ജെറുസലേമും ദൈവികവാഗ്ദാനങ്ങളും

ദാവീദും ദൈവത്തിന്റെ വാസസ്ഥലവും

ദൈവത്തിനായി ഒരു വാസസ്ഥലമൊരുക്കാൻ ദാവീദിന്റെ ഹൃദയം ആഗ്രഹിച്ചതിനെയും, ദാവീദ് തന്റെ ജീവിതത്തിൽ നേരിട്ട കഷ്ടതകളെയുമാണ് സങ്കീർത്തനത്തിന്റെ ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യങ്ങളിൽ പ്രത്യേകമായി ഓർക്കുന്നത്. വാഗ്ദാനപേടകത്തിന് യോജിച്ച ഒരു ഭവനം പണിയുവാനായി ദാവീദിനുണ്ടായിരുന്ന കരുതലിനെ അനുഭാവപൂർവ്വം ഓർക്കണമേയെന്ന് സങ്കീർത്തകൻ അപേക്ഷിക്കുന്നു. “കർത്താവേ, ദാവീദിനെയും അവൻ സഹിച്ച കഷ്ടതകളെയും ഓർക്കണമേ. അവൻ കർത്താവിനോട് ശപഥം ചെയ്തു, യാക്കോബിന്റെ ശക്തനായവനോട് സത്യം ചെയ്തു: കർത്താവിന് ഒരു സ്ഥലം, യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥലം കണ്ടെത്തുന്നതുവരെ ഞാൻ വീട്ടിൽ പ്രവേശിക്കുകയോ കിടക്കയിൽ ശയിക്കുകയോ ഇല്ല: ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കമോ കൺപോളകൾക്ക് മയക്കമോ കൊടുക്കുകയില്ല” (വാ 1-6).

ഇസ്രയേലിന്റെ ഏറ്റവും വലിയ രാജാവായി കണക്കാക്കപ്പെട്ടിരുന്നതും ദൈവത്തിന് പ്രിയപ്പെട്ടവനുമായിരുന്ന ദാവീദിനും, ഏറെ കഷ്ടതകളിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ട്. ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയാനുള്ള ദാവീദിന്റെ ആഗ്രഹത്തെക്കുറിച്ച് സാമുവലിന്റെ രണ്ടാം പുസ്തകം ഏഴാം അദ്ധ്യായത്തിൽ നാം വ്യക്തമായി കാണുന്നുണ്ട്. എന്നാൽ തനിക്കുവേണ്ടിത്തന്നെ ഒരു കൊട്ടാരം പണിതു കഴിഞ്ഞതിന് ശേഷമാണ് ദൈവത്തിനുവേണ്ടി ഒരു ഭവനം പണിയുന്നതിനെക്കുറിച്ച് ദാവീദ് ചിന്തിച്ചത് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. നാഥാൻ പ്രവാചകനിലൂടെ അനുവാദം നേടി, ദൈവത്തിനുള്ള ഭവനം പണിയാൻ ആഗ്രഹിക്കുന്ന ദാവീദിനോട്, അവന്റെ പുത്രൻ നിർമ്മിക്കുന്ന ഒരു ഭവനത്തെപ്പറ്റി ദൈവം മുൻകൂട്ടി പറയുന്നു. യാക്കോബിന്റെ ശക്തനായ, യാഹ്‌വെ എന്ന ദൈവത്തോട് ദാവീദിന്റെ ഹൃദയത്തിൽ ഉള്ള സ്നേഹവും പ്രതിപത്തിയും ദൈവം ഏറെ വിലമതിക്കുന്നുണ്ട്.

ദേവാലയവും ഇസ്രയേലും

സങ്കീർത്തനത്തിന്റെ ആറുമുതൽ പത്തുവരെയുള്ള വാക്യങ്ങൾ വാഗ്ദാനപേടകം ജെറുസലത്തേക്ക് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടതാണ്. ആറാം വാക്യം ഇങ്ങനെയാണ്: “എഫ്രാത്തായിൽ വച്ച് നാം അതിനെപ്പറ്റി കേട്ടു. യാആറിലെ വയലുകളിൽ അതിനെ നാം കണ്ടെത്തി”. ഉടമ്പടിയുടെ പേടകവും അതുമായി ബന്ധപ്പെട്ട കൂടാരവുമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. നഷ്ടപ്പെട്ടുപോയ ഒന്നിനെ കണ്ടെത്തുന്നതുപോലെയാണ് വാഗ്ദത്തപേടകത്തിന്റെ കണ്ടെത്തലിനെക്കുറിച്ച് ഈ വരികളിലൂടെ സങ്കീർത്തകൻ പ്രതിപാദിക്കുന്നത്. ദൈവത്തിന്റെ ഭവനത്തിന്റെ കാര്യത്തിൽ ദാവീദ് എത്രമാത്രം ശ്രദ്ധാലുവായിരുന്നോ അതേ തീക്ഷ്‌ണത ഉള്ളിൽ പേറിയാണ് ദൈവം വസിക്കുന്ന ഇടത്തേക്ക്, ജെറുസലേമിലേക്ക് ഓരോ തീർത്ഥാടകനും യാത്ര ചെയ്തിരുന്നത്. ദാവീദിന് ദൈവത്തോടുള്ള സ്നേഹത്തിന്റെ വികാരം ഓരോ തീർത്ഥാടകന്റെ ഉള്ളിലും ഉണർത്താൻ ഈ സങ്കീർത്തനവാക്യങ്ങൾക്കായിരുന്നിരിക്കണം. ഏഴും, എട്ടും വാക്യങ്ങൾ ഈയൊരു ചിന്തയാണ് ഉണർത്തുന്നത്. “നമുക്ക് അവിടുത്തെ വാസസ്ഥലത്തേക്ക് പോകാം; അവിടുത്തെ പാദപീഠത്തിങ്കൽ ആരാധിക്കാം. കർത്താവെ എഴുന്നേറ്റ് അവിടുത്തെ ശക്തിയുടെ പേടകത്തോടൊപ്പം അങ്ങയുടെ വിശ്രമസ്ഥലത്തേക്ക് വരണമേ!” (വാ. 7-8).

ദേവാലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതർക്കും, ഓരോ അഭിഷിക്തർക്കും വേണ്ടിയുള്ള പ്രാർത്ഥനയാണ് ഒൻപതും പത്തും വാക്യങ്ങൾ. “അങ്ങയുടെ പുരോഹിതന്മാർ നീതി ധരിക്കുകയും അങ്ങയുടെ വിശുദ്ധർ ആനന്ദിച്ച് ആർപ്പുവിളിക്കുകയും ചെയ്യട്ടെ! അങ്ങയുടെ ദാസനായ ദാവീദിനെപ്രതി അങ്ങയുടെ അഭിഷിക്തനെ തിരസ്കരിക്കരുതേ!” (വാ. 9-10). സമർപ്പിതന്റെ കറയറ്റ നീതിബോധവും അവന്റെ ജീവിതവിശുദ്ധിയും ജനത്തിന് ദൈവസാന്നിദ്ധ്യത്തെ കൂടുതൽ അനുഭവിച്ചറിയാൻ സഹായിക്കും. അതുകൊണ്ടുതന്നെയാണ് അവന്റെ വിശുദ്ധർക്ക് ആനന്ദിച്ച് ആർപ്പുവിളിക്കാൻ സാധിക്കുക. ദാവീദിനോട് ദൈവം ചെയ്ത വാഗ്ദാനത്തിന്റെ ഭാഗമാണ് അവന്റെ പിൻതലമുറക്കാരായി വരുന്ന രാജാക്കന്മാർ. ദൈവത്തിന്റെ അഭിഷിക്തൻ വരുന്നതും ദാവീദിന്റെ വംശാവലിയിലാണ്.

ദൈവം ദാവീദിന് നൽകുന്ന വാഗ്ദാനം

ഈ സങ്കീർത്തനത്തിന്റെ ആദ്യഭാഗത്ത് ദാവീദിന് തന്നോടുള്ള സ്നേഹം മൂലം നടത്തിയ ശപഥത്തിന് മറുപടിയെന്നോണം ദൈവം ദാവീദിനോട് ചെയ്യുന്ന ശപഥത്തെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ പതിനൊന്നും പന്ത്രണ്ടും വാക്യങ്ങൾ പറയുന്നത്: “ദാവീദിനോട് കർത്താവ് ഒരു ശപഥം ചെയ്തു, അവിടുന്ന് പിന്മാറുകയില്ല; നിന്റെ മക്കളിൽ ഒരുവനെ നിന്റെ സിംഹാസനത്തിൽ ഞാൻ ഉപവിഷ്ടനാക്കും. എന്റെ ഉടമ്പടിയും ഞാൻ നൽകുന്ന കൽപനകളും നിന്റെ മക്കൾ അനുസരിച്ചാൽ അവരുടെ മക്കൾ എന്നേക്കും നിന്റെ സിംഹാസനത്തിൽ വാഴും;” (വാ. 11-12). ദാവീദിന്റെ വംശത്തോട് മുഴുവൻ ഈയൊരു ശപഥമനുസരിച്ച് ദൈവം പ്രവർത്തിക്കുന്നത് നാം പിന്നീട് ചരിത്രത്തിലൂടെ കാണുന്നുണ്ട്. സാമുവേൽ പ്രവാചകന്റെ രണ്ടാം പുസ്തകം ഏഴാം അധ്യായത്തിന്റെ പന്ത്രണ്ട് മുതൽ പതിനാറു വരെയുള്ള വാക്യങ്ങളിൽ ഇതിന് സമമായ വാക്കുകൾ നാം കാണുന്നുണ്ട്. താൻ നൽകുന്ന കൽപ്പനകൾ അനുസരിക്കുക എന്നത് അവിടുത്തെ ഭവനത്തിലും, അവൻ നൽകുന്ന സിംഹാസനത്തിലും തുടരുന്നതിന് ദൈവം ആവശ്യപ്പെടുന്ന നിബന്ധനയാണ്.

സീയോന്റെ അനുഗ്രഹത്തിൽ പങ്കുചേരുന്ന ദൈവജനം

പതിമൂന്ന് മുതലുള്ള വാക്യങ്ങളിൽ, വാഗ്ദത്തപേടകം സ്ഥിതിചെയ്യുന്ന, തന്റെ വാസസ്ഥലമായ സിയോനിനെ ദൈവം അനുഗ്രഹിക്കുന്നതിനെക്കുറിച്ചാണ് സങ്കീർത്തകൻ പ്രതിപാദിക്കുന്നത്. ദാവീദിന്റെ ഹൃദയത്തിൽ തന്നോടുണ്ടായിരുന്ന സ്നേഹത്തിന് നന്ദിയായി അവന്റെ പിൻതലമുറകളെ അനുഗ്രഹിച്ച ദൈവം, തന്റെ വാസസ്ഥലമായ ജെറുസലേമിനെ അനുഗ്രഹത്തിന്റെ ഇടമാക്കി മാറ്റുകയാണ്. പതിമൂന്ന് മുതൽ പതിനഞ്ചു വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെയാണ് വായിക്കുന്നത്: “എന്തെന്നാൽ, കർത്താവ് സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്ഥലമാക്കാൻ അവിടുന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എന്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാൽ ഞാൻ അത് ആഗ്രഹിച്ചു. അവൾക്കു വേണ്ടതെല്ലാം ഞാൻ സമൃദ്ധമായി നൽകും; ഞാൻ അവളുടെ ദരിദ്രരെ ആഹാരം നൽകി സംതൃപ്തരാക്കും” (വാ. 13-15). സർവ്വവ്യാപിയും പ്രപഞ്ചസൃഷ്ടാവുമായ ദൈവം സീയോനെ തന്റെ വാസസ്ഥലമായി തിരഞ്ഞെടുക്കുകയും, സമ്പത്സമൃദ്ധിയുടെയും, രക്ഷയുടെയും ഇടമാക്കി മാറ്റുകയുമാണ്. ദൈവസന്നിധിയിൽ ശുശ്രൂഷയർപ്പിക്കുന്ന പുരോഹിതരെ നീതിയണിയിക്കണമേ എന്ന ജനത്തിന്റെ പ്രാർത്ഥനയ്ക്കുള്ള ഉത്തരമാണ് പതിനാറാം വാക്യത്തിൽ നാം കാണുന്ന കർത്താവിന്റെ ശപഥം: “അവളുടെ പുരോഹിതന്മാരെ ഞാൻ രക്ഷയണിയിക്കും; അവളുടെ വിശുദ്ധർ ആനന്ദിച്ച് ആർപ്പുവിളിക്കും”. നീതിയെക്കാൾ വലുതാണ് രക്ഷ. ദേവാലയത്തെ സ്നേഹിക്കുന്ന തീർത്ഥാടകനും, ഇസ്രായേലിന് മുഴുവനും ആനന്ദമേകുന്നതാണ് ഈ വാക്കുകൾ.

ദാവീദിന്റെ വംശത്തിൽ ദൈവപദ്ധതിയാൽ ഉണ്ടാകുവാൻ പോകുന്ന ഒരു അഭിഷിക്തനെക്കുറിച്ചാണ് സങ്കീർത്തനത്തിന്റെ അവസാനവാക്യങ്ങളായ പതിനേഴും പതിനെട്ടും വാക്യങ്ങളിൽ ദൈവം പറയുന്നത്. “അവിടെ ഞാൻ ദാവീദിനായി ഒരു കൊമ്പു മുളപ്പിക്കും; എന്റെ അഭിഷിക്തനുവേണ്ടി ഞാനൊരു ദീപം ഒരുക്കിയിട്ടുണ്ട്. അവന്റെ ശത്രുക്കളെ ഞാൻ ലജ്ജ ഉടുപ്പിക്കും; എന്നാൽ, അവന്റെ കിരീടം അവന്റെ മേൽ ദീപ്തി ചൊരിയും” (വാ. 17-18). കൊമ്പ്, ദീപം, കിരീടം എന്നീ വാക്കുകൾക്ക് വിശുദ്ധഗ്രന്ഥത്തിന്റെ ഭാഷയിൽ ദൈവത്തിന്റെ ഹിതമനുസരിച്ച് ഉയർന്നുവരുവാൻ പോകുന്ന അഭിഷിക്തനുമായി ബന്ധപ്പെട്ട്. വലിയ അർത്ഥമാണുള്ളത്. അവസാനമില്ലാത്ത അധികാരവും, മഹത്വത്തിന്റെ പ്രഭയുതിർക്കുന്ന ദീപവും, ശത്രുക്കളുടെ മുന്നിൽ തിളങ്ങുന്ന കിരീടവും കർത്താവിന്റെ അഭിഷിക്തന്റെ പ്രത്യേകതകളായിരിക്കും.

ഇന്നിന്റെ തീർത്ഥാടകരും സങ്കീർത്തനവും

സങ്കീർത്തനവിചാരങ്ങൾ ചുരുക്കുമ്പോൾ, സ്വർഗ്ഗീയ ജെറുസലേമിനെ ലക്ഷ്യമാക്കി തീർത്ഥാടനം നടത്തുന്ന ഓരോ വിശ്വാസിയോടും ഇസ്രയേലിന്റെ ദൈവത്തോട് ദാവീദിനുണ്ടായിരുന്ന സ്നേഹത്തെ അനുകരിക്കാൻ സങ്കീർത്തകൻ ആഹ്വാനം ചെയ്യുന്നുണ്ട്. ദേവാലയത്തോടും, അവിടുത്തെ ശുശ്രൂഷികളോടും, ദൈവത്തിന്റെ അഭിഷിക്തരോടുമുള്ള ഓരോ വിശ്വാസിയുടെയും സ്നേഹവും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളും ദൈവത്തിന് എന്തുമാത്രം പ്രീതികരമാണെന്നും, അതിനുള്ള ദൈവത്തിന്റെ പ്രത്യുത്തരം എത്രമാത്രം ശക്തവും വ്യക്തവുമാണെന്നും നൂറ്റിമുപ്പത്തിരണ്ടാം സങ്കീർത്തനം നമ്മോട് പറയുന്നുണ്ട്. ദൈവത്തിന്റെ ഭവനത്തെ കൂടുതൽ സ്നേഹിക്കാൻ, അവിടുത്തെ ശുശ്രൂഷകരിൽ നീതി നിലനിൽക്കാനായി പ്രാർത്ഥിക്കാൻ ഇന്നത്തെ വചനചിന്ത നമ്മെ സഹായിക്കട്ടെ. കർത്താവിന്റെ അഭിഷിക്തന്റെ സാമീപ്യവും, അവന്റെ പ്രകാശവും, അവന്റെ കിരീടത്തിന്റെ പ്രഭയും നമ്മുടെ ഈലോക തീർത്ഥാടനത്തിൽ വഴികാട്ടിയും തുണയുമാകട്ടെ. ദൈവം നൽകുന്ന രക്ഷയുടെ സമൃദ്ധിയിൽ എന്നും നിലനിൽക്കുവാനും ദൈവത്തിൽ ആനന്ദിക്കുവാനും നമുക്കാകട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles