനായിരുന്നു ചിന്തിച്ചത്.
എന്നാൽ അച്ചൻ അനുമതി നൽകിയില്ല.
ചേട്ടനാണെങ്കിൽ ‘ധ്യാനത്തിന് വരുന്നില്ല’
എന്ന പിടിവാശിയും. പള്ളിയിൽ പോകാൻ മടിയുള്ള ചേട്ടൻ എങ്ങനെയെങ്കിലും ധ്യാനത്തിന് വരാൻ വേണ്ടി
ലാസലെറ്റ് മാതാവിനോട്
മാധ്യസ്ഥം അപേക്ഷിച്ചു.
ധ്യാനത്തിൻ്റെ തലേരാത്രി അദ്ദേഹം പറഞ്ഞു:
“ഞാൻ കൂടെ വരാം…..
എന്നാൽ നാളെ ഉച്ചകഴിയുമ്പോൾ
തിരിച്ചു വരും.”
എന്തായാലും രണ്ടും കൽപിച്ച്
ധ്യാനത്തിന് വന്നു.
രജിസ്ട്രേഷൻ കൗണ്ടറിൽ ഉച്ചയ്ക്കുശേഷം പോകുമെന്നൊന്നും പറഞ്ഞില്ല.
ധ്യാനത്തിൻ്റെ ആദ്യ ദിവസം ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു:
‘നമുക്ക് നാളെ പോകാം’
എനിക്ക് വലിയ സന്തോഷമായി.
രണ്ടാം ദിവസം വൈകീട്ടായപ്പോഴേക്കും
അദ്ദേഹം ചിരിച്ചുകൊണ്ട്;
‘ഇനി ധ്യാനം കഴിഞ്ഞ് പോയാൽ മതി’
എന്നാണ് പറഞ്ഞത്.
എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായി!
സംസാരശേഷിയില്ലാത്ത ജീവിത പങ്കാളിയെ നൽകിയ ദൈവം ജീവിതത്തിൽ ആദ്യമായി അദ്ദേഹത്തോടൊപ്പം ധ്യാനത്തിൽ സംബന്ധിക്കാനും അവസരം നൽകി.”
ആ സഹോദരിയുടെ സാക്ഷ്യം കഴിഞ്ഞപ്പോൾ അവരുടെ ഭർത്താവിനെ ഞാൻ മുമ്പോട്ടു വിളിച്ചു. ആദ്യം അല്പം ലജ്ജ പ്രകടിപ്പിച്ചെങ്കിലും പിന്നീടയാൾ സധൈര്യം മുന്നോട്ടുവന്ന് ഭാര്യയുടെ കരം പിടിച്ചുയർത്തി
തൻ്റേതായ ഭാഷയിൽ ദൈവത്തിന്
നന്ദി പറഞ്ഞു. കരഘോഷത്തോടെയാണ്
ജനം അതിന് മറുപടി നൽകിയത്.
ധ്യാനം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യയോടൊപ്പം അയാൾ ആശ്രമത്തിൽ കുർബാനയ്ക്കെത്തിയപ്പോൾ സത്യത്തിൽ എൻ്റെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു.
ബധിരരും മൂകരും ദൈവത്തെ
അറിഞ്ഞ് ആരാധിക്കുമ്പോഴും
സംസാരിക്കാനും ശ്രവിക്കാനും
കഴിവുള്ള നമ്മൾ പലപ്പോഴും അതിന് തയ്യാറാകാറില്ലല്ലോ?
ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ ക്രിസ്തു സുഖപ്പെടുത്തുന്ന രംഗം സുവിശേഷത്തിലുണ്ട്.
(Ref മര്‍ക്കോ 7: 31-37).
സംസാരശേഷിയില്ലാത്തവർ പോലും
ദൈവത്തെ വിളിച്ച് കരയുന്ന രംഗങ്ങൾ ക്രിസ്തു സ്പർശനത്തിൻ്റെ വേളയിൽ
ഞാൻ കണ്ടിട്ടുണ്ട്.
അവരുടെ നിശബ്ദതയിൽ പോലും
ദൈവം അവരെ ശ്രവിക്കുന്നു.
അങ്ങനെയെങ്കിൽ
അധരങ്ങളുള്ള നമ്മൾ
അകമറിഞ്ഞൊന്നു വിളിച്ചാൽ നമ്മിലും ചൊരിയപ്പെടില്ലേ അനുഗ്രഹപ്പൂമഴ?

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles