പൈശാചിക ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള മാര്‍ഗങ്ങളെ കുറിച്ച് പ്രശാന്തച്ചന്‍ പറയുന്നു
നമ്മുടെ ഭവനങ്ങളില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുമ്പോള്‍, തുടര്‍ച്ചയായി രോഗങ്ങള്‍ അലട്ടുമ്പോള്‍ സ്വഭാവികമായും ഉയരുന്ന നിര്‍ദ്ദേശമുണ്ട്. ‘ഒരു വൈദികനെ വിളിച്ച് വീടും പരിസരവും വെഞ്ചിരിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേക്കും’. എപ്പോഴും പുരോഹിതനെ കൊണ്ടുവന്ന്‍ വെഞ്ചരിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകള്‍ ഉണ്ട് താനും. ഇത്തരം സാഹചര്യങ്ങളില്‍ പിശാചുമായുള്ള ആത്മീയ പോരാട്ടത്തില്‍ ഉപയോഗിക്കുവാന്‍ പറ്റിയ നമുക്ക് ചെയ്യാവുന്ന ആറ് ആത്മീയ മാര്‍ഗ്ഗങ്ങളാണ് ഇവിടെ നിര്‍ദ്ദേശിക്കുന്നത്.
1) വെഞ്ചരിച്ച കുരിശുരൂപം: വെഞ്ചരിച്ച ഒരു കുരിശുരൂപം മുറിയില്‍ പ്രതിഷ്ഠിക്കുന്നത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. വെഞ്ചരിച്ച ക്രൂശിത രൂപം മറ്റേത് വസ്തുക്കളെക്കാളും ശക്തിയുള്ളതും, പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാക്കാന്‍ ഏറെ ശക്തിയുള്ള ഒന്നുമാണ്. ക്രൂശിത രൂപം സാത്താന്‍ ഏറെ ഭയപ്പെടുന്നു. അതിനാല്‍ നമ്മള്‍ ആയിരിക്കുന്ന ഭവനം/ മുറിയില്‍ ക്രൂശിത രൂപം പ്രതിഷ്ഠിക്കുക പിശാചിനെതിരെയുള്ള പോരാട്ടത്തില്‍ ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.
2) വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും: വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും നമ്മുടെ ഭവനത്തില്‍ സൂക്ഷിക്കുന്നതും, തളിക്കുന്നതും നമ്മുടെ ഭവനത്തെ വിശുദ്ധീകരിക്കുകയും അശുദ്ധിയെ അകറ്റുകയും ചെയ്യുന്നു. അതിനാല്‍ ഏതെങ്കിലും വൈദികനെകൊണ്ട് ആശീര്‍വദിച്ച ജലവും (ഹന്നാന്‍ വെള്ളം), ഉപ്പും ഭവനത്തില്‍ സൂക്ഷിക്കുകയും മുറികളിലും ചുറ്റുപാടുകളിലും തളിക്കുകയും ചെയ്യുന്നത് അന്ധകാര ശക്തികളോടുള്ള പോരാട്ടത്തില്‍ ഏറെ സഹായകരമാകും.
3) വിശുദ്ധ രൂപങ്ങള്‍: ദിവ്യകാരുണ്യത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ, യേശുവിന്റെ തിരുഹൃദയത്തിന്റേയോ ചിത്രങ്ങള്‍ ചുവരില്‍ തൂക്കുന്നത് നമ്മുടെ ഭവനത്തിന്റെ ആത്മീയ സംരക്ഷണത്തിന് നല്ലതാണ്.
4) പ്രാര്‍ത്ഥന: തിന്‍മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ശക്തമായ ആത്മീയ ആയുധമാണ് പ്രാര്‍ത്ഥന. നമ്മുടെ ഇഷ്ട്ടങ്ങള്‍ക്കു അനുസരിച്ച് നമ്മള്‍ ഭവനങ്ങള്‍ പണിയുമെങ്കിലും പ്രാര്‍ത്ഥന മുറി പലരും ഒഴിവാക്കുന്ന കാര്യമാണ്. കൊച്ചു ഭവനമാണെങ്കിലും ഒരു പ്രാര്‍ത്ഥനാ മുറി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം തിന്മയുടെ ശക്തികള്‍ക്ക് എതിരെയുള്ള യുദ്ധത്തില്‍ പ്രാര്‍ത്ഥനയുടെ ആലയം ആ ഭവനത്തിന് എപ്പോഴും കരുത്തേകും.
ഭവന നിര്‍മ്മാണത്തിന് ശ്രമിക്കുന്നവര്‍ രൂപങ്ങള്‍ റൂമില്‍ തൂക്കുന്നതിനോടൊപ്പം തന്നെ പ്രാര്‍ത്ഥനമുറി കൂടി ഉള്‍പ്പെടുത്തുന്നതാണ് ഏറെ ഉചിതമായ തീരുമാനം. ഹോസ്റ്റല്‍ സൌകര്യത്തില്‍ കഴിയുന്നവര്‍ക്ക് ഇത് പ്രായോഗികമല്ലെങ്കിലും റൂമിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു പ്രത്യേകമാം വിധത്തില്‍ ക്രൂശിത രൂപം, വിശുദ്ധ ബൈബിള്‍ എന്നിവ ഭംഗിയായി ഒരുക്കിവെക്കുന്നതാണ് അഭികാമ്യം.
5) സ്തുതിഗീതങ്ങള്‍ കേള്‍ക്കുക: ഗ്രിഗോറിയന്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്നതും കേള്‍ക്കുന്നതും നല്ലതാണ്. പ്രൊഫഷണല്‍ ഗായകസംഘത്തില്‍ നിന്നുള്ള സിഡികള്‍ക്ക് പകരം ഏതെങ്കിലും സന്യാസസഭകളില്‍ നിന്നും ലഭിക്കുന്ന സിഡികള്‍ ഭവനത്തില്‍ മുഴക്കുന്നതായിരിക്കും നല്ലതെന്ന് ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദം ബ്ലായി പറയുന്നു.
6) യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുക: യേശുവിന്റെ തിരുഹൃദയത്തിനും, കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുന്നതു പിശാചുമായുള്ള ആത്മീയ പോരാട്ടത്തില്‍ ഏറെ ഫലപ്രദമാണ്. യേശുവിന്റെ തിരുഹൃദയത്തിന്റേയും, മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന്റേയും ചിത്രങ്ങള്‍ ഇതിനായി ആവശ്യമാണെങ്കിലും, അവ വിലകൂടിയതാകണമെന്നോ മറ്റോ മാനദണ്ഡങ്ങളില്ല. വൈദികന്‍ വീട് വെഞ്ചരിക്കുവാന്‍ വരുന്ന അവസരത്തില്‍ ഇത്തരത്തില്‍ സമര്‍പ്പണം നടത്തുവാന്‍ ആവശ്യപ്പെടുന്നതും മാസാദ്യ വെള്ളിയാഴ്ചകളില്‍ ഭവന പ്രതിഷ്ഠ നടത്തുന്നതും ഉചിതമാണ്.
പൈശാചിക ഉപദ്രവങ്ങളില്‍ നിന്നും ഭവനത്തെ ആത്മീയമായി സംരക്ഷിക്കുവാന്‍ അധികം ബുദ്ധിമുട്ടുകളില്ലാത്ത ആറ് മാര്‍ഗ്ഗങ്ങളാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. ഇവ നമ്മുക്ക് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കാം. ബന്ധന പ്രാര്‍ത്ഥനകള്‍ ആവര്‍ത്തിച്ചും യേശുവിന്റെ തിരുഹൃദയത്തിന് ഭവനത്തെ പ്രതിഷ്ഠിച്ചു കൊണ്ടും നമ്മുക്ക് ഭവനത്തിന് ചുറ്റും ആത്മീയ വേലികള്‍ സ്ഥാപിക്കാം. അപ്പോള്‍ ഉറപ്പായും പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാകും.
ഫാ. പ്രശാന്ത്, ഐഎംഎസ്