വിശ്വാസിക്ക് കാവലാളായ ദൈവം

നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം – ധ്യാനാത്മകമായ ഒരു വായന.

ദൈവത്തിന്റെ സംരക്ഷണം ആശംസിക്കുന്ന വളരെ മനോഹരമായ ഒരു സങ്കീർത്തനമാണ് നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനം. നൂറ്റിയിരുപതുമുതൽ നൂറ്റിമുപ്പത്തിനാലുവരെയുള്ള, ആരോഹണഗീതം എന്നറിയപ്പെടുന്ന പതിനഞ്ചു സങ്കീർത്തനങ്ങളിലെ രണ്ടാമത്തേതാണിത്. ജീവിതഭാരത്താൽ മനമിടിഞ്ഞ, തളർന്ന മനുഷ്യർക്ക് ദൈവപരിപാലനയും സഹായവും ഉറപ്പുനൽകുന്ന ആരാധനയുടെ മനോഭാവം ഉൾക്കൊള്ളുന്ന ഒരു സങ്കീർത്തനമാണിത്. തീർത്ഥാടകർ ജെറുസലേമിലേക്കുള്ള യാത്രയിൽ ഉപയോഗിച്ചിരുന്നവയാണ് ഈ സങ്കീർത്തനങ്ങൾ. തീർത്ഥാടനത്തിന്റെ വഴിയിൽ ദൈവത്തിന്റെ സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിനോ, ദുഷ്കരമായ വഴികളിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന ഒരു യാത്രികന് നൽകുന്ന അനുഗ്രഹാശംസയായോ ഒക്കെ ഉപയോഗിച്ചേക്കാവുന്ന വാക്കുകളുടെ ശൈലിയാണ് ഇതിന്റെ ഉള്ളടക്കത്തിൽ നാം കാണുന്നത്. കാലുകൾ വഴുതാൻ വിട്ടുകൊടുക്കാതെ, കണ്ണിമ ചിമ്മാതെ കാത്തുസൂക്ഷിക്കുന്ന ദൈവത്തിൽ ശരണമർപ്പിച്ചു മുന്നോട്ട് പോകുകയാണ് ഓരോ തീർത്ഥാടകനും .

സങ്കീർത്തകൻ കണ്ണുകളുയർത്തി നോക്കുന്നത് പർവ്വതങ്ങളിലേക്കാണ്. ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം പർവ്വതങ്ങൾ പലപ്പോഴും പ്രധാനപ്പെട്ടയിടങ്ങളായിരുന്നു. അവരുടെ ചരിത്രത്തിൽ സീയോൻമല ദൈവഹിതം തിരിച്ചറിയുന്ന ഇടമായി മാറിയിട്ടുണ്ട്. മോറിയ മലയാകട്ടെ, ദൈവം വസിക്കുന്ന ദേവാലയത്തിന്റെ ഇടമാണ്. എങ്കിലും യാത്രികനെ, തീർത്ഥാടകനെ സംബന്ധിച്ചിടത്തോളം പർവ്വതങ്ങൾ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടിന്റെയും അപകടങ്ങളുടെയും കൂടി ഇടമാണ്. അതുകൊണ്ടുതന്നെ, ഉത്കണ്ഠയോടെയാണ് അവൻ പർവ്വതങ്ങളിലേക്ക് നോക്കുന്നത്.

യാഹ്‌വെ എന്ന സംരക്ഷകൻ

സങ്കീർത്തനത്തിന്റെ ഒന്നും രണ്ടും വാക്യങ്ങൾ ഇസ്രായേൽ ജനത്തിന് സംരക്ഷകനായി നിൽക്കുന്നത് ആരെന്ന് വ്യക്തമാക്കുന്നതാണ്. ഒന്നാം വാക്യം പറയുന്നു: “പർവ്വതങ്ങളിലേക്ക് ഞാൻ കണ്ണുകൾ ഉയർത്തുന്നു; എനിക്ക് സഹായം എവിടെ നിന്നു വരും?” മരങ്ങളും പാറക്കെട്ടുകളും നിറഞ്ഞ മലനിരകൾ ഭീതിയുണർത്തുമ്പോൾ സംരക്ഷണത്തിനായാണ് സങ്കീർത്തകൻ കണ്ണുകളുയർത്തുന്നത്. അകലെനിന്ന് ജെറുസലേമിന്റെ പർവ്വതനിരകൾ കാണുന്ന തീർത്ഥാടകൻ പ്രതീക്ഷയോടെയാണ് കർത്താവിന്റെ നാമം വിളിക്കുന്നത്. കർത്താവു വസിക്കുന്നയിടമാണത്. യാഹ്‌വെയുടെ സന്നിധിയിലേക്കുള്ള യാത്രയിൽ ഇനിയധികം അകലമില്ല.

“എനിക്ക് സഹായം കർത്താവിൽനിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്‌ടിച്ച കർത്താവിൽനിന്ന്” എന്ന രണ്ടാം വാക്യത്തിലൂടെ ദൈവത്തിന്റെ സംരക്ഷണം, മലമുകളിലെ ദേവാലയത്തിൽ മാത്രമല്ല എന്നാണ് സങ്കീർത്തകൻ പറയുന്നത്. ആകാശവും ഭൂമിയും, ഈ പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചത് അവനാണ്. അതുകൊണ്ടുതന്നെ താൻ നടക്കുന്ന ഓരോയിടങ്ങളും ദൈവത്തിന്റെ സംരക്ഷണപരിധിയ്ക്കുള്ളിലാണ്. തീർത്ഥാടകന്റെ ലക്‌ഷ്യം ദൈവം വസിക്കുന്ന ദേവാലയമാണ് എന്നത് ശരിതന്നെ, പക്ഷെ അവിടേക്കുള്ള അവന്റെ യാത്രയിലും തുണയായുള്ളത് അതെ ദൈവം തന്നെയാണ്. സർവ്വശക്തനായ യാഹ്‌വെയാണ് വിശ്വാസിയുടെ ഏക ശരണം. ദേവാലയം സ്ഥിതിചെയ്യുന്ന മലനിരകളല്ല, സർവ്വവ്യാപിയായ ദൈവമാണ് മനുഷ്യന് സംരക്ഷകനായുള്ളത്.

കാൽചുവടുകളിൽ കാവലാകുന്ന ദൈവം

ദൈവസന്നിധിയിലേക്കുള്ള തീർത്ഥാടനത്തിൽ ഭക്തനായ മനുഷ്യന്റെ ഓരോ കാൽചുവടുകളും യാഹ്‌വെയുടെ സംരക്ഷണത്തിലാണ്. നിരന്തരമുള്ള ഈ ദൈവസംരക്ഷണത്തെക്കുറിച്ചാണ് മൂന്നാം വാക്യം: “നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല”. ഉറപ്പുള്ള നിലങ്ങളിലൂടെയാണ് ദൈവജനത്തിന്റെ കാൽവയ്പുകൾ. ഇസ്രായേലിന് കരുത്തുറ്റ അഭയശിലയായിരുന്നത് യാഹ്‌വെയാണ്. അവനിൽ പതറാത്ത വിശ്വാസമുള്ള മനുഷ്യന്റെ കാലുകൾ വഴുതുകയില്ല. ഉറങ്ങാതെ കാവലിരിക്കുന്ന പരിപാലകനാണ് ഇസ്രായേലിന് ദൈവം. വീഴ്ചയെക്കുറിച്ചുള്ള ഭയമല്ല, ദൈവത്തിലുള്ള ശക്തമായ ആശ്രയബോധവും വിശ്വാസവുമാണ് ഈ വരികളിൽ നിഴലിക്കുന്നത്. മൂന്നാം വാക്യത്തിന്റെ ഏതാണ്ടൊരു ആവർത്തനമാണ് നാലാം വാക്യത്തിൽ നാം കാണുന്നത്: “ഇസ്രയേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല”. മുൻപ് പറഞ്ഞ ആശയത്തിന് ഊന്നൽ നൽകുകയാണ് ഈ വാക്യം. ദൈവത്തിന്റെ കണ്ണുകൾ തന്റെ ഭക്തർക്കുനേരെ എല്ലായ്‌പ്പോഴും തുറന്നിരിക്കുന്നു. കരുതലോടും സ്നേഹത്തോടും കൂടിയാണ് അവന്റെ ദൃഷ്ടി അവരുടെമേൽ പതിഞ്ഞിരിക്കുന്നത്.

ദേവാലയത്തിലേക്കുള്ള യാത്രയിലും, അവിടെനിന്നുള്ള മടക്കയാത്രയിലും, ദൈവം തങ്ങൾക്ക് തുണയായുണ്ട് എന്ന ചിന്ത ദൈവജനത്തിന് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. ദൈവം കാവലായുണ്ടെങ്കിൽ നമുക്കും പാദങ്ങൾ പതറില്ല. അവനിൽ ദൃഷ്ടികളർപ്പിച്ച്, ശരണപ്പെട്ട് നമുക്കും ചുവടുകൾ വയ്ക്കാം.

ഇരുളിലും പകലിലും തുണയാകുന്നവൻ

അഞ്ചാം വാക്യം ഇങ്ങനെയാണ്: “കർത്താവാണ് നിന്റെ കാവൽക്കാരൻ; നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്”. മദ്ധ്യപൂർവദേശങ്ങളിലെ സൂര്യകിരണങ്ങൾ, വരണ്ടുണങ്ങിയ മൺപാതകളിലൂടെ നീങ്ങുന്ന തീർത്ഥാടകന്റെമേൽ അതിതീവ്രമായാണ് പതിക്കുന്നത്. ചുട്ടുപൊള്ളിക്കുന്ന സൂര്യകിരണങ്ങൾ മരുഭൂമിയിൽ മരണത്തിന്റെ കാരണമായി മാറാറുണ്ട്. എന്നാൽ, ഈജിപ്തിൽനിന്നുള്ള യാത്രയിൽ, മേഘസ്തംഭമായി ഇസ്രായേലിന് മരുഭൂമിയിൽ വഴികാട്ടിയ, തണലേകിയ, ദൈവം കൂടെയുള്ളപ്പോൾ സങ്കീർത്തകന് ഭയപ്പെടേണ്ട കാര്യമില്ല. നിരന്തരമുള്ള സംരക്ഷണവും പരിപാലനവുമാണ് യാഹ്‌വെ ഇസ്രായേലിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അത്യുന്നതന്റെ നിഴൽ പതിക്കുകയെന്നാൽ അവന്റെ അനുഗ്രഹം ലഭ്യമാകുകയെന്നുകൂടിയാണ് അർത്ഥം. ദൈവത്തിന്റെ നിഴലിൽ ജീവിതം കഴിക്കുകയെന്നത് ദൈവത്തെ സ്നേഹിക്കുന്ന, ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മനുഷ്യർക്ക് മാത്രം സാധ്യമാകുന്ന കാര്യമാണ്. ദൈവത്തിന്റെ നിഴലിൻകീഴിൽ അവനൊപ്പമാണ് വിശ്വാസി ദൈവം വസിക്കുന്നയിടത്തേക്ക് കാലടികൾ വയ്ക്കുന്നത്.

ആറാം വാക്യവും ഇതിനോട് ചേർന്ന് പോകുന്നതാണ്: “പകൽ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല”. അന്ധവിശ്വാസങ്ങൾ മൂലം പകലിന്റെ വെളിച്ചമോ, രാത്രിയിൽ ചന്ദ്രന്റെ നിലാവോ മനുഷ്യന് ഏതെങ്കിലും രീതിയിൽ ഭയത്തിന് കരണമായിരുന്നിരിക്കാം. ആലങ്കാരികമായ ഒരു പ്രയോഗം കൂടിയതാണിത്. ദൃശ്യമോ, അദൃശ്യമോ ആയ അപകടങ്ങളൊന്നും, പകലിലും ഇരുളിലും ദൈവം കൂടെയുള്ള ജനത്തിനേ ബാധിക്കില്ല. സംരക്ഷണത്തിന്റെ കവചമായി അവനാണ് തിരഞ്ഞെടുക്കപ്പെട്ട ജനത്തിനൊപ്പം കൂടെയുള്ളത്.

ജീവൻ കാക്കുന്ന ദൈവം

ഓരോയിടങ്ങളിലും, എല്ലാ സമയങ്ങളിലും സംരക്ഷണത്തിന്റെ കാവലാളായി ദൈവം കൂടെയുണ്ടെന്ന ആശ്വാസത്തെ വീണ്ടും ഉറപ്പിക്കുകയാണ് ഏഴും എട്ടും വാക്യങ്ങൾ. “സകല തിന്മകളിലും നിന്ന് കർത്താവ് നിന്നെ കാത്തുകൊള്ളും; അവിടുന്ന് നിന്റെ ജീവൻ സംരക്ഷിക്കും. കർത്താവ് നിന്റെ വ്യാപാരങ്ങൾ ഇന്നും എന്നേക്കും കാത്തുകൊള്ളും”. അതിശക്തമായ വിശ്വാസമാണ് സങ്കീർത്തകന് യാഹ്‌വെയിലുള്ളത്. തിന്മ  ദൈവവിശ്വാസിയെ ആക്രമിച്ചേക്കാം, എന്നാൽ അവരുടെ ഹൃദയം ദൈവത്തിലാണ് ശരണപ്പെടുന്നത്. ദൈവമാണ് അവരുടെ ആത്മാവിനെ സംരക്ഷിക്കുന്നത്. ഇന്നും എന്നും, എല്ലായിടങ്ങളിലും, എല്ലാക്കാര്യങ്ങളിലും വിശ്വാസിക്ക് തുണയായും അഭയമായും സംരക്ഷകനായും കൂടെയുള്ളത് നിത്യനായ ദൈവമാണ്. മരണത്തിന്റെ താഴ്വാരങ്ങളിലും ഭയമില്ലാതെ സഞ്ചരിക്കാൻ ധൈര്യം നൽകുന്നത് ദൈവമാണ്.

നമുക്കും കാവലാകുന്ന ദൈവം

സങ്കീർത്തനത്തിലുടനീളം കണ്ടതുപോലെ, ദൈവത്തെ തേടിയുള്ള യാത്രകളിൽ മനുഷ്യന് ശരണമാകുന്നത് ദൈവം തന്നെയാണ്. നമ്മുടെയും ജീവിതമരുഭൂമികളിലും, ആത്മാവിന്റെ ഇരുളിന്റെ രാത്രികളിലും ദൈവത്തിന്റെ കൂടെ നടക്കാൻ, ഭയം കൂടാതെ ചുവടുകൾ അവനിലേക്ക് വയ്ക്കാൻ സങ്കീർത്തകൻ നമ്മെ ക്ഷണിക്കുകയാണ്. സ്വർഗ്ഗീയജെറുസലെം ലക്ഷ്യമാക്കിയുള്ള ഭൗമികയാത്രയിൽ ഓരോ മനുഷ്യർക്കും ഉറങ്ങാത്ത കാവൽക്കാരനായി കൂടെയുള്ളത് ഇസ്രയേലിന്റെ നാഥനായ ദൈവമാണ്. ഈ തീർത്ഥാടനത്തിൽ ഒന്നും നമ്മെ ഭയപ്പെടുത്താതിരിക്കട്ടെ. കൂടെയുള്ളവനു പേര് ദൈവമെന്നാണ്. അവനിലേക്കാണീ യാത്ര. കണ്ണിമയടയ്ക്കാതെ അവൻ നമ്മെ കാക്കുന്നുണ്ട്.

വത്തിക്കാൻ മലയാളം വാർത്താവിഭാഗത്തിന്റെ വചനവീഥി എന്ന ബൈബിൾ പരമ്പരയിൽ നൂറ്റിയിരുപത്തിയൊന്നാം സങ്കീർത്തനത്തെക്കുറിച്ചുള്ള ചിന്തകളാണ് നാം ഇതുവരെ ശ്രവിച്ചത്. തയ്യാറാക്കി അവതരിപ്പിച്ചത് മോൺസിഞ്ഞോർ ജോജി വടകര.

ജീവിതമാകുന്ന തീർത്ഥയാത്രയിൽ വിശ്വാസിക്ക് കാവലായി, വഴിയിൽ അവനു തുണയായി, കൂടെയുള്ളത് ആകാശവും ഭൂമിയും സർവ്വ പ്രപഞ്ചവും സൃഷ്‌ടിച്ച ദൈവമാണ്. ഉറച്ച കാൽവയ്പുകളോടെ ഭൂമിയിലെ ഓരോ ചുവടുകളും വയ്ക്കാൻ കരുത്ത് നൽകുക ഇസ്രയേലിന്റെ പരിപാലകനാണ്. സഹനങ്ങളുടെയും ഒറ്റപ്പെടലുകളുടെയും ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ നിഴലായി ആശ്വാസമേകുക അവന്റെ തണലാണ്. വഴിയറിയാത്ത അന്ധകാരത്തിന്റെ ഇടങ്ങളിൽ പ്രകാശമായി അവനാണ് നമുക്ക് മുന്നിലുള്ളത്. നമ്മുടെ ജീവനെ പരിപാലിക്കുന്നവൻ, നമുക്കായി ജീവൻ തന്ന ക്രിസ്തുവാണ്.

~ മോൺ. ജോജി വടകര ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles