നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 5/100

ദൈവത്തോടും മാതാപിതാക്കളോടുള്ള അവന്റെ മനോഭാവം – 1/2

തന്റെ കുഞ്ഞിനെ പരിപാലിക്കുന്ന കടമ ജോസഫിന്റെ അമ്മ വിശ്വസ്തതാപൂർവ്വം നിറവേറ്റി. വളരെ ശ്രദ്ധയോടെ തന്റെ അരുമസുതനെ അവൾ നിരീക്ഷിക്കുമായിരുന്നു. പലപ്പോഴും കുഞ്ഞു ജോസഫ് ദുഃഖിച്ച് വിതുമ്പിക്കരയുന്നതായി അവൾ കണ്ടു. ജോസഫിന്റെ അസാധാരണമായ ഈ പെരുമാറ്റം അവളെ അമ്പരപ്പിച്ചു. എന്നാൽ ആരോടും ഇതിനെക്കുറിച്ച് പറയാതെ നിശബ്ദയായിരിക്കാൻ വിവേകമതിയായ അവൾ ശ്രദ്ധിച്ചു. ഒരു വിശേഷാൽ വരപ്രസാദമായി അവൾ ഇതിനെ കണ്ടു. ഇത് അവളുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു. നിഷ്കളങ്കനായ തന്റെ കുഞ്ഞ് ഇപ്പോൾ തന്നെ പ്രായശ്ചിത്തത്തിന്റെ വഴിയിലാണെന്ന് അവൾ മനസ്സിലാക്കി. അവൾക്ക് തെറ്റ്പറ്റിയില്ല. വിവേചനശക്തിയും അതോടൊപ്പം വിശുദ്ധീകരണ വരപ്രസാദവും ഇപ്പോൾ തന്നെ ജോസഫിൽ പ്രവർത്തനസജ്ജം ആണല്ലോ. തൽഫലമായി ദൈവത്തെപ്പറ്റിയുള്ള ഉന്നതമായ ധാരണാശക്തി നേടുകയും മനുഷ്യകുലം മുഴുവൻ ദൈവത്തെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് അറിയുകയും ചെയ്തു.

അതിനാൽ ഇതോർത്ത് കുഞ്ഞു ജോസഫ് ധാരാളം കണ്ണുനീർ ചിന്തിയിരുന്നു. നിർഭാഗ്യരായ പാപികളുടെമേൽ കരുണ ചൊരിയണമേയെന്ന പ്രാർത്ഥനയോടെ ഈ കണ്ണുനീരെല്ലാം അവൻ ദൈവത്തിനർപ്പിച്ചിരുന്നു. തൽഫലമായി അവർ ചെയ്യുന്ന ഘോരപാപങ്ങളെക്കുറിച്ച് തിരിച്ചറിയാനുള്ള ആത്മീയപ്രകാശം അവർക്ക് ലഭിക്കണം. തെറ്റിലകപ്പെടുന്ന തന്റെ അയൽക്കാരോടുള്ള സ്നേഹത്തിൽ അവൻ ചെയ്യുന്ന പ്രവൃത്തികളിൽ അത്യുന്നതൻ വളരെ സംപ്രീതനാണ് എന്നു പറഞ്ഞ് മാലാഖ അവനെ പ്രോൽസാഹിപ്പിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താനുള്ള അതിയായ ആഗ്രഹത്താലും അയൽക്കാരോടുള്ള സ്നേഹത്തെപ്രതിയും ജോസഫ് തുടർന്നും അങ്ങനെ ചെയ്തിരുന്നു.

ജോസഫ് തന്റെ ജീവിതത്തിന്റെ ആരംഭദശയിൽത്തന്നെ നിയമത്തിലെ രണ്ടു സുപ്രധാന കല്പനകളും പാലിച്ചിരുന്നുവെന്ന് സത്യമായും പറയാൻ സാധിക്കും. അതായത് പൂർണ്ണമനസ്സോടും സർവ്വശക്തിയോടുംകൂടി ദൈവത്തെ സ്നേഹിക്കുക; തന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന കല്പന പാലിച്ചിരുന്നു. ജോസഫിന്

തന്റെ മനസ്സാക്ഷിയിൽ ഒന്നും അവനെ കുറ്റപ്പെടുത്തിയിരുന്നില്ല. അതിനാൽ മറ്റുള്ളവരുടെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ് തന്റെ പ്രായശ്ചിത്തപ്രവൃത്തികളെല്ലാം അവൻ അനുഷ്ഠിച്ചിരുന്നത്. അതിനു പകരമായി ദൈവം പല കൃപകളും അനുഗ്രഹങ്ങളും അവന്റെ മേൽ വർഷിച്ചിരുന്നു. പ്രത്യേകാനുകൂല്യമായി ദൈവവചനത്തിന്റെ അമ്മയുടെ ജനനം ത്വരിതപ്പെടുത്തി. അതുവഴി ജോസഫ് അവളുടെ വിശ്വസ്തനായ മണവാളനും കാവൽക്കാരനുമായി മാറുകയായിരുന്നു.

