നിങ്ങളുടെ പോക്കറ്റില്‍ എപ്പോഴും ജപമാലയുണ്ടോ?

ഒരു നിമിഷം തിരിഞ്ഞു നോക്കി ആ അപ്പന്‍ മകനോട് പറഞ്ഞു, ‘മോനെ നീ ഞങ്ങളെ മറന്നാലും ദൈവത്തെ മറക്കല്ലേ, ദിവസവും കൊന്ത ചൊല്ലണം’. സ്വന്തം മകനും മരുമകളും കൂടുതല്‍ സ്വകാര്യതയ്ക്കും അന്തസ്സിനും വേണ്ടി പ്രായമായ മാതാപിതാക്കളെ അഗതിമന്ദിരത്തില്‍ ഏല്പ്പിക്കാന്‍ തയ്യാറായിരിക്കുന്നു. ഉള്ളിലെ സങ്കടം ചുണ്ടിലെ ചിരിയില്‍ ലയിപ്പിച്ച് ആ അപ്പനും അമ്മയും അഗതി മന്ദിരത്തിന്റെ പടികള്‍ കയറി.

ചെറുപ്പത്തില്‍ പള്ളീലച്ചനാകണം എന്ന് വാശി പിടിച്ചു കരഞ്ഞിരുന്ന കുഞ്ഞു തോമസിനെ അവര്‍ ഏകാന്തതയില്‍ ഓര്‍ത്തെടുത്തു. വീട്ടിലെ മേശയില്‍ വെള്ളം നിറച്ച ഗ്ലാസ്സുകള്‍ ഉയര്‍ത്തി അവന്‍ സ്വയം വികാരിയച്ചനായി അഭിനയിച്ചിരുന്നു. അമ്മയുടെയും അപ്പന്റെയും നാവില്‍ ഓസ്തി നല്കുന്നതും, അവര്‍ അത് സ്വീകരിക്കുന്നതായും നടിച്ചു. അങ്ങനെ ആ നല്ല നാളുകള്‍ കടന്നുപോയി. എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അതേ ആഗ്രഹം ഉള്ളില്‍ ഉണ്ടായിരുന്ന തോമസിനെ സെമിനാരിയില്‍ വിടാന്‍ ആ മാതാപിതാക്കള്‍ മടിച്ചു. ഒരൊറ്റ മകന്‍, ഞങ്ങളെ നോക്കേണ്ടവന്‍. എങ്കിലുമവര്‍ സമ്മതം മൂളി. എന്നാല്‍ തോമസ് കാര്യങ്ങള്‍ അറിഞ്ഞു, തന്റെ ആഗ്രഹത്തെ മറക്കാന്‍ ശ്രമിച്ചു. കുടുംബത്തോടുള്ള കടമയെ തോമസ് അന്നുമുതല്‍ മനസ്സിലാക്കി. പക്ഷേ ആ ബോധം അവനെ പ്രാര്‍ഥനയില്‍ നിന്നും പള്ളിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്തത്. ജപമാല മുടങ്ങാതെ ചൊല്ലിയിരുന്ന അവന്‍ അത് എല്ലാം മറന്നു തുടങ്ങി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തോമസ് ചില കച്ചവടങ്ങള്‍ ആരംഭിച്ചു. കാര്യങ്ങള്‍ അങ്ങനെ മുന്നോട്ട് പോയി. തോമസിന്റെ അപകടകരമായ അവസ്ഥയെ മനസ്സിലാക്കിയ മാതാപിതാക്കള്‍ ഉപദേശി ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും, വളര്‍ന്നു കഴിഞ്ഞിരുന്ന അവന്‍ അത് കേള്‍ക്കാന്‍ പോലും തയ്യാറായില്ല.

കൊച്ചിയില്‍ തന്നെ തോമസിന്റെ രണ്ടാമത്തെ കടയും ആരംഭിച്ചിരിക്കുന്നു. അത് ഉദ്ഘാടനം ചെയ്യാന്‍ വന്നത് ഒരു തെന്നിന്ത്യന്‍ സിനിമാതാരവും. മൂന്നുവര്‍ഷങ്ങളായി അയാളുടെ കച്ചവടം ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേയ്ക്ക് പോയികൊണ്ടിരിക്കുന്നു. തന്റെ അപ്പന്‍ നടത്തി വന്നിരുന്ന ഒരു ചെറിയ കടയെ ഏറ്റെടുക്കുമ്പോള്‍ തോമസ് ഒരിക്കലും വിചാരിച്ചു കാണില്ല, താന്‍ സമ്പന്നതയുടെ കൊടുമുടി കയറുമെന്ന്. അധികം വൈകാതെ അയാള്‍ സമ്പന്ന കുടുംബത്തില്‍ നിന്നും ഒരു വിവാഹം കഴിക്കുകയും ചെയ്തു. പ്രാര്‍ത്ഥനയെയും ജപമാലയെയും മറന്നുകഴിഞ്ഞിരുന്ന തോമസും അയാളുടെ ഭാര്യയും അങ്ങനെ മാതാപിതാക്കളെ അഗതിമന്ദിരത്തില്‍ ഏല്പിക്കാന്‍ തീരുമാനമെടുത്തു.

കാര്യങ്ങള്‍ വഷളാകുന്നത് നവംബര്‍ മാസാവസാനത്തോട് കൂടിയാണ്. പുതിയ ഗവണ്‍മെന്റ് കൊണ്ടുവന്ന തീരുമാനങ്ങളും നിയമങ്ങളും നഗരത്തിലെ കച്ചവടങ്ങളെ ക്ഷയിപ്പിച്ചു. ഭൂമി തര്‍ക്കങ്ങള്‍, നികുതി, പണമിടപാടുകള്‍ എന്നിങ്ങനെ നിരവധിയായ സാമ്പത്തിക മേഖലകളില്‍ ച്യുതി വന്നുതുടങ്ങി. പല ചെറിയ കച്ചവടക്കാരും ക്ലേശിച്ചുകൊണ്ട് മുന്നോട്ട് പോയി. സുരക്ഷിതത്വം വിശ്വസിച്ചു നീങ്ങിയ തോമസിനെയും അവന്റെ കച്ചവടത്തെയും അത് ബാധിച്ചു. തോമസിന്റെ പല സ്ഥാപനങ്ങളും കടക്കെണിയില്‍ പെട്ടു. ചിലത് മാസങ്ങളോളം പൂട്ടിയിടുകയും ചെയ്തു. ക്ഷീണിതനായ തോമസ് എന്തുചെയ്യണം എന്നറിയാതെ ഉലഞ്ഞു.

കടങ്ങള്‍ തീര്‍ക്കാന്‍ അയാള്‍ക്ക് സ്വന്തമായുള്ളതെല്ലാം വില്‌കേണ്ടി വന്നു. അവസാനം അവശേഷിച്ച കാറില്‍ ഇരുന്ന്, അയാള്‍ എങ്ങോട്ടോ വണ്ടിയോടിച്ചു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ കാറിലിരുത്തിയാണ് അയാള്‍ തന്റെ മാതാപിതാക്കളെ അഗതിമന്ദിരത്തിലേയ്ക്ക് കൊണ്ടുപോയത്. പോകും വഴി, അയാളുടെ അപ്പന്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ഒരു ജപമാല തിരുകിവെച്ചിരുന്നു. ‘ജപമാല മുറുകെ പിടിക്കണം, മാതാവിലൂടെ ഈശോയിലേയ്ക്ക്’ അപ്പനന്ന് പറഞ്ഞ ആ വാക്കുകള്‍ ഒക്കെ കൂടി വാഹനം ഓടിച്ചുകൊണ്ടിരുന്ന തോമസിന്റെ ഓര്‍മ്മയിലേയ്ക്ക് വന്നുതുടങ്ങി. വഴിയരുകില്‍ കാര്‍ നിര്‍ത്തിയിട്ട്, അയാള്‍ ഡാഷ്‌ബോര്‍ഡ് തുറന്നുനോക്കി. അതേ ജപമാല ഭദ്രമായി ഇരിപ്പുണ്ട്. അവന്‍ അതില്‍ നോക്കിയുടന്‍ പൊട്ടിക്കരയാന്‍ തുടങ്ങി.

തന്റെ തെറ്റുകള്‍ മനസ്സിലാക്കിയ തോമസ് പിന്നീട് മാതാപിതാക്കളുടെ അടുത്തേയ്ക്ക് ഓടിചെന്നോ?
ദൈവത്തില്‍ നിന്നും ഓടിയകന്ന യോനാപ്രവാചകനെ പോലെ, അവനും തിമിംഗലത്തിന്റെ വായില്‍ നിന്നും പുറത്തുവന്നു എന്ന് കരുതാം.

എന്റെ വാഹനത്തിനുള്ളിലോ, പോക്കറ്റിലോ, മറ്റെവിടെയുമെങ്കിലോ ഒരു ജപമാല ഭദ്രമായി ഇരിക്കുന്നുണ്ടെങ്കില്‍, തോമസിനെ പോലെ നമുക്കും വഴിയരുകില്‍ നിര്‍ത്തി അത് പരിശോധിക്കാം, ഉറപ്പുവരുത്താം. ശേഷം മുന്നോട്ട് പോകാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles