നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 11/100

മനുഷ്യശരീരം സ്വീകരിച്ച ഒരു മാലാഖയെപ്പോലെ ജോസഫിന്റെ ബാല്യം

വിശുദ്ധി അതിന്റെ പൂർണ്ണതയിൽ അഭ്യസിക്കാൻ ആവശ്യമായ കൃപകൾക്കായി അവൻ ദൈവത്തോട് അപേക്ഷിച്ചു. ഈ സുകൃതത്തിന്റെ ഉജ്ജ്വലകാന്തിയെ അല്പമെങ്കിലും നശിപ്പിച്ചേക്കാവുന്ന എല്ലാ വിപരീതസാഹചര്യങ്ങളെയും ഒഴിവാക്കുമെന്ന് ദൃഢപ്രതിജ്ഞഎടുക്കുകയും ചെയ്തു. ഇന്ദ്രിയനിഗ്രഹം കർശനമായി അഭ്യസിച്ചുകൊണ്ടാണ് ഇതിൽ വിജയം കണ്ടെത്താൻ കഴിഞ്ഞത്; പ്രത്യേകിച്ചും സ്വർഗ്ഗത്തിലേക്ക് ദൃഷ്ടികളുയർത്താൻ പറ്റാത്ത അവസരങ്ങളിലെല്ലാം സാധാരണയായി മിഴികളെ താഴ്ത്തിയാണ് അവൻ വ്യാപരിച്ചിരുന്നത്.

അവന്റെ കണ്ണുകളിലെ ഭാവങ്ങളിൽനിന്ന് അവന്റെ ആത്മാവിന്റെയും ശരീരത്തിന്റെയും പരിശുദ്ധിയുടെ അഗാധത എത്രമാത്രമാണെന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. മനുഷ്യശരീരം സ്വീകരിച്ച ഒരു മാലാഖയാണെന്ന് അവനെ കണ്ടാൽ തോന്നുമായിരുന്നു. അവന്റെ ദൈവവുമായി ഏകാന്തതയിൽ ഹൃദയെക്യത്തിലുള്ള പ്രാർത്ഥന കഴിഞ്ഞുള്ള നിമിഷങ്ങളിൽ ഈ അലൗകികഭാവം വളരെ പ്രകടമായിരുന്നു.

ഈ സമയങ്ങളിൽ ജോസഫിന്റെ മാതാപിതാക്കൾ അതിസ്വഭാവികമായ ആശ്വാസങ്ങളാലും തങ്ങളുടെ പുത്രനോട് ആദരപൂർവ്വമായ സ്നേഹത്താലും നിറയുക പതിവായിരുന്നു. സ്വർഗ്ഗത്തിൽ നിന്നുള്ള എത്ര ഉന്നതമായ ഒരു ദാനമാണ്, എത്ര അമൂല്യമായ നിധിയാണ് തങ്ങളുടെ പുത്രനെന്ന് അവർ കൂടുതൽ അവബോധമുള്ളവരായിത്തീർന്നു. എന്നാൽ തങ്ങളുടെ പൈതൃക അധികാരം പ്രകടിപ്പിക്കുന്നതിൽനിന്ന് അവർ വിട്ടുനിന്നില്ല. തങ്ങൾ നല്കുന്ന നിർദ്ദേശങ്ങൾ അവൻ അവഗണിക്കുമോ എന്ന് അവർ ഇടയ്ക്കിടയ്ക്ക് അവനെ പരീക്ഷിക്കുമായിരുന്നു. എന്തൊക്കെയായാലും ജോസഫ് പരിപൂർണ്ണമായ അനുസരണയുള്ളവനായിരുന്നു.

ഉപദേശിക്കാനും തപോജീവിതം നയിക്കാനും ജോസഫിന് അതിയായ താല്പര്യമുണ്ടായിരുന്നു. എന്നാൽ അവന്റെ മാതാപിതാക്കന്മാർ എന്തെങ്കിലും വിലക്കിയാൽ അവരുടെ തീരുമാനങ്ങളെ പൂർണ്ണമായും അവൻ അനുസരിച്ചിരുന്നു. ഉപാസിക്കാനോ ജാഗരണം നടത്താനോ ആഗ്രഹിച്ചപ്പോൾ നിരസിക്കാൻ തോന്നാത്തവിധം അത്രയധികം താഴ്മയോടെയാണ് അവൻ അതിന് അനുവാദം ചോദിച്ചിരുന്നത്. മറ്റുള്ളവർക്ക് ആകർഷണം തോന്നുന്ന വർത്തമാനരീതിയും ഭാവവുമാണ് അവനുണ്ടായിരുന്നത്. അതിനാൽ “ഇത്തരത്തിലുള്ള പ്രായശ്ചത്തപ്രവൃത്തികൾ ചെയ്യുന്നത് നിഷേധിക്കാൻ പറയുക അവർക്ക് വളരെ മനോവേദന ഉളവാക്കുന്ന കാര്യമായിരുന്നു. എന്തെങ്കിലും അവന് നിരസിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

ദരിദ്രർക്ക് ദാനം ചെയ്യുന്നതിന് അവന്റെ പിതാവ് അവന് പണം നൽകുക പതിവായിരുന്നു. ആ നാണയങ്ങൾ അവനുതന്നെ നൽകിയതാണ് എന്ന മട്ടിൽ അനർഗ്ഗളമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് അവനത് സ്വീകരിച്ചിരുന്നത്. തന്റെ ഉപയോഗത്തിനായി ഒന്നും മിച്ചംവയ്ക്കാതെ ജോസഫ് എത്രയും പെട്ടെന്ന് അത് പാവങ്ങൾക്ക് വീതിച്ചുനൽകിയിരുന്നു.

പാവപെട്ട മനുഷ്യരുടെ ശോചനീയാവസ്ഥ കാണുന്നത് ജോസഫിനെ വേദനിപ്പിച്ചിരുന്നു. എന്നാൽ, അവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാൻ കഴിഞ്ഞാൽ അവൻ പെട്ടെന്ന് സന്തോഷവാനായി തീരുമായിരുന്നു. പാവങ്ങളെ ധാരാളമായി സഹായിക്കുന്നതും മറ്റു പുണ്യങ്ങൾ അഭ്യസിക്കുന്നതിനും ദൈവതിരുമുമ്പിൽ എത്ര ശ്രേഷ്ഠമാണെന്നും അവിടുത്തേക്ക് അവ എത്രമാത്രം പ്രീതിജനകമാണെന്നും മാലാഖ ജോസഫിന് വ്യക്തമാക്കി കൊടുത്തിരുന്നു. അതുകൊണ്ടാണ് പ്രധാനമായും ഇവ അഭ്യസിക്കുന്നതിൽ അവൻ അത്യുത്സാഹം പ്രകടിപ്പിച്ചത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles