കൊറോണാ പശ്ചാത്തലത്തിൽ വത്തിക്കാൻ സൗജന്യ ഓൺലൈൻ പ്രാർത്ഥനപുസ്തകം പുറത്തിറക്കി

വത്തിക്കാൻ സിറ്റി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രാർത്ഥിക്കുവാനും ദൈവത്തിന്റെ സംരക്ഷണം തേടുവാനും വത്തിക്കാൻ സൗജന്യമായ ഓൺലൈൻ പ്രാർത്ഥന പുസ്തകം പുറത്തിറക്കി.
വത്തിക്കാന്റെ പബ്ലിഷിംഗ് ഹൗസായ ദ ലൈബ്രേറിയ എഡിട്രീസ് വത്തിക്കാനയുടെ വെബ്‌സൈറ്റിൽ നിന്ന് ഈ പ്രാർത്ഥനാ പുസ്തകം ഡൗൺലോഡ് ചെയ്യാവുന്നതാണ്. പിഡിഎഫ് ഫോർമാറ്റിലുള്ള പുസ്തകം ഇപ്പോൾ ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളിൽ ലഭ്യമാണ്. വൈകാതെ പോർച്ചുഗീസ് ഭാഷയിലും പുറത്തിറക്കും.
Strong in the Face of Tribulation: The Church in Communion – a Sure Support in Time of Trial എന്ന് പേരിട്ടിരിക്കുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ പുറംചട്ടയിൽ വി. മിഖായേൽ മാലാഖയുടെ ചിത്രമാണ്. 192 പേജാണ് മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകത്തിനുള്ളത്.
ആദ്യ ഭാഗത്ത് പ്രാർത്ഥനകളാണ്. രോഗികൾക്കും പൈശാചികാക്രമണങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുളള പ്രാർത്ഥനകൾ ഈ ഭാഗത്തുണ്ട്.
കൂദാശകളുടെ സഹായത്താൽ എങ്ങനെ ക്രിസ്ത്യാനികൾക്ക് വിശ്വാസത്തിൽ തുടരാനാകും എന്ന് രണ്ടാം ഭാഗം വിശദീകരിക്കുന്നു. കൊറോണ വൈറസ് കാലത്തെ ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളാണ് മൂന്നാം ഭാഗത്തുള്ളത്.