ജപമാല അനുദിനം ജപിക്കുമ്പോള്‍ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍
ജപമാല ദിവസവും ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ആരും ഒരിക്കലും വഴിപിഴച്ചു പോവുകയില്ല. എന്റെ ഹൃദയ രക്തം കൊണ്ടു ഒപ്പിടാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പ്രമാണമാണിത്. ‘ മരിയ വിജ്ഞാനത്തില്‍ അഗ്രഗണ്യനായ വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ടിന്റേതാണ് ഈ വാക്കുകള്‍. പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല അനുദിനം ജപിക്കുവാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടാണോ? ആവര്‍ത്തന വിരസത അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അനുദിനം ജപമാല ചെല്ലി പ്രാര്‍ത്ഥിക്കുന്നവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങള്‍ നിങ്ങള്‍ അറിഞ്ഞാല്‍ ,ഇന്നു തന്നെ പരിശുദ്ധ കന്യകാ മറിയവും ജപമാലയും നിങ്ങളുടെ സന്തതസഹചാരിയാകും
1. നിസ്വാര്‍ത്ഥരാകും
നമ്മള്‍ ആരെയെങ്കിലും എന്തിനെയെങ്കിലും നമ്മുടെ മുഴു ഹൃദയത്തോടെ സ്‌നേഹിച്ചാല്‍, നമുക്കു ആ അവസ്ഥയോടു വലിയ അഭിനിവേശമായിരിക്കും. ജപമാലയുടെ കാര്യത്തിലും ഇപ്രകാരമാണ്. നമ്മള്‍ ജപമാലയെ സ്‌നേഹിക്കുന്നുവെങ്കില്‍, അതു ചെല്ലുക എന്നത് നമ്മുടെ ആനന്ദമായി മാറും . അതിന്റെ ശക്തിയെ നമ്മള്‍ അറിയും. അതിനായി ദിവസത്തില്‍ അല്പ സമയവും ഊര്‍ജ്ജവും നമ്മള്‍ മാറ്റി വയ്ക്കും. ഇപമാല പ്രാര്‍ത്ഥന വഴി യേശുക്രിസ്തുവിലേക്കു നമ്മുടെ ജീവിതം പുനരേകീകരിക്കും നമ്മുടെ അവസ്ഥയെക്കുറിച്ചു സ്വവബോധം ലഭിക്കുന്നതിനും അതുവഴി നിസ്വാര്‍ത്ഥനാകുന്നതിനും നമുക്കു കഴിയുന്നു.
2. കൂടുതല്‍ അച്ചടക്കമുള്ളവരാകും.
ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാര്‍ത്ഥനയാണ് ജപമാല. നമ്മള്‍ ക്ഷീണിച്ചിരിക്കുന്ന സമയത്താണങ്കിലും ജപമണികള്‍ കൈയ്യിലെടുക്കുമ്പോള്‍ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മളെ തേടിയെത്തുന്നു, അതുവഴി നിങ്ങളുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളിലും നിയന്ത്രിക്കാന്‍ കഴിയും. ദൈവത്തിനു ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.
3. പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കും
ജപമാല പ്രാര്‍ത്ഥന അനുദിനം ജപിക്കുമ്പോള്‍ മറഞ്ഞു കിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടര്‍ച്ചയായി ധ്യാനിക്കുമ്പോള്‍ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളിവാക്കിത്തരും. ഒരു പക്ഷേ ഇത്തരം ഉള്‍ക്കാഴ്ചകളായിരിക്കാം നമ്മളെ മുമ്പോട്ടു നയിക്കുന്ന ചാലക ശക്തി.
4. കൂടുതല്‍ ധൈര്യം ലഭിക്കും
ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു കൊണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങള്‍ക്കു സ്വഭാവേന തന്നെ ധൈര്യം കൂടുതലായിരിക്കും ഈശോയുടെ മരണശേഷം ശിഷ്യന്മാര്‍ക്കു ധൈര്യം നല്‍കിയതും അവരെ ഒന്നിച്ചു നിര്‍ത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യനു നല്‍കുന്ന ആത്മധൈര്യം ചെറുതല്ല. മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാന്‍ ഒരു പ്രശ്‌നവും കാണുന്നില്ല എന്ന വി. മാക്‌സിമില്യാന്‍ കോള്‍ബേ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.
5. ജീവിതം ശാന്തമായി മുന്നോട്ടു നീങ്ങും.
”ജപമാല പ്രാര്‍ത്ഥന മറിയത്തിന്റെ കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ആയതിനാല്‍ ദിവസം മുഴുവന്‍ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യ അവബോധവും എനിക്കു സമ്മാനിക്കും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ ഡയറിയില്‍ കുറിച്ച വാക്യമാണിത്. ജപമാല പ്രാര്‍ത്ഥന ഒരു പക്ഷേ നമ്മുടെ സഹനങ്ങളെ ജീവിതത്തില്‍ നിന്നു എടുത്തുകളയുകയില്ലായിരിക്കും എങ്കിലും അതു ജീവിത പോരാട്ടങ്ങളില്‍ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്.
6. പ്രലോഭന സമയങ്ങളില്‍ പുതിയ അവബോധം ലഭിക്കും.
വിശുദ്ധ ഡോമിനിക്കിനു ജപമാല ജപിക്കുന്നവര്‍ക്കു പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത പതിനഞ്ചു വാഗ്ദാനങ്ങളില്‍ മൂന്നാമത്തേതില്‍ ‘ ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കുമെന്നും അതു തിന്മയെ നശിപ്പിക്കുമെന്നും പാപത്തെ ക്കുറയ്ക്കുമെന്നും പാഷണ്ഡതകളെ തോല്‍പ്പിക്കും എന്നും പറയുന്നു. ജപമാല അനു ദിനം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു.പല കാര്യങ്ങളും നീട്ടിവയ്ക്കാനും കിംവദന്തികള്‍ പറയാനും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശുദ്ധ മറിയം അതു വേണോ എന്ന ചോദ്യം നമ്മുടെ മനസാക്ഷിയില്‍ തരുന്നു . ജപമാല പ്രലോഭനങ്ങളില്‍ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്.
7. ലളിത ജീവിതം നയിക്കാന്‍ ആരംഭിക്കും
ജപമാല പ്രാര്‍ത്ഥനയുടെ ശക്തി അതിന്റെ ലാളിത്യത്തില്‍ അടങ്ങിയിരിക്കുന്നു. നമ്മുടെ സങ്കീര്‍ണ്ണവും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സങ്കീര്‍ണ്ണവും ബുദ്ധിപരവുമായ പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് പലപ്പോഴും നമ്മള്‍ കരുതുന്നു.നമ്മുടെ പ്രശ്‌നങ്ങളുടെ അഗാധതയിലേക്ക് നോക്കി നാം നട്ടം തിരിഞ്ഞിരിക്കുമ്പോള്‍ , ജപമാല എന്ന എളിയ പ്രാര്‍ത്ഥന നമ്മുടെ സഹായത്തിന് എത്തുന്നു. ഏതു സാഹചര്യത്തിലും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന ഈ എളിയ പ്രാര്‍ത്ഥന നമ്മുടെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധമാണ്.
നമ്മുടെ ഓരോരുത്തരുടെയും വ്യക്തി ജീവിതത്തിലും, കുടുംബങ്ങളിലും ഉണ്ടാകുന്ന ഭൗതികവും ആത്മീയവുമായ എന്തു പ്രശ്‌നങ്ങളുമാകട്ടെ, എത്ര വലിയ പ്രശ്‌നങ്ങളുമാകട്ടെ ജപമാല വഴി പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നവുമില്ല. എന്നു ഫാത്തിമായില്‍ പരിശുദ്ധ മറിയം ദര്‍ശനം നല്‍കിയ ഇടയകുട്ടികളില്‍ ഒരാളായ സി. ലൂസി പറയുന്നു.
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.