അങ്ങനെയുള്ള ദിവസങ്ങളിൽ ഈ പരിശുദ്ധനായ കുഞ്ഞ് ദൈവത്തിൽ എത്രയോ അന്തർലീനനായിട്ടാണ് കാണപ്പെട്ടിരുന്നത് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഭൗതികമായ ഒരു പോഷണവും അവന് ആവശ്യമായിരുന്നില്ല. അവന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്ന അതിരുചികരമായ ആ ഭോജനത്താൽ ദൈവം അവനെ സംതൃപ്തനാക്കിയിരുന്നു. ആത്മാവിൽ ലഭിക്കുന്ന ആശ്വാസം ശരീരത്തിനും ശക്തിദായകമായിരുന്നുവെന്ന് അവന്റെ ഭാവപ്രകടനങ്ങളിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ ജോസഫിന്റെ മുഖം ഒരു മാലാഖയ്ക്ക് സദൃശമായിരുന്നു. അവന്റെ കവിൾത്തടങ്ങൾ ചുവന്നുതുടുത്തിരുന്നു. കണ്ണുകൾ രണ്ടു നക്ഷത്രങ്ങളെപ്പോലെ തിളങ്ങി പ്രശോഭിച്ചിരുന്നു. അഭൗമികമായൊരു തൂമന്ദഹാസം എപ്പോഴും അവനിൽ കളിയാടിയിരുന്നു.

അവന്റെ അമ്മ തന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ കാണുമ്പോൾ അവനെ അല്പം പോലും ശല്യപ്പെടുത്താതെ ഒഴിഞ്ഞുമാറി നിന്നിരുന്നു. ഇങ്ങനെയുള്ള സ്വർഗ്ഗീയാനന്ദപാരവശ്യം അവളിലും ഒരു പ്രത്യേകമായ ആശ്വാസം പകർന്നിരുന്നു. ദൈവസ്തുതികളാലും നന്ദിയാലും അവളുടെ ഹൃദയം നിറഞ്ഞു കവിയുകയായിരുന്നു. മിക്കവാറും ജോസഫിന്റെ പിതാവും തന്റെ പുത്രന്റെ ഈ അസാധാരണ ഭാവപ്രകടനങ്ങൾക്ക് സാക്ഷിയായി, അമ്മയോടൊപ്പം സന്തോഷാശ്രുക്കൾ പൊഴിക്കുമായിരുന്നു.

ദൈവം കനിഞ്ഞനുഗ്രഹിച്ചു നല്കിയ തങ്ങളുടെ കുഞ്ഞിനെ വളർത്തിയെടുക്കുക എന്നത് ജോസഫിന്റെ മാതാപിതാക്കന്മാർക്ക് എത്രയധികം ആനന്ദപ്രദമായ കാര്യമായിരുന്നു. അവരുടെ സ്നേഹം എത്ര വാത്സല്യം നിറഞ്ഞതായിരുന്നു! എന്നാൽ ഈജിപ്തിന്റെ ഭരണാധികാരിയായിത്തീർന്ന ജോസഫിന്റെ മാതാപിതാക്കന്മാരുടേതിൽനിന്ന് എത്രയോ വിഭിന്നമായിരുന്നു ഇവരുടെ ജീവിതസാഹചര്യം. പൂർവ്വപിതാവായ ജോസഫ് നമ്മുടെ ജോസഫിന്റെ ഒരു പ്രതിരുപമായിരുന്നു. ആ ജോസഫിനെ തന്റെ പിതാവ് മറ്റെല്ലാ പുത്രന്മാരെയുംകാൾ അധികമായി സ്നേഹിച്ചു. അതുപോലെ ദൈവമായ കർത്താവ് നമ്മുടെ ജോസഫിനെ തന്റെയെല്ലാ സൃഷ്ടികളെയുംകാൾ (പുരുഷന്മാരിൽ) അധികമായി സ്നേഹിച്ചു. കാരണം ദൈവപുത്രന്റെ അമ്മയുടെ മണവാളനായും മനുഷ്യനായി അവതരിക്കാനിരിക്കുന്ന ദൈവവചനത്തിന്റെ പിതാവായും കർത്താവായ ദൈവം ജോസഫിനെ മുൻകൂട്ടി നിശ്ചയിച്ചിരുന്നു. ഈജിപ്തിലെ ജോസഫിന് അവന്റെ പിതാവ് വിലയേറിയ മനോഹരമായ മേലങ്കിയാൽ അണിയിച്ചൊരുക്കിയത്പോലെ കൃപാവസ്ത്രങ്ങൾ കൊണ്ട് നസ്രത്തിലെ ജോസഫിനെ ദൈവം അഭിഷേകം ചെയ്തൊരുക്കി.

ആദ്യത്തെ ജോസഫിനെ തന്റെ സഹോദരന്മാർ വെറുത്ത് ഒരു അടിമയായി വിറ്റു. നമ്മുടെ ജോസഫിനെ തന്റെ മാതാപിതാക്കന്മാരുടെ മരണശേഷം അവന്റെ സ്വന്തക്കാർ പീഡിപ്പിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്തു. ജെറുസലേമിൽ എത്തിച്ചേർന്ന ജോസഫ് ആശാരിപ്പണി പരിശീലിക്കുകയും തൊഴിൽ ചെയ്തു അവിടെ ജീവിക്കുകയും ചെയ്തു. ഈജിപ്തിലെ ജോസഫ് സ്വപ്നങ്ങളുടെ പൊരുൾ വ്യാഖ്യാനിച്ചപ്പോൾ നമ്മുടെ ജോസഫിന് ദൈവത്തെ പ്രീതിപ്പെടുത്താനും അവിടത്തെ ഇഷ്ടം നിറവേറ്റാനും സ്വപ്നങ്ങൾ വിശകലനം ചെയ്യുന്ന ഒരു മാലാഖ കൂട്ടിനുണ്ടായിരുന്നു.

ഒരാൾ ഈജിപ്തിലെ രാജാവിന്റെ പ്രതിനിധിയായിരുന്നെങ്കിൽ നമ്മുടെ ജോസഫ് പാപത്തിന്റെ ദാസ്യത്തെ സൂചിപ്പിക്കുന്ന ലോകമാകുന്ന ഈജിപ്തിൽ ദൈവത്തിന്റെ പ്രതിനിധിയായിരുന്നു. തന്റെ യജമാനന്റെ ഭാര്യയെ സ്പർശിക്കാതെ അവനോട് അന്ന് ജോസഫ് വിശ്വസ്തത കാണിച്ചപ്പോൾ നമ്മുടെ ജോസഫ് പരിശുദ്ധാത്മാവിനോട് വിശ്വസ്തനായിരുന്നു. പരിശുദ്ധാത്മാവിന് തന്റെ മണവാട്ടിയുടെ കന്യാത്വത്തിനോ അല്പംപോലും അവൻ മങ്ങലേൽപ്പിച്ചില്ല. മറിച്ച് അവൻ അവളുടെ പരിശുദ്ധിയുടെ കാവൽക്കാരനായി മാറുകയാണ് ചെയ്തത്. 

ഒരാൾ ഈജിപ്തകാരുടെ ക്ഷേമത്തിനുവേണ്ടി കൊയ്തെടുത്ത ധാന്യങ്ങളെല്ലാം അറപ്പുരയിൽ ശേഖരിച്ചു. നമ്മുടെ ജോസഫ് വിശ്വാസികൾക്ക് ശക്തിയും പോഷണവും പ്രദാനംചെയ്യാനായി തെരഞ്ഞടുക്കപ്പെട്ട ഗോതമ്പായി മുൻകൂട്ടി നിശ്ചയിച്ചിരുന്ന ജീവവൃക്ഷത്തിന്റെ രക്ഷിതാവായിരുന്നു. ഒരാൾ തന്റെ പിതാവിനും സഹോദരന്മാർക്കും ഈജിപ്ത് മുഴുവനും ആശ്വാസകേന്ദ്രമായിരുന്നു. നമ്മുടെ ജോസഫ് ഇപ്പോഴും എല്ലാ വിശ്വാസികൾക്കും അവരുടെ ഏതൊരാവശ്യത്തിനും പ്രത്യേകിച്ച് അവരുടെ മരണസമയത്തും ആശ്വാസതീരമാണ്.

ഒരാൾ തന്റെ യജമാനനാൽ അത്യധികമായി സ്നേഹിക്കപ്പെട്ടു.  തന്റെ പ്രതിനിധിയാകാനുള്ള ജോസഫിനെ പിതാവായ ദൈവം അതിനേക്കാളുപരിയായി സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു! ലോകത്തിൽ ജീവിച്ചിട്ടുള്ള ഒരു മനുഷ്യനെയും നമ്മുടെ ജോസഫിനോട് താരതമ്യം ചെയ്യാൻ സാധിക്കുകയില്ല. ഒരു മനുഷ്യനും ജോസഫിനെ പോലെ ദൈവത്താൽ അനുഗ്രഹീതനും  ഉയർത്തപ്പെട്ടവനുമായി ജനിച്ചിട്ടില്ല. ദൈവവചനത്തിന്റെ കന്യകയായ മാതാവിന്റെ അതിനിർമ്മലനും പരിശുദ്ധമായ ജോസഫിനേക്കാൾ അതുല്യമായ പ്രത്യേകാനുഗ്രഹങ്ങളും അധികാരങ്ങളും ലഭിച്ച ഒരുവൻപോലുമുണ്ടായിട്ടില്ല. 

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles